വത്തിക്കാൻ: “ഞാൻ നിങ്ങളോടായി ഒരു ചോദ്യം ചോദിക്കുന്നു- നിങ്ങൾ പാപികളാണോ? ഭൂരിപക്ഷം പേരും ഇങ്ങനെ മറുപടി പറയും, “അതെ പിതാവേ ഞങ്ങൾ പാപികളാണ്”. എങ്ങനെയാണ് നിങ്ങൾ കുമ്പസാരിക്കുക എന്നു ചോദിച്ചാൽ നിങ്ങൾ പറയും, “ഞാൻ പാപങ്ങൾ ഏറ്റുപറഞ്ഞു, വൈദികൻ പാപമോചനം നൽകി, പ്രശ്ചിത്തമായി മൂന്ന് നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാർത്ഥന ചൊല്ലി കാഴ്ച വച്ചു.” ഇതാണ് നിങ്ങൾ കുമ്പസാരത്തിൽ പതിവായി ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ആത്മാവിലെ പാപക്കറയെ നീക്കുന്ന വെറുമൊരു ഡ്രൈക്ലീനിങ്ങ് പ്രക്രിയ മാത്രമാണ് നിങ്ങളെ സംബന്ധിച്ച് അനുതാപ ശുശ്രൂഷ.” കുമ്പസാരത്തെ ഒരു വ്യവഹാരമായി കണക്കാക്കുന്ന ക്രൈസ്തവരുടെ പ്രവണതയെക്കുറിച്ച്, സാന്താ മാർത്ത വസതിയിൽ ഇന്നലെ നടന്ന ദിവ്യ ബലിമധ്യേ പ്രസംഗിക്കുകയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.
“കുമ്പസാരക്കൂട്ടിൽ വൈദികനുണ്ടെങ്കിൽ ഒന്നു കുമ്പസാരിച്ചേക്കാം എന്ന ചിന്തയോടെ പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവത്തോട് ക്ഷമാപണം നടത്തി പോകുന്ന ശീലം, അനുതാപത്തെ ശരിയായ അർത്ഥത്തിൽ ഉൾകൊള്ളാൻ പ്രാപ്തരാക്കുന്നില്ല.” തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് കുമ്പസാരത്തിനായി അണയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മാർപ്പാപ്പ ഉദ്ബോധിപ്പിച്ചു.
“പാപത്തെപ്പറ്റി അനുതപിക്കുക, എന്നത് ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒരു കൃപയാണ്. മാപ്പുലഭിച്ച യഥാർത്ഥ അനുഭവമാണ് പരസ്പരം പൊറുക്കുവാൻ നമ്മെ പഠിപ്പിക്കുന്നത്. ഇതു മനസ്സിലാകാതെ നമ്മുക്കു ഒരിക്കലും മറ്റുള്ളവരോട് ക്ഷമിക്കാൻ സാധിക്കില്ല. നമ്മുടെ പാപത്തെപ്പറ്റി അനുതപിച്ച് ദൈവത്തിൽ നിന്നും നമ്മൾ ക്ഷമ സ്വീകരിക്കുമ്പോഴാണ് നമ്മുടെ സഹോദരരോടും അവരുടെ തെറ്റുകൾ പൊറുക്കാൻ നമ്മുക്കു സാധിക്കുന്നത്. ഈ അർത്ഥത്തിൽ ക്ഷമിക്കുക എന്നത് പൂർണമായും ഒരു രഹസ്യമാണ്. ഈ ഒരു രഹസ്യത്തെ ഒരിക്കലും യാന്ത്രികമാക്കരുത്” മാർപ്പാപ്പ മുന്നറിയിപ്പ് നൽകി.
സുവിശേഷത്തിൽ യേശു, ഏഴു ഏഴുപതു പ്രവാശ്യം സഹോദരനോട് ക്ഷമിക്കണം എന്നു പത്രോസിനോട് പറയുന്നതിനെ അനുസ്മരിച്ച് മാർപ്പാപ്പ തുടർന്നു. “നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും അതേപ്പറ്റി നമുക്ക് ബോധ്യം ലഭിക്കുകയും ചെയ്യുമ്പോഴാണ് മറ്റുള്ളവരോടു ക്ഷമിക്കാൻ നാം പ്രാപ്തരാകുന്നത്. ഇതാണ് സുവിശേഷത്തിലെ നിർദ്ദയനായ ഭൃത്യന്റെ കഥ സൂചിപ്പിക്കുന്നത്. യജമാനനിൽ നിന്നും കടങ്ങൾ ഇളവു ചെയ്തു കിട്ടിയെങ്കിലും തന്നോട് കടപ്പെട്ടിരുന്ന മനുഷ്യനോട് ക്ഷമിക്കാൻ ഭൃത്യനു സാധിച്ചില്ല. . ക്ഷമിക്കപ്പെടുന്നതിന്റെ അനുഭവം ലഭിക്കാതിരുന്നതിനാലാണ് ആ ഭൃത്യൻ ഇപ്രകാരം ചെയ്തത് എന്ന് അയാളുടെ പ്രവർത്തികളിൽ നിന്നും നമുക്കു മനസ്സിലാക്കാം”.
“ശരിയായ അനുതാപത്തിന്റെ അനുഭവം നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. നിങ്ങളുടെ ഹൃദയത്തിൽ ക്ഷമയുടെ ഒരു അത്ഭുതം സംഭവിക്കുക വഴിയായി ചിന്തകളിലും അതു പ്രകടമാകും. അല്ലാത്തപക്ഷം, കുമ്പസാരത്തിന് ശേഷം മടങ്ങി പോകുമ്പോഴും മറ്റുള്ളവരോടു പരദൂഷണം പറഞ്ഞ് വീണ്ടും പാപം ചെയ്യാൻ ഇടവരുന്നു”.
“ഏഴ് എഴുപത് തവണ ക്ഷമിക്കുക എന്ന യേശുവിന്റെ ആഹ്വാനം പ്രാവൃത്തികമാക്കുന്നതിനുള്ള കൃപയ്ക്കായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. നമ്മുടെ പാപത്തെ പറ്റി ആത്മാർത്ഥമായി അനുതപിക്കാനും അതുവഴിയായി നാം സ്വീകരിക്കുന്ന ക്ഷമിക്കപ്പെടുന്ന ദൈവസ്നേഹം പരസ്പരം നല്കാനും ഇടയാകട്ടെ. സർവ്വശക്തനായ ദൈവം നമ്മോട് ക്ഷമിക്കുന്നുവെങ്കിൽ മറ്റുള്ളവരോടും ക്ഷമിക്കാൻ നാം കടപ്പെട്ടവരല്ലേ?” പരസ്പരം ക്ഷമിക്കാനുള്ള ആഹ്വാനത്തോടെയാണ് മാർപ്പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.