വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ തവിഞ്ഞാൽ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിൽ കഴിഞ്ഞ 05 വർഷ കാലമായി നടത്തിവന്നിരുന്ന സമഗ്ര ആദിവാസി വികസന പരിപാടിയുടെ ഫലമായി ആദിവാസികളുടെ കൃഷി ഭൂമികൾ വിള സമൃദ്ധമായി.
പണിയ, കുറിച്യ, കാറ്റു നായ്ക്ക വിഭാഗങ്ങളിലെ 730 കുടുംബങ്ങൾക്ക് തരിശായി കിടന്നിരുന്ന കൃഷി ഭൂമി ജൈവ കൃഷിയിടങ്ങളാക്കി മാറ്റുന്നതിന് വേണ്ട വിവിധങ്ങളായ പദ്ധതി സഹായങ്ങളാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നല്കിവന്നിരുന്നത്. ജല മണ്ണ് സംരക്ഷണ പ്രവർത്തങ്ങൾ, കുടിവെള്ള പദ്ധതികൾ, വരുമാന വർദ്ധക പരിപാടികൾ, പരിശീലനങ്ങൾ, ജനകീയ സംഘാടനം, ആരോഗ്യ ശുചിത്വ പദ്ധതികൾ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. ഈ വർഷം മുതൽ കൃഷിയിടങ്ങളിൽ നിന്നും കാപ്പി, കുരുമുളക് തുടങ്ങിയവ വിളവെടുക്കുവാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് ആദിവാസികൾ.