മതങ്ങള്‍ വിമര്‍ശനവിധേയമാകുമ്പോള്‍

ഫാ. വര്‍ഗീസ് വള്ളിക്കാട്ട ഡയറക്ടര്‍, പി.ഓ.സി.

മലയാള സിനിമയില്‍ ക്രിസ്തുമതം ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തുടര്‍ച്ചയായി വിധേയമാകുന്നതായി അടുത്തിടെ ചിലര്‍ ആശങ്ക പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം ചലച്ചിത്ര സംരംഭങ്ങള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും പ്രസ്ഥാന ങ്ങളുമുണ്ട് എന്ന ആരോപണവും കേള്‍ക്കാനിടയായി.

“ക്രിസ്തുവിന്‍റെപേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ എങ്ങനെയാണ് ആഗോളതലത്തില്‍ത്തന്നെ പടരുന്നത് എന്ന അന്വേഷണവും അത് വലിയൊരു ദുരന്തമായി മാറുന്നത് എങ്ങനെയെന്ന് കാട്ടിത്തരുകയുമാണ്” ഇത്തരം സിനിമകള്‍ ചെയ്യുന്നതെന്ന് ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ (9.3.2020) വന്ന ‘ട്രാന്‍സ്’ സിനിമയുടെ ആസ്വാദനം അവകാശപ്പെടുന്നു. “മതം അതിന്‍റെ ആധ്യാത്മിക തലത്തെ പൂര്‍ണമായും ഉപേക്ഷി ക്കുകയും മുതലാളിത്ത ലോകത്തിന്‍റെ എല്ലാത്തരം ബീഭത്സതകളെയും എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിക്കുകയുമാണ്” ഈ സിനിമ ചെയ്യുന്നത് എന്നും പ്രസ്തുത ലേഖനം അവകാശപ്പെടുന്നു.
മേല്പറഞ്ഞ നിരീക്ഷണം ആഗോളതലത്തില്‍ നടക്കുന്ന മതഭീകരതയെക്കുറിച്ചോ മതത്തിന്‍റെപേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഫാസിസ്റ്റു പ്രവണതകളെക്കുറിച്ചോ ഉള്ളതല്ല, ആധ്യാത്മിക രംഗത്തെ ചില നൂതന പ്രവണതകളെ ക്കുറിച്ചാണ്! അതും, ക്രിസ്തുമതത്തിലെ ചില തീവ്ര ആധ്യാത്മിക അനുഭവങ്ങള്‍ക്കുപിന്നിലെ കാപട്യത്തെ ക്കുറിച്ചാണ്!

വിമര്‍ശനത്തിലെ വൈരുധ്യം

ക്രിസ്തുമതം വിമര്‍ശനങ്ങളെ ഭയക്കുകയോ അതില്‍നിന്നു ഓടിമാറുകയോ വിമര്‍ശനങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുകയോ അക്രമം കാണിക്കുകയോ ചെയ്യുന്നതായി സമീപകാല ചരിത്രങ്ങളൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല. നേരേ മറിച്ച് കലയിലും സാഹിത്യത്തിലും അക്കാദമിക രംഗങ്ങളിലുമെല്ലാം നടന്നിട്ടുള്ള മത വിമര്‍ശന ങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച ചരിത്രമാണ് അതിനുള്ളത്. അങ്ങനെയല്ലാതിരുന്ന മതരാഷ്ട്രീയ ത്തിന്‍റെ ഒരു ഇരുണ്ടകാലവും അതിനുണ്ട് എന്നതു ശരിയാണ്. എന്നാല്‍ ചരിത്രത്തെ അത്തരം പടയോട്ടങ്ങളുടെ ഇരുണ്ട യുഗങ്ങളുടെ ചരിത്ര വഴികളില്‍ ബന്ധിച്ചിടാന്‍ യാതൊരു ശ്രമവും ക്രെെസ്തവ സഭകള്‍ നടത്തുന്നില്ല.

വിമര്‍ശനങ്ങള്‍ മാത്രമല്ല, പീഡനങ്ങളും വേട്ടയാടലു കളും അനുഭവിച്ചും അതിജീവിച്ചുമാണ് ക്രിസ്തു വിശ്വാസികള്‍ ഇന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ കഴിയുന്നത്. ഇത്തരം വേട്ടയാടലുകള്‍ നടക്കുന്ന മതരാഷ്ട്ര-രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ ഏതൊക്കെയെന്നു വളരെ വ്യക്തവും സുവിദിതവുമാണ്. എന്നാല്‍, അത്തരം പശ്ചാത്തലങ്ങളെ വിമര്‍ശനപരമായി സമീപിക്കുന്ന എന്തെങ്കിലും സൂചനകള്‍ താരതമ്യേന ‘പുരോഗമനപരം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള സിനിമയില്‍ എവിടെയും കണ്ടിട്ടില്ല.
തൊണ്ണൂറുകളില്‍ കേരളത്തില്‍ നടന്ന ഒരു ഡസനി ലേറെ പാതിരാ കൊലപാതകങ്ങളുടെയും ഇരു നൂറിലേറെ കൊലപാതക ശ്രമങ്ങളുടെയും പിന്നില്‍, ഒരു ഭക്ത സംഘടനയായി പകല്‍ കാണപ്പെടുകയും കൊലപാതക സംഘമായി രാത്രിയില്‍ വേഷപ്പകര്‍ച്ച നടത്തുകയും ചെയ്ത, ഒരു മത സംഘടനയായിരുന്നു എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചു കൊണ്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മലയാള സിനിമയില്‍ ആരുടെയും ഭാവനയോ ജിജ്ഞാസയോ ഉണര്‍ത്തിയതായിക്കണ്ടില്ല. റിപ്പോര്‍ട്ടിലെ വിശദാംശ ങ്ങള്‍ കൂടുതല്‍ ഉദ്വേഗജനകവും കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കേരളത്തില്‍ സംഭവിച്ച മത തീവ്രവാദ പരമായ സാമൂഹ്യ മാറ്റങ്ങളുടെ കാണാപ്പുറങ്ങള്‍ വെളിപ്പെടുത്തുന്നതുമാണെങ്കിലും, അതാരും അറിഞ്ഞതായിപ്പോലും നടിക്കുന്നില്ല…
അത്തരം കൊലപാതകങ്ങളുടെ പശ്ചാത്തലം പരിശോധിച്ചാല്‍, ഇന്ന് സമൂഹം ‘തെളിവില്ല’ എന്നു പറഞ്ഞൊഴിയുന്ന ചില പ്രതിഭാസങ്ങളുടെ മറ്റൊരു മുഖവും കാണാന്‍ കഴിയുമെന്നാണ് അറിവുള്ളവര്‍ പറയുന്നത്. അതങ്ങനെയിരിക്കട്ടെ!

സംസ്കാരങ്ങളും മതങ്ങളും

മനുഷ്യ വര്‍ഗ്ഗത്തിന്‍റെ സാമൂഹ്യ പരിണാമ പ്രക്രിയയില്‍ മതങ്ങള്‍ക്കും മത മൂല്യങ്ങള്‍ക്കും ജീവിത രീതികള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. മതങ്ങള്‍ക്ക് പൊതുവെ, ദൈവിക വെളിപാടിന്‍റെയും ദൈവ- മനുഷ്യ ബന്ധങ്ങളുടേതുമായ ഒരു തലവും മനുഷ്യനും മറ്റു മനുഷ്യരും തമ്മിലുള്ള, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള  ബന്ധം ആവിഷ്കരിക്കുന്ന മറ്റൊരു തലവുമുണ്ട്. ഒരാളുടെയോ ഒരുകൂട്ടം ആളുകളുടെയോ ദൈവാനുഭവത്തെ  ആവിഷ്കരിക്കുന്ന ആഖ്യാന ങ്ങളും അതിനെ പിന്‍പറ്റുന്ന ഒരു അനുയായി വൃന്ദവുമുണ്ടാകുമ്പോഴാണ് ഒരു മതത്തിനു നാന്ദിയാവുന്നത്.

മനുഷ്യന്‍റെ ദൈവസങ്കല്പങ്ങള്‍ അതിവിപുലവും വൈചിത്ര്യങ്ങള്‍ നിറഞ്ഞതുമാണ്. പ്രകൃതിയിലെ വസ്തുക്കളെ മുതല്‍ പ്രകൃതി ശക്തികളെയും, പ്രകൃതിയെത്തന്നെയും ദൈവമായി സങ്കല്പിക്കുന്ന ഏറ്റവും പ്രാകൃതമെന്നോ സ്വാഭാവികമെന്നോ വിളിക്കാവുന്ന പ്രാഥമിക തലം മുതല്‍ പ്രകൃതിയില്‍ നിന്നും മനുഷ്യനില്‍ നിന്നും അകന്നു സര്‍വ്വാതിശായി യായി കഴിയുന്ന ദൈവം എന്ന അതിസ്വഭാവിക ദൈവസങ്കല്പം വരെ അതില്‍പെടുന്നു.

മനുഷ്യനുമായി സമ്പര്‍ക്കം പുലര്‍ത്തുകയും മനുഷ്യനൊപ്പം പ്രത്യേക രീതികളില്‍ സഹവസി ക്കുകയും ചെയ്യുന്ന ദൈവം എന്ന സങ്കല്‍പ്പമാണ് ബൈബിളില്‍ പഴയ നിയമത്തിലുള്ളത്. ദൈവ മനുഷ്യ സംഭാഷണവും സഹവാസവും ഉണ്ടായിരിക്കുകയും ഒപ്പം സര്‍വ്വാതിശായിയായിരിക്കുകയും ചെയ്യുന്ന ദൈവം എന്ന അനുഭവ തലത്തിലാണ് ക്രൈസ്തവ ദൈവ സങ്കല്‍പ്പവും ദൈവാനുഭവവും നില കൊള്ളുന്നത്. മനുഷ്യന്‍റെ എല്ലാ മത ഭാവങ്ങളെയും ഒരളവുവരെ അത് ഉള്‍ക്കൊള്ളുകയും ആവിഷ്കരി ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് തികച്ചും വ്യതിരിക്തവുമാണ്.

‘ഏകത്വം’ – ‘ബഹുത്വം’ എന്നീ സങ്കല്പങ്ങളില്‍ ഒന്നില്‍ ഊന്നിയാണ് എല്ലാ  മതങ്ങളിലെയും ദൈവ സങ്കല്പം.  ‘നാനാത്വത്തില്‍ (ബഹുത്വത്തില്‍) ഏകത്വം’ ദര്‍ശിക്കുന്നതാണ് ഭാരതീയ മതങ്ങളുടെ ആധ്യാത്മിക അന്തര്‍ധാര. ‘ഏകത്വത്തില്‍ ബഹുത്വം’ എന്ന കൂട്ടായ്മയുടെ ത്രിത്വയ്ക ദര്‍ശനമാണ് ക്രൈസ്തവ ആധ്യാത്മികതയുടെ അടിസ്ഥാനം. സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ പിതാവും മക്കളും എന്ന ബന്ധം ക്രിസ്തുവിലൂടെ അനുഭവിക്കുന്നവരാണ് ക്രൈസ്തവര്‍. അതിനാല്‍ത്തന്നെ, ക്രൈസ്തവ  ആത്മീയത പ്രാപഞ്ചികവും ഒപ്പം അതിസ്വാഭാവികവു മാണ്.

ഒരു പ്രത്യേക ദൈവാനുഭവത്തിന്‍റെ പ്രാരംഭ ദശയിലെ അനുയായി വൃന്ദങ്ങളില്‍ രൂപംകൊള്ളുന്ന ദൈവാനുഭവ ആഖ്യാനങ്ങളും ആരാധനാ രീതികളും ആചാര അനുഷ്ഠാനങ്ങളും അവരുടെ ജീവിത പരിസരവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇത്തരം പ്രാഥമിക സമൂഹങ്ങളുടെ വിശ്വാസങ്ങളും ജീവിതചര്യകളും ക്രോഡീകരിച്ചും അതി ലുള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവാനുഭവത്തെ വ്യാഖ്യാ നിച്ചും വികസിപ്പിക്കുന്നതിലൂടെയാണ് മതം എക്കാലത്തേക്കുമുള്ള ജീവിത മാര്‍ഗദര്‍ശക സ്വഭാവം കൈവരിക്കുന്നത്.

മതത്തെ സംബന്ധിച്ച്, അതിന്‍റെ മതഗ്രന്ഥങ്ങളും അനുയായിവൃന്ദവും അടിസ്ഥാന സമൂഹവും സാമൂഹ്യ ഘടനയും രൂപംകൊള്ളുന്ന പ്രാരംഭ ദശകങ്ങളും നൂറ്റാണ്ടുകളും നിര്‍ണായകമാണ്. ദൈവാനുഭവ ത്തോടൊപ്പം, മതസ്ഥാപകന്‍റെയും അനുയായികളു ടെയും ജീവിതരീതിയും സാംസ്കാരിക പശ്ചാത്തലവും മതഗ്രന്ഥങ്ങളുടെയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും സ്വഭാവം നിര്‍ണയിക്കും. അത് വരും തലമുറകളെ രൂപപ്പെടുത്തുന്നതില്‍ ഏറെ സ്വാധീനിക്കുകയും ചെയ്യും.

സ്നേഹസംസ്കാര ദര്‍ശനം

ക്രെെസ്തവസഭയുടെ ആദ്യ നൂറ്റാണ്ടുകള്‍ പീഡന ത്തിന്‍റെയും ഞെരുക്കത്തിന്‍റെയും നാളുകളായിരുന്നു. ക്രിസ്തുവിന്‍റെ സുവിശേഷമാകട്ടെ, സഹനത്തി ലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിന്‍റെ മഹത്ത്വത്തിലേക്കുള്ള പ്രത്യാശയുടെ സദ്വാര്‍ത്തയായിരുന്നു. അതിനാല്‍ത്തന്നെ, മതരാഷ്ട്ര സങ്കല്പവും അക്രമത്തെ മഹത്വവത്കരിക്കുന്ന മൂല്യസങ്കല്പങ്ങളും അതിന് അന്യമായിരുന്നു. ഓരോ വിശ്വാസിയും കീഴടക്കേണ്ടിയിരുന്നത് അവനവനിലെ ത്തന്നെ അക്രമത്തിന്‍റെയും നുണയുടെയും ആദി രൂപത്തെയായിരുന്നു. സഹനവും പരസ്നേഹവുമായി രുന്നു അതിനുള്ള മാര്‍ഗം. അപരനെ നരകമായിട്ടല്ല, ജീവിത തീര്‍ത്ഥാടനത്തിലെ സഹയാത്രികനും സഹോദരനുമായിട്ടാണ് സുവിശേഷം ചിത്രീകരിക്കുന്നത്.
‘ദുഷ്ടരുടെയും ശിഷ്ടരുടെയുംമേല്‍ മഴ പെയ്യിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല്‍ സൂര്യനുദിപ്പിക്കുകയും ചെയ്യുന്ന’ കാരുണ്യവാനായി രുന്നു  പിതാവെന്നു വിളിച്ച് യേശു ശിഷ്യ ഗണത്തിനു പരിചയപ്പെടുത്തിയ ദൈവം. ‘അയല്‍ക്കാരനെ സ്നേഹിക്കുക; ശത്രുവിനെ ദ്വേഷിക്കുക’ എന്ന പഴയ പ്രമാണത്തിനു പിന്നെ പ്രസക്തിയുണ്ടായിരുന്നില്ല. ശത്രുവിനെ സ്നേഹിക്കുകയും ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്നേഹി ക്കുകയും വേണമെന്നാണ് യേശു ശിഷ്യരെ ഉത്ബോധിപ്പിച്ചത്.

യേശുവിന്‍റെ വെളിച്ചത്തില്‍, സകല നീതിയും പൂര്‍ത്തിയാക്കുന്ന ദൈവമക്കളുടെ സ്വാതന്ത്ര്യമാണ് എല്ലാ സ്വാതന്ത്ര്യത്തിന്‍റെയും അടിസ്ഥാന ശില! ഒരേ അപ്പന്‍റെ ഛായ ആത്മാവില്‍ പേറുന്നവര്‍ എന്ന ബോധ്യമാണ് എല്ലാ സമത്വ ദര്‍ശനത്തിനും നിദാനമായി വര്‍ത്തിക്കുന്നത്! ഒരേ പിതാവിന്‍റെ മക്കള്‍ എന്ന തിരിച്ചറിവാണ് എല്ലാ സാഹോദര്യ സങ്കല്പ ത്തെയും ഉദാത്തമാക്കുന്നത്! ഈ തിരിച്ചറിവില്‍ നിന്നാണ് ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന ആധുനികതയുടെ വിപ്ലവ ദര്‍ശനം ഉരുവായത്! ക്രെെസ്തവര്‍ ഈ സാമൂഹ്യ ദര്‍ശനത്തില്‍നിന്നും അകന്നുപോയിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും വിമര്‍ശി ക്കണം. ക്രെെസ്തവികതയെയും ക്രിസ്ത്യാനിയുടെ ജീവിതത്തെയും ഇന്നത്തെ സമൂഹം എങ്ങനെ കാണുന്നു എന്നറിയാന്‍ തീര്‍ച്ചയായും താല്പര്യമുണ്ട്. കലാകാരന്‍റെ സര്‍ഗാത്മകതയ്ക്കു പിന്നില്‍ മറ്റു കാണാച്ചരടുകള്‍ ഇല്ലാത്തിടത്തോളം, അതിന്‍റെ ഉദ്ദേശ്യശുദ്ധിയെ ആരും സംശയിക്കുകയുമില്ല.

ചരിത്രം വെളിപ്പെടുത്തുന്ന ആന്തരികബലം

ഒരുകാര്യം വ്യക്തമാക്കാം. സത്യസന്ധമായ വിമര്‍ശന ങ്ങളില്‍നിന്നും ശാസ്ത്രീയമായ പരിശോധനകളില്‍ നിന്നും ചരിത്രപരമായ വിശകലനങ്ങളില്‍നിന്നും ക്രെെസ്തവസഭകള്‍ ഒന്നും മറച്ചുവച്ചിട്ടില്ല. ശാസ്ത്ര ത്തിന്‍റെ വളര്‍ച്ചയും സഭയുടെ ആധുനികവല്‍ക്കരണവു മെല്ലാം ഇത്തരം പരസ്പര വിമര്‍ശനത്തിലൂടെയും ശാസ്ത്രീയ പരിശോധനകളിലൂടെയും സ്വയം നവീകരണത്തിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്.
മുന്‍പ് ‘ക്രിസ്ത്യന്‍’ രാജ്യങ്ങളായി അറിയപ്പെട്ടിരുന്ന സമൂഹങ്ങളിലാണ് മതാധിഷ്ഠിത സമൂഹങ്ങളില്‍ നിന്നു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കുകളിലേക്കുള്ള ആധുനിക സമൂഹത്തിന്‍റെ പ്രയാണം സംഭവിച്ചിട്ടുള്ളത് എന്ന് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം. മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവിലേക്കു പാശ്ചാത്യ സമൂഹത്തെ നയിച്ചതും സ്വതന്ത്ര ജനാധിപത്യ പരമാധികാര രാജ്യങ്ങളായി വളരാന്‍ അവയെ സഹായിച്ചതും ശാസ്ത്രീയമായ സ്വയം വിമര്‍ശനവും മതനിരാസത്തോളമെത്തുന്ന മതനിരപേക്ഷ ജനാധി പത്യ സങ്കല്പങ്ങളുമായിരുന്നു.

‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നീ സുവിശേഷ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തന്നെയാണ് മതാനുഷ്ഠാനങ്ങളെയും വിശ്വാസാചാര ങ്ങളെയും ഫ്രഞ്ചുജനത വിമര്‍ശന വിധേയമാക്കിയത്. വിപ്ലവാത്മകമായ സാമൂഹ്യമാറ്റങ്ങള്‍ മതത്തെ സ്വയം വിമര്‍ശനത്തിനും നവീകരണത്തിനും പ്രേരിപ്പിച്ചു എന്നതും വസ്തുതയാണ്. മതം അതിന്‍റെ ആന്തരിക മൂല്യങ്ങളും ചൈതന്യവും കണ്ടെത്തുന്നതിനും മാറിയ ലോകത്തു നിരന്തരം സ്വയം നവീകരണത്തിന് വിധേയമാകുന്നതിനും, അടിസ്ഥാനപരമായ വിശ്വാസ ബോധ്യങ്ങളെയും സുവിശേഷ മൂല്യങ്ങളെയും പുനര്‍നിര്‍വചിക്കുന്നതിനും ഈ പ്രക്രിയ സഹായ കമായി.
ഇരുണ്ടയുഗമെന്നു ചരിത്രം വിളിക്കുന്ന മതരാഷ്ട്ര സമൂഹങ്ങളുടെ യുഗത്തില്‍നിന്ന് ആധുനിക മതനിര പേക്ഷ ജനാധിപത്യ സ്വതന്ത്ര സമൂഹങ്ങളിലേക്കുള്ള ലോകത്തിന്‍റെ വളര്‍ച്ചയില്‍ ക്രിസ്തീയതയ്ക്ക് അതിന്‍റേതായ ഒരു പങ്കുണ്ട്. അത്തരം വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ മടികാട്ടിയവരും അതിനെ തിന്മയായി ക്കരുതി തള്ളിക്കളഞ്ഞവരും ചരിത്രത്തിന്‍റെ വഴികളില്‍ ഇന്നും തറഞ്ഞുനില്‍ക്കുന്നുമുണ്ട്. മതാന്ധതയുടെയും പടയോട്ടങ്ങളുടെയും ആ ഇരുണ്ട യുഗത്തിലേക്ക് ലോകത്തെ തിരികെ കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലെന്നപോലെ ഇന്നാട്ടിലും ഇന്നു ശക്തമാണ് എന്നതു കാണാതിരുന്നുകൂടാ.

ക്രിസ്തീയതയുടെ ആന്തരിക ബലം സ്വയം വിമര്‍ശനത്തിനും നവീകരണത്തിനുമുള്ള അതിന്‍റെ തുറവിതന്നെയാണ്. പ്രകോപനപരമായ വിമര്‍ശന ങ്ങളെപ്പോലും ക്രിയാത്മകമായി സമീപിക്കാന്‍ ക്രിസ്ത്യാനിയെ സഹായിക്കുന്നതും ഈ തുറവി തന്നെയാണ്. എന്നാല്‍, ഈ മനോഭാവത്തെ അലംഭാവമോ ബലഹീനതയോ ആയി കരുതുന്നവര്‍ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കാലികപ്രസക്തമായ മതവിമര്‍ശനം

മതരാഷ്ട്ര സ്വഭാവമുള്ള ഗോത്ര സമൂഹമായി രൂപം കൊള്ളുകയും തുടര്‍ന്നുള്ള ദശകങ്ങളും നൂറ്റാണ്ടുകളും യുദ്ധഭൂമിയില്‍ ചെലവിടുകയും യുദ്ധം ഒരു ജീവിത രീതിയായി പരിണമിക്കുകയും ചെയ്ത ഗോത്ര സമൂഹങ്ങളുടെ ജീവിതവീക്ഷണത്തിലും ആദര്‍ശ ങ്ങളിലും കീഴടക്കലിന്‍റെ ഉന്മാദം ഒരു ‘ഘര്‍ വാപസി’ ക്കുള്ള ആഹ്വാനം മുഴക്കി നില്ക്കുന്നുണ്ടാവാം. ശത്രു നിഗ്രഹം ധര്‍മ്മമാണെന്നുപദേശിക്കുന്ന ധര്‍മ്മ ശാസ്ത്രങ്ങളും നിലവിലുണ്ടാവാം.

സമകാലീന ഭാരതത്തില്‍, മതങ്ങളുടെ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വവും വ്യത്യസ്ത സമൂഹങ്ങളുടെ  സഹാസ്തിത്വവും കാംക്ഷിക്കുന്ന സര്‍ഗ്ഗധനരായ കലാകാരന്മാരും മത വിമര്‍ശകരും, മാറുന്ന കാലത്തിനനുസരിച്ചും കാലഘട്ടത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചും മതത്തിന്‍റെ ഹിംസാത്മക  പ്രബോധനങ്ങളെപ്പോലും സമാധാനത്തിലേക്കുള്ള വാതിലുകളായി എങ്ങിനെ വ്യാഖ്യാനിക്കാം എന്നാണ് ആലോചിക്കേണ്ടത്. ദൈവികതയോളമെത്തുന്ന  മാനവികതക്ക്  ഊന്നല്‍ നല്കിക്കൊണ്ടുള്ള അത്തരം പരിശ്രമങ്ങളാണ് ഈ കാലഘട്ടത്തിനാവശ്യം.

മനുഷ്യന്‍റെ മഹത്ത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയും അക്രമമാര്‍ഗം വെടിയുകയും ചെയ്യാത്ത ഒന്നിനെയും ദൈവികമായോ മതാത്മകമായോ അംഗീകരിക്കാന്‍ കഴിയില്ല എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് മതവിമര്‍ശനം കാലികപ്രസക്തവും സര്‍ഗാത്മകവു മാകുന്നത്. അക്രമം ഒരു ലഹരിയായി മാറുന്ന കാലത്തു ഹിംസയുടെ ഉന്മാദത്തിനെതിരേയാണ് സര്‍ഗാത്മകതയുടെ പടവാള്‍ ഉയരേണ്ടത്. മതരാഷ്ര സ്ഥാപനത്തിനുവേണ്ടി വര്‍ഗീയതയെയും ഫാസിസ്റ്റു ശൈലികളെയും കൂട്ടുപിടിച്ചു കിടമത്സരം നടത്തുന്ന സമകാലിക ഇന്ത്യന്‍ സമൂഹത്തില്‍, മതവിമര്‍ശനം നടത്തുന്നവര്‍ക്കു കുറെക്കൂടി ഗൗരവമായി അതു ചെയ്യാന്‍ കഴിയണമായിരുന്നു എന്നുമാത്രം ചൂണ്ടി ക്കാണിക്കട്ടെ.

ക്രിസ്തീയതയുടെ വാണിജ്യവല്‍ക്കരണമാണ് മതത്തിന്‍റെ തീവ്രവാദവല്‍ക്കരണത്തെക്കാള്‍ ‘ബീഭത്സമായ ആഗോള പ്രശ്നം’ എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നവര്‍ ഏതു ലോകത്തിരുന്നാണ് ജീവിതം കാണുന്നതെന്നാലോചിക്കേണ്ടതാണ്! ഒരു മാധ്യമവും നിഷ്പക്ഷമല്ല എന്നതുപോലെ, ഇത്തരം കാര്യങ്ങളില്‍ ‘മാധ്യമം’ വാരികയും അത്ര നിഷ്പക്ഷമാണെന്നു കരുതാന്‍ വയ്യാ! മലയാള സിനിമയിലെ മതവിമര്‍ശനം ഏറിയപങ്കും ക്രിസ്തുമതവിമര്‍ശനവും അധിക്ഷേപങ്ങളുമായി മാറുന്നതിനുപിന്നില്‍, തീവ്രമത-രാഷ്ട്രീയമുള്ള ചില സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ട് എന്ന ആരോപണവും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.

(കടപ്പാട് – ജാഗ്രതാ ന്യൂസ്, 274-275 എഡിഷന്‍, ജാഗ്രതാ കമ്മീഷന്‍ – പി.ഓ.സി)
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy