അടുത്തനാളുകളിൽ വയനാട്ടിലൂടെ കടന്നുപോകുന്നവർക്ക് വഴിവക്കിൽ
വേറിട്ടൊരു കാഴ്ച കാണാനാകും.
ഒരു പക്ഷേ ഈ കാഴ്ച മറ്റേതെങ്കിലും സ്ഥലത്തുണ്ടോയെന്ന് എനിക്കറിഞ്ഞു കൂടാ. കാര്യമിതാണ്; നാട്ടുകാർ തന്നെ വഴിവക്കിൽ കസേരയിട്ടിരുന്ന് കായ് വറുത്തത്
(ബനാന ചിപ്സ്) വിൽക്കുന്ന ദൃശ്യം.
അങ്ങനെ കച്ചവടം നടത്തുന്നവരിൽ
ഒരാളെ പരിചയപ്പെട്ടു.
അയാൾ പറഞ്ഞതിങ്ങനെയാണ്:
“അച്ചാ, ഞാനൊരു കർഷകനാണ്.
മൂന്നാലേക്കർ ഏത്തവാഴ നട്ടിരുന്നു. തരക്കേടില്ലാത്ത വിളവും കിട്ടി.
അപ്പോഴാണ് കൊറോണ പടർന്നു പിടിച്ചത്.
20 രൂപയെങ്കിലും കിലോക്ക് കിട്ടിയാലെ,
മുതൽ മുടക്കെങ്കിലും ലഭിക്കൂ.
എന്നാൽ അപ്രതീക്ഷിതമായി
ഇത്തവണ വല്ലാതെ വിലയിടിഞ്ഞു.
ചങ്ക് തകർന്നിട്ടാണച്ചാ
പത്തും പന്ത്രണ്ടും രൂപയ്ക്കെല്ലാം
വാഴക്കുലകൾ വെട്ടി വിറ്റത്.
പക്ഷേ, കർഷകന് വില കിട്ടാത്തപ്പോഴും കടയിൽ നിന്ന് ഒരു കിലോ ഏത്തക്കായ വാങ്ങണമെങ്കിൽ കിലോയ്ക്ക് 35 രൂപയെങ്കിലും കൊടുക്കണം!
വയനാട്ടിലെ സ്ഥിതി അച്ചനറിയാമല്ലോ,
കാട്ടുമൃഗങ്ങളുടെ അക്രമം മൂലം കൃഷിയെല്ലാം തകർന്ന സമയത്താണ് ഈ വിലയിടിവും.
കുട്ടികളുടെ പഠനം, വസ്ത്രം, മരുന്ന്, യാത്ര….
ഇതിനൊക്കെ ആവശ്യമായ സാമ്പത്തികം താങ്ങാനാകുവുന്നില്ല.
ഇതിനെല്ലാം സഹായമാകുമെന്ന്
ഞങ്ങൾ കരുതുന്ന കാർഷിക വിളകൾക്കുണ്ടാകുന്ന വിലത്തകർച്ചയും ഞങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.”
തെണ്ടയിടറി
അയാൾ തുടർന്നു:
“കുറച്ച് വാഴക്കുലകൾ വിൽക്കാതെ
മാറ്റി വച്ചിരുന്നു.
അതിൽ നിന്നാണ് ചിപ്സ് കച്ചവടത്തിന് തുടക്കമിട്ടത്. കൊറോണയായതുകാരണം പലരും വാഹനങ്ങൾ നിർത്തുന്നില്ല.
വെയിലും പൊടിയും കൊണ്ട് റോഡരികിൽ പ്രതീക്ഷയോടെ കാത്ത് നിൽക്കുന്നു….
ആരെങ്കിലും എപ്പോഴെങ്കിലും വരും. കിട്ടിയതായില്ലേ….. ”
ജീവിക്കാൻ വേണ്ടി മനുഷ്യൻ
വല്ലാതെ കഷ്ടപ്പെടുന്നൊരു കാലമാണിത്.
വിദേശത്തു നിന്നും വന്നവർക്ക്
ഇപ്പോൾ തിരിച്ച് പോകാനും പറ്റുന്നില്ല.
പലർക്കും ജോലി നഷ്ടപ്പെട്ടു.
സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്തു കൊണ്ടിരുന്ന താത്ക്കാലിക അധ്യാപകരുടെ സ്ഥിതി മഹാ കഷ്ടമാണ്.
ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം
എത്ര മാസങ്ങളായ് അടഞ്ഞുകിടക്കുന്നു.
ബസ് ജീവനക്കാർ, ചെറുകിട കച്ചവടക്കാർ, വഴിവാണിഭക്കാർ എന്നിവരുടെ സ്ഥിതിയും വേദനാജനകമാണ്.
ജോലിക്കായും പഠനത്തിനായും
വിദേശത്തേക്ക് പോകാൻ പണം കൊടുത്തവരും
പരീക്ഷ പാസായവരുമെല്ലാം
വഴിയാധാരമായി.
മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം നിലനിന്നിരുന്ന അഗതിമന്ദിരങ്ങളുടെ സ്ഥിതി പറയുകയും വേണ്ട.
ഇത്തരമൊരു അവസ്ഥ തന്നെയാണ്
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലും നമ്മൾ കാണുന്നത്.
ആരെങ്കിലും തങ്ങളെ ജോലിക്കു വിളിക്കുമെന്നു കരുതി
മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും
ഒമ്പതാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലുമെല്ലാം വഴിയോരത്ത് കാത്തുനിൽക്കുന്നവരെ തേടിയിറങ്ങുന്ന യജമാനൻ്റെ ചിത്രം
( Ref മത്താ 20:1-16).
ഭാവിയെ നോക്കുമ്പോൾ ഇരുൾ മാത്രം കാണുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ
ദൈവത്തോടു നമുക്കു പ്രാർത്ഥിക്കാം.
സാധിക്കുന്ന വിധത്തിലെല്ലാം
മറ്റുള്ളവർക്ക് തുണയാകാം.
ഫാദർ ജെൻസൺ ലാസലെറ്റ്