വിളക്കും പീഠവും

ഫാദർ ജെൻസൺ ലാസലെറ്റ്

ഒരു പക്ഷേ നിങ്ങളീ കഥ കേട്ടിരിക്കും. ദേശാടനക്കിളികളെക്കുറിച്ചുള്ളതാണ്.

അന്നത്തെ യാത്രയിൽ വേടൻ്റെ അമ്പു കൊണ്ട് നേതാവ് മരിച്ചുവീണു.
സന്ധ്യയായപ്പോൾ പക്ഷികളെല്ലാം
മരത്തിൽ ചേക്കേറി.

പല ചില്ലകളിലായ് അവ സ്ഥാനം പിടിച്ചു.
ഒരു ചെറിയ ചില്ലയിൽ തിങ്ങിയിരുന്ന
കുഞ്ഞു കിളികൾ
വലിയ കിളികളോടു ചോദിച്ചു:

”ഞങ്ങൾക്കിരിക്കാൻ ഈ കൊമ്പിൽ ഒട്ടും ഇടമില്ല. ആ വലിയ കൊമ്പിൽ ഞങ്ങൾ ഇരിക്കട്ടെ?”

“അതിലിരിക്കാൻ നിങ്ങൾക്ക് അനുവാദമില്ല. അത് നമ്മുടെ നേതാവിനു വേണ്ടി ഒഴിച്ചിട്ടിരിക്കുന്നതാണ്.”

” അതിന് നേതാവ് ഇന്നത്തെ യാത്രയിൽ
മരിച്ചു പോയില്ലേ? മരിച്ചയാൾക്ക് എന്തിനാണ് ഇരിപ്പിടം?”

ആ ചോദ്യത്തിന് വലിയ പക്ഷികൾ
ഇങ്ങനെ മറുപടി നൽകി:

“മക്കളേ, നിങ്ങൾ പറഞ്ഞത് ശരിയാണ്.
നമ്മുടെ നേതാവ് മരണപ്പെട്ടു.
പക്ഷേ അവൻ ആർക്കു വേണ്ടിയാണ് രക്തസാക്ഷിയായത് എന്നറിയാമോ?
നമുക്കു വേണ്ടി.
മുമ്പേ പറന്ന അവൻ മരണപ്പെട്ടപ്പോൾ
നമ്മൾ സുരക്ഷിതരായി.
ഒഴിഞ്ഞുകിടക്കുന്ന ചില്ല, നമ്മുടെ നേതാവിനെക്കുറിച്ചുള്ള ഓർമയാണ്.
ആ ഓർമ സമ്മാനിക്കുന്ന പ്രകാശത്തിലായിരിക്കണം
ഇനി നാം ജീവിക്കേണ്ടത്.”

ഉത്തരം കേട്ടപാടെ കുഞ്ഞു കിളികൾ നിശബ്ദരായി.

കഥയാണെങ്കിലും വലിയ സത്യം
ഇത് പങ്കു വയ്ക്കുന്നില്ലേ?

നമ്മുടെ നേതാവായ ക്രിസ്തുവിനുള്ള
സ്ഥാനം ഇന്നെവിടെയാണ്?
അവനെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ?
ക്രിസ്തുവിൻ്റെ കാര്യം മാത്രമല്ല, അവനെപ്പോലെ ആദരവോടെ കാണേണ്ട വ്യക്തികളെയെല്ലാം നമ്മൾ എവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്?

അവരിൽ മാതാപിതാക്കളും
ഗുരുഭൂതരും നമ്മെ സഹായിച്ചവരും
നമ്മൾ ഒരിക്കലും മറക്കില്ലെന്നു പറഞ്ഞവരുമെല്ലാം ഉൾപ്പെടും.

ഇവിടെയാണ് ക്രിസ്തുവിൻ്റെ
വചനത്തിന് ശോഭയേറുന്നത്:

“ആരും വിളക്കുകൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്‌ക്കുകയോ ചെയ്യുന്നില്ല, മറിച്ച്‌, അകത്തു
പ്രവേശിക്കുന്നവര്‍ക്ക്‌ വെളിച്ചം കാണാന്‍
അത്‌ പീഠത്തിന്‍മേല്‍ വയ്‌ക്കുന്നു”
(ലൂക്കാ 8 : 16).

വിളക്കാകേണ്ട പലരെയും നാം പ്രതിഷ്ഠിച്ചിരിക്കുന്നത് പീഠത്തിന്മേലല്ല.
അതു തന്നെയാണ് നാം അനുഭവിക്കുന്ന അന്ധകാരത്തിന് കാരണവും.

അങ്ങനെയെങ്കിൽ നമ്മുടെയൊക്കെ പീഠങ്ങളിൽ ആരെല്ലാമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്….?

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy