വിധിയുടെ കരങ്ങൾ

ഫാദർ ജെൻസൺ ലാസലെറ്റ്

മകൻ്റെ അപകടത്തെക്കുറിച്ച്
അവൻ്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:

“മകന് ആക്സിഡൻ്റ് സംഭവിച്ചതിന് ഞാനൊരിക്കലും അവനെ മാത്രം കുറ്റപ്പെടുത്തില്ല.
അവൻ്റെ അപ്പനും അതിൽ ഉത്തരവാദിത്തമുണ്ട്.
നൂറാവർത്തി ഞാൻ പറഞ്ഞതാണ്
അത്രയും സി.സി.യുള്ള,
കുതിര പോലിരിക്കുന്ന ബൈക്ക്
വാങ്ങിച്ചു കൊടുക്കരുതെന്ന്.

അദ്ദേഹം എൻ്റെ വാക്കുകൾക്ക്
തെല്ലും വില കൽപിച്ചില്ല.
അല്ലെങ്കിലും പിള്ളേർക്ക് അപ്പനെ മതി, എന്തെന്നാൽ അപ്പൻ വിദേശത്തു നിന്ന് വർഷത്തിൽ ഒരു തവണയല്ലേ വരുന്നുള്ളു.
ആ ഒരു മാസം മക്കൾക്ക്
വലിയ സന്തോഷമാണ്.
അപ്പൻ്റെ കൂടെ യാത്രകളും
കളിയും ചിരിയും, മാത്രമല്ല
അവർ ചോദിക്കുന്നതെന്തും
അപ്പൻ അപ്പോൾ വാങ്ങിക്കൊടുക്കുകയും ചെയ്യും.

എന്നാൽ മക്കളുടെ കുരുത്തക്കേടുകൾ
നേരിട്ടു കാണുന്നതും  വഴക്കു പറയുന്നതുമെല്ലാം ഞാനാണല്ലോ?
അവരുടെ കാര്യങ്ങൾക്കെല്ലാം
ഓടുന്നതും ഞാൻ തന്നെ.
വല്ലപ്പോഴും നാട്ടിലെത്തുന്ന
അപ്പനെ മയക്കിയെടുക്കാൻ
മക്കൾക്ക് നന്നായ് അറിയാം.

ഓൺ ലൈൻ ക്ലാസെന്നും പറഞ്ഞ് മൊബൈൽ ഫോൺ രണ്ടെണ്ണമാണ് വാങ്ങിയിട്ടുള്ളത്.
ക്ലാസു കഴിഞ്ഞാലും അവർ
അത് താഴെ വയ്ക്കില്ല.
എന്തായാലും മകൻ്റെ ജീവൻ തിരിച്ചു
കിട്ടിയതിന്  ദൈവത്തിന് നന്ദി!”

അപ്പന്മാർ വീട്ടിലില്ലാത്ത പല കുടുംബങ്ങളിലെയും കാഴ്ചയാണ്
ഈ സ്ത്രീ വിവരിച്ചത്.
വിദൂരത്തിരുന്ന്
ജീവിത പങ്കാളിയെയും മക്കളേയും നിയന്ത്രിക്കുമ്പോഴും  മക്കളിലുള്ള
മാറ്റങ്ങൾ മനസിലാക്കി
അവരെ നേർവഴിക്ക് നയിക്കാൻ
പല മാതാപിതാക്കൾക്കും കഴിയുന്നില്ല.

കാലത്തിൻ്റെ വ്യതിയാനങ്ങൾ ശരിക്കും പഠിച്ചില്ലെങ്കിൽ  സംഭവിച്ചുകൂടാത്തത്
പലതും സംഭവിക്കും എന്ന് മറക്കരുത്.

ഇവിടെയാണ് ക്രിസ്തുവിൻ്റെ വചനത്തിന് മൂർച്ചയേറുന്നത്:
”….ഭൂമിയുടെയും ആകാശത്തിന്‍െറയും
ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാത്തത്‌ എന്തുകൊണ്ട്‌?”
(ലൂക്കാ 12 : 56).
എപ്പോഴും ദൈവം നമ്മോട് കരുണ
കാണിക്കും എന്നും കരുതരുത്.

ഇന്നേക്ക് ഒമ്പതാം നാൾ
ലാസലെറ്റ് മാതാവിൻ്റെ പ്രത്യക്ഷ തിരുനാളാണ്.
അമ്മയുടെ ഒരു സന്ദേശത്തിനു കൂടി കാതോർക്കാം:
“മനുഷ്യൻ പാപത്തിൻ്റെ വഴികൾ ഉപേക്ഷിച്ചില്ലെങ്കിൽ എൻ്റെ പുത്രൻ്റെ
വിധിയുടെ കരങ്ങൾ ഇനിയും തടഞ്ഞു നിർത്താൻ എനിക്ക് സാധിക്കുകയില്ല.”

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy