ഏതാനും വർഷങ്ങൾക്കു മുമ്പ്
ഞങ്ങളുടെ ആശ്രമത്തിൽ കുട്ടികൾക്കുള്ള ധ്യാനം നടക്കുന്ന സമയം.
ഞെട്ടിക്കുന്ന ചോദ്യവുമായി
ഒരു പതിനഞ്ചു വയസുകാരൻ എത്തി:
” അച്ചാ, യേശുക്രിസ്തുവിന് മക്കളുണ്ടോ?
മഗ്ദലനമറിയം യേശുവിൻ്റെ ഭാര്യയാണോ?”
ഉത്തരം അറിയാമെങ്കിലും
ആ പത്താം ക്ലാസുകാരൻ എന്തുകൊണ്ട് അങ്ങനെയൊരു ചോദ്യമുന്നയിച്ചു
എന്ന ചിന്തയായിരുന്നു മനം നിറയെ.
അല്പസമയം അവനു വേണ്ടി പ്രാർത്ഥിച്ചു. പരിശുദ്ധാത്മാവ് നൽകിയ
പ്രചോദനമനുസരിച്ച് ഞാൻ ചോദിച്ചു:
”നീ ഒരു വട്ടമെങ്കിലും സുവിശേഷം വായിച്ചിട്ടുണ്ടോ?”
“ഇല്ല”.
“ഏതെങ്കിലും വിശുദ്ധരുടെ
ആത്മകഥയോ ജീവചരിത്രമോ….? ”
” ഇല്ല ”
”ഏതുതരം പുസ്തകങ്ങൾ വായിക്കാനാണ് നിനക്ക് ഇഷ്ടം?”
“കൂടുതലും ഫിക്ഷനാണച്ചാ…”
ഒട്ടും ശങ്കിക്കാതെ ഞാനവനോട് ചോദിച്ചു:
“മോനേ…. നീ ‘ഡാവിഞ്ചി കോഡ് ‘
എത്ര തവണ വായിച്ചിട്ടുണ്ട് ?”
ചെറുപുഞ്ചിരിയോടെ
അവൻ പറഞ്ഞു:
” രണ്ടു തവണ ! ”
വെറുതെയല്ല, ഇങ്ങനെയുള്ള ചോദ്യങ്ങളുമായ് വരുന്നതെന്നു പറഞ്ഞ്, ബൈബിളും വിശുദ്ധരുടെ ജീവചരിത്രങ്ങളുമെല്ലാം വായിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഞാനവനോട് പറഞ്ഞു.
ധ്യാനം കഴിഞ്ഞപ്പോൾ അവനെ കൊണ്ടുപോകാൻ അധ്യാപകരായ മാതാപിതാക്കൾ എത്തി.
”മകന് വായന ഇഷ്ടമാണല്ലേ?”
ഞാനവരോട് ചോദിച്ചു.
”അതെ… ധാരാളം പുസ്തകങ്ങൾ വീട്ടിലുണ്ട് . അവൻ ഫുൾ ടൈം വായനയാണ്. ”
” എന്തെല്ലാമാണ് അവൻ വായിക്കുന്നതെന്ന് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?”
“ഇല്ല. ആവശ്യമുള്ള പുസ്തകങ്ങളെല്ലാം ഓൺലൈൻ വഴി അവൻ വരുത്തുകയാണ് പതിവ്.”
അവൻ്റെ വായനയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും എനിക്കു കിട്ടിയ
ചില ബോധ്യങ്ങൾ ഞാനവരുമായ് പങ്കുവച്ചു. ആധ്യാത്മിക ചിന്തകൾ പ്രധാനം ചെയ്യുന്ന പുസ്തകങ്ങൾ വായിച്ചാൽ
അവൻ്റെ ജീവിതം തന്നെ
അദ്ഭുതകരമായി മാറുമെന്ന്
ഞാനവരോട് വിശദീകരിച്ചു.
അപ്പോഴേക്കും അത്തരം പുസ്തകങ്ങൾ വായിക്കാനുള്ള ആഗ്രഹം
അവൻ്റെ മുഖത്ത് തെളിഞ്ഞു.
എല്ലാം കേട്ട ശേഷം
മാതാപിതാക്കൾ അവന് വായിക്കാൻ പറ്റുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള അന്വേഷണമായി.
അങ്ങനെ ഞങ്ങൾ ഏതാനും ചില പുസ്തകങ്ങൾ കത്തോലിക്കാ വെബ്സൈറ്റുകളിൽ നിന്നും കണ്ടെത്തി.
അതിൽ ചിലതെല്ലാം അവൻ തന്നെയാണ് തിരഞ്ഞെടുത്തതും.
അപ്പോൾ തന്നെ ആ പുസ്തകങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുകയും
കുറച്ച് വിശുദ്ധരുടെ ജീവചരിത്രങ്ങൾ ബുക്സ്റ്റാളിൽ നിന്ന് വാങ്ങുകയും ചെയ്തു.
നമ്മളിൽ പലരും വയനാശീലം ഉള്ളവരായിരിക്കാം.
വായിക്കുന്നതോടൊപ്പം
എന്ത് വായിക്കുന്നു എന്നുള്ളതാണ്
ഏറെ പ്രാധാന്യം.
കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ കേൾക്കാത്തവർ ആരാണുള്ളത്?
“വായിച്ചാൽ വളരും,
വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലേൽ വളയും”
സമൂഹമാധ്യമങ്ങളുടെ അതിപ്രസരമുള്ള
ഈ കാലയളവിൽ അവയിലൂടെ വായിക്കുന്നതും വീക്ഷിക്കുന്നതും കേൾക്കുന്നതുമെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ
നമ്മൾ ക്രിസ്തുവിൽ നിന്നും അകലാനുള്ള സാധ്യതകൾ ഏറെയാണ്.
“എന്‍െറ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത് ”
(യോഹ 14 :21) എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ?
ക്രിസ്തുവിനേയും സഭയേയും
സ്നേഹിക്കാൻ സഹായിക്കുന്ന വായനയേക്കുറിച്ച്
വിശുദ്ധ അമ്മത്രേസ്യ പറയുന്നത് കേൾക്കൂ:
“എൻ്റെ പിതാവ് ധാരാളം സദ്ഗ്രന്ഥങ്ങൾ വായിക്കുന്ന വ്യക്തിയായിരുന്നു.
നല്ല പുസ്തകങ്ങളുടെ വൻശേഖരം വീട്ടിലുണ്ടായിരുന്നു.
ഈശോയോടും പരിശുദ്ധ മാതാവിനോടും വിശുദ്ധരോടുമൊക്കെയുള്ള
ഭക്തിയിൽ വളരുന്നതിന്
ഈ പുസ്തകങ്ങൾ കുഞ്ഞുനാൾ മുതൽ എന്നെ സഹായിച്ചിട്ടുണ്ട്.”
നല്ലത് വായിക്കുവാനും
കാണുവാനും കേൾക്കുവാനും
ദൈവം നമ്മെ സഹായിക്കട്ടെ.
വിശുദ്ധ അമ്മത്രേസ്യായുടെ
തിരുനാൾ മംഗളങ്ങൾ!