മതങ്ങളുടെ മാധ്യമങ്ങൾ അവതരിപ്പിക്കുന്ന മുഖവും സാധാരണ വിശ്വാസി ജീവിക്കുന്ന മുഖവും അജവും ഗജവും പോലെ വ്യതിരിക്തമാണ് എന്ന് യഥാർത്ഥ ദൈവ-മതാനുഭവങ്ങളുള്ള ആർക്കാണറിയാത്തത്. ക്രിസ്തു വിശ്വാസത്തിന്റെ സൗന്ദര്യം തൊട്ടറിഞ്ഞു നിൽക്കുന്നൊരാൾ എന്ന നിലയിൽ മാധ്യമ ജല്പനങ്ങളിലെ നിരർത്ഥകത നന്നായി മനസിലാവുന്നുണ്ട്. ഞാൻ കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും ചെയ്യുന്ന, ആഴമുള്ള ആത്മീയാനുഭവത്തിന്റെയും മനശാന്തിയുടെയും വിശുദ്ധ മാർഗങ്ങൾ എത്രകണ്ട് മ്ലേഛമായാണ് ഈ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. നേരിനും സത്യത്തിനുമൊപ്പം നിർഭയം നിലകൊള്ളുമെന്ന നിങ്ങളുടെ വീരവാദങ്ങൾക്ക് ഛർദ്ദിലിന്റെ മണവും ഗുണവുമാണ്. അറപ്പാണതിനോടിപ്പോൾ.
സഭയിലെ അപചയങ്ങൾ, സഭാംഗങ്ങളുടെ നടപ്പിലെ ഇടർച്ചകൾ, തുറന്നു കാണിക്കപ്പെടുന്നു എന്നതിൽ ഞങ്ങൾക്ക് പരാതികളോ, പരിഭവങ്ങളോ ഇല്ല. ആന്തരിക നവീകരണത്തിനും ശാക്തീകരണത്തിനും അവ ഉപകാരപ്പെടും എന്ന തികഞ്ഞ ബോധ്യവുമുണ്ട്. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭയുടെ അതിഭീമമായ വിശ്വാസ സ്തംഭങ്ങളെ തച്ചുടയ്ക്കാനുള്ള ശ്രമമുണ്ടല്ലോ, അതിന്റെ സാംഗത്യം മനസിലാകുന്നില്ല!!! എത്രകണ്ട് ഊക്കിലിടിച്ചാലും അത് തകരാൻ പോകുന്നുമില്ല. ഇടിച്ചിടിച്ച് മുഷ്ടിയിൽ ചോര പൊടിയുമ്പോഴും, ഗർജിച്ച് ഗർജിച്ച് സ്വനതന്തുക്കൾക്ക് തകരാർ സംഭവിക്കുമ്പോഴും വന്നുകൊള്ളുക, മരുന്നും ലേപനങ്ങളുമായി, ഒരു കുത്തുവാക്കിന്റെ മുന കൊണ്ടു പോലും മുറിപ്പെടുത്താതെ ഞങ്ങൾ നിങ്ങളെ സുഖപ്പെടുത്താം…
കുമ്പസാരമെന്ന വാക്കിനെ മലയാളത്തിലെ ഒന്നാംതരം അശ്ലീല പദങ്ങളുടെ ഗണത്തിൽ പെടുത്തി എത്രകണ്ട് അവജ്ഞയോടെ ഉച്ചരിച്ചാലും, ഞങ്ങൾക്കത് നെഞ്ചോടു ചേർന്നിരിക്കുന്ന വിശുദ്ധ പദം തന്നെയാണ്. വിരലിലെണ്ണാവുന്ന ചിലർ കുമ്പസാരത്തെ വ്യഭിചരിച്ചെന്ന ആരോപണങ്ങളുയർന്നിരിക്കുന്നു എന്നോർത്ത് എല്ലാ കുമ്പസാരക്കൂടുകളുമെങ്ങനെയാണ് വ്യഭിചാരപ്പുരകളാകുന്നത്? നിങ്ങളുടെ കുഞ്ഞ് ‘അപ്പാ’ എന്നു വിളിച്ച് ഇപ്പോഴും നിങ്ങളെ ആശ്ലേഷിക്കുന്നില്ലേ!!!!!
ഞങ്ങളുടെ കുറവുകളെയും ബലഹീനതകളെയും നിങ്ങൾ ഇനിയുമിനിയും പുറത്തു കൊണ്ടുവന്നുകൊള്ളുക. അവ തിരുത്താൻ ഞങ്ങൾ തയ്യാറുമാണ്. എന്നാൽ അതിന്റെ പേരിൽ ക്രിസ്തുവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ അപനിർമിക്കാൻ/ ഭേദഗതി ചെയ്യാൻ നിങ്ങളെ ആരാണ് നിയോഗിച്ചത്. സൂര്യശോഭയ്ക്ക് മുന്നിൽ കണ്ണിറുക്കിയടച്ച് നിങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഒന്നിനും ക്രിസ്തു പറഞ്ഞതിനോളം അഴകോ, ആഴമോ, ശോഭയോ ഇല്ലെന്ന് അവനെയും അവന്റെ വചനത്തെയും നിരന്തരം പിഞ്ചെല്ലുന്ന ഞങ്ങൾക്കറിയാം. അവ പകരുന്ന ആനന്ദവും ആശ്വാസവും എത്രയെന്നും അറിയാം. നിങ്ങളുടെ ഭാവനകളെക്കാൾ ഞങ്ങളുടെ അനുഭവങ്ങൾക്ക് കരുത്തുണ്ടാകുമെന്ന സാമാന്യ തത്വമെങ്കിലും ഓർത്തു വയ്ക്കുന്നത് നല്ലതാണ്…..