പണ്ട് കേട്ടതാണീ കഥ.
ജയിൽ ശിക്ഷ അനുഭവിക്കുന്ന
യുവാവിനെ കാണാൻ
ഒരു വൈദികൻ ചെന്നു.
തൂക്കു കയറിലേക്കുള്ള യാത്രയ്ക്കിനി
ഒരാഴ്ച സമയം മാത്രം.
അവനുമായി സംസാരിച്ച ശേഷം
ബൈബിൾ അടക്കമുള്ള കുറച്ചു ഗ്രന്ഥങ്ങൾ അവനെയേൽപ്പിച്ച് അച്ചൻ മടങ്ങി.
കഴുവിലേറ്റപ്പെടുന്നതിൻ്റെ തലേന്നാൾ
അവനെ കാണാൻ അച്ചൻ വീണ്ടും ചെന്നു.
അവനിങ്ങനെ സംസാരിച്ചു തുടങ്ങി:
“അച്ചാ, നാളെ രാവിലെ മൂന്നു മണി വരേ എനിക്കായുസുള്ളു. എന്നെ തൂക്കിലേറ്റാനുള്ള കയറും ആരാച്ചാരും തയ്യാറായിക്കഴിഞ്ഞു. മരിക്കാനെനിക്കിപ്പോൾ സന്തോഷമേയുള്ളു. ഭയമെല്ലാം പോയി.
അച്ചനെന്നെ കാണാൻ വന്നതിനും
വിശുദ്ധ ഗ്രന്ഥവും പുസ്തകങ്ങളും
തന്നതിനും നന്ദി.
ഇവയെല്ലാം മുമ്പ് വായിച്ചിരുന്നെങ്കിൽ
ഞാനീ ജയിലിൽ എത്തുകയില്ലായിരുന്നു.”
ക്രിസ്തുവിൻ്റെ ആ വചനം
ഒരു ഓർമപ്പെടുത്തൽ പോലെ
ഞാനോർത്തു പോകുന്നു.
“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക”
(മത്താ 21:31).
ജയിലിലെ ആ യുവാവിന്
നന്മയിലേക്കുള്ള വെട്ടം തെളിക്കാൻ ആരുമില്ലായിരുന്നു. അവസാനം അവന്
വെട്ടം ലഭിച്ചപ്പോഴോ….
വളരെ വൈകിപ്പോയിരുന്നു.
പക്ഷേ നമ്മുടെ കാര്യമോ?
നമ്മളിൽ പലരും തിന്മയിൽ
നിപതിക്കുന്നതിന് കാരണം തിന്മയെക്കുറിച്ചുള്ള അറിവില്ലായ്മയല്ല
മറിച്ച് ആ തിരിച്ചറിവിൽ നിലനിൽക്കാനുള്ള കരുത്തില്ലായ്മയാണ്.
ഒന്നുറപ്പാണ്:
നമ്മൾ പ്രതീക്ഷിക്കാത്ത പലരും
രക്ഷ നേടുമ്പോഴും
പ്രതീക്ഷിക്കുന്ന പലരും
ആ കവാടത്തിന്
ഒരുപാട് കാതം ദൂരെയായിരിക്കും.
കർത്താവിൻ്റെ കരുണക്കുവേണ്ടി
പരസ്പരം നമുക്ക് പ്രാർത്ഥിക്കാം.
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 20-2020.