സാൻ്റിയാഗോ തീർത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ കാൽനടയാത്രയെക്കുറിച്ചുള്ള
ആ പുസ്തകം നിങ്ങൾ വായിച്ചിട്ടുണ്ടോ?
ഫ്രാൻസിസ്ക്കൻ കൺവെഞ്ച്വൽ സഭാംഗമായ
ഫാ. ജെസ്മണ്ട് പനപ്പറമ്പിൽ എഴുതിയ
“തീർത്ഥാടകനും അപരിചിതനും”.
800 കിലോമീറ്ററോളം
അച്ചൻ നടത്തിയ യാത്രയെക്കുറിച്ചാണ്
ഇതിൽ പ്രതിപാദിക്കുന്നത്.
യാത്രയിൽ അതിശയിപ്പിച്ച
ഒരു അനുഭവത്തെക്കുറിച്ച്
ജെസ്‌മണ്ടച്ചൻ പറയുന്നുണ്ട്.
അച്ചനോടൊപ്പമുള്ള യാത്രയിൽ
മറ്റു യാത്രക്കാരുടെ കൂടെ
വയോവൃദ്ധരായ ദമ്പതികളുമുണ്ടായിരുന്നു.
യാത്ര ചെയ്ത് മടുത്തപ്പോൾ
രണ്ടു ബെഞ്ചുകളിലായി
അവർ വിശ്രമിച്ചു.
ആദ്യം ഉറക്കമുണർന്നത്
വയോവൃദ്ധനാണ്.
തൻ്റെ ഊന്നുവടിയിൽ ഊന്നി
അയാൾ പതിയെ എഴുന്നേറ്റു.
അടുത്ത ബെഞ്ചിൽ കിടന്ന് മയങ്ങുകയായിരുന്ന
ഭാര്യയ്ക്കരികിലേക്ക് മെല്ലെ നടന്നു….
അവർക്കു വേണ്ടി
അദ്ദേഹം തൻ്റെ തോള്
താഴ്ത്തിക്കൊടുത്തു.
ആ തോളിലൂന്നി
ആ സ്ത്രീ എഴുന്നേറ്റു.
ഊന്നുവടിയൂന്നി
വല്യപ്പപ്പച്ചൻ മുമ്പിൽ …..
അദ്ദേഹത്തിൻ്റെ തോളിലൂന്നി അമ്മച്ചി.
എത്ര മനോഹരമായ കാഴ്ച!
രണ്ടു പേർക്കും ഊന്നുവടികൾ വേണം.
എന്നാൽ ഒരു വടി മാത്രമെ അവർ തിരഞ്ഞെടുത്തുള്ളൂ.
ജീവിത സായാഹ്നത്തിലും
തൻ്റെ ഭാര്യയ്ക്ക് സ്വന്തം തോളു നൽകി അദ്ദേഹം ഒരു ഊന്നുവടിയായി!
ആ അമ്മച്ചിക്ക് വേണമെങ്കിൽ
മറ്റൊരു ഊന്നുവടി എടുക്കാമായിരുന്നു.
എന്നാൽ,
ഉപേക്ഷിച്ചു കളഞ്ഞ
ആ ഊന്നുവടി അവർക്കിടയിലെ
അകലം കുറച്ചു.
ജീവിതം ഒരു യാത്രയാണ്,
നമ്മൾ അതിലെ യാത്രക്കാരും.
ഈ യാത്രയിൽ പരസ്പരം
താങ്ങും തണലുമാകേണ്ടവരാണ് നമ്മൾ
എന്ന ചിന്ത എത്ര മഹനീയമാണ്.
എൻ്റെ തോൾ നിനക്ക് ഒരു
ഊന്നുവടിയാണെന്ന കാര്യം
ദമ്പതികളും മാതാപിതാക്കളും
മക്കളുമെല്ലാം മറക്കുമ്പോൾ
അവിടെ കലഹങ്ങൾ രൂപപ്പെടും.
ഒരു കൂട്ടം ആളുകളുകൾ നമുക്ക് ചുറ്റുമുള്ളപ്പോഴും നമ്മൾ തനിച്ചായിരിക്കും.
പരസ്പരം ഭിന്നിച്ചുള്ള യാത്രയ്ക്ക് ആയുസില്ലെന്ന് പറഞ്ഞത് ക്രിസ്തുവാണ്:
അന്തശ്‌ഛിദ്രമുള്ള രാജ്യവും ഭവനവും
നശിച്ചു പോകും.
( Ref: ലൂക്കാ 11 :17).
ഒരു കാര്യം മറക്കരുത്:
ഊന്നുവടികൾക്ക് അർത്ഥമുണ്ടാകുന്നത്
അവ ജീവിതത്തോട് ചേർത്തു വയ്ക്കുമ്പോഴാണ്.
ജിവിതത്തിൽ നിന്ന് മാറ്റിയാൻ
അവ വെറും മരക്കൊമ്പുകൾ.
ബന്ധങ്ങൾ
നമുക്കൊരു
മരക്കൊമ്പോ
ഊന്നുവടിയോ…??