എൻ്റെ മക്കളുടെ
ജീവിതത്തെക്കുറിച്ചൊന്ന്
എഴുതണമെന്ന്
ഒരമ്മ പറഞ്ഞത്
ഇന്നാണ് ഓർമയിൽ വന്നത്.
അവർ ഒരു അദ്ധ്യാപികയാണ്.
രണ്ട് മക്കൾ.
ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നു.
വിദേശത്തുള്ള പപ്പയോട്
മക്കൾ സംസാരിച്ചിരുന്നത്
ആദ്യമൊക്കെ കമ്പ്യൂട്ടർ വഴിയായിരുന്നു.
പിന്നെ പിന്നെ അത് മൊബൈൽ ഫോണിലേക്ക് മാറി.
അതു കൊണ്ട് തന്നെ മൊബൈൽ ഫോണിൻ്റെ എക്സ്പേർട്ടുകളാണ്
രണ്ടു മക്കളും.
പത്താം ക്ലാസു കഴിഞ്ഞപ്പോൾ
മൂത്തവന് മൊബൈൽ വാങ്ങിക്കൊടുത്തു. വാശി പിടിച്ചപ്പോൾ ഇളയവനും വാങ്ങിക്കൊടുക്കേണ്ടി വന്നു.
അതിനു ശേഷം മൂത്തവൻ പ്ലസ് വണ്ണിലും ഇളയവൻ ഒമ്പതിലും തോറ്റു.
അതിൻ്റെ കാരണമായി കണ്ടെത്തിയത് മറ്റൊന്നുമല്ല,
ചേട്ടനും അനിയനും
പബ്ജി ഗെയിമിന് അഡിക്റ്റഡ് ആണ്.
ആദ്യകാലങ്ങളിൽ പ്രാർത്ഥനയ്ക്കും ഭക്ഷണത്തിനുമെല്ലാം വരുമായിരുന്നു.
പിന്നീടങ്ങോട്ട് ഭക്ഷണം കഴിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും പഠിക്കുന്നതിലുമെല്ലാം
പാടേ ശ്രദ്ധ കുറഞ്ഞു.
രാത്രികാലങ്ങളിൽ മണിക്കൂറുകളോളം
ഗെയിം കളിച്ചിരിക്കുന്നതിനാൽ
പിറ്റേ ദിവസം ഉണരാൻ താമസിക്കുന്നു.
ഒരു ദിവസം മുറിയടച്ചിട്ട് ഗെയിം കളിക്കുകയായിരുന്ന മകനെ
ഭക്ഷണം കഴിക്കാൻ വിളിച്ചതിന്
അവൻ അമ്മയെ തല്ലി.
കാര്യങ്ങൾ കൈവിട്ടു പോകുന്നു
എന്നു മനസിലാക്കിയ പപ്പ
വിദേശത്തെ ജോലി മതിയാക്കി
നാട്ടിൽ തിരിച്ചെത്തി.
ഇതിനിടയിൽ ഒരു മകൻ
ആത്മഹത്യാ ശ്രമവും നടത്തി.
ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഇപ്പോൾ രണ്ടു മക്കളും മനോരോഗ വിദഗ്ദരുടെ ചികിത്സയിലാണ്.
ആ മാതാപിതാക്കൾ മക്കളുടെ
രക്ഷക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ക്രിസ്തു പണ്ട് ജറുസലെമിനെക്കുറിച്ച് വിലപിച്ചതോർമയില്ലെ?
“ജറുസലെം, ജറുസലെം,
പ്രവാചകന്‍മാരെ വധിക്കുകയും
നിന്‍െറ അടുത്തേക്ക് അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ,
പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്‍െറ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു!
പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു ”
(മത്തായി 23 : 37).
ഇന്ന് പല മാതാപിതാക്കളും
മക്കളെക്കുറിച്ച് അതു പോലെയാണ് വിലപിക്കുന്നത്.
ആകുന്നത് പറഞ്ഞു കൊടുത്തിട്ടും ഉപദേശിച്ചിട്ടും
തോന്നിയ രീതിയിൽ നടക്കുന്ന മക്കൾ
പല കുടുംബങ്ങളിലെയും കാഴ്ചയാണ്.
പല മക്കളും
തങ്ങളുടെ മുറിയിൽ ഒന്നു കയറുവാനോ,
മൊബൈൽ ഫോൺ ഒന്നു തൊടുവാനോ മാതാപിതാക്കളെ അനുവദിക്കുന്നില്ല
എന്നത് ഒരു നഗ്ന സത്യമല്ലെ?
അവർക്കൊരു ഫോൺ വരുമ്പോൾ,
ആരാണ് വിളിച്ചതെന്നു ചോദിച്ചാൽ;
‘ അതെന്തിനാ അമ്മയറിയുന്നേ…?’
എന്ന് ചോദിക്കുന്ന മക്കൾക്കു മുമ്പിൽ മാതാപിതാക്കളിൽ പലരും
നിസഹായരായി നിലകൊള്ളുന്നു.
കാര്യങ്ങൾ ഇങ്ങനെയാകുമ്പോൾ
ഒന്നുറപ്പാണ്,
മക്കളുടെ പല പിടിവാശികൾക്കു മുമ്പിലും തോറ്റുകൊടുക്കുന്ന മാതാപിതാക്കൾ
കുറച്ചു കൂടെ ജാഗ്രത പുലർത്തിയില്ലെങ്കിൽ കണ്ണീരൊഴിയാത്ത കുടുംബങ്ങൾ
ഏറുക തന്നെ ചെയ്യും.
അത് ശരിയാണെന്ന്
നിങ്ങൾക്കും തോന്നുന്നില്ലേ?
ഫാദർ ജെൻസൺ ലാസലെറ്റ്
ആഗസ്റ്റ് 3-2020.