തടവറ പ്രേഷിതദിനം (2018 ആഗസ്റ്റ് 12, ഞായര്‍) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍

കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് കമ്മീഷന്‍

കെസിബിസി ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് കമ്മീഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീസസ് ഫ്രട്ടേണിറ്റി നടത്തുന്ന തടവറ പ്രേഷിത പ്രവര്‍ത്തനത്തില്‍ സഭാമക്കള്‍ പങ്കുചേരുകയെന്ന ആവശ്യകതയെക്കുറിച്ച് പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍:

കര്‍ത്താവില്‍ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,

2018 ഓഗസ്റ്റ് മാസം 12-ാം തീയതി ഞായറാഴ്ച കേരള കത്തോ ലിക്കാസഭ തടവറ പ്രേഷിതദിനമായി ആചരിക്കുകയാണ്. സഹതടവു കാരനുവേണ്ടി സ്വജീവന്‍ ബലിയര്‍പ്പിക്കാന്‍ മുന്നോട്ട് വന്ന വിശുദ്ധ മാക്സ്മില്യണ്‍ മരിയ കോള്‍ബേയാണ് തടവറ പ്രേഷിതപ്രവര്‍ത്തന ങ്ങളുടെ മദ്ധ്യസ്ഥന്‍. ഈ വിശുദ്ധന്‍റെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 14-ന് മുന്‍പ് വരുന്ന ഞായറാഴ്ചയാണ് തടവറ പ്രേഷിതദിനമായി കേരളസഭ കൊണ്ടാടുന്നത്. മാതൃഭക്തി പ്രചരിപ്പിക്കാന്‍ ഈ വിശുദ്ധന്‍ കേരളം സന്ദര്‍ശിച്ച് എറണാകുളം, വരാപ്പുഴ രൂപതകളില്‍ ആഭിവന്ദ്യ പിതാക്കന്മാരുടെ അതിഥിയായി താമസിച്ചിരുന്നുവെന്നത് ഈ വിശുദ്ധനെ കേരളത്തിന് പ്രിയപ്പെട്ടവനാക്കുന്ന കാര്യമാണ്. ബന്ധനങ്ങളില്‍ കഴിയുന്ന ആളുകളോടും അവരുടെ ക്ലേശിക്കുന്ന കുടുംബങ്ങളോടും കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ കുടുംബ ങ്ങളോടും ക്രൈസ്തവര്‍ക്ക് ഉണ്ടായിരിക്കേണ്ട കടമകളെക്കുറിച്ച് ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നമ്മെ ഓരോരു ത്തരെയും സജ്ജമാക്കുക എന്നതാണ് ഇന്നത്തെ ദിനാചരണം ലക്ഷ്യമാക്കുന്നത്.

2018 ജനുവരി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ സാന്തിയാഗോ ദെ ചിലിയിലെ വനിതാ ജയില്‍ സന്ദര്‍ശിച്ച് നല്‍കിയ സന്ദേശത്തില്‍ അവരോട് ഇപ്രകാരം പറയുകയുണ്ടായി:

“നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുക എന്നാല്‍, നമ്മുടെ പ്രത്യാശകളും സ്വപ്ന ങ്ങളും നഷ്ടപ്പെടുത്തുക എന്നല്ല അര്‍ത്ഥം. സ്വപ്നം കാണാനുള്ള കഴിവ് നഷ്ടപ്പെടുത്തുക എന്നും ഇതിനര്‍ത്ഥമില്ല. നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് നമ്മുടെ അന്തസ്സ് നഷ്ടമാകുന്നതിന് തുല്യമല്ല. അത് ഒരേ കാര്യമല്ല. അന്തസ്സ് സ്പര്‍ശിക്കപ്പെടരുത്. അത് പരിരക്ഷിക്ക പ്പെടണം, സംരക്ഷിക്കപ്പെടണം. അതിനോട് ആര്‍ദ്രത കാണിക്കണം.”

ഒരാള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന വീഴ്ചയുടെ പേരില്‍ അയാളുടെ അന്തസ്സ് നിഷേധിക്കപ്പെടരുത് എന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മി പ്പിക്കുന്നു. അതനുസരിച്ച് പുനരുദ്ഗ്രഥന പ്രക്രിയയിലൂടെ, പ്രത്യാശയും സ്വപ്നങ്ങളും നിറഞ്ഞ മനുഷ്യരാക്കി മാറ്റാന്‍ വേണ്ടുന്ന ഒരുക്കങ്ങള്‍ നടത്താനുള്ള ബാധ്യതയും കടപ്പാടും സമൂഹത്തിനുണ്ട്. ഭാവി പ്രതീക്ഷകള്‍ ഇല്ലാത്ത ഒരു ജയില്‍ ശിക്ഷ മനുഷ്യത്വമുള്ള ഒരു ശിക്ഷാവിധിയല്ലെന്നും അങ്ങനെയുള്ളത് ഒരു പീഡനമാണെന്നും ഓരോ ശിക്ഷാവിധിയും അവരുടെ പുനരുദ്ഗ്രഥനത്തിനും ഇന്നത്തെ സമൂഹവുമായുള്ള പുനര്‍സംയോജനത്തിനുമുള്ള അവസരങ്ങള്‍ നല്കുന്നതുമാകണമെന്ന് പരിശുദ്ധ പിതാവ് പറയുന്നത് ചിന്തനീ യമാണ്.

ജയിലുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങളില്‍ യേശുവിന്‍റെ മുഖം കാണണം. മനുഷ്യന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന വീഴ്ച ഒരിക്കലും അവന്‍റെ അന്തസ്സും, അവനിലെ ദൈവികതയും പൂര്‍ണ്ണമായും നശിപ്പിക്കുന്നില്ല. ‘തടവുകാരുടെ കൂടെയാണ് യേശു, പുറത്തല്ല’ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്. “ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു” (മത്താ. 25:26) നമ്മെ നിത്യസമ്മാനത്തിന് അര്‍ഹമാക്കുന്ന കാരുണ്യ പ്രവൃത്തികളില്‍ ഒന്നാണിത്. “കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്ക് മോചനവും ബന്ധിതര്‍ക്ക് സ്വാതന്ത്ര്യവും വിലപി ക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു” (ഏശ.61:1-2). ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് യേശു തന്‍റെ പരസ്യദൗത്യം ആരംഭിക്കുന്നത് (ലൂക്ക. 4:8). തടവറയില്‍ കഴിയുന്ന മക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യേശുവിനെ സുവിശേഷത്തില്‍ നാം കാണുന്നു. “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെ ആവശ്യം ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ്”(ലൂക്ക. 5: 31-32) എന്ന് ക്രിസ്തുനാഥന്‍ പറയുമ്പോള്‍ ജീവിതത്തില്‍ വീഴ്ച സംഭവിച്ചവര്‍ക്ക് നമ്മള്‍ എത്രത്തോളം ശ്രദ്ധ കൊടുക്കണമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഏകാന്തതയുടെ അനുഭവത്തോടെ ജീവിക്കാന്‍ പ്രയാസമാണ്. ഏകാന്തത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ജയിലുകളിലാണ്. ഈ തടവറ പ്രേഷിത ദിനത്തില്‍ ‘നീ ഒറ്റയ്ക്കല്ല’ എന്ന വിഷയവുമായി തടവറമക്കളുടെ ജീവിതത്തിലേക്ക് സഭ നമ്മെ നയിക്കുകയാണ്. ഈ ശുശ്രൂഷാ മേഖലയിലൂടെ ഓരോ ബന്ധനസ്ഥനോടും നീ ഒറ്റയ്ക്കല്ല എന്ന് പ്രഖ്യാപിക്കാന്‍ സഭ ആഗ്രഹിക്കുന്നു.

ഇന്ത്യന്‍ ജയിലുകളില്‍ നാലേകാല്‍ ലക്ഷത്തിനടുത്ത് തടവുകാര്‍ ഉണ്ടെന്നാണ് കണക്ക്. വിചാരണത്തടവുകാരില്‍ 60 ശതമാനത്തോളം നിരപരാധികളാണെന്നും കണക്കാക്കപ്പെടുന്നു. കേരളത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല. ഏകദേശം 8,000 തടവുകാരില്‍ 3465 പേര്‍ ഒരു കുറ്റവും ചെയ്യാതെ ജയിലില്‍ കഴിയുന്നവരാണെന്ന് മാധ്യമങ്ങള്‍ രേഖപ്പെടുത്തുന്നു. വിചാരണ നേരിടാന്‍ വേണ്ടി തടവിലാക്കപ്പെട്ടവരെ കുറ്റവാളികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണത ഇന്ന് ഏറിവരുകയാണ്. കുറ്റക്കാരെ കര്‍ശനമായി നേരിടണമെന്നും അവര്‍ക്ക് കഠിനമായ ശിക്ഷ നല്കണമെന്നും ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കുറ്റങ്ങള്‍ കുറയ്ക്കാന്‍ അതാണ് വേണ്ടതെന്ന് അവര്‍ കരുതുന്നു. പ്രത്യേകിച്ച് , ആക്രമണത്തിന് വിധേയരായവരുടെ അവകാശങ്ങളോടുള്ള താത്പര്യവും അവരോടുള്ള അനുകമ്പയും കുറ്റവാളികള്‍ക്കെതിരെ ഒരു പ്രതികാര മനോഭാവം ഉണര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ കുറ്റം ചെയ്യുന്നവരോടുള്ള കത്തോലിക്കരുടെ പ്രതികരണം എന്തായിരിക്കണം? ഉത്തരം ഇതാണ്: സുവിശേഷമൂല്യ ങ്ങളാല്‍ നയിക്കപ്പെട്ട് അവരെ മാനസാന്തരത്തിലേക്ക് നയിക്കണം.

ഇന്നത്തെ ലോകത്തില്‍ വിശുദ്ധിയിലേക്കുള്ള വിളിയെ സംബന്ധിച്ച പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ “ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍” എന്ന അപ്പസ്തോലിക ആഹ്വാനത്തില്‍ (Gaudete et Exsultate No.98 ) ക്രൈസ്തവ വിശുദ്ധിയിലേയ്ക്കുള്ള വളര്‍ച്ചയെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്, “തണുപ്പുള്ള ഒരു രാത്രിയില്‍ വെളിമ്പുറത്ത് കിടന്നുറങ്ങുന്ന ഒരു വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയാല്‍ ആ വ്യക്തിയെ ഒരു ശല്യമായോ, അലസനായോ, എന്‍റെ വഴിയിലുള്ള ഒരു തടസ്സമായോ, മനസ്സാക്ഷിക്കുത്തുളവാക്കുന്ന കാഴ്ചയായോ, രാഷ്ട്രീയക്കാര്‍ പരിഹരിക്കേണ്ട പ്രശ്നമായോ അല്ലെങ്കില്‍ പൊതുസ്ഥലത്തെ ഒരു കൂനയായി പോലുമോ എനിക്ക് കാണാന്‍ കഴിയും. അല്ലെങ്കില്‍, ആ വ്യക്തിയില്‍, എന്‍റേതിനോടു തുല്യമായ മഹത്ത്വമുള്ള ഒരു മനുഷ്യവ്യക്തിയെ, പിതാവിനാല്‍ അനന്തമായി സ്നേഹിക്കപ്പെടുന്ന ഒരു വ്യക്തിയെ, ദൈവത്തിന്‍റെ ഒരു പ്രതിഛായയെ, യേശുക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ട ഒരു സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ കണ്ട് എനിക്ക് വിശ്വാസ ത്തോടും പരസ്നേഹത്തോടും കൂടി പ്രത്യുത്തരിക്കാന്‍ സാധിച്ചാല്‍ അതാണ് വിശുദ്ധി. ഓരോ മനുഷ്യനിലും ദൈവികമഹത്ത്വം കാണാനും അംഗീകരിക്കാനും സാധിക്കണം. കാരുണ്യമാണ് “സുവിശേഷത്തിന്‍റെ തുടിക്കുന്ന ഹൃദയം”. തടവറയില്‍ ആയിരിക്കുന്ന വരുടെ മഹത്ത്വം ആ ഹൃദയത്തോടെ അംഗീകരിക്കാന്‍ നമുക്ക് സാധിക്കണം.
ലോകത്തെ സ്നേഹിക്കാനും അതിനെ താന്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു കാണിക്കാനും അവിടുന്ന് നമ്മെ ആശ്രയിക്കുന്നു. നാം നമ്മെപ്പറ്റിത്തന്നെ അമിത താത്പര്യമുള്ളവരായാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ നമുക്ക് സമയം ഉണ്ടായിരിക്കു കയില്ല എന്ന് പരിശുദ്ധ പിതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തടവറയില്‍ കഴിയുന്നവര്‍ നമുക്ക് അന്യരും വെറുക്കപ്പെട്ടവരും സമൂഹത്തിന്‍റെ മുഖ്യധാരകളില്‍ നിന്ന് എന്നന്നേക്കുമായി മാറ്റി നിറുത്തപ്പെട്ടവരും അല്ല; നമ്മുടെ കരുതലും ശ്രദ്ധയും സാന്നിദ്ധ്യവും അര്‍ഹിക്കുന്നവരും പ്രത്യാശ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് നമ്മള്‍ കൈപിടിച്ച് നടത്തേണ്ടവരും ആണെന്ന് തിരുസ്സഭയും പരിശുദ്ധ പിതാവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

“യേശു സാഹോദര്യ കൂട്ടായ്മ (ജീസസ് ഫ്രട്ടേണിറ്റി) യുടെ പ്രസക്തി ഇന്ന് എന്നത്തേതിനേയുംകാള്‍ വലുതാണ്. ജീസസ്സ് ഫ്രട്ടേണിറ്റി, തടവറകളില്‍ ശുശ്രൂഷ ചെയ്യുന്ന ഒരു കൂട്ടായ്മയാണ്. കഴിഞ്ഞ 32 വര്‍ഷങ്ങളായി കേരളത്തിലെ ജയിലുകള്‍ സന്ദര്‍ശി ക്കുകയും തടവറയിലെ സഹോദരങ്ങള്‍ക്ക് ഭാവാത്മകമായ ചിന്തകളിലൂടെയും ക്ലാസുകളിലൂടെയും കൗണ്‍സിലിങ്ങുകളിലൂടെയും ക്രൈസ്തവരായവര്‍ക്ക് പരിശുദ്ധ കുര്‍ബ്ബാനയും കുമ്പസാരവും പരികര്‍മ്മം ചെയ്യുന്നതിലൂടെയും ശരിയായ ജീവിതദര്‍ശനം പകര്‍ന്നു നല്‍കി നല്ലചിന്തകളാല്‍ അവരുടെ മനസ്സിനെ നിറയ്ക്കുന്നതില്‍ ഈ കൂട്ടായ്മ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജസ്റ്റീസ് പീസ് ആന്‍റ് ഡവലപ്പ്മെന്‍റ് കമ്മീഷന്‍റെ കീഴില്‍ ഒരു വിഭാഗമായി ജീസസ്സ് ഫ്രട്ടേണിറ്റി പ്രവര്‍ത്തിക്കുന്നു. ജയിലുകള്‍ മാത്രമല്ല, തടവറയിലെ സഹോദരരുടെ ഭവനങ്ങളും സന്ദര്‍ശിക്കുകയും കുടുംബങ്ങള്‍ക്ക് ആശ്വാസമേകുകയും അവരുടെ മക്കളെ ജീസസ്സ് ഫ്രട്ടേണിറ്റിയുടെ പുനരധിവാസകേന്ദ്രങ്ങളില്‍ താമസിപ്പിച്ച് പഠിപ്പിക്കുകയും വിവാഹപ്രായമെത്തിയവരെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതെല്ലാം ഈ കൂട്ടായ്മ കഴിഞ്ഞ 32 വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

പതിനൊന്ന് പുനരധിവാസകേന്ദ്രങ്ങള്‍ ജീസസ്സ് ഫ്രട്ടേണിറ്റി നടത്തുന്നു. മൂന്നെണ്ണം വീതം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ബാക്കി എട്ട് എണ്ണം കുട്ടികള്‍ക്കും വേണ്ടിയുമാണ് പ്രവൃത്തിക്കുന്നത്. തടവറയില്‍ നിന്നിറങ്ങുന്നവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ തന്നെ യേശുസാഹോദര്യ കൂട്ടായമയ്ക്ക് മാത്രമാണുള്ളത്. 2500-ല്‍പ്പരം തടവറക്കാരെ പുനരധിവസിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും യേശു സാഹോദര്യ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. തൃശ്ശൂര്‍ വെട്ടുകാട്ടില്‍ പുരുഷന്മാര്‍ക്കുള്ള കേന്ദ്രവും തിരുവനന്തപുരം മണ്‍വിളയില്‍ സ്ത്രീകള്‍ക്കുള്ള കേന്ദ്രവും യേശു സാഹോദര്യത്തിന്‍റെ നേരിട്ടുള്ള സംരക്ഷണയിലും നിയന്ത്രണ ത്തിലുമാണ്. 1990-ല്‍ ആരംഭിച്ച ഈ പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് 200-ല്‍ പ്പരം യുവതീയുവാക്കളെ നാളിതുവരെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുണ്ട്. 500-ല്‍ പരം കുടുംബങ്ങള്‍ പുനരധിവസിപ്പിക്കപ്പെട്ടു. അവരുടെ കൂട്ടായ്മകള്‍ വിളിച്ചു ചേര്‍ക്കുകയും അവരുടെ മക്കള്‍ക്കായി എല്ലാവര്‍ഷവും സോണുകളുടെ നേതൃത്വത്തില്‍ സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അവരുടെ സമഗ്രവളര്‍ച്ചയ്ക്ക് വേണ്ടുന്ന ക്ലാസ്സുകളും പഠനോപകരണങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. തടവറയില്‍ കഴിയുന്നവരുടെ മക്കളുടെ പഠനനാളുകളില്‍ ആവശ്യമായ എല്ലാ ചെലവുകളും യേശുസാഹോദര്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വഹിക്കപ്പെടുന്നു. കേരളത്തിലെ തടവറകളില്‍ ജീസസ്സ് ഫ്രട്ടേണിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമെന്നോണം ജയില്‍ വകുപ്പ് എല്ലാ ജയിലുകളും സന്ദര്‍ശിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് മാത്രം ഒരു പൊതു അംഗീകാരം നല്കിയിട്ടുണ്ട്.

കേരളത്തിലെ 32 രൂപതകളിലും ഡയറക്ടര്‍ അച്ചന്മാരുടെ നേതൃത്വത്തില്‍ 46-ഓളം യൂണിറ്റുകളിലായി 1000-ത്തില്‍ പരം വോളണ്ടിയര്‍മാര്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ ശുശ്രൂഷയില്‍ പങ്കുചേരുന്നു. കേരളത്തിലെ എല്ലാ രൂപതകളിലും കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ ഒന്‍പത് മേജര്‍ സെമിനാരികളിലും ജീസസ് ഫ്രട്ടേണിറ്റി യൂണിറ്റുകള്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്. സെമിനാരിക്കാര്‍ ഈ രംഗത്ത് ചെയ്യുന്ന ശുശ്രൂഷ സ്തുത്യര്‍ഹമാണ്. അനേകം അല്മായരും സിസ്റ്റേഴ്സും ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നു. അവര്‍ക്കെല്ലാം ഹൃദയപൂര്‍വകമായ അനുമോദനങ്ങളും നന്ദിയും അര്‍പ്പിക്കട്ടെ. തടവറ പ്രേഷിത ദിനത്തില്‍ ഇടവകയില്‍ ശേഖരിക്കുന്ന പിരിവുകൊണ്ടാണ് ജീസസ് ഫ്രട്ടേണിറ്റിയുടെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ വര്‍ഷവും ആ പിരിവ് നടത്തി പി.ഒ.സി.യില്‍ പ്രവര്‍ത്തിക്കുന്ന ജീസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഓഫീസിലേക്ക് അയച്ചുകൊടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടെയും ഔദാര്യപൂര്‍ണമായ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകുമല്ലോ.

ജീസസ് ഫ്രട്ടേണിറ്റിക്ക് എല്ലാവിധ നന്മകളും നേരുന്നതോടൊപ്പം ആഗതമാകുന്ന ഭാരതസ്വാതന്ത്ര്യദിനം നമ്മെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും നന്മയിലേക്കും നയിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ദൈവാനുഗ്രഹം നേര്‍ന്നുകൊണ്ട്,

ജീസസ്സ് ഫ്രട്ടേണിറ്റിക്കുവേണ്ടി,

ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്
ചെയര്‍മാന്‍, കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്‍ഡ്
ഡെവലപ്പ്മെന്‍റ് കമ്മീഷന്‍
ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
വൈസ് ചെയര്‍മാന്‍, കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് കമ്മീഷന്‍
ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം
വൈസ് ചെയര്‍മാന്‍, കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് കമ്മീഷന്‍

NB: ഈ സര്‍ക്കുലര്‍ 2018 ഓഗസ്റ്റ് മാസം 12-ാം തീയതി ഞായറാഴ്ച എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വി.കുര്‍ബാന മദ്ധ്യേ വായിക്കുകയോ ഇതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയോ ചെയ്യേണ്ടതാണ്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy