സീറോ മലബാര്‍ സഭ എന്ന വലിയ ചെണ്ട

️നോബിള്‍ തോമസ് പാറക്കല്‍

മിശിഹായുടെ അപ്പസ്തോലനായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തെ പിഞ്ചെന്ന പുരാതനഭാരതത്തിലെ പുണ്യപ്പെട്ട സമുദായം സീറോ മലബാര്‍ സഭയെന്ന് നാമകരണം ചെയ്യപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. അതിനോടകം പലവിധമായ സാഹചര്യങ്ങളിലൂടെ ഈ സഭ കടന്നുപോയിട്ടുണ്ട്. മാര്‍ത്തോമ്മായില്‍ നിന്ന് കൈക്കൊണ്ട സത്യവിശ്വാസവും അതിനനുസൃതമായി ചിട്ടപ്പെടുത്തിയ ആത്മീയ-ഭൗതിക ജീവിതപരിസരങ്ങളും ഏതു പ്രതിസന്ധിയെയും മിശിഹായില്‍ ആശ്രയിച്ചുകൊണ്ട് മറികടക്കുവാന്‍ അവരെ സഹായിച്ചു. ഒപ്പംതന്നെ, എത്തിച്ചേര്‍ന്ന ഇടങ്ങളിലൊക്കെ മാര്‍ത്തേമ്മാനസ്രാണികള്‍ പ്രബലസാന്നിദ്ധ്യമായി മാറിയതിന്‍റെ കാരണങ്ങള്‍ വേറെയും പലതുണ്ട്. കഠിനമായ അദ്ധ്വാനശീലവും മിശിഹായിലുള്ള വിശ്വാസത്തിലുറച്ച ജീവിതപ്രത്യാശയും അതാതു കാലത്ത് അവര്‍ക്ക് ലഭിച്ചിരുന്ന ആത്മീയനേതൃത്വത്തോടുള്ള അകമഴിഞ്ഞ സഹകരണവും അവയില്‍ പ്രധാനപ്പെട്ടവയാണ്. പാശ്ചാത്യമിഷനറിമാരുടെ സ്വാധീനങ്ങള്‍ ശക്തമായിരുന്ന കാലഘട്ടത്തിലും പിന്നീട് സ്വതന്ത്രമായി സീറോ മലബാര്‍ സഭയെന്ന് നാമകരണം ചെയ്യപ്പെട്ട് സംഘടിതമായ സഭാജീവിതത്തിലേക്ക് നീങ്ങിയപ്പോഴും സാമുദായികമായ ഐക്യവും ഏകതാബോധവും മാര്‍ത്തോമ്മാനസ്രാണികള്‍ക്ക് കൈമോശം വന്നിട്ടില്ലായിരുന്നു (ആരാധനാക്രമത്തോടനുബന്ധമായ ചില അഭിപ്രായവ്യത്യാസങ്ങള്‍ പ്രാദേശികമായി നിലനില്‍ക്കുന്നു എന്നതൊഴികെ). ഇതരസമുദായങ്ങള്‍ക്ക് പലവിധത്തില്‍ മാതൃകയാക്കാവുന്ന ജീവിതശൈലിക്ക് സുറിയാനിക്രൈസ്തവര്‍ ഉടമകളായിരുന്നു എന്ന് ചുരുക്കം.

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ദീര്‍ഘവീക്ഷണമുള്ള ആത്മീയപിതാക്കന്മാരുടെ നേതൃത്വവും ദൈവത്തിന്‍റെ ജനത്തിന് നല്കിയ ഭൗതികമായ സുരക്ഷിതത്വങ്ങളും സാമ്പത്തികമായ ഉന്നമനവും സാമുദായികമായ ഐക്യവും അതേസമയം തന്നെ രാഷ്ട്രീയവും മതപരവുമായ ഇതരസംഘടിതശക്തികളുടെ അസൂയയുടെ വിഷയവുമായിരുന്നു എന്ന് പറയാതെ വയ്യ. സാമ്പത്തികലാഭത്തിനുവേണ്ടി ഏതു നെറികേടും കാണിക്കുന്ന വിപണിയുടെ കുതന്ത്രങ്ങളും, ആള്‍ബലത്തിനും രാഷ്ട്രീയപിന്തുണക്കുംവേണ്ടി സാമുദായികശക്തിയെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയാഭ്യാസങ്ങളും, മതം പ്രചരിപ്പിച്ച് അധികാരം ഉറപ്പിക്കാന്‍ വെമ്പല്‍കാട്ടുന്ന ഫാഷിസ്റ്റ് സ്വഭാവമുള്ള ചില വര്‍ഗ്ഗീയപ്രസ്ഥാനങ്ങളുടെ ഇതരമതന്യൂനപക്ഷങ്ങളോടുള്ള എതിര്‍മനോഭാവവും മിശിഹായുടെ സഭ ഇന്ന് നേരിടുന്ന വെല്ലുവിളികളുടെയും ആനുപാതികമല്ലാത്ത ആക്രമണങ്ങളുടെയും കാരണമാണ്.

വിപണിയുടെയും മതരാഷ്ട്രീയശക്തികളുടെയും ആക്രമണ ആയുധം മാധ്യമങ്ങളാണ്. വ്യക്തമായ കച്ചവടതാത്പര്യങ്ങളും രാഷ്ട്രീയവര്‍ഗ്ഗീയചായ്വുകളും പ്രദര്‍ശിപ്പിക്കുന്നവയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും. അല്ലെങ്കില്‍ മാധ്യമങ്ങള്‍ ഈ ശക്തികളുടെ ചട്ടുകങ്ങളോ സന്തതികളോ ആണ്. കേരളത്തില്‍ ക്രൈസ്തവസഭകള്‍ മാധ്യമങ്ങളില്‍ നിന്ന് നേരിടുന്ന നിശിതമായ ആക്രമണങ്ങളുടെ നിരക്കും കണക്കുമെടുത്താല്‍ നിരയിലാദ്യത്തേത് സീറോ മലബാര്‍ സഭയാണ് എന്ന് കാണാം. ആര്‍ക്കുവേണമെങ്കിലും നിശിതമായി വിമര്‍ശിക്കാവുന്ന നേതൃത്വത്തെ ചെളിവാരിയെറിയാവുന്ന ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കാവുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് തന്നിഷ്ടവ്യാഖ്യാനത്തിന്‍റെതാളം പിടിക്കാവുന്ന ചെണ്ടയായി സീറോ മലബാര്‍ സഭ മാറിപ്പോയി: സീറോ മലബാര്‍ സഭ എന്ന വലിയ ചെണ്ട.

1. വിശകലനങ്ങള്‍ ന്യായീകരണങ്ങളല്ല

മാധ്യമങ്ങള്‍ – പത്രങ്ങളും, ചാനലുകളും, സാമൂഹ്യമാധ്യമങ്ങളും – നടത്തുന്ന അവഹേളനപരമായ മതനിന്ദയെ മുന്‍നിര്‍ത്തി ഇവയിലേതു മാധ്യമത്തിലൂടെയായാലും സഭയുടെ ഭാഗത്തു നിന്നുകൊണ്ട് സംസാരിക്കുന്നവരെ സഭയുടെ വിമര്‍ശകരും ശത്രുക്കളും വിളിക്കുന്ന പേരാണ് “ന്യായീകരണത്തൊഴിലാളി”. എന്നാല്‍ വിശകലനങ്ങളും (analysis) വിശദീകരണങ്ങളും (interpretation) ന്യായീകരണമല്ല (justification) എന്ന് അക്ഷരാഭ്യാസവും വിദ്യാഭ്യാസവുമുള്ള ആര്‍ക്കും മനസ്സിലാക്കാനാകും. സംഭവിച്ച വീഴ്ചകളെ വീഴ്ചകളായും പരാജയങ്ങളായും അംഗീകരിക്കാതെ അതിന്മേല്‍ത്തന്നെ നല്കുന്ന വിശദീകരണങ്ങളാണ് ന്യായീകരണങ്ങള്‍. പൊതുജനവും ധാര്‍മ്മികനിയമങ്ങളും തെറ്റെന്ന് വിധിക്കുന്ന എന്തിനെയും വ്യാഖ്യാനങ്ങളിലൂടെ ശരിയാക്കി മാറ്റാനുള്ള വെമ്പലാണത്. ഇത്തരം ന്യായീകരണങ്ങള്‍ക്ക് സഭക്കുള്ളിലെന്നല്ല എവിടെയും നിലനില്പില്ല എന്നതാണ് സത്യം.

എന്നാല്‍ സഭയെ സംബന്ധിച്ച് ഈ വിഷയത്തില്‍ ഒരു വിശദീകരണം അനിവാര്യമാണ്. സഭക്കെതിരേ ഉന്നയിക്കപ്പെടുന്നത് എണ്ണമില്ലാത്തത്ര ആരോപണങ്ങളാണ്. സഭാനേതൃത്വത്തിലുള്ള മെത്രാന്മാരുടെയോ വൈദികരുടെയോ സമര്‍പ്പിതരുടെയോ അധാര്‍മ്മികതയും സഭാസ്ഥാപനങ്ങളുടെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ സാമാന്യയുക്തിക്ക് മനസ്സിലാകാത്ത ഏച്ചുകെട്ടലുകളും അതിവേഗത്തിലുള്ള നിഗമനങ്ങളും നടത്തിക്കൊണ്ട് വിശ്വാസവിഷയങ്ങളെ അവഹേളിക്കുകയും സഭാനേതൃത്വത്തെ ചെളിവാരിയെറിയുകയും ചെയ്യുന്നു. കേരളത്തില്‍ത്തന്നെയുള്ള മൂന്ന് വ്യക്തിഗത കത്തോലിക്കാസഭകളുടെയും പ്രശ്നത്തിന് സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ മാത്രം ക്രൂശിക്കപ്പെടുന്നു. ഇതര ക്രൈസ്തവസമുദായങ്ങളിലെ പ്രശ്നങ്ങള്‍ക്ക് കത്തോലിക്കാസഭയും അതിന്‍റെ വിശ്വാസവും നേതൃത്വവും വിമര്‍ശിക്കപ്പെടുന്നു. . . ഇങ്ങനെ സഭ നേരിടുന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ബഹുമുഖമാണ്.

ഇവയുടെയെല്ലാം നടുവില്‍ പ്രശ്നങ്ങളോടും ആരോപണങ്ങളോടും ബന്ധമില്ലാത്ത മനുഷ്യരോടും അവയുടെ സാഹചര്യങ്ങളില്‍ നിന്ന് അകലെ ജീവിക്കുന്ന വിശ്വാസികളോടും വിമര്‍ശനങ്ങളുടെയും പ്രതിസന്ധികളുടെയും യഥാര്‍ത്ഥ പശ്ചാത്തലങ്ങളും കാരണങ്ങളും വിശദീകരിക്കേണ്ടത് സഭയുടെ ആവശ്യമാണ്. അത് ഒരിക്കലും തെറ്റിനെ ന്യായീകരിക്കലല്ല. തെറ്റുകളും പരാജയങ്ങളും എക്കാലത്തും തിരുസ്സഭാജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്ന പ്രായോഗികയാഥാര്‍ത്ഥ്യത്തെ അല്ലെങ്കില്‍ ചരിത്രസത്യത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം പക്വമാണ് ഇന്നത്തെ ക്രൈസ്തവവിശ്വാസികളുടെ മനസാക്ഷി. തിരുസ്സഭയില്‍ ഏതൊരാളുടെയും പരാജയവും വീഴ്ചയും സഭയാകുന്ന കൂട്ടായ്മയുടെ പരാജയവും വീഴ്ചയുമാണെന്ന തിരിച്ചറിവിലേക്ക് വളരാനും അത്തരമൊരു കൂട്ടായ്മാബോധത്തിലേക്ക് ആഴപ്പെടാനും സഭാവിശ്വാസികള്‍ക്ക് ഇന്ന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ പലവിധ ആരോപണങ്ങള്‍ സഭാനേതൃത്വത്തിനും സഭാസ്ഥാപനങ്ങള്‍ക്കുമെതിരായി ഉയരുമ്പോള്‍ത്തന്നെ അവയെല്ലാം ശരിയാണെന്നും സഭക്കു തെറ്റുപറ്റിയെന്നും ഏറ്റുപറഞ്ഞ് വിലപിക്കേണ്ട ആവശ്യം തിരുസ്സഭക്കില്ല. അത്തരമൊരു പ്രതികരണം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല താനും. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും തെളിവുകളുടെ പശ്ചാത്തലത്തില്‍ അത്തരം ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് ഏറ്റുപറയാനും അതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നാം എന്തു ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനും തിരുസ്സഭാനേതൃത്വത്തിന് കഴിയുകയുള്ളു. എന്നാല്‍ സഭക്കെതിരേ വരുന്ന ഏതൊരാരോപണവും സിവില്‍-ക്രിമിനല്‍ അന്വേഷണങ്ങള്‍ നേരിടുന്ന മുറക്കുതന്നെ പലതിന്‍റെയും തുമ്പും വാലും വച്ച് മാധ്യമകോടതികള്‍ വിധിയെഴുത്ത് നടത്തുന്നുണ്ടായിരിക്കും. സെന്‍സേഷണലിസത്തില്‍ അധിഷ്ഠിതവും ചപലവികാരങ്ങളെ ചൂഷണം ചെയ്യുന്നതുമായ മാധ്യമവിചാരണകളുടെ നിലവാരത്തിലും അവയുടെ വേഗതയിലും തിരുസ്സഭക്ക് പ്രതികരിക്കാനാവില്ല. തിരുസ്സഭ ഏതൊരു ആരോപണത്തിന്‍റേയും സത്യത്തിലേക്ക് ശ്രദ്ധയൂന്നുന്നു. അത് വെളിപ്പെടുന്നത് വരെ നിശബ്ദയായിരിക്കുന്നു. എങ്കിലും സംഭവഗതികളെക്കുറിച്ച് ചില വിശകലനങ്ങളും (analysis) സംഭവിച്ചതെന്താണെന്നുള്ള വിശദീകരണങ്ങളും (interpretation) നല്കുന്നു. അവയൊരിക്കലും സംഭവിച്ചു പോയ തെറ്റിനുള്ള ന്യായീകരണമല്ല.

2. മാധ്യമങ്ങളും അവയുടെ സ്ഥാപിത താത്പര്യങ്ങളും

വളരെ വിശാലമായ ചിന്ത ആവശ്യപ്പെടുന്ന മേഖലയാണിത്. സ്ഥാപിതമായ താത്പര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ഈ ലേഖനമെഴുതുന്നയാള്‍ക്കും ആത്യന്തികവിശകലനത്തില്‍ ചില സ്ഥാപിതതാത്പര്യങ്ങളുണ്ട് എന്ന് കാണാന്‍ കഴിയും. മാധ്യമങ്ങളുടെ സ്ഥാപിതതാത്പര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ മുമ്പ് പറഞ്ഞവയെല്ലാം അതില്‍ ഉള്‍പ്പെടുകതന്നെ ചെയ്യും. എങ്കിലും ഇന്ന് ക്രൈസ്തവവിരുദ്ധത പുലര്‍ത്തുന്ന ഫെയ്സ്ബുക്ക് പേജുകള്‍, ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ പത്രങ്ങള്‍, വാര്‍ത്താചാനലുകള്‍, വര്‍ത്തമാനപ്പത്രങ്ങള്‍ എന്നിവയെ അവയുടെ താത്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

2.1 ഫെയ്സ്ബുക്ക് പേജുകള്‍, ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ പത്രങ്ങള്‍ – പുവര്‍ ലെയ്റ്റി, കേരള കാത്തലിക് റിഫര്‍മേഷന്‍ തുടങ്ങിയ പേജുകളും ദ ക്രിസ്ത്യന്‍ ട്രൂത്ത് എന്ന ഗ്രൂപ്പും ക്രൈസ്തവസഭകള്‍ ആത്മീയജീവിതത്തിന്‍റെ പ്രഖ്യാപിതശത്രുവായിക്കാണുന്ന ചെകുത്താന്‍റെ മുഖപത്രമായ “പ്രവാസിശബ്ദം” മുതല്‍ മറുനാടന്‍ മലയാളി, ന്യൂസ് സ്കൂപ്പ് തുടങ്ങിയ നിരവധി ഓണ്‍ലൈന്‍ പത്രങ്ങളും കത്തോലിക്കാവിശ്വാസത്തിന് എതിരായി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇവയെയൊക്കെ മാധ്യമങ്ങള്‍ എന്നു വിളിക്കാമോ എന്ന് സംശയമാണ്. സഭയുടെ നവീകരണവും വിശുദ്ധീകരണവുമാണ് ലക്ഷ്യം എന്ന വ്യാജേന ഇവര്‍ നടപ്പില്‍ വരുത്തുന്നത് നിഗൂഢവും പൈശാചികവുമായ താത്പര്യങ്ങളാണ്.

പല കാരണങ്ങള്‍ കൊണ്ട് വൈദികരോടും സഭയോടും വിരോധം സൂക്ഷിക്കുന്നവരും സഭാതലങ്ങളില്‍ ആഗ്രഹിച്ച അധികാരസ്ഥാനങ്ങള്‍ കിട്ടാതെ ഇച്ഛാഭംഗം വന്നവരും അംഗീകരിക്കപ്പെടാതെ പോയവരും ഇതിലുണ്ട്. ഒപ്പം തന്നെ പൈശാചികസ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നവരും സാത്താന്‍ സേവക്കാരുമായ അന്താരാഷ്ട്രസംഘടനകളില്‍ നിന്ന് നിരീശ്വരവാദവും യുക്തിവാദവും പ്രചരിപ്പിക്കാന്‍ പണം വാങ്ങുന്നവരും ഇവയുടെ പിന്നില്‍ മറഞ്ഞിരിക്കുന്നു എന്നത് നഗ്നയാഥാര്‍ത്ഥ്യമാണ്. അകാരണമായ ആക്രമണങ്ങളും നിന്ദയും പരിഹാസവും ആക്ഷേപങ്ങളും നിറഞ്ഞ പോസ്റ്റുകളാണ് മേല്‍പ്പറഞ്ഞ ഫെയ്സ്ബുക്ക് പേജുകളുടെയും ഗ്രൂപ്പുകളുടെയും ഉള്ളടക്കമെങ്കില്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് കല്ലുവച്ച നുണകള്‍ മാത്രമാണ്. ചെറിയ സംഭവങ്ങളെപ്പോലും ഊതിപ്പെരുപ്പിച്ച് അവയില്‍ ഒരു മസാലക്കഥയുടെ സകല ചേരുവകകളും ചേര്‍ത്ത് സത്യം, നീതി, മാധ്യമധര്‍മ്മം, സ്വകാര്യത എന്നീ മൂല്യങ്ങളെ വ്യഭിചരിക്കുകയാണ് ഇവ ചെയ്യുന്നത്. വിശ്വാസം ഇല്ലാതാക്കുക, വൈദികവിരോധം വളര്‍ത്തുക, സഭാകൂട്ടായ്മകളെ തളര്‍ത്തുക-തകര്‍ത്തുക, അധാര്‍മ്മികചിന്തയും വായനയും പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയും ഇവയുടെ താത്പര്യങ്ങളാണ്.

ഇവയുടെ സാമ്പത്തികതാത്പര്യങ്ങളെയുംഅവഗണിച്ചുകൂടാ. ഓണ്‍ലൈന്‍പത്രങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ പ്രധാനകാര്യമാണ്. പരസ്യങ്ങള്‍ ലഭിക്കണമെങ്കില്‍ പരസ്യദാതാക്കളെ ബോധിപ്പിക്കേണ്ട കാര്യങ്ങളുണ്ട്. ഈ പത്രം എത്രപേര്‍ വായിക്കുന്നു. എവിടെയെല്ലാം എത്തുന്നു. പ്രോഗ്രാമുകളുപയോഗിച്ച് അവ നിശ്ചയിക്കാന്‍ എളുപ്പമാണ്. മസാലക്കഥകളിലൂടെയും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ അവഹേളിച്ച് കഥകളെഴുതുന്നതിലൂടെയും ലഭിക്കുന്ന നെഗറ്റീവ് പബ്ലിസിറ്റിയുടെ കണക്കുകളും പരസ്യവരുമാനത്തിനായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. അവഹേളനപരമായ വാര്‍ത്തകളെഴുതി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി പണംതട്ടുന്നതും ഇവരുടെ ശൈലിയാണ്.

2.2 മുഖ്യധാരാമാധ്യമങ്ങള്‍ – ചാനലുകളും പത്രങ്ങളും – മേല്‍പ്പറഞ്ഞുവന്നവയെല്ലാം ഏതെങ്കിലുമൊക്കെ വിധത്തില്‍ മുഖ്യധാരാമാധ്യമങ്ങളുടെയും വിശ്വാസവിരുദ്ധ അജണ്ടയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് സത്യം. വിപണിക്കുവേണ്ടി ചെയ്യുന്ന വിടുപണി മുതല്‍ രാഷ്ട്രീയ-വര്‍ഗ്ഗീയശക്തികള്‍ക്കുവേണ്ടി ചെയ്യുന്ന ദാസ്യവേലവരെ മുഖ്യധാരാമാധ്യമങ്ങളില്‍ ഭൂരിഭാഗത്തിനും ശീലമാണ്. വിശ്വാസം മുറിവേറ്റതിന്‍റെ പേരില്‍ നടത്തുന്ന അന്ധമായ ആക്ഷേപമല്ല ഇതെന്ന് സാമാന്യബുദ്ധിയുപയോഗിച്ച് പല മാധ്യമങ്ങളെയും വിശകലനം ചെയ്യുന്നവര്‍ക്ക് മനസ്സിലാകും. മുഖ്യധാരാ മാധ്യമങ്ങള്‍ പലതും വലിയ വ്യവസായസംരംഭകരുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വര്‍ഗ്ഗീയസംഘടനകളുടെയും ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളവയാണ്. തികച്ചും ശകലിതമായി (fragmented) ജീവിക്കുന്ന ഉത്തരാധുനികമനുഷ്യനെ, അവന്‍റെ സമൂഹത്തെ ഏതെങ്കിലും ആശയങ്ങളുടെയോ ചിന്താപദ്ധതിയുടെയോ പശ്ചാത്തലത്തില്‍ ഒരുമിച്ച് ചേര്‍ക്കല്‍ എളുപ്പമല്ലാത്തതിനാലാണ് വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഒരുമിച്ചുകൂടുന്നവരെ മേല്‍പ്പറഞ്ഞവരെല്ലാം ഭയക്കുന്നത്. മറിച്ച് ചിന്തിക്കുമ്പോള്‍ വിശ്വാസം രാഷ്ട്രീയാധികാരം കൈയ്യാളാനുള്ള മാര്‍ഗ്ഗമായി ദുരുപയോഗിക്കുന്നതിന്‍റെ പിന്നിലെ കാരണവും ഇതുതന്നെയാണ്.

മനുഷ്യസമൂഹത്തെ രാഷ്ട്രീയമായി ധ്രുവീകരിക്കാനുതകുന്ന തന്ത്രങ്ങള്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചില ചാനലുകളുടെയും അവയുടെ തന്നെ പത്രങ്ങളുടെയും തികച്ചും ആസൂത്രിതമായ വാര്‍ത്താനിര്‍മ്മാണവും അവതരണവും ചര്‍ച്ചകളും ഈ വീക്ഷണങ്ങളെ ബലപ്പെടുത്തുന്നവയാണ്. ഭാരതത്തിലങ്ങോളമിങ്ങോളം അലയടിക്കുന്ന രാഷ്ട്രീയമാറ്റങ്ങള്‍ അത്രമേല്‍ കേരളത്തില്‍ ബലപ്പെടാത്തതിന്‍റെ കാരണം കേരളത്തിലെ സാമുദായികമുന്നേറ്റങ്ങളുടെ ഐക്യമാണെന്നതില്‍ സംശയമില്ല. അതിനാല്‍ത്തന്നെ ഏറ്റവും ബലവത്തും പ്രത്യാക്രമണശൈലി പ്രകടിപ്പിക്കാത്തതുമായ സമുദായങ്ങളെ വളഞ്ഞിട്ടാക്രമിക്കുകയും ധാര്‍മ്മികമായി അവയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുക എന്ന ഹീനതന്ത്രം ഫലപ്രദമായി നടപ്പില്‍വരുന്ന മാധ്യമഅജണ്ടയാണ്.

നിരവധി ചാനലുകള്‍ നിലനില്‍പിനുവേണ്ടി മത്സരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ “സെന്‍സേഷണലിസം” എന്ന വികാരചൂഷണത്തിന്‍റെ കച്ചവടതന്ത്രം പ്രയോഗിക്കുന്നവരും കുറവല്ല. ലൈംഗികത പ്രകടമായി അവതരിപ്പിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലൈംഗികതയെ ഗുപ്തമാക്കി സൂചിപ്പിച്ച് വാര്‍ത്തകള്‍ മെനയുമ്പോള്‍ ഈ വിഷയത്തില്‍ വിശന്നിരിക്കുന്ന വെറിപിടിച്ച വര്‍ത്തമാനകാലമനസ്സ് കണ്ണുപറിക്കാതെ അവയെല്ലാം കണ്ടും കേട്ടും നിര്‍വൃതിയടയുമെന്ന് മാധ്യമക്കച്ചവടക്കാര്‍ക്കറിയാം. പ്രൈംടൈമിലെ ചര്‍ച്ചകളില്‍ ക്രൈസ്തവവിശ്വാസത്തിന്‍റെ വിശുദ്ധകുദാശകളെ എരിവും പുളിയും ചേര്‍ത്ത് മസാലക്കറിയാക്കി വിളമ്പുന്നത് ഇത്തരക്കാരുടെ ഇന്ദ്രിയസുഖത്തിനുവേണ്ടിയും അതിലൂടെ കുതിച്ചുകേറുന്ന ചാനല്‍ റേറ്റിംഗിനുവേണ്ടിയുമാണെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം.

3. മീശ: മാധ്യമഇരട്ടത്താപ്പിന്‍റെ വര്‍ത്തമാനമുഖം

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചുവന്നിരുന്ന മീശ എന്ന നോവല്‍ ഹൈന്ദവസമുദായത്തിന്‍റെ എതിര്‍പ്പിനെ തുരടര്‍ന്ന് പിന്‍വലിക്കാന്‍ മാതൃഭൂമി നിര്‍ബന്ധിതമാവുകയും അവര്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഹൈന്ദവമതവികാരം വൃണപ്പെട്ടു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. പത്രത്തിലൂടെയും ചാനലിലൂടെയും നിര്‍വ്യാജമായ ഖേദപ്രകടനവും അവര്‍ നടത്തുകയുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിന്‍റെ ഒരു നോവലിന്‍റെ ഉള്ളിലെവിടെയോ ഒരു വരി ഹൈന്ദവമതവികാരത്തെ വ്രണപ്പെടുത്തിയെന്ന് മാതൃഭൂമിക്ക് മനസ്സിലായത് എങ്ങനെയാണ്? അതൊരിക്കലും ഏതെങ്കിലും മതവിശ്വാസിയുടെ ആവശ്യപ്രകാരമായിരിക്കില്ല എന്നത് ഊഹിക്കാവുന്നതേയുള്ളു. തീവ്രമതബോധമുള്ള സംഘടനകളുടെ ഇടപെടലുകളാണ് ഈ നോവല്‍ പിന്‍വലിക്കുന്നതിന് കാരണമായിത്തീര്‍ന്നത്.

ക്രൈസ്തവമതവിശ്വാസത്തെയും അതിന്‍റെ ആചാരാനുഷ്ഠാനങ്ങളെയും അത്രമേല്‍ ഹിംസാത്മകമായ താത്പര്യങ്ങളോടെ സമീപിച്ചവരില്‍ മേല്‍പ്പറഞ്ഞ മാധ്യമം ഒന്നാമതായിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരിക്കല്‍പ്പോലും ക്രൈസ്തവരുടെ മതവികാരം വ്രണപ്പെട്ടതായി ഇവര്‍ക്കു തോന്നാതിരുന്നത്. കാരണം മറ്റൊന്നുമല്ല, മേല്‍പ്പറഞ്ഞതുപോലെ ആയുധങ്ങളുമേന്തി ഈ മാധ്യമഓഫീസുകളില്‍ കയറിച്ചെല്ലാനോ ഭീഷണിയുടെ സ്വരത്തില്‍ അവരോട് സംസാരിക്കാനോ ഒരു ക്രൈസ്തവനും തയ്യാറാവുകയില്ല എന്നതാണ്. തികച്ചും അക്രൈസ്തവമായ ഇത്തരം പ്രതികരണശൈലികള്‍ ക്രൈസ്തവര്‍ അവലംബിക്കുകയില്ല എന്ന ഉറപ്പിന്മേലാണ് മാധ്യമകാടത്തരങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കുന്നത്.

ക്രൈസ്തവസഭകള്‍, പ്രത്യേകിച്ച് സീറോ മലബാര്‍ സഭ, മാധ്യമങ്ങളിലൂടെ തേജോവധത്തിന് വിധേയമാകുന്നതിന് പിന്നില്‍ ഈ ഇരട്ടത്താപ്പുണ്ട്. ഒരിക്കലും ഹൈന്ദവസമുദായത്തിന്‍റെയോ മുസ്ലീം സമുദായത്തിന്‍റെയോ പ്രശ്നങ്ങളെയും അവരുടെ ധാര്‍മ്മികപരാചയങ്ങളെയും മതവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുകയില്ല. കാരണം, ഓഫീസിരിക്കുന്ന കെട്ടിടവും, വാര്‍ത്ത എഴുതുകയോ വായിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യുന്നവരുടെ ശരീരാവയവങ്ങളും അവര്‍ക്ക് വിലപ്പെട്ടതാണ്. ഇവയൊക്കെയുണ്ടെങ്കിലേ പണം വാരാന്‍ സാധിക്കൂ എന്നവര്‍ക്കറിയാം. എന്നാല്‍ ക്രൈസ്തവസമുദായം ആര്‍ക്കും കേറിമേയാവുന്ന വിശാലമായ മേച്ചില്‍പ്പുറമാണ്. ക്രൈസ്തസമുദായം ശീലിച്ചിരിക്കുന്ന ക്രിസ്തുസ്നേഹത്തിലധിഷ്ഠിതമായ സഹനചൈതന്യത്തെയും സഹിഷ്ണുതയെയും മാധ്യമങ്ങള്‍ സമുദായത്തിന്‍റെ ദൗര്‍ബല്യമായി കാണുന്നു എന്നതാണ് സത്യം.

ഈ ദൗര്‍ബല്യത്തില്‍ പക്ഷേ, ക്രൈസ്തവരായ നാം അഭിമാനിക്കണം. ഇത് ദൈവരാജ്യത്തെപ്രതിയുള്ള ഷണ്ഡത്വമാണ്. സഹനങ്ങളോടും അവഹേളനങ്ങളോടും നിശബ്ദതയിലും പ്രാര്‍ത്ഥനയിലും പ്രതികരിക്കുമ്പോള്‍ നാം മിശിഹായുടെ കുരിശിനോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയാണ്. കാരണം, മാധ്യമങ്ങള്‍ക്കല്ല, അവന്‍റെ രാജ്യത്തിനാണ് അവസാനമില്ലാത്തത്.

സമാപനം

സമീപകാലത്ത് കേരളത്തിലെ ക്രൈസ്തവസഭകള്‍ നേരിട്ട ആത്മീയവും ധാര്‍മ്മികവുമായ എല്ലാ ആരോപണങ്ങളുടെയും ഭാരം പേറേണ്ടി വന്നത് ഇവിടുത്തെ സീറോ മലബാര്‍ സഭാ വിശ്വാസികളാണ്. നഴ്സിംഗ് സമരം നടന്നപ്പോഴും ഓഖി ദുരന്തം ആഞ്ഞടിച്ചപ്പോഴും ഭൂമിവിവാദം ഉണ്ടായപ്പോഴും ഓര്‍ത്തഡോക്സ് വൈദികരുടെ പേരില്‍ ആരോപണങ്ങളുണ്ടായപ്പോഴും എന്തിനേറെ, വടക്കേ ഇന്ത്യയിലെ ലത്തീന്‍ മെത്രാന്‍റെ പേരില്‍ ആരോപണമുണ്ടായപ്പോഴും മാധ്യമച്ചര്‍ച്ചകള്‍ സീറോ മലബാര്‍ സഭയെ ചുറ്റിപ്പറ്റിയായിരുന്നു. ഒരര്‍ത്ഥത്തില്‍, ആരോപണ-പ്രത്യാരോപണങ്ങള്‍ സഭയുടെ വിശുദ്ധീകരണത്തിനും തെറ്റുതിരുത്തലുകള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും, ചില മാധ്യമങ്ങളുടെയെങ്കിലും ആനുപാതികമല്ലാത്തതും അവഹേളനപരവുമായ ആക്രമണങ്ങള്‍, പ്രത്യേകിച്ച് സീറോ മലബാര്‍ സഭാവിരോധം പ്രതിഷേധാര്‍ഹമാണ്. ആരോപണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേ വിധിയെഴുത്ത് നടത്തുന്നതും അന്വേഷണങ്ങളെ അട്ടിമറിക്കുന്നതും പോലീസിനു മുമ്പേ പോയി ആരോപണവിധേയരുടെ മൊഴിയെടുക്കുന്നതും മറ്റും മാധ്യമങ്ങള്‍ ഭരണകൂടത്തിന് സമാന്തരമായ നീതിനിര്‍വ്വഹണശക്തിയായിത്തീരാന്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണ്. മനുഷ്യനും അവന്‍റെ മഹത്വത്തിനും സത്യത്തിനും നീതിക്കും വിലകല്പിക്കാതെ തങ്ങളുടെ താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിലും സംരക്ഷിക്കുന്നതിലും സാമ്പത്തികനേട്ടം കൊയ്യുന്നതിലുമൊക്കെയായി ശ്രദ്ധിക്കുന്ന മാധ്യമങ്ങള്‍ ഇത്തരമൊരു സമാന്തരശക്തിയായി പരിണമിക്കുന്നതിലുള്ള അപകടം ചെറുതല്ല. പ്രതികാരബുദ്ധിയോടെയും ഗൂഡോദ്ദേശത്തോടെയും പണം വാങ്ങിയും ക്രൈസ്തവവിശ്വാസത്തിനും തിരുസ്സഭാകൂട്ടായ്മക്കും എതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയമപരവും സംഘടിതവുമായ നടപടികളിലൂടെ എതിരിടാന്‍ ഇനിയും വൈകിയാല്‍ വിശ്വാസത്തിന്‍റെയും സമുദായത്തിന്‍റെയും കെട്ടുറപ്പിനെ ബാധിക്കുംവിധമുള്ള നുണപ്രചരണങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ മുഴുകാന്‍ അവര്‍ക്കത് പ്രോത്സാഹനമായിപ്പരിണമിക്കും.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy