ഞായറാഴ്ച്ചമേളകൾ

ഞായറാഴ്ചയാചരണം ക്രൈസ്തവജീവിതത്തിന്‍റെ അനിവാര്യഘടകമാണ്. ഞായറാഴ്ചകള്‍ വിശ്വാസത്തിനനുസൃതം ആചരിക്കുന്നതിലൂടെ ഓരോ ക്രിസ്ത്യാനിയും ക്രിസ്തുവിനോടും സഭയോടും കൂടുതല്‍ ഐക്യപ്പെടുകയും ജീവിതത്തിന്‍റെ ആത്മീയതയെ പരിപോഷിപ്പിക്കുയും ചെയ്യുന്നു. സഭാത്മകജീവിതത്തോടു കൂറുപുലര്‍ത്തിയും സാമുദായികമായ കൂട്ടായ്മ വര്‍ദ്ധിപ്പിച്ചും ക്രൈസ്തവര്‍ ഒത്തുചേരുകയും ക്രിസ്തുവിന്‍റെ രക്ഷാകരരഹസ്യങ്ങള്‍ ഒരാഴ്ചയില്‍ ഏറ്റവും ആഘോഷമായി കൊണ്ടാടുകയും ചെയ്യുന്ന ഏകദിനമാണ് ഞായറാഴ്ച. ഒരര്‍ത്ഥത്തില്‍ ഞായറാഴ്ചക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ആഴ്ചയിലെ മറ്റ് ആറു ദിവസങ്ങള്‍ എന്നുവേണമെങ്കില്‍ പറയാം. ഒരു വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാനദിനമായി കണക്കാക്കപ്പെടുന്ന ഞായറാഴ്ച കഴിഞ്ഞുപോയ ആറുദിനങ്ങളെ ദൈവസന്നിധിയില്‍ സമാഹരിക്കുകയും വരാനിരിക്കുന്ന ദിനങ്ങളെ പ്രത്യാശയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു എന്നു വേണമെങ്കില്‍ പറയാവുന്നതാണ്.

ഞായറാഴ്ചകളെ പ്രവര്‍ത്തിദിനങ്ങളാക്കുന്നതിനെതിരെ കേരളത്തിലെ ക്രൈസ്തവവിശ്വാസിസമൂഹം പലഅവസരങ്ങളിലും പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ക്രൈസ്തവരുടെ വിശാസപരമായ സമയങ്ങളെയും സ്ഥലങ്ങളെയും ആചാരങ്ങളെയും മുഖവിലക്കെടുക്കാതെയും കാര്യമായി പരിഗണിക്കാതെയും പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നത് പലപ്പോഴും നിര്‍ബാധം തുടരുന്നു എന്നത് സങ്കരകരമാണ്. കേരളം ഭരിക്കുന്ന പ്രത്യേകപ്രത്യയശാസ്ത്രവാദികളുടെ മൗനസമ്മതവും ഒരുപക്ഷേ ഗൂഢാലോചനയും ഈ അവഹേളത്തിനു പിന്നിലുണ്ട് എന്നത് നിസ്സംശയമാണ്.

സ്കൂള്‍ കലാകായികമേളകള്‍ ഞായറാഴ്ചകളുള്‍പ്പെടെയുള്ള ദിവസങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടാണ് ഈ വര്‍ഷം പൂര്‍ത്തിയായത് എന്നത് പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വസ്തുതയാണ്. ഞായറാഴ്ച ആരാധനയ്ക്കുള്ള അവകാശം ഈ മേളകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും നിഷേധിക്കപ്പെടുന്നു എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാവുന്നതല്ല. ആഴ്ചയുടെ ആറുദിവസവും വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവക്കുന്ന കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും തങ്ങളുടെ വിശ്വാസപരവും ആചാരപരവുമായ കടമകള്‍ നിര്‍വ്വഹിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഒരു ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ഭൂഷണമല്ല. ജില്ലാതല-സംസ്ഥാനതല മേളകള്‍ ഞായറാഴ്ചകളില്‍ നടത്തപ്പെടുന്ന പതിവ് ഒരു സമീപകാലപ്രതിഭാസമാണെന്നതും ഈ വസ്തുതതക്കുനേരേ ക്രൈസ്തവര്‍ മൗനം പാലിക്കുന്നുവെന്നതും ഒരു അവസരമായിട്ടെടുത്ത് തങ്ങളുടെ സ്ഥാപിതതാത്പര്യങ്ങളെ നടപ്പില്‍വരുത്തുന്ന നടപടിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

ഞായറാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മേളകള്‍ക്കുള്ള ദിവസമല്ല. അത് ആരാധനക്കും ക്രിസ്തുവിന്‍റെ രക്ഷാകരകര്‍മ്മത്തെ സാഘോഷം അനുസ്മരിക്കാനും ക്രിസ്തീയമായ കൂട്ടായ്മകളില്‍ പങ്കെടുക്കാനും ആചാരപരമായ വിശ്രമത്തിനും ഉള്ള ദിവസമാണ്. ക്രൈസ്തവമതവിശ്വാസത്തെയും വിശ്വാസജീവിതത്തെയും വിശ്വാസികളെയും അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് ഞായറാഴ്ചകളിലെ മേളകള്‍ എന്നത് വിശ്വാസികള്‍ തന്നെ തിരിച്ചറിയുകയും അവയെ സംഘടിതമായി നിരാകരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിക്കുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy