ഒരു കോറോണയും കുറെ ലോക അവസാന കഥകളും

Fr. Naugin Vithayathil Irinjalakkuda

 

ലോകം കോവിഡു ഭീതിയിലായി കഴിഞ്ഞിട്ട് 7 മാസത്തോളമായി. രോഗ ബാധിതരുടെ എണ്ണവും മരണ നിരക്കും നാൾക്കു നാൾ കൂടി വരുന്നു. രോഗവും അത് ഉയർത്തുന്ന ആരോഗ്യ പ്രശനങ്ങളും ഒരു വശത്തു. മറു വശത്താകട്ടെ കൊറോണ വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിയും തോഴിൽ നഷ്ടവും അത് മൂലമുള്ള ഭാവിയെ കുറിച്ചുള്ള ആശങ്കകളും. അതിനിടയിലാണ് കലക്കവെള്ളത്തിൽ മീൻപീടിക്കാൻ എന്നവണ്ണം ജനങളുടെ ആശങ്ക വര്ധിപ്പിക്കുമാറ് ലോക അവസാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പ്രവചങ്ങളുമായി ചിലർ മുന്നോട്ടു വരുന്നത്. ഈ ലോക അവസാനകഥകൾക്ക് നിറം പകരുവാനും ജനങ്ങളിൽ അനാവശ്യ ഭയം കുത്തിവക്കാനും ഈ കൂട്ടർ വിശുദ്ധ ഗ്രന്ഥത്തെ കൂടി കൂട്ടു പിടിക്കുന്നു എന്നതാണ് രസകരം. ബൈബിളിനെ കേന്ദ്രികരിച്ചും അല്ലാതയും ഈ കൊറോണ കാലത്തു ഉയർന്നു വന്ന ചില ലോക അവസാന പ്രവചങ്ങളെയും അതിന്റെ കാലിക പ്രസക്തിയെയും നമുക്ക് ഒന്നു പരിശോധിക്കാം.

അഡ്വെന്റിസ്റ്റുകൾ മുതൽ എംപെറർ ഇമ്മാനുവേൽ വരെ

ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം ഉടൻ ഉണ്ടാകുമെന്നു പ്രവചിച്ചു അതിനായി വിശാസികളെ ഒരുക്കി കാത്തിരുന്ന വലതു പക്ഷ തീവ്ര വിശ്വാസികളുടെ ഒരു ഗണമാണ് അഡ്വെന്റിസ്റ്റുകൾ. അഡ്വെന്റ്(advent ) എന്ന വാക്കിനർത്ഥം ആഗമനം എന്നാണ് അതായതു ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം ആണ് ഇവരുടെ പ്രധാന പഠന വിഷയം. ഏതാനും ചില വ്യക്തികളുടെ പഠനം ആണ് അഡ്വന്റിസ്റ്റ് സഭകളുടെ കാതൽ.

വില്യം മില്ലർ :

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അമേരിക്കൻ പാസ്റ്റർ ആയിരുന്നു വില്യം മില്ലർ. ഒരു ദരിദ്ര കുടുംബത്തിൽ ജനിക്കുകയും നിരീശ്വര വാദി ആയി ജീവിക്കുകയും ചെയ്ത അദ്ദേഹം പിന്നീട് തന്റെ 37 വയസിൽ വിശ്വാസത്തിലേക്കു കടന്നു വന്നു. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും ലോക അവസാനവും ബൈബിളിനെ ആസ്പദമാക്കി കണ്ടെത്താൻ ശ്രമിച്ച അദ്ദേഹം ദാനിയേലിന്റെ പുസ്തകത്തിന്റെ പഠങ്ങളിൽ നിന്നും ലോക അവസാനം 19 നൂറ്റാണ്ടിൽ , കൃത്യമായി പറഞ്ഞാൽ 1843 മാർച്ച് 21 നും 1844 മാർച്ച് 21 നും ഇടക്ക് സംഭവിക്കുമെന്ന് പ്രവചിച്ചു. മില്ലറും അദ്ദേഹത്തിന്റെ ആയിരക്കണക്കിന് അനുയായികളും അന്നേ ദിവസം ഒരുങ്ങി പ്രാർത്ഥിച്ചു കാത്തിരുന്ന് എങ്കിലും നിരാശ ആയിരുന്നു ഫലം. പ്രവചനം ഫലിക്കാതായപ്പോൾ ക്ഷമ നശിച്ച അവർക്കിടയിൽ തന്നെ ഭിന്നത ഉണ്ടാവുകയും ആ പ്രസ്ഥാനം നശിക്കുകയും ചെയ്തു.

ജിംജോൺസ് :

ലോകാവസാനം പ്രവചിച്ച് കാത്തിരുന്ന് നിരക്ഷര ആയവർ അനേകർ ഉണ്ടെകിലും അതിൽ ഏറ്റവു ദാരുണമായ അന്ത്യ സംഭവിച്ചത് അമേരിക്കയിലെ ‘പീപ്പിൾസ് ഓഫ് ടെംപിൾ’ പ്രാർത്ഥന ഗ്രൂപ്പിന്റെ നേതാവായ ജിം ജോൺസിനു ആണ്. തന്റെ പ്രവാചനങ്ങൾ തെറ്റുകയും അനുയായികൾ ഓരോരുത്തരായി വേര്പിരിയാനും തുടങ്ങിയതോടെ അദ്ദേഹം അവർക്കെല്ലാം സയനൈഡ് നല്കുകയും ഒപ്പം സ്വയം നിറ ഒഴിച്ച് തന്റെ കുടുംബാംഗങ്ങളോടൊപ്പം ആത്മഹത്യ ചെയ്യുകയും ചെയ്തു. 1978 ൽ ഗയാനയിലെ ജോൺസ്‌ ടൌൺ വച്ച് നടന്ന ഇ ദുരന്തത്തിൽ 300 ഓളം കുട്ടികൾ അടക്കം 918 പേർക്കാണ് ജീവൻ നഷ്ടം ആയതു.

എംപെറർ ഇമ്മാനുവേൽ:

അഡ്വെന്റിസ്റ്റുകളുടെ ചുവടു പിടിച്ചു ലോക അവസാനത്തെ കുറിച്ചുണ് പ്രവചിച്ചു ജനശ്രദ്ധ പിടിച്ചുപറ്റി അവരെ ഭീതിയിലാഴ്ത്തി തഴച്ചു വളരുന്ന ഒരു പ്രസ്ഥാനം നമ്മുടെ ഇടയിലും ഉണ്ട്. വെളിപാട് പുസ്തകത്തിലെ രക്ഷിക്കപ്പെട്ടവരുടെ ഗണമായ നൂറ്റിനാല്പതിനാലായിരം (വെളിപ്പാട് 14 :1, 3) പേരുടെ കൂട്ടത്തിൽ എണ്ണപ്പെടുവാൻ വേണ്ടി സീറ്റും ബുക്ക് ചെയ്തു ഇരിക്കാൻ തുടങ്ങിയിട്ട് നാൾ ഒത്തിരി ആയി. കൊറോണ അടക്കം സമീപകാലത്തെ സർവ ദുരിതങ്ങളും ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ ആയി ഈ കൂട്ടർ കണക്കാക്കുന്നു. പ്രവചിച്ച ദിവസങ്ങളും വർഷങ്ങളും മാറി പോയിട്ടും എന്തിനു, പ്രവചനം നടത്തിയ നേതാവ് തന്നെ മണ്ണിൽ അടിഞ്ഞിട്ടും ഇനിയും ഇവരുടെ കാത്തിരിപ്പു നീളുകയാണ്.

നോസ്ത്ര ദാമസ്സിന്റെ പ്രവചങ്ങൾ

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് വൈദ്യനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു നൊസ്‌ത്രദാമസ് അദ്ദേഹത്തിന്റെ പേരും പ്രവചങ്ങളും ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയിരുന്നു. 1555 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ലെപ്രൊഫേസിസ്’ (പ്രവചങ്ങൾ) എന്ന പുസ്തകത്തിൽ ഭാവിയെ കുറിച്ചുള്ള 940 ഓളം പ്രവചങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കവിത രൂപത്തിൽ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ ആയി എഴുതപ്പെട്ടതാണ് ഈ പ്രവചങ്ങൾ. എന്നാൽ കൃത്യത ഇല്ലാത്ത സംഭവ സൂചനകളും വ്യക്തത ഇല്ലാത്ത സ്ഥലകാല സൂചനകളും വായനക്കാരിൽ ഒരു ജിജ്ഞാസ രൂപീകരിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങൾക്കു ഇട നല്കുകയും ചെയ്യുന്നു. ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ഹിറ്റ്ലർ എന്നി നേതാക്കളുടെ ഉത്ഭവവും ലോക മഹാ യുദ്ധങ്ങളും വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ഒക്കെ അദ്ദേഹം പ്രവചിച്ചതായി അനുയായികൾ വാദിക്കുന്നു. യാതൊരു ശാസ്ത്രീയ പിന്തുണയും ഇല്ലാത്ത ഇ പ്രവാചനങ്ങൾ വിശ്വസിച്ചു 2020 ജൂലൈ 7 നു മുല്ലപ്പെരിയാർ ഡാം പൊട്ടും എന്നും ഭയപ്പെട്ടു ഇരിക്കുന്നവരുംനമ്മുടെ ഇടയിൽ ഉണ്ട് എന്നാണ് സത്യം.

ജെറമിയയുടെ യുടെ പുസ്തകവും ‘തോഫെത് ‘ നഗരവും

ജെറെമിയയുടെ പ്രവചനങ്ങൾ ഉദ്ധരിച്ചു ഇറ്റലിയിലെ തോഫെതു നഗരവും അവിടുത്തെ ഭീകരമായ മരണനിരക്കും കാണിച്ചു കൊണ്ടുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. “ആകയാൽ കർത്താവ് അരുൾ ചെയ്യുന്നു: തോഫെത് എന്നോ ബൻഹിൻനോം താഴ് വര എന്നോ അല്ല, കൊലയുടെ താഴ് വര എന്ന് അത് വിളിക്കപ്പെടുന്ന കാലം വരുന്നു. വേറെ സ്ഥലം ഇല്ലാത്തതിനാൽ തോഫെതു ശ്മശാന ഭൂമിയായി മാറും” (ജെറമിയ 7 :32) ഇവിടെ പരാമർശിച്ചിരിക്കുന്ന തോഫെത് ഏന്നു പറയുന്നത് യൂദയയിൽ ജെറുസലേമിന് വെളിയിലായി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ്. തോഫെത് എന്ന ഹീബ്രു വാക്കിന് അർഥം തന്നെ ‘ബലിയർപ്പണം’, ‘ദഹിപ്പിക്കൽ’ എന്നാണ്. പഴയ നിയമത്തിൽ ഇസ്രായേൽ അന്യ ദേവന്മാർക്ക് പുത്രിപുത്രന്മാരെ ബലി അർപ്പിച്ചിരുന്നത് ഈ പറയുന്ന തോഫെതിൽ വച്ചാണ് (2 രാജ 23 :10) ആ നര ബലികളോടുള്ള എതിർപ്പാണ് ജെറെമിയ ഇവിടെ രേഖപ്പെടുതുന്നതു അല്ലാതെ ഇറ്റലിയിലെ സിസിലിയ പ്രവിശ്യയിലുള്ള തോഫെതു എന്ന നഗരവുമായി ഇതിനു പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ല എന്നുമാത്രമല്ല ഇറ്റലിയിലെ ആ നഗരം ഒരു ശ്മാശാന ഭൂമി ആയി മാറിയിട്ടുമില്ല. കാരണം ഇറ്റലിയിലെ മൊത്തം കോവിഡു ബാധിതരുടെ എണ്ണം എടുത്താൽ താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്കാണ് തെക്കേഅറ്റത്തുള്ള സിസിലിയയിലും അതിൻെറ ഭാഗമായ തോഫെതിലും ഉള്ളത്.

ലോക അവസാനം വിശുദ്ധ ഗ്രന്ഥത്തിൽ

കർത്താവിന്റെ ദിനം (The Day of the Lord )എന്നത് പഴയ നിയമഗ്രന്ഥകാരന്മാരുടെ പ്രതേകിച്ചു പ്രവാചകന്മാരുടെ ഒരു രചനാ വിഷയത്തെ ആയിരുന്നു. (ആമോസ് 5 :18 -20, ഏശയ്യാ 2 :12, ജോയൽ 2 :1 -11) കർത്താവ് വിധികർത്താവായി ഈ ദിവസം പ്രത്യക്ഷപെടുമെന്നു അവർ വിചാരിച്ചു. എന്നാൽ അത് എന്നാണ് എന്ന് കൃത്യമായി പ്രവചിക്കാനുള്ള സൂചനകൾ ഒന്നും തന്നെ പഴയ നിയമത്തിൽ ഇല്ല. പുതിയ നിയമത്തിലേക്കു പ്രവേശിക്കുമ്പോഴും ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം സുവിശേഷകൻമാരുടെയും പൗലോസിന്റെയും ന്റെയും രചനകളിൽ കാണുന്നുണ്ടെങ്കിലും കൃത്യമായി അതിനെ കുറിച്ച് ഒരു വിവരണം അവരും അതിനെകുറിച്ചു നൽകുന്നില്ല. മറിച്ചു ഈശോ തന്നെ പറയുന്നുണ്ട് “ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെ കുറിച്ചോ പിതാവിന്നല്ലാതെ സ്വർഗ്ഗത്തിലെ ദൂദന്മാർക്കോ പുത്രന് പോലുമോ അറിഞ്ഞു കൂടാ എന്നു ” (മത്തായി 24 :36, മാർക്കോസ് 13 :32). മാത്രമല്ല “പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ചു ഉറപ്പിച്ചിരിക്കുന്ന ആ കാലത്തെയും സമയത്തെയും കുറിച്ച് അവിടുന്ന് വെളിപ്പെടുത്തിക്കൊടുക്കുവാൻ ഉദ്ദേശ്ക്കുന്നില്ല എന്നതിന്റെ സൂചനകൾ നടപടി പുസ്തകത്തിലും (അപ്പ .പ്ര. 1: 7) പൗലോസിന്റെ ലേഖനങ്ങളിലും (1 തെസ 5 : 1)നമുക്ക് കാണാൻ കഴിയും.

വെളിപാട് സാഹിത്യ ശൈലി:

വർത്തമാനകാലത്തിന്റെ കഷ്ടതകളിൽ നിന്നുകൊണ്ട് നല്ല ഭാവിയെ നോക്കി കാണുന്ന തരത്തിലുള്ള രചനാ ശൈലി വെളിപാട് സാഹിത്യം. പഴയ നിയമത്തിലും (ഏശയ്യാ 11 ,ജെറെമിയ 23, ഏസക്കിയേൽ 34 , ദാനിയേൽ 12 ) പുതിയ നിയമത്തിൽ സുവിശേഷങ്ങളിലും (മത്തായി 23 ,മാർക്കോസ് 13 ലുക്കാ 21) പ്രതേകിച്ചു യോഹന്നാന്റെ വെളിപാട് പുസ്തകത്തിലും കാണാൻ സാധിക്കും. അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ രേഖപ്പെടുത്താൻ ശ്രമിച്ചിരിക്കുന്ന ഈ സാഹിത്യ ശൈലിയിലെ വാക്കുകളും പ്രവചനങ്ങളും ഇത്തരം ലോക അവസാന പ്രചാരകരുടെ സ്ഥിരം സൂചികകൾ ആണ്. എന്നാൽ വായനക്കാർക്ക് ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും നൽകുന്നതിനായി എഴുതപ്പെട്ട ഇത്തരം പുസ്തകങ്ങളും വചനങ്ങളും ദുർവ്യാഖ്യാനം നടടത്തി സാദാരണ വിശ്വാസികളിൽ ഭീതി ജനിപ്പിക്കുക മാത്രമാണ് ഈ കൂട്ടർ ചെയ്യുന്നത്.

എന്തായാലും ഒരു കാര്യം ഉറപ്പാണ് ലോകഅവസാനത്തെ കുറിച്ച് പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്താൻ അല്ല ക്രിസ്തു വന്നത്. മറിച്ചു ദൈവരാജ്യ പ്രഘോഷണം ആയിരുന്നു അവിടുത്തെ മുഖ്യ ലക്‌ഷ്യം. അതുകൊണ്ടു തന്നെ ലോക അവസാനം എന്നതു വിശ്വാസികളെ സംബന്ധിച്ചു അമിത പ്രാധാന്യം നൽകേണ്ട ഒരു വിഷയമേ അല്ല. കാരണം ലോക അവസാനിച്ചാലും ഇല്ലേലും നമുക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന പ്രേഷിത ധൗത്യം നിറവേറ്റി മുന്നോട്ടു പോകുക എന്നതാണ് ഒരു ക്രിസ്ത്യനിയുടെ ഉത്തരവാദിത്തം. അതുകൊണ്ടു ഈ കൊറോണ കാലവും അതിനോടനുബന്ധമായി ഉടലെടുത്തിരിക്കുന്ന ലോക അവസാന കഥകളും ഒരു വിശ്വാസിയെ ഭയചകിതരാക്കേണ്ട കാര്യമേ ഇല്ല.

Fr. Naugin Vithayathil
Irinjalakkuda

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy