ഇങ്ങനെയൊരു മെത്രാനെക്കുറിച്ച്
നിങ്ങൾ കേട്ടിട്ടുണ്ടോ എന്നറിയില്ല.
ശത്രുക്കളുടെ മുമ്പിൽ പോലും വിശ്വാസം അടിയറവു വെക്കാതെ ശിരസുയർത്തി
നിന്ന ആദർശധീരൻ.
അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ
ഒട്ടും താത്പര്യമില്ലാതിരുന്ന ചക്രവർത്തി വിശ്വാസം ഉപേക്ഷിക്കുവാനായി ആജ്ഞാപിച്ചു.
“ക്രിസ്തുവിനെ വഹിക്കുന്ന ഞാൻ
വിശ്വാസം ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലത് കൊല്ലപ്പെടുന്നതാണ് ” എന്നായിരുന്നു മെത്രാൻ്റെ മറുപടി.
ക്ഷുഭിതനായ ചക്രവർത്തി മെത്രാനെ സിംഹക്കൾക്ക് എറിഞ്ഞു കൊടുക്കുവാൻ കല്പിച്ചു.
വാർത്ത കേട്ട് വിശ്വാസീ സമൂഹം ഞെട്ടി. ധാരാളം വൈദികരും വിശ്വാസികളും അദ്ദേഹത്തിനു വേണ്ടി കണ്ണീരൊഴുക്കി.
അവരെ ആശ്വസിപ്പിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു:
“നിങ്ങൾ എന്തിനാണ് വിലപിക്കുന്നത്?
ഞാൻ ദൈവത്തിൻ്റെ ഗോതമ്പുമണിയാണ്. മൃഗങ്ങളാൽ തിന്നപ്പെട്ട് ക്രിസ്തുവിൻ്റെ അപ്പമാകേണ്ടവൻ! ഈ കാട്ടുമൃഗങ്ങൾ നിത്യതയിലേക്കുള്ള എൻ്റെ വഴിയാണ്.
എനിക്കൊരു പ്രാർത്ഥനയേ ഉള്ളൂ.
സിംഹങ്ങൾ എന്നെ പൂർണ്ണമായും ഭക്ഷിക്കണം.അതും എത്രയും പെട്ടന്ന്. എന്തെന്നാൽ അത്രയും വേഗം എനിക്കെൻ്റെ രക്ഷകനെ നേരിൽ കാണാമല്ലോ…”
അദ്ദേഹത്തിൻ്റെ പ്രാർത്ഥന പോലെ
കാര്യങ്ങൾ നടന്നു.
ഏതാനും അസ്ഥികൾ ഒഴികെ ബാക്കി
ശരീരഭാഗങ്ങളെല്ലാം സിംഹങ്ങൾ തിന്നൊടുക്കി.
എന്നാൽ അദ്ദേഹം മരണപ്പെട്ട്
ഏതാനും നിമിഷങ്ങൾക്കകം തൻ്റെ
വിശ്വാസീ ഗണത്തിന് പ്രത്യക്ഷപ്പെട്ടു!
പറഞ്ഞു വരുന്ന മെത്രാനച്ചൻ ആരാണെന്നറിയുമോ?
ട്രാജൻ ചക്രവർത്തിയുടെ
പീഡനത്തിനിരയായി കൊല്ലപ്പെട്ട
അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ്.
“ശിശുക്കളെ പോലെ ആകുന്നവർക്കാണ് സ്വർഗ്ഗരാജ്യം ” എന്നു പറഞ്ഞ്,
ക്രിസ്തു കരങ്ങളിലുയർത്തിയ ശിശു, വി.ഇഗ്നേഷ്യസ് ആണെന്നാണ് പാരമ്പര്യം.
പലരീതികളിലും സഭയിന്ന് പീഡിപ്പിക്കപ്പെടുമ്പോൾ വി.ഇഗ്നേഷ്യസിൻ്റേതുപോലുള്ള
കറതീർന്ന വിശ്വാസത്തിനു വേണ്ടി പ്രാർത്ഥിക്കാം.
“ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (യോഹ 12 :24)
എന്ന ക്രിസ്തു വചനത്തിന്
ജീവൻ നൽകിയ വിശുദ്ധാത്മാക്കൾ
നമുക്ക് മാതൃകയാകട്ടെ.
അപ്പസ്തോലനായ വി.ലൂക്കായുടെയും
അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസിൻ്റെയും
തിരുനാൾ മംഗളങ്ങൾl