ശലഭങ്ങളെക്കുറിച്ച്
ധ്യാനിച്ചിട്ടുണ്ടോ?
അഴകും, ആഴവുമുള്ള
അവയുടെ ജീവിതത്തെക്കുറിച്ച്?
നൈമിഷികമെങ്കിലും
എത്രമേൽ അർത്ഥപൂർണ്ണമായിട്ടാണ്
അവ തൻ്റെ ജീവിതം ജീവിച്ചു തീർക്കുന്നത്
കാറ്റിൻ്റെ ചിറകിലേറി
ഒരു പൂവിൽ നിന്ന് മറ്റൊരു പഴത്തിലേക്ക്
വീണ്ടും അവിടെ നിന്ന് മറ്റൊരിലയിലേക്ക്
എന്നിങ്ങനെ നീളുന്ന അവയുടെ സഞ്ചാരം
ഒരു തീർത്ഥാടനമല്ലാതെ മറ്റെന്താണ് ?
ഒരു ചെടിയിലും സ്ഥിരം വസിക്കാതെ
കണ്ടുമുട്ടുന്ന ഇലകളെയും പൂക്കളേയും
കെട്ടിപ്പുണർന്നും ചുംബിച്ചും
പറന്നു നടക്കുന്ന ശലഭങ്ങൾ
അവയുടെ നിറത്തെ
ചിറകിനാൽ ഒപ്പിയെടുത്തും
സുഗന്ധത്തെ ആത്മാവിലേക്കാവാഹിച്ചും
എങ്ങോട്ടാണ് പറന്നു പോകുന്നത്
ഒരു പക്ഷെ അകലങ്ങളിൽ
കൊഴിയാൻ കാത്തു നിൽക്കുന്ന
അഴകകന്ന് മഴനീരിനാൽ ഈറനുടുത്ത
പൂക്കളുടെ അകിലിൽ
തേൻ മധുരം നിറച്ചും
ചുംബനത്താൽ ഇതളിന് നിറം കൊടുത്തും
അവയുടെ ജീവിതത്തെ അർത്ഥമുള്ളതാക്കാനുള്ള യാത്രയിലാവാം
ആ ശലഭങ്ങൾ