കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരെയും (Vulnerable Adults) ലൈംഗികമായി ദുരുപയോഗിക്കുന്നതും അത്തരം ദുരുപയോഗങ്ങള്‍ അവഗണിക്കുന്നതും നിയമപരമായി പരിഗണിക്കുന്നതിന് വത്തിക്കാനിലും ഒരു സ്വതന്ത്രസമിതി രൂപം കൊള്ളുന്നു. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്‍റെ കാര്‍ഡിനല്‍ വികാര്‍ ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും അത്തരമൊരു സംവിധാനം പൂര്‍ണതയില്‍ സ്ഥാപിക്കപ്പെടുമെന്ന് ചൊവ്വാഴ്ച പ്രസ്ഥാവിച്ചു. പൊതുവും സ്ഥിരവും എളുപ്പത്തില്‍ സമീപിക്കാവുന്നതുമായ ഒരു സംവിധാനമായിരിക്കും അതെന്നാണ് കാര്‍ഡിനല്‍ പറഞ്ഞത്.
വത്തിക്കാനിലെ ഭരണപരമായ എല്ലാ വകുപ്പുകള്‍ക്കും ഇതു സംബന്ധമായ കത്ത് അയച്ചുകഴിഞ്ഞു. ഏതു തരത്തിലുള്ള ദുരുപയോഗം സംബന്ധിച്ച വിവരങ്ങളും അവ ആരോപണങ്ങളാണെങ്കില്‍പ്പോലും വെളിച്ചത്തുകൊണ്ടുവരാനുതകുന്ന രീതിയിലാണ് പ്രസ്തുത സംവിധാനം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വത്തിക്കാനിലും റോമന്‍ കൂരിയായിലും സാര്‍വ്വത്രികസഭയിലും സംരക്ഷണം നല്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചതിന്‍റെ ചുവടുപിടിച്ചാണ് ഈ സംവിധാനം രൂപപ്പെടുക.
ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആര്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന വിധത്തില്‍ ഒരു കോണ്ടാക്ട് പേഴ്സണെയും നിയമിച്ചിട്ടുണ്ട്.
കേരള കത്തോലിക്കാ മെത്രാന്‍ സമിതി പുറപ്പെടുവിച്ച സുരക്ഷിത ചുറ്റുവട്ട പദ്ധതിപ്രകാരം കേരളസഭയിലും രൂപതകളുടെ അടിസ്ഥാനത്തില്‍ സമാനസ്വഭാവമുള്ള കമ്മറ്റികള്‍ രൂപീകരിക്കപ്പെടുന്നുണ്ട്. ആഗോളവ്യാപകമായ വിമര്‍ശനങ്ങളുടെയും സഭയുടെ വിശ്വാസ്യത തകര്‍ക്കുന്ന സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് അതീവഗൗരവമുള്ള ഈ മുന്നേറ്റം ആഗോളസഭയില്‍ രൂപപ്പെടുന്നത്. എങ്കിലും ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍, പല വൈദികരുടെയും മെത്രാന്മാരുടെയും നിസംഗമായ സമീപനം ഈ വിഷയത്തില്‍ പ്രകടമാണെന്ന് വിശ്വാസികള്‍ക്കിടയില്‍ വിമര്‍ശനമുണ്ട്.