ഒട്ടും മനോഹരമല്ലാത്ത ആ സംഭവം നടന്നത് ഒറീസയിലെ മനോഹരപുരി ഗ്രാമത്തിലാണ് -1999 ജനുവരി 23-ാം തീയതി. 36 വര്‍ഷമായി ഒറീസയിലെ കുഷ്ഠരോഗികളുടെ ഇടയില്‍ സേവനത്തിന്‍റെ മണിദീപമായി കഴിഞ്ഞിരുന്ന ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെ ആ രാത്രിയില്‍ അദ്ദേഹത്തിന്‍റെ രണ്ട് പിഞ്ചോമനകളോടൊപ്പം-ഫലിപ്പ് (9), തിമോത്തി (7) ഒരുസംഘം കാട്ടാളര്‍ പെട്രോളൊഴിച്ചു ചുട്ടുകൊന്നു. കത്തിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്നു പുറത്തുകടക്കുവാന്‍ ശ്രമിച്ചവരെ വീണ്ടും പത്തലുകൊണ്ടു കുത്തി തീയിലേക്കുതന്നെ തള്ളിയിടുന്ന രംഗം മറവിക്ക് മറക്കാനാവാത്തതാണ്. കൂട്ടിക്കെട്ടിയ തീക്കട്ടപോലെ അവര്‍ മൂന്നും ഒന്നിച്ച് കത്തിക്കത്തി നിന്നു. ഒരുപക്ഷേ, തീജ്വാല വിഴുങ്ങിക്കൊണ്ടിരുന്ന പൊന്നോമനകളെ ഗ്രഹാം സ്റ്റെയിന്‍സ് മാറോടണച്ചു പിടിച്ചിട്ടുണ്ടാകണം.
പുകപടലങ്ങളോടൊപ്പം ഉയരങ്ങളിലേക്കു നോക്കി പ്രാര്‍ത്ഥിച്ചുനില്‍ക്കുന്ന ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്! ആ കരിമൂര്‍ത്തങ്ങളുടെ മുമ്പില്‍ ചെന്നുപെട്ട ഗ്ലാഡിസ് സ്റ്റെയിന്‍സ്!
ആ വ്യാകുലാംബികയുടെ പ്രതികരണമെന്തായിരുന്നു?
“കേട്ടപാടെ ഞാന്‍ ആകെ ഞെട്ടിത്തരിച്ചുപോയി. പ്രതികാരം കത്തിക്കാളി…”
എങ്കിലും, എന്നെക്കണ്ട എന്‍റെ പാസ്റ്റര്‍ പറഞ്ഞു:
“നീ അതങ്ങു ക്ഷമിക്കണം. പൂര്‍ണ്ണമായും കര്‍ത്താവിനു വിട്ടുകൊടുക്കണം…”
“ഞാന്‍ ക്ഷമിച്ചു. പൂര്‍ണ്ണമായും കാര്‍ത്താവിനു കയ്യാളിച്ചു.”
“അവരെ ശിക്ഷിക്കരുത്; അവര്‍ പശ്ചാത്തപിച്ചു മടങ്ങിവരുമാറാകണം എന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ത്തു…” (2000 ഏപ്രില്‍ മാസത്തില്‍ ‘വനിതയ്ക്ക്’ നല്‍കിയ അഭിമുഖത്തില്‍നിന്ന്).
തുടര്‍ന്നു നടന്ന ഒരു കമ്മീഷന്‍റെ മുമ്പാകെ അവള്‍ നല്കിയ മൊഴിയും ശ്രദ്ധേയമാണ്. അദ്ദേഹം ബലം പ്രയോഗിച്ചു ഹിന്ദുക്കളെ ക്രൈസ്തവരാക്കി എന്നായിരുന്നു പ്രതിയോഗികളുടെ ആരോപണം. ഒരിക്കല്‍പോലും അദ്ദേഹം അതു ചെയ്തിട്ടില്ല. തന്നോടു ബന്ധപ്പെട്ട അധി:കൃതരെ അദ്ദേഹം ആത്മാര്‍ത്ഥമായി സ്നേഹിച്ചു. വളരെ പണിപ്പെട്ട് ആ അസ്പര്‍ശ്യരുടെ (untouchables) ഭാഷകളായ ഒറിയയും സന്താളിയും മറ്റും പഠിച്ചെടുത്തു. ആ അസ്പര്‍ശ്യരെ, എല്ലാവരെയും സമഭാവത്തോടെ സ്നേഹിക്കുന്ന യേശുവിന്‍റെ സദ്വാര്‍ത്ത അറിയിച്ചു-അത്രമാത്രം…”
ഇത്തരുണത്തില്‍, അടുത്തുനടന്ന ഒന്നുരണ്ടു സമാന്തര സംഭവങ്ങളെക്കൂടി വിലയിരുത്തുന്നത് നല്ലതാണ്.
15-3-2019 ല്‍ ന്യൂസിലാന്‍ഡിലെ രണ്ട് മസ്ജിദ്ദുകളില്‍ കടന്ന് വെള്ളക്കാരനായ ഒരു വംശീയവാദി അകത്തുണ്ടായിരുന്ന ഏതാനുംപേരെ വെടിവച്ചുകൊല്ലുകയുണ്ടായി. അത് തികഞ്ഞ ഭീകരാക്രമണമാണെന്നും ആ കൊലപാതകിയെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവന്നു യഥാവിധി ശിക്ഷിക്കുമെന്നും സ്ഥലത്തെ അധികാരികള്‍ ഉടനടി ഉറപ്പുകൊടുത്തു. അതിലുപരി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ പര്‍ദ്ദ ധരിച്ച് സഹമന്ത്രിമാരോടൊപ്പം മരണപ്പെട്ടുപോയവരുടെ കുടുംബങ്ങളെ നേരില്‍ക്കണ്ട് ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു. അടിയന്തിരമായി തോക്കു നിയന്ത്രണ നിയമമുണ്ടാക്കുകയും ചെയ്തു.
എങ്കിലും, ആ പുകമറ പശ്ചാത്തലമാക്കി ഫ്രാന്‍സില്‍ ചെയ്തതുപോലെ, നൈജീരിയയില്‍ ബോക്കോ ഹറാമും ഫുലാനിയും മറ്റും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുപോലെ പ്രതിയോഗികള്‍ ഒരു ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതിന് അവര്‍ തിരഞ്ഞെടുത്ത വേദി അങ്ങു വിദൂരതയില്‍ ശ്രീലങ്കയിലുള്ള മൂന്നു ക്രൈസ്തവ ദൈവാലയങ്ങളും അവരോടു ബന്ധപ്പെട്ട റസ്റ്റോറന്‍റുകളുമായിരുന്നു. 2019 ഏപ്രില്‍മാസം ഉയിര്‍പ്പുതിരുനാള്‍ ദിവസം ക്രൈസ്തവര്‍ ഒന്നിച്ചുചേരുന്ന അവസരമത്രേ അവര്‍ ആസൂത്രണം ചെയ്ത സമയം!
ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ അത്യുഗ്രസ്ഫോടനശേഷിയുള്ള ബോംബുകളുമായി ചാവേറുകള്‍ അകത്തുകടന്നു… നിഷ്കളങ്കരായ 54 കുട്ടികളടക്കം 359 നിരപരാധികള്‍ ചിതറിത്തെറിച്ചു. 700 ഓളം പേര്‍ക്ക് മാരകമായി മുറിവേറ്റു. സ്ഫോടന പരമ്പരയില്‍ ഒട്ടേറെപ്പേര്‍ക്കു പങ്കുണ്ടായിരുന്നെങ്കിലും ഉത്തരവാദിത്വം ഐ.എസ്.കാരാണ് ഏറ്റെടുത്തത്. ഫുലാനി, ബോക്കോ ഹറാം (നൈജീരിയാ) തുടങ്ങിയ തീവ്രവാദികളെപ്പോലെ അവരും ചെയ്തു.
“അതു, തെറ്റ്, കൊടുംക്രൂരത, മാപ്പര്‍ഹിക്കാത്ത മഹാപാതകം” എന്ന് ഉറച്ച ശബ്ദത്തില്‍ ജസീന്ദ ആര്‍ഡനെപ്പോലെ ഏതെങ്കിലും ഒരു മാധ്യമമോ സമുദായമോ ഇറങ്ങിച്ചെന്നു പറഞ്ഞുവോ? മാര്‍ഗ്ഗം ഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കുന്നില്ല. എങ്കിലും പാര്‍ശ്വഫലത്തില്‍ ഏവരും സന്തുഷ്ടരാണ്!
തങ്ങള്‍ വിശ്വസിക്കുന്ന ദൈവം ഈ ചാവേറുകളോട് എന്തു പറയും? “കൊള്ളാം! നല്ലവനും ഗുണവാനുമായ ഭൃത്യാ, നീ നന്നായി ചെയ്തു” എന്നായിരിക്കുമോ?
ഏതായാലും ശ്രീലങ്കയിലെ ക്രൈസ്തവരുടെ ഭാഗത്തുനിന്നും തുടര്‍ന്ന് ഒന്നും സംഭവിച്ചില്ല. പ്രതിയോഗികളോട് അവര്‍ നിരുപാധികം ക്ഷമിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മറ്റു സ്ഥലങ്ങളില്‍ പതിവായി ചെയ്യുന്നതുപോലെ, ഫ്രാന്‍സിസ് മാര്‍പാപ്പാ ശാന്തിയും സമാധാനവും പ്രസംഗിച്ചുകൊണ്ട് മുസ്ലിം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഒരു വിവേചനവും കല്പിക്കാതെ ഐ.എസ്. ഉള്‍പ്പെടെയുള്ള അഭയാര്‍ഥികളെ യൂറോപ്പിലേക്കു സ്വാഗതമരുളുകയും ചെയ്യുന്നതും ഇത്തരുണത്തില്‍ കൂട്ടിച്ചേര്‍ത്തു വായിക്കാം.
ഗുരുവും നാഥനുമായ യേശുവിനെ അനുകരിച്ച്, ലോകമൊട്ടാകെയുള്ള എല്ലാ ക്രൈസ്തവജനതയോടുമൊപ്പം ഗ്ലാഡിസ് സ്റ്റെയിന്‍സിനെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം:
“പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോടു ക്ഷമിക്കേണമേ…”