സമാധാനത്തിന്റെ രാഷ്ട്രീയം

Fr Joshy Mayyattil

ആമോസ് ഓസ് നിര്യാതനായി. ”അനിവാര്യമായ അധിനിവേശവും ദുഷിപ്പിക്കുന്ന അധിനിവേശംതന്നെയാണ്” എന്ന് 1967-ല്‍ ഇസ്രായേലി ദിനപത്രമായ ദാവാറില്‍ കുറിച്ച ഇസ്രായേലി പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. ഇസ്രായേല്‍-പലസ്തീന തര്‍ക്കത്തില്‍ രണ്ടു രാഷ്ട്രങ്ങള്‍ എന്ന പ്രതിവിധി മുന്നോട്ടു വച്ച ആദ്യ ഇസ്രായേലികളില്‍ ഒരാളാണയാള്‍. ആമോസ് ഓസ്, ഡേവിഡ് ഗ്രോസ്സ്മാന്‍, എബി യെഹോഷുവ എന്നീ പ്രതിഭാത്രയങ്ങളാണ് ഇസ്രായേല്‍ സാഹിത്യലോകത്തിന്റെയും സമാധാനോന്മുഖമായ പുരോഗമന ചിന്താഗതിയുടെയും മുഖങ്ങള്‍. സമാധാനത്തിന്റെ രാഷ്ട്രീയത്തിനായി നാവും തൂലികയും കരവും ചലിപ്പിച്ച ആമോസ് ഓസിനെക്കൂടാതെയാണ് 2019 പിറന്നിരിക്കുന്നത്. സമാധാനത്തിന്റെ രാഷ്ട്രീയം ലോകത്തിന് ഏറ്റവും ആവശ്യകമായി വന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ അനേകം ആമോസ് ഓസുമാര്‍ രാഷ്ട്രീയത്തില്‍ പിറവികൊള്ളേണ്ടതുണ്ട്.
52-ാം ലോക സമാധാനദിനമായി ആചരിക്കപ്പെട്ട ജനുവരി ഒന്നാം തീയതിക്കുവേണ്ടി ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച സന്ദേശത്തിന്റെ കാതല്‍ ‘നല്ല രാഷ്ട്രീയം സമാധാനത്തിനുവേണ്ടിയുള്ളത്’ എന്നതായിരുന്നു. അക്രമത്തിന്റെ കല്ലുനിറഞ്ഞ ഭൂമിയില്‍ വിടരാന്‍ കഷ്ടപ്പെടുന്ന മൃദുലമായ പുഷ്പംപോലെയാണ് സമാധാനമെന്ന് പാപ്പാ കുറിക്കുന്നു. സമാധാനസേവയ്ക്കു വേണ്ടിയുള്ളതാണ് നല്ല രാഷ്ട്രീയം. പരസ്‌നേഹവും മാനുഷിക സദ്ഗുണങ്ങളുമാണ് നല്ല രാഷ്രീയത്തിന്റെ അടിസ്ഥാനം.
 കമ്മ്യൂണിസ്റ്റു തടവറയില്‍ 13 വര്‍ഷം കഴിയേണ്ടിവന്ന വിയറ്റ്‌നാമിലെ കര്‍ദിനാളായിരുന്ന ഫ്രാന്‍സ്വാ സേവ്യര്‍ നുഗൂയന്‍ വാന്‍ ത്വാന്‍ പ്രഖ്യാപിച്ചിട്ടുള്ള ‘രാഷ്ട്രീയക്കാരന്റെ അഷ്ടസൗഭാഗ്യങ്ങള്‍’ ഇവിടെ ഓര്‍മിക്കുന്നത് സഹായകരമായിരിക്കും:
1. സ്വധര്‍മത്തെപ്പറ്റി ഉന്നതമായ ബോധവും അഗാധമായ ധാരണയുമുള്ള രാഷ്ട്രീയക്കാരന്‍ അനുഗൃഹീതന്‍!
2. വിശ്വസ്തതയ്ക്ക് മാതൃകയായിരിക്കുന്ന രാഷ്ട്രീയക്കാരന്‍ അനുഗൃഹീതന്‍!
3. സ്വാര്‍ത്ഥതയ്ക്കല്ലാതെ പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന്‍ അനുഗൃഹീതന്‍!
4. സ്ഥിരതയുള്ള രാഷ്ട്രീയക്കാരന്‍ അനുഗൃഹീതന്‍!
5. ഐക്യത്തിനുവേണ്ടി അധ്വാനിക്കുന്ന രാഷ്ട്രീയക്കാരന്‍ അനുഗൃഹീതന്‍!
6. മൗലികമായ പരിവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ അധ്വാനിക്കുന്ന രാഷ്ട്രീയക്കാരന്‍ അനുഗൃഹീതന്‍!
7. മറ്റുള്ളവരെ കേള്‍ക്കാന്‍ കഴിവുള്ള രാഷ്ട്രീയക്കാരന്‍ അനുഗൃഹീതന്‍!
8. ഭയമില്ലാത്ത രാഷ്ട്രീയക്കാരന്‍ അനുഗൃഹീതന്‍!
 സമാധാനശുശ്രൂഷയാകേണ്ട രാഷ്ട്രീയം ഇന്ന് വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ഭീഷണിയുടെയും ചൂഷണത്തിന്റെയും അഴിമതിയുടെയും മാര്‍ഗമായി മാറുന്നതു നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണു നാം. കുത്തകകള്‍ക്കുവേണ്ടി ഭരണചക്രം തിരിക്കുന്ന കേന്ദ്രഭരണവും ജാതിപ്രീണനം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനഭരണവും തമ്മില്‍ ഫലത്തില്‍ യാതൊരു വ്യത്യാസവുമില്ല. പ്രത്യയശാസ്ത്രപരമായി കേന്ദ്രഗവണ്‍മെന്റ് നടത്തുന്ന വര്‍ഗീയ പ്രീണനവും പ്രായോഗികമായി സംസ്ഥാനഗവണ്‍മെന്റ് കൈക്കൊണ്ടിരിക്കുന്ന വര്‍ഗീയ-ജാതീയപ്രീണനവും തമ്മില്‍ വേര്‍തിരിക്കേണ്ടതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല.
 കര്‍ഷകര്‍ക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോഴും വമ്പന്‍ പ്രതിമകള്‍ നിര്‍മിക്കുന്നതിലും വിദേശയാത്രകള്‍ നടത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനമന്ത്രിയും പ്രളയദുരിതങ്ങളില്‍നിന്നു കയറിവരാന്‍ കേരളത്തിന് ഏറെ ചെയ്യാനുള്ളപ്പോള്‍ വനിതാമതില്‍ പണിയുന്നതില്‍ ഗവണ്‍മെന്റിന്റെ സര്‍വസന്നാഹങ്ങളും വിന്യസിപ്പിച്ച മുഖ്യമന്ത്രിയും തമ്മില്‍ എന്തു വ്യത്യാസം?
മതിലിനുശേഷം  കേരളത്തെ ഗുജറാത്ത് ആക്കിമാറ്റാന്‍ ഒരു കൂട്ടരും കണ്ണൂര്‍ ആക്കിമാറ്റാന്‍ മറ്റൊരു കൂട്ടരും കൊണ്ടുപിടിച്ചു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്! ‘സുവർണ അവസരം’ ആണല്ലോ!
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി മുപ്പത്തിയേഴായിരത്തിലേറെപ്പേർക്കെതിരെ കേസെടുത്തിരിക്കുന്നു! ഒരു കാര്യം വ്യക്തം, ഇരുകൂട്ടര്‍ക്കും വിദ്വേഷ രാഷ്ട്രീയം മാത്രമേ വശമുള്ളൂ. അത് അവരുടെ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമാണു താനും. ഗാന്ധിയെ പരിചയമില്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ എന്നു ചുരുക്കം.
ഗാന്ധിയുടെ മതേതരമനസ്സാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അഹിംസയെന്ന ആയുധമാണ് ഇന്ത്യയ്ക്കു കൈമോശം വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും സമഗ്രതയുമാണ് ഇവിടെ
അന്യം നിന്നുപോകുന്നത്! ഭാരതത്തിന്റെ ശോഭനമായ ഭാവിക്ക് ഗാന്ധി അനിവാര്യനാണെന്ന് ഈ പുതുവര്‍ഷപ്പുലരിയില്‍ത്തന്നെ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍! ചുരുക്കിപ്പറഞ്ഞാല്‍, ഗാന്ധിതന്നെയാണ് ഭാരതസമാധാനത്തിന്റെ രാഷ്ട്രീയം!!!
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy