സാഹിത്യവും പിന്നെ അല്പം കുമ്പസാരകാര്യവും

Fr. Shajan Valavil SDB

പ്രശസ്ത സാഹിത്യകാരനായ Salman Rushdie അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ‘The Golden House’ എന്ന നോവലിൽ കുമ്പസാരത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . ഈ നോവലിലെ ആഖ്യാതാവായ ‘റെനേ’ എന്ന കഥാപാത്രം തന്റെ ഭൂതകാല തെറ്റുകളെ കുറിച്ച് കുറ്റബോധത്താൽ വെന്തുനീറുന്ന അവസരത്തിൽ സ്വയം പറയുകയാണ് അല്ലെങ്കിൽ നോവലിസ്റ്റ് അയാളെക്കൊണ്ട് പറയിപ്പിക്കുന്നു.

“എന്റെ ജീവിതത്തിൽ ആദ്യമായിട്ട് കത്തോലിക്കാ സംവിധാനമായ കുമ്പസാരത്തെയും തുടർന്ന് ലഭിക്കുന്ന ദൈവിക ക്ഷമയെയും അഭിനന്ദിക്കാൻ തോന്നി. ഈ നിമിഷം ഒരു വൈദികനെ കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ, എന്റെ ഉള്ളിൽ നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്ന ചോദ്യശരങ്ങൾ ‘എന്റെ വലിയ പിഴ’ ഏറ്റു ചൊല്ലിക്കൊണ്ട് നിശബ്ദമാക്കാമായിരുന്നു. ഞാൻ സന്തോഷത്തോടെ ആ മാർഗ്ഗം തിരഞ്ഞെടുക്കുമായിരുന്നു.”

[“For the first time in my life I felt some appreciation for the Catholic device of the confessional and the forgiveness of God that followed it. If I could have found a priest at that moment, and if a string of ‘mea maxima culpas’ would have silenced the incessant interrogation taking place within me. I would gladly have gone that route.” ( Salman Rushdie, The Golden House)]

കുമ്പസാരത്തിനു അതിന്റെ ആത്മീയവും വിശ്വാസപരവുമായ തലങ്ങളൊക്കെ മാറ്റിനിർത്തിയാൽ പോലും ആശ്വാസത്തിന്റെയും മനഃസമാധാനത്തിന്റെതുമായ ഒരു മാനസിക തലം കുടിയുണ്ടെന്നുള്ളതാണ് കഥാകാരന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. മനുഷ്യമനസ്സിനെ വേട്ടയാടുന്ന ഒന്നാണ് കുറ്റബോധം എന്നത് എല്ലാവര്ക്കും അറിയാവുന്നതും മനുഷ്യൻ അനുഭവിക്കുന്നതുമാണ്. കലശലായ കുറ്റബോധ ചിന്തകൾ മനുഷ്യനെ ആത്മഹത്യയുടെ വക്കിൽ വരെ എത്തിക്കാം, പല രോഗങ്ങൾക്കും കാരണമാകും . ചില നിമിഷങ്ങളിൽ ചെയ്തുപോയ തെറ്റുകൾ ആരോടെങ്കിലും ഒന്ന് ഏറ്റു പറയാൻ കഴിഞ്ഞിരുന്നെങ്കിലെന്നു ചിന്തിക്കാത്ത ഏത്രപേർ നമ്മുടെ ഇടയിലുണ്ട് .

പ്രശസ്ത നോവലിസ്റ്റായ ദസ്തോവസ്കിയുടെ ‘കുറ്റവും ശികഷയും’ എന്ന നോവലിൽ കേന്ദ്ര കഥാപാത്രമായ റാസൽനിക്കോവ് അല്യോണ ഇവാനോവ്ന എന്ന പണയത്തിന് പണം കടംകൊടുക്കുന്ന പ്രായംചെന്ന സ്ത്രീകഥാപാത്രത്തെ കൊല്ലുകയും അത് കാണുന്ന നിരപരാധിയായ അവരുടെ സഹോദരി ലിസവെറ്റയെയും കൊലപ്പെടുത്തിയതിനു ശേഷം താൻ പിടിക്കപെടുമോ എന്ന ചിന്തയിൽ ഭ്രാന്തമായ അവസ്ഥയിൽ കഴിയുന്നു. നോവലിന്റെ ആദ്യഭാഗത്ത് കുറ്റം ചെയ്യപെടുന്നുവെങ്കിൽ അതിന്റെ ശിക്ഷവരുന്നത് നൂറുകണക്കിന് താളുകൾക്കു ശേഷമാണ് . നോവലിന്റെ ഫോക്സ് ആരംഭത്തിലെ കുറ്റകൃത്യത്തിനും അവസാനത്തെ ശിക്ഷയ്ക്കും ഇടയിലുള്ള സങ്കിർണ്ണമായ ഭാഗത്താണ്. കുറ്റം ചെയ്തവന്റെ മനസികനിലയുടെ ആഴങ്ങളിലേക്കുള്ള യാത്രയാണ് നോവലിസ്റ്റ് വരച്ചു കാട്ടുന്നത്.

റാസൽനിക്കോവിന്റെ ഉള്ളും ഉള്ളിന്റെ ഉള്ളിലുള്ള ഭയവും സംശയവും നിരാശയും ഉഹാപോഹങ്ങളുമൊക്കെയാണ് നോവലിന്റെ ഹൃദയം. റാസൽനിക്കോവിന്റെ ഉളിലുള്ള കുറ്റബോധം അയാളെ എത്രമാത്രം വേട്ടയാടുന്നുവെന്ന് ദസ്തവോസ്കി വളരെ മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. കുറ്റത്തിനുള്ള ശിക്ഷയേക്കാൾ എത്രയോ ഭീകരമാണ് അതും മനസ്സിൽ പേറികൊണ്ടുള്ള കുറ്റബോധ ചിന്തകൾ എന്ന് കാട്ടിത്തരാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്, അതിൽ വിജയിക്കുന്നുമുണ്ട് .

കുറ്റബോധം റാസൽനിക്കോവിനെ സമൂഹത്തിൽ നിന്ന് അകറ്റുന്നു. അവന്റെ ആത്മാർത്ഥ സുഹൃത്തായ റാസുമിഖിനും , ‘അമ്മ പുലികേറിയയും സഹോദരി ദുൻയായുമൊക്കെ അവനു അന്യരായിമാറുന്നു. തെറ്റ് മനുഷ്യനെ അവനിൽ നിന്നും, അവന്റെ മനഃസാക്ഷിയിൽനിന്നും സമൂഹത്തിൽനിന്നും അന്യവത്കരിക്കുന്നു. റാസൽനിക്കോവിന്റെ ചിത്രം തെറ്റിന്റെ സാമൂഹിക മാനത്തെ ചൂണ്ടിക്കാട്ടുന്നു. മനഃസമാധാനത്തിനായി തെറ്റ് ഏറ്റുപറഞ്ഞു രമ്യതപ്പെടേണ്ടത് ദൈവത്തോടും സ്വന്തം മനഃസാക്ഷിയോടും മാത്രമല്ല സമൂഹത്തോടും കൂടിയാണെന്ന് കഥാകാരൻ റാസൽനിക്കോവ് എന്ന തന്റെ കഥാപാത്രത്തിലൂടെ നമ്മോട് പറയുകയാണ്.

മാനസിക സംഘർഷങ്ങളിൽ ഉഴലുന്ന റാസൽനിക്കോവിന് ആശ്വാസമാകുന്നത് സോണിയയുടെ ഉപദേശമാണ്. നാൽക്കവലയിൽ നിന്ന് തെറ്റ് ഏറ്റുപറഞ്ഞു സമൂഹവുമായി രമ്യതപ്പെടാനാണ് സോണയായുടെ ഉപദേശമെങ്കിലും റാസൽനിക്കോവിന് അതിനു സാധിക്കുന്നില്ല, എത്ര കുറ്റബോധം ഉണ്ടെന്നു പറഞ്ഞാലും സമൂഹത്തിൽ സ്വന്തം തെറ്റ് വിളിച്ചുപറയാൻ സാധാരണക്കാരനായ മനുഷ്യന് അത്ര എളുപ്പമല്ലലോ , സമൂഹത്തെ പ്രതിനിധികരിക്കുന്ന ആരോടെങ്കിലും ആയാൽ കാര്യം കുറച്ചുകൂടി എളുപ്പമാകും. നാൽക്കവലയിൽ വിളിച്ചുപറയുന്ന ഒരു പൊതുകുമ്പസാരത്തിന്റെ അപമാനത്തെ റസ്ലനിക്കോവ് ഭയപ്പെടുന്നു , അതുകൊണ്ടു അയാൾ പോലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിക്കുന്നു . റസ്ലനിക്കോവിന്റെ കുറ്റകൃത്യം പോലിസ് സ്റ്റേഷനിൽ ഏറ്റുപറയേണ്ടതാണ് , എന്നാൽ നിത്യജീവിതത്തിലെ എല്ലാ ചെറിയ തെറ്റുകളും ഏറ്റുപറയാൻ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ലലോ, നാൽക്കവലയിൽ നിന്ന് വിളിച്ചു പറയാനും പറ്റില്ല …

റാസൽനിക്കോവിന്റെ ഏറ്റുപറച്ചിലോടെ നോവൽ അതിന്റെ ക്ലൈമാക്സിൽ എത്തുന്നു. നോവലിന്റെ ഏപ്പിലോഗിൽ ചെയ്തു പോയ കുറ്റകൃത്യത്തിൽ തന്റെ പശ്ചാത്താപം കോടതിയോട് ഏറ്റുപറഞ്ഞു സൈബീരിയൻ ജയിലിൽ മനസമാധാനത്തോടെ ശിക്ഷ അനുഭവിക്കുന്ന റാസൽനിക്കോവിനെയാണ് നാം കാണുന്നത്.

ശിക്ഷയേറ്റുവാങ്ങി ജയിൽ ശിക്ഷ അനുഭവിക്കുകയാണെങ്കിലും റാസൽനിക്കോവ് പൂർണമായും തന്റെ കുറ്റബോധ ചിന്തകളിൽ നിന്നും മോചിതനായിരുന്നില്ല. അവൻ കുറ്റം ഏറ്റുപറഞ്ഞെങ്കിലും പശ്ചാത്താപം പൂര്ണമായിരുന്നില്ല .അതുകൊണ്ടു തന്നെ മറ്റു ജയിൽവാസികളുടെ ഇടയിൽ അന്യവത്കരിക്കപ്പെട്ട ഒരു ജീവിതമാണ് റാസൽനിക്കോവ് നയിക്കുന്നത്.റാസൽനിക്കോവ് തനിക്ക് സോണിയയോടുള്ള സ്നേഹം തിരിച്ചറിയുന്ന നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു. പശ്ചാത്താപ വിവശനായി സോണിയയുടെ കാലിൽവീണവൻ കരയുന്നു. അവിടെനിന്നവന്റെ മാറ്റം ആരംഭിക്കുന്നു. അവന്റെ ജീവിതത്തിൽ നഷ്ടപെട്ട സന്തോഷവും പ്രതീക്ഷയുമൊക്കെ തിരികെയെത്തുന്നു. കുറ്റബോധത്തിൽ സമൂഹത്തിൽ നിന്ന് അന്യവത്കരിക്കപ്പെട്ട റാസൽനിക്കോവിന് സമൂഹവുമായുള്ള രമ്യതപ്പെടലിനു സോണിയ എന്ന ഇടനിലക്കാരിയെ ആവശ്യമായിരുന്നു.

റാസൽനിക്കോവിന് സോണിയ ബൈബിളിൽ നിന്ന് വായിച്ചുകൊടുക്കുന്ന ലാസറിന്റെ കഥയും കുറ്റം ഏറ്റുപറയുന്നതിനു മുൻപ് നൽകിയ കുരിശും പശ്ചാത്താപത്തോടെ കുറ്റം ഏറ്റുപറഞ്ഞാൽ ലഭിക്കുന്ന ആത്മീയ പുതുജീവനെ കുറിച്ചും മനഃസമാധാനത്തെക്കുറിച്ചും പ്രതീത്മകമായി സൂചിപ്പിക്കുന്നു. ഏപ്പിലോഗിൽ ബൈബിൾ വായിച്ചു തുടങ്ങുന്ന റാസൽനിക്കോവിനെയാണ് നാം കാണുന്നത്. ബൈബിൾ വായനയിലൂടെ ലഭിക്കുന്ന ദൈവികചിന്തകൾ അവനു പുത്തൻ പ്രതീക്ഷകൾ നൽകുന്നു, സമൂഹവുമായി രമ്യതപ്പെടാൻ പ്രചോദനമാകുന്നു.ലാസറിന്റെ പുതുജീവൻ പോലെ പശ്ചാത്താപത്തോടെ കുറ്റം ഏറ്റുപറഞ്ഞുള്ള രമ്യതപ്പെടൽ ദൈവത്തിന്റെ മുൻപിലും സ്വന്തം മനസാക്ഷിക്ക് മുൻപിലും സമൂഹത്തിലും പുതുജീവന്റെ വഴിതുറക്കുന്നു.
കുമ്പസാരം സ്വന്തം മനഃസാക്ഷിയോടും സമൂഹത്തോടും ദൈവത്തോടുമുള്ള ഒരു രമ്യതപ്പെടലാണ്. ആചാര അനുഷ്ടാനങ്ങളുടെ ചടങ്ങു നിർവഹിക്കലിനപ്പുറം ശരിയായ പാശ്ചാപത്തോടെ മനസിന്റെയും ആത്മാവിന്റെയും ആശുപത്രിയായ കുമ്പസാരകുടിനെ സമീപിച്ചവർക്കു മാത്രമേ അതിന്റെ അമൂല്യത മനസിലാകുകയുള്ളു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy