മാനന്തവാടി രൂപതയില്‍ Safe Environment Committee
സഭയിലെ ലൈംഗികഅപഭ്രംശങ്ങള്‍ക്കെതിരേയുള്ള കടുത്ത നടപടിക്രമങ്ങളുടെ ഭാഗം
സഭാശുശ്രൂഷകരുടെ ബാലപീഡനത്തിനും ലൈംഗികഅതിക്രമങ്ങള്‍ക്കുമെതിരേ ശക്തമായ നടപടികള്‍ നിലവിലെ സഭാ-സിവില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചുകൊണ്ടും മാനന്തവാടി രൂപതയില്‍ ഇത്തരം നടപടിക്രമങ്ങളുടെ സുതാര്യനടത്തിപ്പിനുവേണ്ടി സഭാതലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്തായുടെ ഡിക്രി (Prot.No.0298/2019) പ്രകാരം Safe Environment Committee സ്ഥാപിച്ചുകൊണ്ടും രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം എഴുതുന്ന സര്‍ക്കുലര്‍:
കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ടവരേ,
ആഗോളസഭയെ ഏതാനും വര്‍ഷങ്ങളായി ഉലച്ചുകൊണ്ടിരി ക്കുന്ന ഒരു വിഷയമാണല്ലോ സഭാശുശ്രൂഷകരുടെ, പ്രത്യേകിച്ച് പുരോഹിതസ്ഥാനികളുടെ മേല്‍ ആരോപിക്കപ്പെടുന്ന ലൈംഗിക പീഢനക്കുറ്റം. അതില്‍ തന്നെ ബാലലൈംഗികപീഢനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഒരുപക്ഷേ അതെല്ലാം പാശ്ചാത്യനാടു കളില്‍ മാത്രമാണെന്നും നമ്മുടെ നാട്ടില്‍ അത്തരം പ്രവണതകള്‍ ഒന്നും ഇല്ല എന്നും നമ്മള്‍ പൊതുവെ വിശ്വസിച്ചിരുന്നു. അല്ലെങ്കില്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഭാരതത്തിലും കേരളത്തിലും എല്ലാം കഴിഞ്ഞ നാളുകളില്‍ അരങ്ങേറിയ സംഭവങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാക്കേണ്ടതാണ്. കാര്യങ്ങള്‍ ഇവിടെയും അത്ര ശുഭമല്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നു.
പാശ്ചാത്യനാടുകളിലെ സഭാസമൂഹങ്ങളില്‍ എണ്‍പതുകളുടെ മദ്ധ്യത്തില്‍ തന്നെ ഈ തിന്മയ്ക്കെതിരെ നടപടികള്‍ ആരംഭിച്ചിരു ന്നെങ്കിലും നമ്മുടെ നാട്ടില്‍ അത്തരത്തിലൊന്ന് തയ്യാറാക്കിയത് 2015-ല്‍ മാത്രമാണ്. പുരോഹിതസ്ഥാനികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായകമായ നിയമങ്ങള്‍ പ്രാബല്യ ത്തിലാക്കുകയും ചെയ്തു. ഇതിന്‍റെ ചുവട് പിടിച്ച് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി 2015 ല്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതേ കാലയളവില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും തുല്യ ലിംഗനീതിയുടെ അനിവാര്യതയെ ഊന്നിപ്പറഞ്ഞുകൊണ്ട് പ്രബോധനങ്ങള്‍ പ്രസിദ്ധീകരിച്ചു. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേ ഉണ്ടാകുന്ന ലൈംഗികവും അല്ലാത്തവയുമായ അതിക്രമങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കി. കാരണം മാറ്റം വരേണ്ടത് മനുഷ്യന്‍റെ മനസ്സിലും മനോഭാവത്തിലുമാണല്ലൊ. അങ്ങനെ മാത്രമെ ഏതൊരു തിന്മക്കും തടയിടാന്‍ കഴിയുകയുള്ളു. ഏറ്റവും ഒടുവിലായി 2018 ജൂണ്‍ മാസത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രായപൂര്‍ത്തി യാകാത്തവര്‍ക്കും എളുപ്പം പീഢനത്തിന് വിധേയരാകാന്‍ സാദ്ധ്യതയുള്ള മുതിര്‍ന്നവര്‍ക്കും എതിരെയുള്ള പീഢനങ്ങള്‍ കൈകാര്യം ചെയ്യാനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആവശ്യമായ പഠനങ്ങള്‍ക്ക് ശേഷം അവ 2019 മാര്‍ച്ച് ഒന്നാം തീയതി മുതല്‍ കേരളത്തിലെ എല്ലാ സീറോ മലബാര്‍ രൂപതകള്‍ക്കും ബാധകമായ നിയമമായി രേഖ പുറപ്പെടുവിച്ചു.
2019 ഫെബ്രുവരി 21 മുതല്‍ 24 വരെ ലോകത്തിലെ എല്ലാ മെത്രാന്‍ സമിതികളിലെയും പ്രസിഡന്‍റുമാരെയും എല്ലാ സമര്‍പ്പിതസമൂഹങ്ങളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു സമ്മേളനം പുരോഹിതസ്ഥാനീയരുടെ നേര്‍ക്കുയരുന്ന ലൈംഗിക പീഢനകുറ്റങ്ങളെപ്പറ്റി പഠിക്കാന്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ റോമില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളായി പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:
“പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള ഫെബ്രുവരി സമ്മേളനത്തിന് നിശ്ചിതമായ ഒരു ഉദ്ദേശ്യമുണ്ട്: ലക്ഷ്യം കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗികപീഡനത്തെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമായി എല്ലാ ബിഷപ്പുമാരും ചെയ്യേണ്ടത് എന്താണ് എന്ന് അവര്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ് എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണത്.”
ഒരു ആഗോള പ്രശ്നം ഒരു ആഗോള പ്രതികരണത്തിലൂടെ മാത്രമേ പരിഹരിക്കപ്പെടുകയുള്ളു എന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്ക് അറിയാം. അത് ഒരു അക്കാദമിക സമ്മേളനം എന്നതിലുപരി ഇടയന്മാരുടെ ഒരു സമ്മേളനമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയും വിവേചനാശയവും വിളിച്ചോതുന്ന ഒരു സമ്മേളനം. ഈ സമ്മേളനം ഒരു വിശ്വാസ ബോധവല്‍ക്കരണത്തിനും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. പരിശുദ്ധ പിതാവിനെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങള്‍ അടിസ്ഥാനപരമാണ്. അതായത് റോമിലെത്തുന്ന മെത്രാന്മാര്‍ തങ്ങളുടെ രാജ്യങ്ങളിലേക്കും രൂപതകളിലേയ്ക്കും തിരികെയെത്തുമ്പോള്‍ ലൈംഗികദുരുപയോഗം തടയാനും ഇരകളെ സംരക്ഷിക്കാനുമുള്ള നിയമങ്ങള്‍ ഏവയാണ് എന്ന് അവര്‍ മനസ്സിലാക്കണം. ഒരു പീഢനക്കേസും മൂടിവയ്ക്കുകയോ മറയ്ക്കുകയോ ഇല്ല എന്ന് ഉറപ്പ് വരുത്താനും അവര്‍ക്ക് കഴിയണം.
സമ്മേളനത്തെപ്പറ്റി സൃഷ്ടിക്കപ്പെട്ട വലിയ പ്രതീക്ഷകളുമായി ബന്ധപ്പെട്ട് ഊന്നിപറയട്ടെ, ഈ സമ്മേളനം ലൈംഗിക ദുരുപയോഗത്തിനെതിരെയുള്ള സഭയുടെ പോരാട്ടത്തിന്‍റെ തുടക്കമല്ല. പ്രത്യുത, കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലേറെയായി സഭ തുടര്‍ച്ചയായും ഇച്ഛാശക്തിയോടെയും നടത്തിക്കൊണ്ടിരിക്കുന്ന വേദനാജനകമായ യാത്രയിലെ ഒരു ഘട്ടം മാത്രമാണ്. (2019 ജനുവരി 16 വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നിന്ന്).
ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഢനങ്ങള്‍ നടക്കുന്നത് കുടുംബങ്ങള്‍ക്കുള്ളില്‍ ബന്ധുമിത്രങ്ങളില്‍ നിന്ന് തന്നെയാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സ്കൂളുകളിലും പീഢനങ്ങള്‍ ഒട്ടും കുറവല്ല. അതുപോലെ തന്നെ ബാലലൈംഗിക പീഢനം ക്രിസ്ത്യാനികളിലോ കത്തോലിക്കരിലോ മാത്രം ഒതുങ്ങി നില്ക്കുന്നില്ല എന്നതും ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ പീഢനവിധേയരെ സംരക്ഷിക്കാന്‍ പ്രത്യേകം വിളിയും ഉത്തരവാദിത്വവും ഉള്ളവര്‍, അതിലേറെ ലൈംഗികപീഢനം തടയാനും അതിനെതിരെ വിശ്വാസികളെ ബോധവല്‍ക്കരിക്കാനും ബാദ്ധ്യതയുള്ളവര്‍ തന്നെ പീഢകരാകുമ്പോള്‍ അതിന്‍റെ ഗൗരവം പതിന്‍മടങ്ങ് വര്‍ദ്ധിക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ അവരുടെ സ്ഥാനത്തിനും ഉത്തരവാദിത്വ ത്തിനും ആനുപാതികമായി കൊടുക്കണം എന്ന് നിയമത്തില്‍ പറയുന്ന ശിക്ഷ ലഭിക്കുകയും ചെയ്യുന്നു. അതിനാല്‍ ബന്ധപ്പെട്ടവര്‍ എല്ലാവരും ഇക്കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും തങ്ങളുടെ ജീവിതാന്തസിനും സ്ഥാനങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടൊ എന്ന് ആത്മശോധന ചെയ്ത് മാറ്റങ്ങള്‍ വരുത്തേണ്ടിടത്ത് മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കട്ടെ.
വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ കാലത്ത് തുടങ്ങിയെങ്കിലും പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ കാലത്താണ് പുരോഹിതസ്ഥാനികളുടെ ബാലലൈംഗിക പീഢന കുറ്റങ്ങള്‍ കൂടുതലായി പുറത്ത് വന്നത്. അതിനെതിരെ അദ്ദേഹം വളരെ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചു. സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പീഢിതരുമായി സംവദിക്കാനും അവര്‍ക്ക് സാന്ത്വനമേകാനും പാപ്പാ ശ്രദ്ധിച്ചിരുന്നു. അതുപോലെ തന്നെ അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തു. നിയമാനുസൃതം പ്രവര്‍ത്തിക്കാതിരുന്ന രൂപതാദ്ധ്യക്ഷന്മാരോട് വളരെ കര്‍ശനമായി തന്നെ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തന്‍റെ മുന്‍ഗാമിയുടേതില്‍ നിന്ന് കൂടുതല്‍ കര്‍ക്കശമായ നിലപാടാണ് ഇപ്പോഴത്തെ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ എടുക്കുന്നത്. ലോകത്താകമാനമുള്ള സഭാശുശ്രൂഷകരെ അദ്ദേഹം ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ഈ കുറ്റകൃത്യം എത്രമാത്രം ഹീനമാണെന്ന് അവരെ നിരന്തരം ഓര്‍മ്മപ്പെടുത്തുകയും അവയില്‍ നിന്ന് പിന്‍മാറാന്‍ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുമുണ്ട്. ഇക്കാര്യത്തില്‍ ഒരു ശൂന്യസഹിഷ്ണതയാണ് അദ്ദേഹത്തിന്‍റെ നിലപാട്. അതായത് നിഷ്കളങ്കരും നിരാലംബരുമായ കുട്ടികളെയും എളുപ്പത്തില്‍ പീഢനത്തിന് വിധേയരാകാന്‍ സാദ്ധ്യതയുള്ള മുതിര്‍ന്നവരെയും ലൈംഗികമായി പീഢിപ്പിക്കുന്നവര്‍ അവരുടെ കുറ്റത്തിന് ആനുപാതികമായ ശിക്ഷക്ക് വിധേയരാകണം. അവര്‍ പിന്നീട് സഭാശുശ്രൂഷയില്‍ തുടരാന്‍ പാടില്ല. അതിനായി പുതിയ പല നിയമങ്ങളും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. എങ്കിലും നടപടി ക്രമങ്ങള്‍ മുമ്പുള്ളവ തന്നെയായതിനാല്‍ പുതിയ നിയമങ്ങള്‍ പലതും പ്രാദേശിക സഭാനേതൃത്വത്തിന് പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിയുന്നില്ല. സഭാനിയമവും ഇന്ത്യന്‍ നിയമവും തമ്മിലുള്ള സംഘര്‍ഷവും ഈ കാര്യത്തില്‍ തടസ്സമാകുന്നുണ്ട്. അതിനാല്‍ തന്നെ അവര്‍ വളരെയധികം അധിക്ഷേപങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇരകളായിക്കൊണ്ടിരി ക്കുന്നു. അത്തരം തടസ്സങ്ങള്‍ നീക്കാനുള്ള നിയമപരിഷ്കരണങ്ങള്‍ പരിശുദ്ധ പിതാവ് കൊണ്ടുവരും എന്ന് പ്രത്യാശിക്കാം.
ഇന്ത്യയേപ്പോലെയുള്ള രാജ്യങ്ങളില്‍ സഭാനിയമമനുസരിച്ച് നടപടികളെടുക്കാന്‍ പരിമിതികളുണ്ട് എന്നതാണ് മേലധികാരികളെ കുഴക്കുന്ന പ്രശ്നം. സാംസ്കാരികവും അല്ലാത്തതുമായ കാരണങ്ങള്‍ പീഢനവിവരം പുറത്തറിയാതിരിക്കാന്‍ കാരണമാകുന്നു. ഇപ്പോള്‍ നിലവിലുള്ള കാനന്‍ നിനയമത്തില്‍ പറയുന്ന തരത്തിലുള്ള വിശദമായ അന്വേഷണങ്ങള്‍ നടത്തി കുറ്റം തെളിയിക്കാന്‍ അധികാരികള്‍ക്ക് വളരെയേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. അത് എളുപ്പവുമല്ല. കാരണം സര്‍ക്കാരിന് പോലീസും മറ്റ് സംവിധാനങ്ങളും ഉള്ളതുപോലെ കുറ്റാരോപിതരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ചോദ്യം ചെയ്ത് കുറ്റം തെളിയിക്കാനുള്ള നിയമസാധ്യത സഭാനേതൃത്വത്തിനില്ല. കുറ്റാരോപിതരുടെ മുറികളോ കമ്പ്യൂട്ടറുകളോ ഒന്നും റെയ്ഡ് ചെയ്യാനുള്ള അധികാരവും ഇല്ല. കുറ്റം തെളിയിക്കാതെ ശിക്ഷ കൊടുക്കാനും സാധ്യമല്ല. കാരണം കോടതികള്‍ അവയെ ചോദ്യം ചെയ്ത് അസാധുവാക്കിയേക്കാം. അതുപോലെ ഒരേ അധികാരി തന്നെ കരുണയും കാര്‍ക്കശ്യവും കാണിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകാവുന്ന മാനസികസമ്മര്‍ദ്ദവും സഭാധികാരികളെ കുഴക്കുന്ന പ്രശ്നമാണ്. കാരണം കുറ്റം സമ്മതിച്ച് മാപ്പപേക്ഷിച്ച് പരിഹാരം ചെയ്യാന്‍ തയ്യാറായി വരുന്ന ഒരാളെ എങ്ങനെ ശിക്ഷിക്കും എന്നതിനും യാതൊരു തരത്തിലും കുറ്റം സമ്മതിക്കാത്ത ഒരു വ്യക്തിയുടെ കുറ്റം എങ്ങനെ തെളിയിക്കും എന്നതിനും ഉത്തരം കണ്ടെത്തുക പ്രയാസമാണ്.
ലൈംഗികപീഢനം അതിമാരകമായ ഒരു പാപം മാത്രമല്ല പ്രത്യുത അതിഹീനമായ കുറ്റകൃത്യവുമാണ്. പാപം കുമ്പസാരത്തില്‍ മോചിക്കപ്പെടുമെങ്കിലും കുറ്റം അപ്രകാരം മോചിക്കപ്പെടാന്‍ സാദ്ധ്യമല്ല. ആദ്യത്തെ പ്രാവശ്യമായാലും, ഭാവിയില്‍ ചെയ്യില്ല എന്ന് തീരുമാനിച്ചാലും, പശ്ചാത്താപത്തോടെ അധികാരിയുടെ മുമ്പില്‍ ഏറ്റുപറഞ്ഞാലും നഷ്ടപരിഹാരം കൊടുക്കാനുള്ള സന്നദ്ധത കാണിച്ചാലും ഒന്നും കുറ്റം ഇല്ലാതാകുന്നില്ല. പീഢിപ്പിക്കപ്പെട്ട വ്യക്തിക്ക് പരാതി ഇല്ല എന്ന് പറഞ്ഞാലും കുറ്റം ഇല്ലാതാകുന്നില്ല. കാരണം പരാതിപ്പെടുന്നത് പീഡിപ്പിക്കപ്പെടുന്ന വ്യക്തിയല്ല. ആ വ്യക്തി കേവലം സാക്ഷി മാത്രമാണ്. ഇത്തരം കേസുകളില്‍ സര്‍ക്കാരാണ് വാദി. സഭാനിയമത്തിലും രാഷ്ട്രനിയമത്തിലും ഇതുതന്നെയാണ് അവസ്ഥ. ഇക്കാര്യം പലര്‍ക്കും അജ്ഞാതമാണെന്ന് തോന്നുന്നു. അതുകൊണ്ട് മേലധികാരിയുടെ മുമ്പില്‍ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമ പറഞ്ഞതുകൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. അങ്ങനെ അവസാനിപ്പിക്കാന്‍ അധികാരികള്‍ക്ക് അധികാരമോ അവകാശമോ ഇല്ല താനും.
എത്രമാത്രം കര്‍ക്കശമായ നിയമങ്ങള്‍ ഉണ്ടാക്കിയാലും ലൈംഗികപീഢനം അവസാനിക്കണമെന്നില്ല, കാരണം അതൊരു മനോഭാവവും മാനസികാവസ്ഥയുമാണ്. ശരിയായ ധാര്‍മ്മികരൂപീ കരണം നടക്കാത്ത മനസ്സാക്ഷിയുടെ പ്രേരണയാലാണത് നടക്കുന്നത്. മുന്‍ കാലങ്ങളില്‍ കുടുംബങ്ങളില്‍ ഇക്കാര്യങ്ങളില്‍ ധാര്‍മ്മികമായ ബോധ്യങ്ങള്‍ കിട്ടിയിരുന്നു. ആ ബോധ്യമാകട്ടെ ദൈവവിശ്വാസവും മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നുതാനും. ലൈംഗികപീഢനം തുടങ്ങിയവ അതിമാരക പാപമാണെന്നും അവ ചെയ്യുന്നവര്‍ നരകശിക്ഷയില്‍ പെടും എന്ന ബോധ്യം അന്ന് മനുഷ്യമനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. അതുപോലെ ഈ ബോധ്യത്തിന് വിരുദ്ധമായവ ഒന്നും തന്നെ കാണാനോ വായിക്കാനോ കേള്‍ക്കാനോ ഉണ്ടായിരുന്നുമില്ല. മാതാപിതാക്കള്‍ അവ അനുവദിച്ചുമിരുന്നില്ല. ഇന്ന് ദൈവവിശ്വാസവും മരണാനന്തര ജീവിതത്തിലുള്ള വിശ്വാസവും അതോട് ബന്ധപ്പെട്ടുള്ള ധാര്‍മ്മികബോധ്യവും ഒന്നും ഒട്ടു മിക്കവരും കാര്യമായിയെടുക്കുന്നില്ല. അതോടൊപ്പം മനുഷ്യമനസ്സുകളെ ബലഹീനമാക്കുന്ന മദ്യവും മയക്കുമരുന്നും പോര്‍ണോഗ്രാഫിയും എല്ലാം ഏവര്‍ക്കും എപ്പോഴും സംലഭ്യമാണ്. അതിനെല്ലാമുള്ള പണവും ലഭിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് മലീമസ്സമാക്കിയ മനസ്സുള്ളവര്‍ക്ക് ഏത് തരം ലൈംഗികപീഢനത്തില്‍ ഏര്‍പ്പെടാനും മടിയുണ്ടാകുകയില്ല. മനസ്സാക്ഷിയില്ലാത്ത സുഖാസ്വാദനം ഇന്ത്യക്കാരുടെ പ്രധാനതിന്മകളില്‍ ഒന്നാണ് എന്ന് മഹാത്മാഗാന്ധി പറയുന്നുണ്ട്.
ആത്മീയജീവിതത്തില്‍ പ്രവേശിച്ചവരും ഈ ലോകത്തിന്‍റെ മക്കള്‍ തന്നെയാണ്. അവരും മേല്‍പ്പറഞ്ഞ തരം സ്വാധീനങ്ങള്‍ക്ക് വിധേയരാണ്. അവയെ അതിജീവിക്കണമെങ്കില്‍ മുന്‍കാലത്തെ ആത്മീയജീവിതക്കാര്‍ സ്വീകരിച്ചതില്‍ നിന്ന് വളരെ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം. ക്രമമായ വിശുദ്ധവചനവായനയും ധ്യാനവും ഔദ്യോഗികവും വ്യക്തിഗതവുമായ പ്രാര്‍ത്ഥനകളും പ്രായശ്ചിത്തവും പരിത്യാഗവും പാപമോചനകൂദാശയുടെ ക്രമമായ സ്വീകരണവും ആത്മശോധനയും എല്ലാം അവര്‍ക്ക് അത്യന്താ പേക്ഷിതമാണ്. അതോടൊപ്പം തിന്മയുടെ ദുശ്ശീലങ്ങളില്‍ നിന്ന് മാറി നില്‍ക്കാനുള്ള മനശ്ശക്തിയും സമ്പാദിക്കണം. കാരണം മനുഷ്യ മനസ്സ് എപ്പോഴും തിന്മയിലേക്ക് ചാഞ്ഞിരിക്കുന്നതാണ്. ലൈംഗികാ സ്വാദനത്തിനുള്ള ത്വര മനുഷ്യന്‍റെ അടിസ്ഥാനസ്വഭാവത്തില്‍പ്പെട്ടതും അതിശക്തവുമാണ്. ചെറിയൊരു സാഹചര്യം കിട്ടിയാല്‍ മനുഷ്യമനസ്സ് മൃഗമനസ്സായി മാറും. അപ്പോള്‍ നിയമവും ശിക്ഷയും ഒന്നും ഓര്‍മ്മിക്കണമെന്നില്ല. അതുകൊണ്ട് തിന്മകളില്‍ നിന്നും തങ്ങളുടെ ജീവിതാന്തസിന് ചേരാത്ത കാര്യങ്ങളില്‍ നിന്നും അകന്നിരിക്കാന്‍ മനഃപൂര്‍വ്വമായ പരിശ്രമം ഉണ്ടാകണം.
പ്രായപൂര്‍ത്തിയാകാത്തവരെയും എളുപ്പം പീഢിപ്പിക്ക പ്പെടാവുന്ന അവസ്ഥയിലുള്ള മുതിര്‍ന്നവരെയും ലൈംഗികമായി പീഢിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യമായ നിയമങ്ങള്‍ സഭയിലും രാജ്യത്തിലും എല്ലാം നിര്‍മ്മിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ അത്തരം കുറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത അധികാരികളെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടു വരാനുള്ള നിയമങ്ങളും ഉണ്ട്. തദനുസാരം 2015 ഒക്ടോബര്‍ 1 ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ.) ഇത് സംബന്ധമായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അവ നടപ്പാ ക്കേണ്ടിയിരുന്നത് പ്രാദേശിക മെത്രാന്‍ സമിതികളുടെ നേതൃത്വ ത്തിലായിരുന്നു. അതിനായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി.) നിയമവിദഗ്ദരുടെ സഹായത്തോടെ KCBC Guidelines for Safe Environment Programme for Church Personnel connected with Institutions where minor or vulnerable adults are given particular care- പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എളുപ്പം പീഢിപ്പിക്കപ്പെടാവുന്ന അവസ്ഥയിലുള്ള മുതിര്‍ന്നവര്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സഭാശുശ്രൂഷകര്‍ക്ക് വേണ്ടിയുള്ള സുരക്ഷിതസാഹചര്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2018 ജൂണ്‍ 2 ന് പുറപ്പെടുവിച്ചു.
ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാകണമെങ്കില്‍ ഓരോ വ്യക്തിഗത സഭയും അല്ലെങ്കില്‍ രൂപതയും തങ്ങള്‍ക്കുള്ള നിയമനിര്‍മ്മാണ അധികാരമുപയോഗിച്ച് അവ പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ട്. അതിന്‍ പ്രകാരം 2019 മാര്‍ച്ച് 1 മുതല്‍ കേരളത്തിലുള്ള എല്ലാ സീറോ മലബാര്‍ രൂപതകളിലും പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡിക്രി പുറപ്പെടുവിച്ചിട്ടുണ്ട്. അന്ന് മുതല്‍ അവ മാനന്തവാടി രൂപതയിലും പ്രാബല്യത്തില്‍ വരുന്നതാണ്. എങ്കിലും നടപ്പിലാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങളും (റൂള്‍സ്) ഭൗതികസാഹചര്യങ്ങളും ഒരുക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ നമ്മുടെ രൂപതയില്‍ കെ.സി.ബി.സി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2019 ഏപ്രില്‍ 1 മുതല്‍ മാത്രമേ പൂര്‍ണ്ണമായതോതില്‍ നടപ്പില്‍ വരുകയുള്ളു.
2019 ഏപ്രില്‍ ഒന്നു മുതല്‍ നമ്മുടെ രൂപതയില്‍ സഭാശുശ്രൂഷകര്‍ക്കെതിരെയുള്ള ലൈംഗികപീഢനപരാതികളും അതോടൊപ്പം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരിക്കുന്ന എല്ലാത്തരം നിയമലംഘനങ്ങളും കൈകാര്യം ചെയ്യുന്നത് അതിനുവേണ്ടി നിയമിക്കപ്പെടുന്ന Diocesan Safe Environment Director എന്ന വ്യക്തിയും Diocesan Safe Environment Committee എന്ന സമിതിയുമായിരിക്കും. പരാതികള്‍ Diocesan Safe Environment Director-ക്കാണ് നല്‍കേണ്ടത്. അദ്ദേഹത്തെ തന്നെയാണ് പരാതി അഭിസംബോധന ചെയ്യേണ്ടതും. രൂപതാദ്ധ്യക്ഷന്‍ പരാതികള്‍ സ്വീകരിക്കുകയോ അക്കാര്യത്തില്‍ നേരിട്ട് ഇടപെടുകയോ ചെയ്യുന്നതല്ല. താഴെപ്പറയുന്ന വിലാസത്തില്‍ പരാതികള്‍ അയയ്ക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാവുന്നതാണ്. Diocesan Safe Environment Director, Pastoral Centre, Dwaraka, Nalloornadu.P.O., Mananthavady 670 645.
പരാതികള്‍ വെള്ളക്കടലാസ്സില്‍ എഴുതി ഒപ്പിട്ട് രണ്ട് പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതാണ്. പരാതിപ്പെടുന്നയാളിന്‍റെ പേര്, മുഴുവന്‍ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഈമെയില്‍ വിലാസം, വാട്സ്ആപ്പ് നമ്പര്‍ എന്നിവ ഉണ്ടെങ്കില്‍ അവ പരാതിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. സാക്ഷികളുടെ പേരുകള്‍ ഉണ്ടെങ്കില്‍ അവരുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എല്ലാം രേഖപ്പെടുത്തണം. ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ പ്രയാസമുണ്ടാകും എന്നോര്‍മ്മിപ്പിക്കട്ടെ.
പരാതികള്‍ ബാലലൈംഗികപീഢനവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റ് അറിയിപ്പൊന്നും കൂടാതെ അവ പോലീസിന് കൈമാറുന്നതാണ്. ബാക്കി കാര്യങ്ങള്‍ അവരായിരിക്കും ചെയ്യുന്നത്. കാരണംProtection of Children against Sexual Offence – POCSO എന്ന നിയമമനുസരിച്ച് അത്തരം കുറ്റകൃത്യങ്ങള്‍ നടന്നെന്നോ നടക്കാന്‍ സാധ്യതയുണ്ടെന്നോ അറിയുന്നവര്‍ പോലീസിനെ അറിയിച്ചിരിക്കണം. എളുപ്പം പീഢിപ്പിക്കപ്പെടാവുന്ന അവസ്ഥയിലുള്ള മുതിര്‍ന്നവര്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന പരാതികളും ഇപ്രകാരം തന്നെയായിരിക്കും കൈകാര്യം ചെയ്യപ്പെടുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ട് വിഭാഗത്തിലുംപെടാത്തവര്‍ക്കെതിരെയുള്ള പീഢനപരാതികള്‍ ബന്ധപ്പെട്ട വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ പോലീസിന് കൈമാറുകയുള്ളു. അല്ലാത്ത പക്ഷം മേല്‍പ്പറഞ്ഞ കമ്മിറ്റി തന്നെ അത് അന്വേഷിച്ച് തീര്‍പ്പാക്കുന്നതായിരിക്കും.
പതിനെട്ട് വയസ്സ് പൂര്‍ത്തിയാകാത്തവരാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എളുപ്പം പീഢിപ്പിക്ക പ്പെടാവുന്ന അവസ്ഥയിലുള്ളവര്‍ എന്ന പദമാകട്ടെ താല്‍ക്കാലികമോ സ്ഥിരമോ ആയ ഏതെങ്കിലും കാരണത്താല്‍ മാനസ്സികമോ വൈകാരികമോ ശാരീരികമോ ആയ വൈകല്യങ്ങള്‍ അനുഭവിക്കുന്ന വരാണ്. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും മറ്റും വരുന്നവര്‍ പോലും ഈ ഗണത്തില്‍ പരിഗണിക്കപ്പെടും എന്നത് പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്. അതുപോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള അധികാരത്തിന്‍ കീഴില്‍ വരുന്നവര്‍ എല്ലാം ആ അധികാരിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം എളുപ്പം പീഢിപ്പിക്കപ്പെടാവുന്ന അവസ്ഥയിലുള്ളവരാണ്.
സഭാശുശ്രൂഷകര്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് മെത്രാന്മാരും, വൈദികരും, സ്ത്രീപുരുഷന്മാരായ എല്ലാ സന്യസ്തരും, സെമിനാരി വിദ്യാര്‍ത്ഥികളും, ഇടവകകളും സഭാസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരും വേതനം പറ്റുന്നവരുമായ എല്ലാ അല്‍മായരുമാണ്. കൈക്കാരന്മാര്‍, കമ്മിറ്റിക്കാര്‍, അക്കൗണ്ടന്‍റ്, സെക്രട്ടറി, അള്‍ത്താരശുശ്രൂഷി, മതാദ്ധ്യാപകര്‍, തുടങ്ങിയവര്‍ എല്ലാം സഭാശുശ്രൂഷകരുടെ ഗണത്തില്‍പെടുന്നു. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ അതാത് സ്ഥാപനങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്. കാരണം പല തരത്തിലുള്ള സര്‍ക്കാര്‍ നിയമങ്ങള്‍ അവര്‍ പാലിക്കേണ്ടതുണ്ട്.
ലൈംഗികപീഢനം എന്ന വാക്കിന്‍റെ പരിധിയില്‍ വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് പോക്സോ നിയമത്തില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. അവ തന്നെയാണ് കെ.സി.ബി.സി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും സ്വീകരിച്ചിരിക്കുന്നത്. അവയ്ക്ക് പുറമെ കെ.സി.ബി.സി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന മറ്റ് കുറ്റകൃത്യങ്ങളും ഉള്‍പ്പെടുന്നു. അതായത് കേവലം ശാരീരികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാത്രമല്ല ലൈംഗിക പീഢനം. ശാരീരികവും മാനസികവും വാചികവും അല്ലാത്തതുമായ എല്ലാത്തരം പീഢനങ്ങളും ചൂഷണവും ദുരുപയോഗവും ഈ ഗണത്തില്‍ പെടും. കെ.സി.ബി.സി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആര്‍ട്ടിക്കിള്‍ V 1 മുതല്‍ 16 വരെയുള്ള നമ്പറുകളില്‍ അത്തരം പ്രവൃത്തികള്‍ വിശദമാക്കിയിട്ടുണ്ട്. പ്രധാനമായും ഇടവക വൈദികര്‍ ചെയ്യേണ്ടതോ ചെയ്യാന്‍ പാടില്ലാത്തതോ ആയ കാര്യങ്ങളെയാണ് അവിടെ പരാമര്‍ശിക്കുന്നത്. എങ്കിലും സമാന സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ക്കും അത് ബാധകമാണ്.
മേല്‍പ്പറഞ്ഞ എല്ലാ സഭാശുശ്രൂഷകരും എല്ലാ വര്‍ഷവും ഒരു നിശ്ചിത സമയം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും അനുബന്ധ നിയമങ്ങളിലും പരിശീലനം നേടേണ്ടതും രൂപതയില്‍ നിന്ന് കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുമാണ്. അല്ലാത്തവരെ ശുശ്രൂഷാരംഗത്ത് നിന്ന് അപ്രകാരം ചെയ്യുന്നതു വരെ മാറ്റി നിര്‍ത്തുന്നതാണ്. പരിശീലനം നടത്തുന്നതിനുള്ള ചുമതല Diocesan Safe Environment Director- ക്കും Safe Environment Committee- ക്കുമായിരിക്കും. അവരുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
എല്ലാ സഭാശുശ്രൂഷകരും നിര്‍ബന്ധമായും, മറ്റ് സഭാംഗങ്ങള്‍ കഴിവുള്ളിടത്തോളവും, കെ.സി.ബി.സി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവയ്ക്ക് ആധാരമായ നിയമങ്ങളും വായിച്ച് പഠിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഒരു പകര്‍പ്പ് കൈവശം സൂക്ഷിക്കുകയും കൃത്യമായി അവയിലെ വ്യവസ്ഥകള്‍ പ്രയോഗത്തില്‍ വരുത്തുകയും ചെയ്യേണ്ടതാണ്. അറിവും അവബോധവും ഉണ്ടായാലേ വ്യക്തികള്‍ ശാക്തീകരിക്കപ്പെടുകയും പീഢനശ്രമങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുള്ളവരാകുകയും ചെയ്യുകയുള്ളു. പീഢനം നടന്നാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിക്കുകയും ചെയ്യണം.
അതുപോലെ തന്നെ കുട്ടികളെയും ശാക്തീകരിക്കേണ്ടതുണ്ട്. ലൈംഗികച്ചുവയോടെയുള്ള പ്രവൃത്തികളെ തിരിച്ചറിയാനും ഉടന്‍ തന്നെ മാതാപിതാക്കളെ അറിയിക്കാനും അവരെ പ്രാപ്തരാക്കണം. കേവലം ചില ശിക്ഷാനടപടികള്‍ കൊണ്ട് കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാം എന്ന് വിചാരിക്കുന്നത് മൗഢ്യമായിരിക്കുമല്ലോ.
പുരുഷാധിപത്യം നിലനില്ക്കുന്ന നമ്മുടെ പൊതുസമൂഹ ത്തിന്‍റെ തന്നെ ഭാഗമായതിനാല്‍ സഭയിലും ഇത്തരത്തിലുള്ള സ്ഥിതി നിലവിലുണ്ട് എന്ന വസ്തുത നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. ബഹുമാനപ്പെട്ട സമര്‍പ്പിതസഹോദരിമാരുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങള്‍ ഏറെയും ഈ സ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ സഭയിലും സമൂഹത്തിലും സ്ത്രീക്ക് തുല്യ പ്രാധാന്യവും സ്ഥാനവും ഉണ്ടെന്ന വസ്തുത വിശുദ്ധ ഗ്രന്ഥത്തിലും സഭാ പ്രബോധനങ്ങളിലും കാണാവുന്നതാണ്. അവര്‍ രണ്ടാംകിട പൗരരായി കണക്കാക്കേണ്ടവരല്ല. സി.ബി.സി.ഐ., കെ.സി.ബി.സി. എന്നീ സമിതികള്‍ പുറത്തിറക്കിയിട്ടുള്ള ലിംഗസമത്വരേഖകളും ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കു നേരേ ഉണ്ടാകുന്ന പീഢനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, എല്ലാ സഭാശുശ്രൂഷകരും, പ്രത്യേകിച്ച് ബഹുമാനപ്പെട്ട സമര്‍പ്പിതസഹോദരിമാരും വായിച്ച് സ്വയം അവബോധം ഉള്ളവരാകുകയും സമൂഹങ്ങളില്‍ അംഗങ്ങളാകാന്‍ വരുന്ന കുട്ടികളെ പഠിപ്പിക്കുകയും ചെയ്യേണ്ടതാണ്. അതല്ലെങ്കില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന മനോഭാവങ്ങള്‍ അങ്ങനെ തന്നെ തുടരുകയേയുള്ളു. കര്‍ത്താവിന്‍റെ കൃപ നിങ്ങളേവരോടും കൂടി ഉണ്ടായിരിക്കട്ടെ.
മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നിന്നും 2019 ഫെബ്രുവരി 20 ന് നല്‍കപ്പെട്ടത്.
ബിഷപ് ജോസ് പൊരുന്നേടം
മാനന്തവാടി രൂപതയുടെ മെത്രാന്‍
NB:1. ബഹുമാനപ്പെട്ട വൈദികര്‍ ഈ സര്‍ക്കുലര്‍ മാര്‍ച്ച് മാസം 17-ന് ഞായറാഴ്ച എല്ലാ ഇടവകകളിലും വിശ്വാസസമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് വി. കുര്‍ബ്ബാനയര്‍പ്പിക്കുന്ന മറ്റെല്ലായിടത്തും കുര്‍ബ്ബാനമദ്ധ്യേ വായിക്കേണ്ടതാണ്.
2. കുടുംബക്കൂട്ടായ്മാ യോഗങ്ങളില്‍ ബഹുമാനപ്പെട്ട ഭാരവാഹികള്‍ ഈ സര്‍ക്കുലര്‍ വായിച്ച് ആവശ്യമായ വിശദീകരണങ്ങള്‍ കൊടുക്കേണ്ടതാണ്.
Ref: (Circular Letter No. 04/2019; Prot. No. 21687/2019)