ശക്തമായ സെക്കുലർ ജനാധിപത്യം നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇക്കാര്യത്തിൽ കേരളം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ഉയർന്ന രാഷ്ട്രീയ ബോധമുള്ള ഒരു പൊതു സമൂഹം ഇവിടെ നിലനിൽക്കുന്നു എന്നതാണ് അതിനു പ്രധാന കാരണം. ആധുനിക കേരളത്തിന്റെ നവോഥാന മൂല്യങ്ങളിൽ മുന്നിട്ടുനിൽക്കുന്നതും ഈ രാഷ്ട്രീയ ബോധമാണ്. എന്നാൽ, അടുത്ത കാലത്തു ഉരുത്തിരിഞ്ഞുവരുന്ന ചില രാഷ്ട്രീയ ചങ്ങാത്തങ്ങൾ ഈ ബോധത്തിന് മങ്ങലേൽപ്പിക്കുംവിധമുള്ളതാണോ എന്ന് വിലയിരുത്തപ്പെടേണ്ടതാണ്.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടിയുമായി കൈകോർത്തു സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നു എന്നാണ് വാർത്ത. കേരള രാഷ്ട്രീയത്തിൽ ഒരു പാർട്ടിയേയും മുന്നണിയേയും ഇക്കാര്യം ആശ്ചര്യപ്പെടുത്തിയതായി കാണുന്നില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയിൽ ഇങ്ങനെ ചിലതെല്ലാം നടന്നുകൊണ്ടിരിക്കും എന്ന ഭാവമാണ് രാഷ്ട്രീയ രംഗത്ത് പൊതുവെ കാണുന്നത്. പ്രായോഗിക രാഷ്ട്രീയമെന്നാൽ അധികാരം കൈക്കലാക്കാനുള്ള രാഷ്ട്രീയം എന്നും അർത്ഥമുണ്ടല്ലോ. അധികാരം ആരു കയ്യാളുന്നു എന്നത് സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് അത്ര നിസ്സാര കാര്യമല്ല. കാരണം അത് അവരുടെ ജീവിതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന കാര്യംകൂടിയാണ്.
ഇന്നുനിലവിലുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നിലവിൽ വന്നത് 1948 മാർച്ച് 10 നാണ്. ഒരു സാമുദായിക സ്വത്വമാണ് ആ പാർട്ടിക്കുള്ളതെങ്കിലും “പാൻ ഇസ്ലാമിക് മതരാഷ്ട്രീയം” അത് ഒരിക്കലും ഉയർത്തിപ്പിടിക്കുകയോഅത്തരം ഒരു രാഷ്ട്രീയം അവർ കൊണ്ടുനടക്കുന്നതായി മറ്റുള്ളവർ ആരോപിക്കുകയോ ചെയ്തിട്ടുള്ളതായി അറിവില്ല. അതുകൊണ്ടുതന്നെ, കേരളത്തിൽ ശക്തിപ്പെട്ടുവരുന്ന തീവ്ര മത ആഭിമുഖ്യമുള്ള മുസ്‌ലിം രാഷ്ട്രീയത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി ലീഗ് നേതൃത്വം കൈകോർക്കുന്നു എന്നത് ഈ കാലഘട്ടത്തിന്റെ അടയാളമായി കാണണം. കേരളത്തിലെ ഇടതു വലതു മുന്നണികൾ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്ന് പൊതു സമൂഹം കണ്ണും കാതും കൂർപ്പിച്ചു കാത്തിരിക്കുകയാണ്.
മുൾസലീം സമുദായത്തിന്റെ സമഗ്രമായ പുരോഗതി ലക്‌ഷ്യം വയ്ക്കുന്ന ഒരു സാമുദായിക സെക്കുലർ പാർട്ടി എന്ന നിലയിലാണ് ജനങ്ങൾ മുസ്‌ലിം ലീഗിനെ മനസ്സിലാക്കിയിട്ടുള്ളത്. പ്രത്യയശാസ്ത്രപരമായി “ജിഹാദിൽ” അടിയുറപ്പിച്ച ഒരു തീവ്ര “പാൻ-ഇസ്ലാമിക്” പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി കൈകോർക്കുക എന്നാൽ, ഒന്നുകിൽ ലീഗിന്റെ രാഷ്ട്രീയം സമ്പൂർണ്ണമായും മാറുകയാണ്, അല്ലെങ്കിൽ ലീഗ് ഇത്രനാളും അണിഞ്ഞിരുന്ന അതിന്റെ സെക്കുലർ മുഖംമൂടി അവർ അഴിച്ചു മാറ്റുകയാണ്. മുസ്ലിം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ തീവ്ര മത രാഷ്ട്രീയത്തിന് സ്വീകാര്യത ലഭിക്കുകയെന്നാൽ, അത് ആദ്യം കേരള രാഷ്ട്രീയത്തിലും തുടർന്ന് ദേശീയ രാഷ്ട്രീയത്തിലും ഉണ്ടാക്കാൻ പോകുന്ന ചലനങ്ങൾ ചെറുതായിരിക്കുകയില്ല.
ദേശീയതലത്തിൽ അധികാരം കയ്യാളുന്ന “ഹിന്ദുത്വ” രാഷ്ട്രീയത്തിന് ഒരു “ഇസ്‌ലാമിക ബദൽ” അവർ വിഭാവനം ചെയ്യുന്നുണ്ടാവാം. ഇത് ഇപ്പോൾത്തന്നെ പരുക്കേറ്റിരിക്കുന്ന ഇന്ത്യൻ സെക്കുലർ ജനാധിപത്യത്തെ എങ്ങിനെയൊക്കെയാക്കിത്തീർക്കും എന്നത് പ്രവചനാതീതമാണ്. സെക്കുലർ പാർട്ടികളും സെക്കുലർ രാഷ്ട്രീയവും അപ്രസക്തമാകുന്ന ഒരു ഭാവികാലത്തെ മുൻകൂട്ടി കണ്ടുകൊണ്ടും, ജനസംഖ്യാനുപാതികമായി മുസ്ളീം സ്വാധീനം കൂടുതലുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ തന്ത്രപരമായ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കിയുമുള്ള ഈ നീക്കങ്ങളെ അതർഹിക്കുന്ന ഗൗരവത്തോടെ കാണാൻ കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ ഇനിയും തയ്യാറായിട്ടുള്ളതായി കാണുന്നില്ല.
എറണാകുളത്തെ ഒരു ഇടതുപക്ഷ സഹയാത്രികനായ അഡ്വ. റോൺ ബാസ്റ്റ്യൻ ഈയിടെ ചൂണ്ടിക്കാട്ടിയതുപോലെ, ചില കനപ്പെട്ട “ബാഗേജുകളിലും” അവ വരുന്ന വഴികളിലും പെട്ടെന്ന് വഴുതുന്നവർ കേരള രാഷ്ട്രീയത്തിന്റെ തലപ്പത്തുള്ളതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന സംശയം ജനങ്ങളുടെയിടയിൽ ശക്തിപ്പെട്ടുവരികയാണ്. സ്വർണ്ണക്കടത്തിനെപ്പറ്റി ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ അടങ്ങുമ്പോൾ, ആനുകൂല്യങ്ങൾ പങ്കുവയ്കുന്നതിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം, രാഷ്ട്രീയമായ നിലപാടുകളിൽ സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല എന്ന അവസ്ഥ വരുന്നത് അപകടകരമാണ്. മാറിയ ലോകത്തെ പുതിയ സാഹചര്യങ്ങൾ വിലയിരുത്തുന്ന പുതിയ ഒരു നേതൃനിര രാഷ്ട്രീയ രംഗത്തുണ്ടാകേണ്ടതിന്റെ ആവശ്യകതയും തെളിഞ്ഞു വരികയാണ്.
1892 ൽ അയിത്തത്തിന്റെ പേരിൽ “ഭ്രാന്താലയം” എന്ന് സ്വാമി വിവേകാനന്ദൻ വിളിച്ച കേരളത്തെ, മതഭ്രാന്തിന്റെ പേരിൽ വീണ്ടും ഒരു ഭ്രാന്താലയമാക്കി മാറ്റാൻ സുബോധമുള്ളവർ, അവർ രാഷ്ട്രീയക്കാർ ആയാൽപ്പോലും, തയ്യാറാകുന്നത് ആത്മഹത്യാപരമാണ്! “വാരിയൻകുന്നൻമാരെ” നെഞ്ചേറ്റി ലാളിക്കാൻ കമ്യൂണിസ്റ്റുപാർട്ടിയുടെ പശ്ചാത്തലമുള്ളവർ പോലും അമിതാവേശം കാട്ടുന്ന ഒരു കാലത്ത്, “മത-രാഷ്ട്രം” എന്ന സ്വപ്നം ലാളിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിൽ അത്ഭുതമില്ല. “വാളെടുക്കുന്നവരെല്ലാം വിപ്ലവകാരികളാണെന്നു” ചിന്തിക്കുന്ന കുറെ ആളുകൾ കമ്യൂണിസ്റ്റുകാർക്കിടയിൽ എപ്പോഴും കാണാറുള്ളതാണ്! അത്തരം “വിപ്ലവ നാടകങ്ങൾ” അവർ കേരളത്തിൽ ഇടയ്ക്കിടെ നടത്താറുള്ളതുമാണ്. ആധുനിക കാലത്തും രാഷ്ട്രീയമെന്നാൽ ആരോമലുണ്ണിമാരുടെ കുടിപ്പക തീർക്കലാണെന്നാണ് അവർ ധരിച്ചുവച്ചിരിക്കുന്നതെന്നു തോന്നുന്നു!
“ഇന്ത്യ എന്ന ആശയത്തിന്റെ” രാഷ്ട്രീയത്തിന് കുടിപ്പകയുടെ രാഷ്ട്രീയം പോരാ. അതിനു കേരളത്തിന്റെയും, ഇന്ത്യയുടേയും ലോകത്തിന്റെയും ചരിത്രവും ചലനങ്ങളുംകൂടി ശ്രദ്ധിക്കണം. രാഷ്ട്രീയം പ്രായോഗിക നീക്കുപോക്കുകൾക്കപ്പുറമുള്ള നിലപാടുകളും ബോധ്യങ്ങളും ജീവിത മഹാനാടകത്തിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളുമാണ് എന്ന തിരിച്ചറിവുണ്ടാകണം.
ഏറെ സമരങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും സഹനങ്ങൾക്കും ശേഷം, മതരാഷ്ട്ര സ്വപ്നങ്ങൾക്ക് വലിയ വില നൽകിയതിനും ശേഷം, സ്വാതന്ത്ര്യം നേടിയപ്പോൾ, നമ്മൾ ഇന്ത്യക്കാർ ഇന്ത്യയുടെ ഭരണഘടനക്കും ജനാധിപത്യ വ്യവസ്ഥക്കും നീതിന്യായ സംവിധാനങ്ങൾക്കും വിധേയമായി ജീവിക്കാൻ തയ്യാറായതിന്റെ നന്മകളാണ് നാളിതുവരെ നമ്മൾ ആസ്വദിച്ചുവന്നത്. ഇപ്പോൾ, ആ സാഹചര്യം ഭയാനകമാംവിധം മാറുകയാണോ? “മത രാഷ്ട്രീയം” തലപൊക്കിയ ഇടങ്ങളിലൊന്നും അത് മനുഷ്യാവകാശങ്ങളോ, ജനാധിപത്യ വ്യവസ്ഥിതിയോ സമാധാനപൂർണമായ സഹവർത്തിത്വമോ മതേതര രാഷ്ട്രീയമോ അംഗീകരിച്ചിട്ടില്ല. “ഏക -ദൈവ-മത-സംസ്കാര” നിയമങ്ങളും നിർബന്ധിത മത പരിവർത്തനങ്ങളും, വിവേചനപരമായ സാമ്പത്തിക നയങ്ങളും, സാമുദായിക പദവികളും, അടിമത്തത്തോളമെത്തുന്ന സാമൂഹ്യ വിവേചനങ്ങളുമാണ് അങ്ങനെയുള്ള ഇടങ്ങളിലെല്ലാം പിന്തുടർന്നു വന്നിട്ടുള്ളത്. “ഹിന്ദുത്വ” എന്നതുപോലെ, “ജിഹാദ്” ഒരു സമ്പൂർണ്ണ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. അതിന്റെ ആധുനിക രൂപങ്ങൾപോലും പലപ്പോഴും ഭീതിദമാണ്. ആ വഴിക്കു ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ഒരു വിഭാഗം പ്രത്യക്ഷമായ സമീപനം സ്വീകരിക്കുന്നത് നിലവിലുള്ള വർഗീയരാഷ്ട്രീയ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളു.
ഒരു മത രാഷ്ട്ര വാദത്തെ തോൽപ്പിക്കാൻ മറ്റൊരു മതരാഷ്ട്ര വാദത്തിനു കഴിയും എന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗങ്ങളിലാണെന്നു കാലം തെളിയിക്കും! പക്ഷെ, അതിനു കൊടുക്കേണ്ടിവരുന്ന വില ഒടുങ്ങാത്ത കണ്ണീരിന്റെയും മനുഷ്യ ദുരിതങ്ങളുടേതുമായിരിക്കും. സഹവർത്തിത്വമാണ് സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. അതിനു വിഘാതമായതൊന്നും രാഷ്ട്രീയമായി ശരിയാവുകയില്ല എന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവരും തിരിച്ചറിയണം. സാമുദായിക സ്പർദ്ധയും ശത്രുതയും വളർത്തുന്ന യാതൊന്നും രാഷ്ട്രീയ മര്യാദക്ക് ചേരുകയില്ല. നമ്മുടെ രാഷ്ട്രീയ ബോധം അതിനെ അംഗീകരിക്കുകയുമില്ല. അതാണ് കേരളം പ്രബുദ്ധമാണ് എന്നതിന്റെ അർത്ഥം!
(ഫാദർ വർഗ്ഗീസ് വള്ളിക്കാട്ട് തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്)