പ്രളയജലം പടിയിറങ്ങി. വെള്ളം മൂടിയതൊക്കെ വെളിച്ചം കണ്ടു തുടങ്ങി. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങി. അതിജീവനത്തിനായി കേരളം കൈകോർത്ത് ഇറങ്ങിയിരിക്കുന്നു. നന്മയുടെ എത്രയോ അമൂല്യമായ മാതൃകകളാണ് ഈ മലവെള്ളത്തിന് മീതെ കൂടി ചങ്ങാടം കെട്ടി തുഴഞ്ഞു വരുന്നത്. കാണുമ്പോൾ കണ്ണു നിറയുന്നുണ്ട്. ശരിയാണ്, മനുഷ്യനിൽ നന്മ ശേഷിക്കുന്ന കാലത്തോളം ഒരുമിച്ച് നിന്ന് നമ്മൾ ഇതിനെയൊക്കെ അതിജീവിക്കും.
അതിജീവനം – പ്രകാശവും പ്രത്യാശയും ഉള്ള ഒരു വാക്കാണ്, വല്ലാത്ത ഊർജ്ജം പകരുന്ന വാക്ക്. കഴിഞ്ഞ പ്രളയകാലത്ത് നഷ്ടപ്പെട്ടതൊക്കെ നന്മകൾ ചേർത്തുവച്ച് നമ്മൾ പടുത്തുയർത്തി. കേരളം ലോകത്തിനു സമ്മാനിച്ച ഒരുമയുടെ ഉദാത്തമായ മാതൃകയായിരുന്നു അത്. എന്നാൽ അന്ന് നമ്മൾ എന്തിനെയാണോ പൊരുതി തോൽപ്പിച്ചത് അതേ ദുരന്തമുഖത്ത് നമ്മൾ വീണ്ടും വിറങ്ങലിച്ചു നിന്നു, ഒരിക്കൽ കൂടി. അതും ഒരാണ്ടിന്റെ മാത്രം ഇടവേളയിൽ.
അതിജീവനത്തിന്റെ മുൻകാല മാതൃക എത്ര കണ്ട് ഫലപ്രദമായിരുന്നു എന്ന ചോദ്യം ഈ രണ്ടാം പ്രളയം നമുക്ക് മുന്നിൽ ഉയർത്തുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഓരോരുത്തർക്കും നഷ്ടപ്പെട്ടതൊക്കെ പുതിയവ കൊണ്ട് പകരം വെച്ച് ”അതിജീവിച്ചു” എന്ന് നമ്മൾ ഊറ്റം കൊണ്ടു. ഈ വർഷം അതൊക്കെ വീണ്ടും മഴ കവർന്നു. പുതിയവ പകരം വെച്ച് വീണ്ടും അതിജീവിക്കാനുള്ള ശ്രമത്തിലാണ് നാം. അടുത്തവർഷം ഇതുപോലൊരു മഴ ആവർത്തിച്ചാൽ അതൊക്കെ വീണ്ടും കുതിർന്നും അലിഞ്ഞും പോകും. അപ്പോഴും മുൻവർഷങ്ങളിലെ അതേ മാതൃകയിൽ നമ്മൾ അതിജീവിക്കാൻ ശ്രമിക്കും. ഇത്തരത്തിൽ അടിയന്തര സഹായങ്ങളിലും ഹ്രസ്വകാല പദ്ധതികളിലും ഒതുങ്ങുന്നവ അതിജീവനത്തിന്റെ ശാശ്വതമായ മാർഗ്ഗമാണോ എന്നൊരു സന്ദേഹം ഇപ്പോഴും ഉത്തരം തേടുന്നുണ്ട്. അൽപ്പകാലസ്ഥിതം എന്ന് സ്വയം തെളിയിച്ചവയ്ക്ക് അതിജീവനം എന്ന പേര് അത്രയ്ക്ക് ഇണങ്ങാത്ത പോലെ.
ശരിക്കും നമ്മൾ പിന്തുടരുന്ന ഈ അതിജീവന മാർഗങ്ങൾ മഴയും മനുഷ്യനും തമ്മിലുള്ള ഒരു മൽപ്പിടുത്തം തന്നെയല്ലേ. മഴ പതിവായി വന്ന് മനുഷ്യന്റെ സൗഭാഗ്യങ്ങൾ കവരുന്നു. അതൊക്കെ പഴയതുപോലെ പുനർനിർമിച്ച് മനുഷ്യൻ പ്രകൃതിയെ തോൽപ്പിക്കുന്നു. അടുത്ത മഴക്കാലത്ത് ഇതുതന്നെ കഥയോ തിരക്കഥയോ വ്യത്യാസമില്ലാതെ ആവർത്തിക്കപ്പെടുന്നു. മഴയ്ക്കും മനുഷ്യനും പുറമേ നിന്നുള്ള ഒരു കാഴ്ചയിൽ ഇത് ടെലിവിഷനിൽ കാണുന്ന റെസ്ലിങ് കണക്ക് അനുഭവപ്പെടുന്നില്ലേ? മഴ മനുഷ്യനെ മലർത്തി അടിക്കുന്നു. റഫറി മൂന്നെണ്ണുന്നതിനുമുമ്പ് മനുഷ്യൻ കുതറിഎഴുന്നേൽക്കുന്നു. എന്നിട്ട് അടുത്ത ചുവടിൽ മനുഷ്യൻ മഴയെ മലർത്തിയടിക്കുന്നു. റഫറി വീണ്ടും മൂന്ന് എണ്ണുന്നതിനുമുമ്പ് പ്രകൃതി സംഹാരഭാവത്തോടെ സടകുടഞ്ഞെഴുന്നേൽക്കുന്നു. അങ്ങനെ വീണും എഴുന്നേറ്റും, ഇരുകൂട്ടരും തോൽവി സമ്മതിക്കാൻ തയ്യാറല്ലാത്ത ഒരു മല്ലയുദ്ധം അറുതിയില്ലാതെ തുടരുന്നു – ഇരുവരും ഒരുമിച്ച് തോൽക്കുകയാണ് എന്നറിയാതെ!!! ഈ പ്രക്രിയയെ വിളിക്കേണ്ട പേരാണോ അതിജീവനം?!
മഴ മനുഷ്യനിൽ ഭീതി ജനിപ്പിക്കാത്ത വിധം പെയ്തൊഴിയുകയും മനുഷ്യൻ മണ്ണിനെ മുറിപ്പെടുത്താതെ ജീവിക്കുകയും ചെയ്തിരുന്ന അതിവിദൂരമല്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു ഇക്കുറി വെള്ളം വിഴുങ്ങിയ പ്രദേശങ്ങൾക്കെല്ലാം. ആ പഴയകാലത്തിന്റെ ആവർത്തനമല്ലേ ശരിക്കും ഉണ്ടാകേണ്ടത്. മഴയും മനുഷ്യനും തമ്മിലുള്ള ആ പാരസ്പര്യം അല്ലേ നമ്മൾ വീണ്ടെടുക്കേണ്ടത്. അതിനുള്ള മാർഗ്ഗങ്ങളല്ലേ ദീർഘകാലാടിസ്ഥാനത്തിൽ എങ്കിലും നമ്മൾ പ്രാവർത്തികമാക്കി തുടങ്ങേണ്ടത്. അതല്ലേ യഥാർത്ഥ അതിജീവനം.
അതിജീവനം എന്ന മല്ലയുദ്ധത്തെക്കുറിച്ചല്ല പാരസ്പര്യത്തിന്റെ അതിജീവന പാഠത്തെക്കുറിച്ച് ഇനിയെങ്കിലും നമ്മൾ ഗൗരവമായി ചിന്തിച്ചു തുടങ്ങണ്ടേ?!