ദൂരെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ക്രിസ്തുമസ് കുർബാന. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ
പുലർച്ചെ 2 മണി.
റോഡിനോടു ചേർന്നുള്ള വാടക വീട്ടിലാണ് താമസം. കിടന്നപാടേ ഉറങ്ങിപ്പോയി.
6 മണിയായ സമയത്ത് ഇടവകക്കാരനായ സാംസൺ വന്ന് വാതിലിൽ തട്ടി.
” അച്ചാ, ഒന്നു കരുതിയിരിക്കണം.
ഇന്നലെ രാത്രി അടുത്ത ക്രിസ്ത്യൻ പള്ളിയിലെ (അപ്പസ്തോലിക സഭയുടേതല്ല)
ക്രിസ്തുമസ് ആഘോഷങ്ങൾ അലങ്കോലമായി.”
ഞാനവനോട് ചോദിച്ചു:
”അവരുടെ പ്രോഗ്രാം അലങ്കോലപ്പെട്ടതിന് ഞാനെന്തിന് ആശങ്കപ്പെടണം?”
അവനിങ്ങനെ തുടർന്നു:
” അച്ചാ, അവരുടെ പള്ളിയിലെ തിരുക്കർമ്മങ്ങൾക്കു ശേഷം, കലാപരിപാടികൾക്കു വേണ്ടി
ഒരു പെൺകുട്ടി വസ്ത്രം മാറുമ്പോൾ
ആരോ അത് മൊബൈലിൽ പകർത്തിയത്രെ.
അയാൾ നമ്മുടെ ഇടവകക്കാരൻ ആണെന്നാണവർ പറയുന്നത്.”
സാംസൺ പോയപ്പോൾ
ഞാൻ വീണ്ടും കിടന്നുറങ്ങി.
എന്നാൽ ആ ഉറക്കത്തിന് അധികം ആയുസില്ലായിരുന്നു.
ഏഴു മണിയോടു കൂടി ആരോ വന്ന്
വാതിലിൽ മുട്ടി. നോക്കിയപ്പോൾ
പാസ്റ്ററും മൂന്ന് കമ്മറ്റിക്കാരും.
അവർ പറഞ്ഞു:
“ഞങ്ങൾക്ക് കുറച്ച് സംസാരിക്കാനുണ്ട്.”
അവരെ പൂമുഖത്ത് കയറ്റിയിരുത്തി,
ഉടൻ വരാമെന്നു പറഞ്ഞ്
ഞാനകത്തേക്കു പോയി.
മുറിയിലെ ജനൽപാളി തുറന്ന് റോഡിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നിൽ ഭീതിയുളവാക്കി. അവരുടെ പള്ളിയിലെ ആളുകൾ റോഡിൽ തടിച്ചുകൂടിയിട്ടുണ്ട്. ചിലരുടെ കയ്യിൽ വടിയും മറ്റ് ആയുധങ്ങളും.
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ലാസലെറ്റ് മാതാവിൻ്റെ ചിത്രത്തിനു മുമ്പിൽ ഞാൻ മുട്ടുകുത്തി പ്രാർത്ഥിച്ചു:
”നിനക്കറിയാലോ, എനിക്ക് തെലുഗു
അത്ര വശമില്ല. പഠിച്ചു വരുന്നതേയുള്ളു. എന്താണ് പറയേണ്ടതെന്ന്
കാതിൽ മന്ത്രിച്ചു തരണം.”
മുഖം കഴുകി, ളോഹ ധരിച്ച്
ഞാൻ അടുക്കളയിലേക്ക് ചെന്നു.
കുറച്ച് വെള്ളം കുടിച്ചു.
ഹൃദയമിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു.
അവരുടെ മുമ്പിലേക്ക് പോകുന്നതിനു മുമ്പ് ഞാനൊന്നുകൂടെ പ്രാർത്ഥിച്ചു.
ഞാനവർക്ക് കേക്കു കഷണങ്ങളും
മധുര പാനീയവും നൽകി
‘ഹാപ്പി ക്രിസ്മസ് ‘ എന്ന് ആശംസിച്ചു!
വലിഞ്ഞു മുറുകിയിരുന്ന അവരുടെ
മുഖങ്ങളിൽ പുഞ്ചിരി വിടർന്നു.
തലേന്ന് നടന്ന കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ
ഒരു സ്ത്രീ കടന്നുവന്ന്
കണ്ണീരോടെ പറഞ്ഞു:
” അച്ചാ, നിങ്ങളുടെ പള്ളിയിലെ
കുട്ടിയല്ല എൻ്റെ കുട്ടിയാണ്
തെറ്റ് ചെയ്തത്… അവനോട് പൊറുക്കണം.”
ഇതിനിടയിൽ ആരോപണ
വിധേയനായ ക്രൈസ്തവ യുവാവും
അവിടെ എത്തിച്ചേർന്നു.
” അച്ചാ, അവനോട് ഫോട്ടൊ എടുക്കരുത് എന്നാണ് ഞാൻ പറഞ്ഞത്.
അപ്പോഴേക്കും എന്നെ ആരോ തല്ലി.
ഞാനും തിരിച്ച് തല്ലി. പിന്നീട് അവിടെ നടന്നത് കൂട്ടത്തല്ലായിരുന്നു.
അതാണ് സംഭവിച്ചത്…… ക്ഷമിക്കണം.”
പാസ്റ്ററോടും കമ്മറ്റിക്കാരോടുമായി
ഞാൻ പറഞ്ഞു:
“എവിടെയാണ് തെറ്റെന്ന് നമുക്ക് മനസിലായി.
ഞാനും പാസ്റ്ററും ഇവിടെ നിന്ന് സ്ഥലം മാറിപ്പോകേണ്ടവരാണ്.
നിങ്ങളാണിവിടെ ജീവിക്കേണ്ടത്. അതുകൊണ്ട് രമ്യതയിൽ
പിരിയുന്നതല്ലേ നമുക്ക് നല്ലത്?”
അതിനവർ തലകുലുക്കി.
സന്തോഷത്തോടെ
മടങ്ങിപ്പോയി.
കൂടെ ജനവും.
ദീർഘനിശ്വാസത്തോടെ
ദൈവത്തിനു ഞാൻ നന്ദി പറഞ്ഞു.
‘..നിങ്ങൾ അവരുടെ മുമ്പിലാകുമ്പോൾ
എങ്ങനെ പറയണമെന്നോ
എന്തു പറയണമെന്നോ ആകുലപ്പെടേണ്ടാ..
നിങ്ങളിലൂടെ പരിശുദ്ധാത്മാവ് സംസാരിക്കും ‘
( Ref മത്താ10:19- 20)
എന്ന ക്രിസ്തു വചനങ്ങൾക്ക്,
ജീവനുണ്ടെന്ന് ഞാനിന്നും വിശ്വസിക്കുന്നു.