പൗരോഹിത്യ വിശുദ്ധി സഭയുടെ അനുഗ്രഹമാണ്. കഴുകി വിശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കിയ മനസ്സാക്ഷിയോടുംകൂടി വിശുദ്ധസ്ഥലത്ത് പ്രവേശിച്ച് ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടുംകൂടി ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍ മറ്റൊരു ക്രിസ്തുവാണ് (Alter Christus). പൗരോഹിത്യ വിശുദ്ധിയില്‍ വീണ നിഴല്‍പ്പാടുകള്‍ തിരുസ്സഭയുടെ തീരാത്ത സങ്കടമാണ്. പൗരോഹിത്യ വിശുദ്ധി പുനര്‍വിചാരണയ്ക്കു വിധേയപ്പെടുന്ന സമകാലികതയില്‍ വിശുദ്ധിയെക്കുറിച്ചുള്ള വിചിന്തനത്തിനു വിലയുണ്ട്.
ആദര്‍ശവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരത്തെ സമൂ ഹം വിമര്‍ശിക്കുന്നത് സ്വഭാവികമാണ്. വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിലല്ല, യാഥാര്‍ത്ഥ്യബോധത്തോടെ നേരിടുന്നതിലാണ് സുവിശേഷത്തിന്‍റെ ഹൃദയമുള്ളത്. മണ്‍പാത്രങ്ങളില്‍ നിധികിട്ടിയവന് നിധിയെക്കുറിച്ചുമാത്രം ധ്യാനിച്ചാല്‍ അത് അഹങ്കാരവും ധാര്‍ഷ്ട്യവുമായി പരിണമിക്കും. മണ്‍പാത്രങ്ങളെക്കുറിച്ചുള്ള ധ്യാനം ആഴപ്പെടുത്തണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ പൗരോഹിത്യവിചാരണകളും. മണ്‍പാത്രങ്ങളെ മയൂര നിര്‍മ്മിതമെന്നു കരുതി സ്നേഹിച്ചവരുടെ ഇച്ഛാഭംഗങ്ങളും പ്രതിഷേധങ്ങളും ഈ വിചാരണകളില്‍ പ്രതിഫലിക്കുന്നുണ്ട്. ദൈവവും ജനവും തന്നെക്കുറിച്ചുകണ്ട സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള വിളിയാണ് ഓരോ പുരോഹിതന്‍റെയും ജീവിതം. വിശുദ്ധിയുടെ വിചാരങ്ങളെ വൈദികന്‍ ഗൗരവമായി പരിഗണിക്കാന്‍ ചില സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണം.
ഒന്നാമതായി, ലൈംഗികതയുടെ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനായി വാദിക്കുകയും ചെയ്യുന്ന സാമൂഹിക പരിസരങ്ങളിലാണ് പുരോഹിതനും ജീവിക്കുന്നത്. കടലിനോടു ചേരുന്ന നദിയില്‍ പടരുന്ന ഉപ്പുവെള്ളം ശുദ്ധജലം എന്ന സങ്കല്പം തന്നെ ഇല്ലാതാക്കുന്നതുപോലെ ലൗകീകതയില്‍ പൗരോഹിത്യം വിഴുങ്ങപ്പെടുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഓരോ പുരോഹിതനും കരുതലുണ്ടാകണം. പൗരോഹിത്യത്തിന്‍റെ അലൗകികമായ താപസഭാവം നഷ്ടപ്പെടുത്തി എന്നതാണ് നാം ചെയ്ത ആദ്യത്തെ തെറ്റ്. താപസമുദ്രകളായിരുന്ന പ്രാര്‍ത്ഥനാ ചട്ടങ്ങളും ആവൃതി നിയമങ്ങളും മിണ്ടടക്കങ്ങളും കണ്ണടക്കങ്ങളും ആശയടക്കങ്ങളും കാലഹരണപ്പെട്ടപ്പോള്‍ വാതിലുകല്‍ തകര്‍ന്ന ദൈവാലയങ്ങളായി പൗരോഹിത്യം പരിണമിച്ചു. ലൗകീകത വെടിയാത്തവന്‍ പലതിന്മയ്ക്കുനേരെയും കണ്ണടയ്ക്കുകയും നിസ്സാരകാര്യങ്ങള്‍ക്കായി പോലും പാപം ചെയ്യുകയും ചെയ്യും (പ്രഭാ 27:1-2). പൗരോഹിത്യത്തില്‍ വേര്‍തിരിക്കപ്പെടലും പൂര്‍ണ്ണനാക്കപ്പെടലുമുണ്ട്. ലൗകികതയില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടവന്‍റെ താപസമാര്‍ഗ്ഗത്തിലൂടെയേ പൗരോഹിത്യത്തിനു പൂര്‍ണ്ണതകൈവരിക്കാനാവൂ. പൗലോസ് ശ്ലീഹാ തന്‍റെ ദൈവവിളിയെ ക്രിസ്തുവില്‍ തടവുകരനായിത്തീരുന്ന അനുഭവമായിട്ടാണ് വ്യാഖ്യാനിക്കുന്നത് (എഫേ 4:1-3). ലോകം അനുവദിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ അവകാശപ്പെട്ടതാണെങ്കിലും അവ പൗരോഹിത്യത്തില്‍ പ്രയോജനകരമല്ല (1 കോറി 10:23) എന്ന തിരിച്ചറിവാണിത്. സ്വന്തം ജീവിത വഴികളില്‍ നഷ്ടമായ താപസ മുദ്രകളെ ഓരോ പുരോഹിതനും തിരികെ നടന്നു വീണ്ടെടുക്കേണ്ടതുണ്ട്.
രണ്ടാമതായി, സഭയുടെ സകലനന്മകളെയും നിര്‍വീര്യമാക്കാന്‍ പൗരോഹിത്യ ഇടര്‍ച്ചകള്‍ കാരണമാകുന്നു എന്ന സത്യം ഓരോ പുരോഹിതനും തിരിച്ചറിയണം. കേരളസഭ വൈദികരുടെ നേതൃത്വത്തില്‍ ചെയ്ത സമാനതകളില്ലാത്ത സാമൂഹിക നന്മകളെ തമസ്കരിക്കാന്‍ ഏതെങ്കിലും ഒരു വൈദികന്‍റെ ഇടര്‍ച്ച മതി എന്നതിന് സമകാലികകഥകള്‍ തന്നെ സാക്ഷ്യം നല്കുന്നു. എല്ലാ ചേരുവകളും സമഞ്ജസമായി ചേര്‍ത്ത് തയ്യാറാക്കിയ അടപ്രഥമനില്‍ അവസാനം രണ്ടുതുള്ളി മണ്ണെണ്ണകൂടി ചേര്‍ത്ത പ്രതീതിയാണ് സകല നന്മകളും സൗഭാഗ്യങ്ങളും നിറഞ്ഞു മുടിചൂടി നില്ക്കുന്ന സഭയിലെ പൗരോഹിത്യ വീഴ്ചകള്‍. അതിനാല്‍ പൗരോഹിത്യവിശുദ്ധി സഭയുടെ കൂട്ടായ ഉത്തരവാദിത്തമായി തിരിച്ചറിയാം. തെളിവുസഹിതം ഒളിക്കാമറകളില്‍ കുടുക്കാനുള്ള കഴുകന്‍ കണ്ണുകളില്‍ നന്മയില്ല. തുടക്കത്തിലേ തിരുത്താനും വീഴാതെ സഹായിക്കാനും പൗരോഹിത്യ സാഹോദര്യത്തിനുമാത്രമല്ല ദൈവജനത്തിനും ഉത്തരവാദിത്വമുണ്ട്. ദൈവജനം പലപ്പോഴായി തരുന്ന തിരുത്തലുകളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും തിരുത്താനും വരുത്തിയ വീഴ്ചകളാണ് സഭയെ മുഴുവന്‍ സങ്കടത്തിലാക്കുന്നത്. പൗരോഹിത്യവിശുദ്ധിയുടെ കാവലാളുകളായി ദൈവം നിയോഗിച്ചിരിക്കുന്നത് ദൈവജനത്തെയാണെന്നത് മറക്കാതിരിക്കാം.
മൂന്നാമതായി, ഈ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ അന്തരീക്ഷം (Safe Environment) സഭയാകണം എന്ന ബനഡിക്ടു മാര്‍പാപ്പയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ആവശ്യമുണ്ട്. ദൈവാലയത്തിന്‍റെയും വിശുദ്ധ വേദികളുടെയും പള്ളിമേടകളുടെയും പരിശുദ്ധി കളങ്കപ്പെടുത്തുന്നവരോട് “സീറോ ടോളറന്‍സ്” എന്ന സഭയുടെ നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെടരുത്. ഹേലിയുടെ മക്കളോട് ദൈവം പുലര്‍ത്തിയ “സീറോ ടോളറന്‍സ്” മറക്കാതിരിക്കാം (1 സാമു 2:22-24). തിന്മയെ തിന്മയെന്നു വിളിക്കാന്‍ ഈ ലോകത്തെ പഠിപ്പിച്ച സഭയ്ക്ക് സ്വന്തം മക്കളുടെ തെറ്റുകളെ തമസ്ക്കരിക്കാനാവില്ല. ഒരു തെറ്റും ന്യായീകരിക്കപ്പെടില്ല എന്ന ഉത്തമബോധ്യം ധാര്‍മ്മികതയുടെ അടിസ്ഥാനതത്വമാണ്. തെറ്റു ചെയ്ത വൈദികരെ സഭാധികാരികള്‍ സംരക്ഷിക്കുന്നു എന്നത് പലകോണുകളില്‍ നിന്നും ഉയരുന്ന ആരോപണമാണ്. എന്നാല്‍ തെറ്റിനെ ന്യായീകരിച്ചു മൂടിവയ്ക്കുന്നതും (cover up) തെറ്റുതിരുത്താന്‍ അവസരം നല്കുന്നതും (repent) തമ്മിലുള്ള അന്തരവും പൊതുജനം മനസ്സിലാക്കണം. ആരോപണങ്ങളുയരുമ്പോഴേ തൂക്കിലേറ്റണം എന്ന പിടിവാശിയില്‍ അനീതിയുണ്ട്. നീതിപൂര്‍വ്വമായ വിചാരണ, സഭയിലും നീതിന്യായ പീഠങ്ങളിലും, ലഭിക്കാനുള്ള പുരോഹിതന്‍റെ അവകാശം നിഷേധിക്കരുത്. സഭയെ പ്രതി സര്‍വ്വതും ഉപേക്ഷിച്ചു വന്നവന് പ്രതിന്ധിയുടെ നാളുകളില്‍ ഭക്ഷണവും കിടപ്പാടവും നല്കുന്നതില്‍ കാട്ടുന്ന അസ്വസ്ഥതയില്‍ അന്യായം മാത്രമല്ല – വൈരനിര്യാതബുദ്ധിയുമുണ്ട്.
നാലാമതായി, സോഷ്യല്‍ മീഡിയയിലെ നിരുത്തരവാദപരമായ മാധ്യമവിചാരണയ്ക്കു പിന്നില്‍ സഭാസ്നേഹത്തിന്‍റെ തീവ്രതയാണെന്ന അബദ്ധധാരണ ആവശ്യമില്ല. സഭയെ ആക്ഷേപിക്കാനായി തീവ്രവാദസംഘടനകളുടെ മാസപ്പടിപറ്റുന്ന ഓണ്‍ലൈന്‍ ചാനലുകളും സാത്താന്‍ ആരാധകരുടെ സംഘടിതമായ വൈദികവേട്ടയ്ക്കു വേദിയൊരുക്കുന്ന പാവം കുഞ്ഞാടുകളുടെ ലേബലൊട്ടിച്ച ചെന്നായ് കൂട്ടങ്ങളും അങ്കത്തില്‍ തോറ്റതിന് അമ്മയെ ചീത്തവിളിക്കുന്ന ചില വിഘടിത ഗ്രൂപ്പുകളുടെ (Sects) കൂടാരങ്ങളുമാണ് സമകാലിക വൈദികവേട്ടയ്ക്കു ചുക്കാന്‍ പിടിക്കുന്നത്. കഥയറിയാതെ ആട്ടം കാണുന്ന ചില നിഷ്കളങ്കരായ കുഞ്ഞാടുകളുമുണ്ട്. നാരകീയ ശക്തികള്‍ക്ക് പൗരോഹിത്യത്തോടുള്ള വെറുപ്പിന്‍റെ നേര്‍സാക്ഷ്യം മാധ്യമ വിചാരണകളില്‍ വ്യക്തമാണ്.
വൈദികരോടുള്ള അന്ധമായ വെറുപ്പുമൂലം വിവേകശൂന്യമായ മാധ്യമ പ്രവര്‍ത്തനംവഴി എത്ര കുടുംബങ്ങളാണ് അന്യായമായി സ്മാര്‍ത്തവിചാരം ചെയ്യപ്പെടുന്നത്. രാജ്യത്തു നിരോധിക്കപ്പെട്ട പോണ്‍സൈറ്റുകളുടെ സ്ഥാനം കവരാനുള്ള മത്സരത്തിലാണ് ചില ഓണ്‍ലൈന്‍ ചാനലുകളെന്നു സംശയിക്കുന്നവരെ കുറ്റംപറയാനാവില്ല. ഫ്രാന്‍സിസ് പാപ്പാ ചൂ ണ്ടിക്കാട്ടിയതുപോലെ ഈ കാലഘട്ടത്തിലെ രക്തസാക്ഷിത്വമെന്നത് ഇത്തരം ഹീനമായ മാധ്യമവിചാരണകളാണ്. തൂലിക പടവാളാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപമാനമായി അറവുശാലയിലെ കത്തിയുമായി ഉറഞ്ഞുതുള്ളുന്നവരെ അവഗണിക്കാം. കഥയില്ലാത്തവരോടു കലഹിക്കുന്നവരും കഥാവശേഷരാകും.
അവസാനമായി, പുരോഹിതന്‍റെ നെറ്റിയിലെ തകിടില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം “ദൈവത്തിന് സമര്‍പ്പിതം” എന്നാണ് (പുറ 28:38). ഈ തലയിലെഴുത്ത് മനസ്സിലും ഹൃദയത്തിലും ഓരോ അവയവത്തിലും പതിയുന്നതാണ് പുരോഹിത വിശുദ്ധി. ദൈവം തൊട്ടതിന്‍റെ അസ്പൃശ്യതയാണ്. വീഴ്ചകള്‍ക്ക് പരിഹാരം വിവാഹമാണെന്നു വാദിക്കുന്നവര്‍ വൈദികരെ മാത്രമല്ല വിവാഹിതരെയുമാണ് ആക്ഷേപിക്കുന്നത്.
(അജപാലകന്‍ ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. കടപ്പാട്)