ഒരു പ്രമുഖ കമ്പനിയുടെ ഉരുളക്കിഴങ്ങ്
ചിപ്സ് വാങ്ങാനിടയായി. അത്യാകർഷകമായിരുന്നു
അതിൻ്റെ പായ്ക്കിങ്ങ്.
എന്നാൽ തുറന്നു നോക്കിയപ്പോൾ
ഏതാനും ചിപ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ….
അതിൽ കൂടുതലും പൊടിഞ്ഞതും.
വായു നിറച്ചിരുന്നതിനാലാണ് പായ്ക്കറ്റിന് കൂടുതൽ വലുപ്പം തോന്നിച്ചത്.
മറ്റൊരനുഭവം ആകർഷകമായ ഒരു ബിസ്ക്കറ്റ് പായ്ക്കറ്റ് വാങ്ങിച്ചപ്പോൾ ഉണ്ടായതാണ്. മേൽപ്പറഞ്ഞതുപോലെ
അതിമനോഹരമായ
പായ്ക്കറ്റ് തുറന്നപ്പോൾ
ഉള്ളിൽ ഒരു ചെറിയ പ്ലാസ്റ്റിക്ക് ട്രേയിൽ
ഏതാനും ചില ബിസ്ക്കറ്റുകൾ മാത്രം!
ഇങ്ങനെ ആകർഷകമായ പുറംമേനി കണ്ട്
പല വസ്തുക്കളും നമ്മളും വാങ്ങിയിട്ടുണ്ടാകും.
വർണ്ണങ്ങൾ നിറഞ്ഞ വസ്ത്രങ്ങളും
വമ്പൻ ഓഫറുകൾ നൽകി ആളുകളെ ആകർഷിക്കുന്ന വില്പനകേന്ദ്രങ്ങളിലുമെല്ലാം ആകർഷിക്കപ്പെട്ട് കബളിപ്പിക്കപ്പെടുന്നവർ ഒരുപാടുണ്ടാകും.
പച്ചബൾബിൻ്റെ പ്രകാശത്തിൽ നിരത്തിയിരിക്കുന്ന പച്ചക്കറികൾ കണ്ട് ഓടിയെത്തുന്നവരും
വെള്ളിവെളിച്ചത്തിൻ്റെ തിളക്കത്തിൽ നിരത്തിയിരിക്കുന്ന മീനുകൾ കണ്ട് പണമെടുക്കുന്നവരും
പച്ചക്കറികൾ വാടിയതാണെന്നും
മീൻ ചീഞ്ഞതാണെന്നും അറിയുന്നത് വീട്ടിലെത്തിയ ശേഷമായിരിക്കും.
ഓൺലൈനിൽ ഓഫറുകൾ കണ്ടും
ടി.വി.യിൽ പരസ്യങ്ങൾ കണ്ടും
മറ്റൊന്നും ചിന്തിക്കാതെ ഓർഡറുകൾ നൽകി കാത്തിരിക്കുന്നവരും
ഒടുവിൽ സാധനം കൈയിലെത്തുമ്പോൾ ‘ഞെട്ടിത്തരിക്കുന്നത് ‘ സാധാരണമല്ലേ ?
മൊബൈലിൽ ടെക്സ്റ്റ് മെസേജായി എത്തുന്ന ലിങ്കിൽ ക്ലിക് ചെയ്താൽ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ ക്ഷണനേരം കൊണ്ട് 3500 രൂപ എത്തുമെന്ന വാഗ്ദാനത്തിൽ ആകർഷിക്കപ്പെട്ട് ലിങ്കിൽ ക്ലിക് ചെയ്ത്
ഉള്ളപണം കൂടി കളഞ്ഞവരെക്കുറിച്ചുള്ള
വാർത്തയും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും.
(https://www.mathrubhumi.com/crime-beat/crime-news/new-online-money-fraud-by-sms-1.5144905)
പറയാനാണെങ്കിൽ ഇങ്ങനെയുള്ള
എത്രയെത്ര അനുഭവങ്ങളാണ് നമുക്കോരോരുത്തർക്കും ഉള്ളത്?
കബളിപ്പിക്കുന്നവരും കബളിപ്പിക്കപ്പെടുന്നവരും
നമുക്കിടയിൽ തന്നെയുണ്ട്.
തങ്ങൾ ചെയ്യുന്നത് തെറ്റാണെന്നോ
മറ്റുള്ളവർ അതുമൂലം വേദനിക്കപ്പെടുന്നുണ്ടെന്നോ
കബളിപ്പിക്കുന്നവർ ചിന്തിക്കുന്നുണ്ടാവില്ല.
പറ്റിയ അമളി മറച്ചുവെച്ചും
നഷ്ടപ്പെട്ട പണത്തേക്കുറിച്ച് വേവലാതിപ്പെടാതെയും
മറ്റുള്ളവരേയും കൂടി കുഴിയിൽ
ചാടിക്കാമെന്ന് കബളിപ്പിക്കപ്പെട്ടവരും ചിലപ്പോൾ കരുതുന്നുണ്ടാകും.
അനുദിനം വാങ്ങിക്കൂട്ടുന്ന വസ്തുക്കളുടെ കാര്യം ഇങ്ങനെയാണെങ്കിൽ
നമ്മുടെയെല്ലാം മനസാക്ഷിയുടെ
കാര്യം എന്തായിരിക്കും?
പുറംപോലെ തന്നെ അകം വെടിപ്പല്ലെങ്കിൽ നമ്മുടെ ജീവിതം വെറും ‘പുറംപൂച്ച് ‘ മാത്രമായിരിക്കും.
ക്രിസ്തു പറയുന്നു:
“…..നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു.
നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്‌ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു”
(ലൂക്കാ 11 :39).
കാപട്യത്തിൻ്റേയും പ്രഹസനത്തിൻ്റേയും പുറംമൂടികൾ വലിച്ചെറിയാൻ നേരമായെന്നല്ലേ ക്രിസ്തു ഓർമപ്പെടുത്തുന്നത്?