എക്കാലവും മലയോരജനതയ്ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട് ഇന്നലകളില്‍ മണ്ണിനെ പൊന്നാക്കി ജീവിതം കരുപ്പിടിപ്പിച്ച ജനസമൂഹമിന്ന് വന്യമൃഗങ്ങളുടെ അക്രമത്തില്‍ മരിച്ചുവീഴുന്നു. മുഖംതിരിഞ്ഞു നില്‍ക്കുന്ന അധികാര കേന്ദ്രങ്ങളുടെ ക്രൂരവും കിരാതവുമായ നടപടികള്‍മൂലം സ്വജീവന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥ. ജീവിതസമരങ്ങളും പ്രക്ഷോഭങ്ങളുമായി നിലനില്‍പ്പിനായി പോരാടുന്ന കഷ്ടനഷ്ടങ്ങളില്‍നിന്ന് ഒരു ദിവസംപോലും എല്ലാം മറന്ന് കിടന്നുറങ്ങുവാന്‍ അധികാരവര്‍ഗ്ഗവും മൃഗസ്‌നേഹികളും മൃഗങ്ങളും സമ്മതിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണ് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍ ഒരു പതിറ്റാണ്ടായി തൂങ്ങിനില്‍ക്കുന്ന പരിസ്ഥിതി മൗലികവാദികളുടെ മാഗ്‌നാകാര്‍ട്ടയായ ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ നിര്‍ദ്ദേശങ്ങളും ഇവയെത്തുടര്‍ന്നുള്ള ജനകീയ സര്‍ക്കാരുകളുടെ ഉത്തരവുകളും കുരുക്കുകളും.
സുപ്രീംകോടതിയുടെ നോട്ടീസ്
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എട്ട് കുട്ടികളെക്കൂടാതെ 26 പരിസ്ഥിതി സംഘടനകള്‍ സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ച കേസ് (.369/2020) കോവിഡ് ദിനങ്ങളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗബഞ്ച് ഫയലില്‍ സ്വീകരിച്ചു. ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ച കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് 2020 ജൂണ്‍ മാസം അയച്ചിട്ടുണ്ട്.
പരിസ്ഥിതിക്കാരുടെ പരാതികള്‍
കേരളം ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട ആറു സംസ്ഥാനങ്ങളിലായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന 1,29,037 ചതുരശ്ര കിലോ മീറ്റര്‍ ഭൂമി പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതി ഇടപെട്ട് നടപ്പിലാക്കണമെന്നാണ് പരിസ്ഥിതിമൗലികവാദികളുടെ ആവശ്യം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം അടിയന്തരനടപടിയുണ്ടാകണമെന്നും ഇക്കാര്യം സൂചിപ്പിച്ച് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇതിനോടകം പലതവണ ബന്ധപ്പെട്ടിട്ടും നടപടി യുണ്ടായിട്ടില്ലെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
കുട്ടികള്‍ പരാതിക്കാര്‍
തമിഴ്‌നാട്ടിലെ നീലഗിരിയിലുള്ള എം.കാവ്യയെക്കൂടാതെ 7 കുട്ടികളാണ് പ്രധാന പരാതിക്കാര്‍. ഇവരെക്കൂടാതെ 26 പരിസ്ഥിതി സംഘടനകളും പരാതിയില്‍ സംയുക്തമായി പങ്കുചേര്‍ന്നിട്ടുണ്ട്. ആറു സംസ്ഥാനങ്ങളിലായി 56,825 ച.കി.മീ. ആയി പരിസ്ഥിതിലോലം നിജപ്പെടുത്തിയിരിക്കുന്ന 2018 ഡിസംബര്‍ 3ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതിയില്‍ ഉന്നയിച്ചു. കസ്തൂരിരംഗന്‍ സമിതി നിര്‍ദ്ദേശിച്ച ഇഎസ്എയല്ല മറിച്ച് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ച ഇഎസ്ഇസഡ് ആണ് ഉടന്‍ നടപ്പിലാക്കേണ്ടതെന്നും സുപ്രീം കോടതി മുമ്പാകെ ഇവര്‍ ആവശ്യപ്പെട്ടു.
കുട്ടികളെ ഇറക്കിയുള്ള കള്ളക്കളി
ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായില്ലെങ്കില്‍ ഞങ്ങളുടെ ജീവനും സ്വത്തിനും വന്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ഭാവിജീവിതത്തിന് വെല്ലുവിളി ഉയരുമെന്നും സ്‌കൂള്‍ കുട്ടികളെക്കൊണ്ട് പറയിപ്പിച്ച് കോടതിയുടെ സഹതാപം ആര്‍ജ്ജിക്കുവാന്‍ പരിസ്ഥിതി മൗലികവാദികള്‍ നടത്തിയ ആസൂത്രിതശ്രമമാണ് വെളിച്ചത്തുവന്നിരിക്കുന്നത്. കുട്ടികള്‍ക്ക് സുപ്രീംകോടതിയില്‍ കേസ് നടത്തുന്നതിനുള്ള സാമ്പത്തികം എവിടെനിന്ന് എന്നത് വ്യക്തമല്ല. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി സംഘടനകള്‍ പശ്ചിമഘട്ടത്തെ പ്രശ്‌നങ്ങളുയര്‍ത്തി നടത്തുന്ന പരിസ്ഥിതി സംരക്ഷണവാദങ്ങള്‍ക്കും വിവിധ കോടതികളിലെ വ്യവഹാരത്തിനും ചെലവഴിക്കുന്ന സാമ്പത്തികശ്രോതസ്സുകളെക്കുറിച്ചും ഇന്ത്യയിലെ പരിസ്ഥിതി മൗലികവാദികളുടെ രാജ്യാന്തരബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണ മെന്നുമുള്ള പരാതികള്‍ നിലനില്‍ക്കുമ്പോഴാണ് കുട്ടികളെ ഇറക്കിയുള്ള ഈ കള്ളക്കളി പരമോന്നത നീതിന്യായകോടതിയില്‍ അരങ്ങേറിയിരിക്കുന്നത്.
ചതിക്കുഴിയുടെ തുടക്കം
2010 ഫെബ്രുവരി 9ന് നീലഗിരി മലകളിലെ കോത്തഗിരിയില്‍ നടന്ന പരിസ്ഥിതിപ്രവര്‍ത്തകരുടെ സമ്മേളനത്തെത്തുടര്‍ന്ന് പശ്ചിമഘട്ടത്തെ ലോകപൈതൃകസമിതി പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ലോകപൈതൃകസമിതി നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്ക് അനുസൃതമായി പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുണ്ടാക്കുവാനുമായി 2010 മാര്‍ച്ച് 4ന് ഗാഡ്ഗില്‍ സമിതിയെ കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാര്‍ നിയമിച്ചു. 2011 ഓഗസ്റ്റ് 30ന് ഗാഡിഗില്‍ സമിതി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതെ രഹസ്യമാക്കിവെച്ചു. അതേസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലോകപൈതൃകസമിതിക്കുമുന്നില്‍ രഹസ്യമായി സമര്‍പ്പിച്ചു.
2012 മെയില്‍ കോടതിവിധിയിലൂടെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുവാന്‍ നിര്‍ബന്ധിതരായി. 2012 ജൂലൈയില്‍ പശ്ചിമഘട്ടം ലോകപൈതൃകപട്ടികയിലുമായി. പൈതൃകസമിതിയുടെ നടപടിക്രമങ്ങള്‍ പശ്ചിമഘട്ടത്തില്‍ നടപ്പിലാക്കുവാനുള്ള പ്രക്രിയകള്‍ ആരംഭിച്ചു. ഗാഡ്ഗില്‍ വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കസ്തൂരിരംഗന്‍ സമിതിയെ നിശ്ചയിച്ചു. പ്രശ്‌നബാധിതപ്രദേശങ്ങളിലെ ജനങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍പോലും പ്രഹസനങ്ങളാക്കി 2013 ഏപ്രിലില്‍ കസ്തൂരിരംഗന്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
ജനവാസകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ആവാസമേഖലയായി കണക്കാക്കി ഇഎസ്എയില്‍ നിന്ന് ഒഴിവാക്കുമെന്നും ഒരു ചതുരശ്രകിലോമീറ്ററിനുള്ളില്‍ 100-ല്‍ കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങള്‍ ജനവാസകേന്ദ്രങ്ങളായി പരിഗണിക്കുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടും ഇതെല്ലാം അട്ടിമറിക്കപ്പെട്ടു.
2013 നവംബര്‍ 13 ലെ ഉത്തരവ്
പരിസ്ഥിതിലോലമായി 2013 നവംബര്‍ 13ന്, തത്വത്തില്‍ അംഗീകരിച്ച 6 സംസ്ഥാനങ്ങളിലെ 4156 വില്ലേജുകളിലെ നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു. കേരളത്തിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍പ്പെടെ 123 വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോലമായി. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് കൂച്ചുവിലങ്ങിടുന്ന സാഹചര്യം വീണ്ടും ജനകീയ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാക്കി ജനങ്ങള്‍ സമരപാതയില്‍ കൈകോര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷനെ നിയമിച്ച് പ്രാദേശിക പരിശോധനകളും ജനങ്ങളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുവാനും അവസരമുണ്ടാക്കി.
ഉമ്മന്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍
ഉമ്മന്‍ വി. ഉമ്മന്‍ സമിതി കേരളത്തില്‍ 9993.7 ച.കി.മീ. ഇഎസ്എ ആയി ശുപാര്‍ശ ചെയ്തു. അതില്‍ 9107 ച.കി.മീ. വനവും 886.7 ച.കി.മീ. വനേതരവും. 886.7 ച.കി.മീ. വനേതര ഇഎസ്എ ജനവാസ കേന്ദ്രത്തില്‍ ഇടകലര്‍ന്ന് കിടക്കുന്ന ചതുപ്പും പാറയും തരിശും ആണ്. ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് 2014 മാര്‍ച്ച് 10ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അപ്പോഴും 2013 നവംബര്‍ 13 ലെ നിരോധന ഉത്തരവ് 123 വില്ലേജിലും പൂര്‍ണ്ണമായി നിലനിന്നു. പരിസ്ഥിതിലോലപ്രദേശം തുടര്‍ച്ചയുള്ളതായിരിക്കണമെന്ന അടിസ്ഥാനതത്വം ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപ്പായിട്ടില്ല. ഇതനുസരിച്ച് നീങ്ങിയാല്‍ കൃഷിയിടങ്ങളും തുടര്‍ന്ന് പരിസ്ഥിതിലോലമാകും. ഇത് തിരിച്ചറിഞ്ഞ് പിണറായി സര്‍ക്കാര്‍ 9993.7 ചതുരശ്ര കിലോമീറ്റര്‍ എന്ന ഉമ്മന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ നിന്ന് പരിസ്ഥിതിലോലം 8856.46 ചതുരശ്ര കിലോമീറ്റര്‍ സംരക്ഷിത വനഭൂമി മാത്രം എന്ന നിര്‍ദ്ദേശം വെച്ചത്.
കരടുവിജ്ഞാപനങ്ങള്‍ തുടര്‍ക്കഥകള്‍
2014ലെ ലോകസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണ് 2014 മാര്‍ച്ച് 10ന് കരടുവിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കരടുവിജ്ഞാപനമിറങ്ങി പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്നുള്ള പ്രചരണം ജനങ്ങള്‍ വിശ്വസിച്ചില്ല.
ഒന്നാം കരട് വിജ്ഞാപനത്തിന്റെ കാലാവധി 2015 സെപ്തംബര്‍ 4ന് അവസാനിച്ചപ്പോള്‍ ഭരണത്തിലും മാറ്റം വന്നു. മോദിസര്‍ക്കാര്‍ അധികാരമേറ്റു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമവിജ്ഞാപനത്തിന് തുനിയാതെ വീണ്ടും പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 സെപ്തംബര്‍ നാലിന് ഇറക്കിയ രണ്ടാം കരടുവിജ്ഞാപനത്തിലും മുന്‍ വിജ്ഞാപനത്തിലെ വില്ലേജുകള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
രണ്ടാം കരടുവിജ്ഞാപനം കാലാവധി 545 ദിവസങ്ങള്‍ പിന്നിടും മുമ്പേ 2017 ഫെബ്രുവരി 27ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വിജ്ഞാപനം പുനഃപ്രസിദ്ധീകരിച്ചു. എന്നാല്‍ 2017 ഫെബ്രുവരി 23ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ റിസര്‍വ്‌വനഭൂമി മാത്രമേ പരിസ്ഥിതിലോലമായി കണക്കാക്കാന്‍പാടുള്ളൂവെന്ന് കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കി. 2018 ഒക്‌ടോബര്‍ 3ന് വീണ്ടും നാലാം കരടുവിജ്ഞാപനമിറങ്ങി. തുടര്‍ന്ന് കരട് വിജ്ഞാപനത്തിന്റെ കാലാവധി 545 ദിവസമെന്നത് ഭേദഗതിചെയ്ത് ഇല്ലാതാക്കി.
സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍
2017 മെയ് 3ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് ഔദ്യോഗികമായി 27-02-2017ലെ കരടുവിജ്ഞാപനത്തിന്മേല്‍ സംസ്ഥാനത്തിന്റെ പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ചുള്ള നിലപാട് അക്കമിട്ട് ആവര്‍ത്തിക്കുകയുണ്ടായി. സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശം സംരക്ഷിതവനഭൂമിയും റിസര്‍വ് വനങ്ങളും ഉള്‍പ്പെടുന്ന 9107 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം മാത്രമാണ്. ഒന്നാം കരടുവിജ്ഞാപനത്തില്‍ സൂചിപ്പിച്ച 886.7 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വിവിധ വില്ലേജുകളിലായുള്ള ചതുപ്പുനിലങ്ങളും പുല്‍മേടുകളും നദികളുമായിട്ടുള്ളത് ജനങ്ങളുടെ പങ്കാളിത്തത്തോടെ, ഗ്രാമസഭകളുടെയും ജൈവവൈവിധ്യ മാനേജ്‌മെന്റുകമ്മറ്റികളുടെയും സഹകരണത്തോടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നിലവിലുള്ള നിയമങ്ങള്‍പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
പരിസ്ഥിതിലോലം വനത്തിലൊതുക്കണം
ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ള കേരളത്തിന്റെ നിര്‍ദ്ദേശം തുടര്‍ ഭൂപ്രദേശത്തിന്റെ അഭാവത്തില്‍ അന്തിമമായി ഇഎസ്എ ആയി വിജ്ഞാപനം ചെയ്യാന്‍ ആവുന്നതല്ലെന്ന നിലപാട് കേന്ദ്രം എടുത്തു. ഈ വിഷയത്തില്‍ മുന്‍ എം.പി.അഡ്വ.ജോയ്‌സ് ജോര്‍ജും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനത്തിനുള്ളില്‍ മാത്രമായി ഇഎസ്എ ചുരുക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇഎസ്എ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റിന് കത്തയച്ചു. തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ അടിസ്ഥാനത്തില്‍ തുടര്‍ച്ചയുള്ള ഭൂപ്രദേശത്തെ ഇഎസ്എ ആയി പ്രഖ്യാപിക്കുന്നതിനുതകുന്ന നിര്‍ദ്ദേശം സംസ്ഥാന ഗവണ്‍മെന്റ് തയ്യാറാക്കി. റിമോട്ട് സെന്‍സിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി 123 വില്ലേജുകളുടെ ജണ്ടയ്ക്കുള്ളിലുള്ള വനഭൂമി മാത്രം ഇഎസ്എ ആയി ഉള്‍പ്പെടുത്തിയപ്പോള്‍ 8856.46 ച.കി.മീ. 92 വില്ലേജുകളില്‍ മാത്രമായി കണ്ടെത്തി. സിഎച്ച്ആര്‍ വനമല്ല എന്ന നിലപാട് ഗവണ്‍മെന്റ് എടുത്തപ്പോള്‍ വനമില്ലാത്ത മുഴുവന്‍ വില്ലേജുകള്‍ പൂര്‍ണ്ണമായും, ഇതരപ്രദേശങ്ങളിലെ വനമുള്ള വില്ലേജുകളില്‍ വനഭൂമിയില്‍ മാത്രമായും ഇഎസ്എ നിജപ്പെടുത്തി. ഈ നിര്‍ദ്ദേശം കേന്ദ്ര ഗവണ്‍മെന്റിന് 16.06.2018-ന് സമര്‍പ്പിച്ചു. റിസര്‍വ് ഫോറസ്റ്റുള്‍പ്പെട്ട 92 വില്ലേജുകളിലെ 8656.46 ചതുരശ്ര കി.മീ. ഭൂമി മാത്രമേ പരിസ്ഥിതിലോലമാക്കാവൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവസാനമായി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് 2018 ജൂലൈ 20ന് കേന്ദ്രസര്‍ക്കാര്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍
സംരക്ഷിതവനഭൂമി മാത്രമായി പരിസ്ഥിതിലോലം നിജപ്പെടുത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ കേന്ദ്രം ഏറെ അനുഭാവപൂര്‍വം പരിഗണിച്ചതിനെത്തുടര്‍ന്ന് 2019 ഫെബ്രുവരി 15ന് ഡല്‍ഹി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ചര്‍ച്ചയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം പരിഗണിക്കുകയും ഇത് പരിശോധിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. 2019 ഓഗസ്റ്റ് 23 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതതലസമിതി രൂപീകരിച്ച് ഉത്തരവായി. ഈ സമിതി സംസ്ഥാന ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിസ്ഥിതിസംഘടനകളിപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും അയല്‍സംസ്ഥാനങ്ങളിലെയും നിര്‍ദ്ദേശിക്കപ്പെട്ട ഇഎസ്എയുമായുള്ള തുടര്‍ച്ച, ജനസംഖ്യാ ഘടകങ്ങള്‍, തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിയത്, നഗരവല്‍ക്കരിക്കപ്പെട്ട വില്ലേജുകള്‍ തുടങ്ങിയ കേരളത്തിന്റെ പ്രത്യേകതകള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ചത് തട്ടിമറിക്കാനുള്ള ശ്രമമാണ് പരിസ്ഥിതി സംഘടനകളുടെ കുട്ടികളെയിറക്കിയുള്ള പുതിയ തന്ത്രം. ഈയവസരത്തില്‍ ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പറയുന്നതും ബാലിശമാണ്.
കെണിയൊരുക്കി വനംവകുപ്പ്
കേരളത്തിലെ ആകെ റിസര്‍വ്വ് വനത്തിന്റെ വിസ്തീര്‍ണ്ണത്തിനുള്ളിലാണ് കാര്‍ഡമം ഹില്‍ റിസര്‍വ്വും വന്നിരിക്കുന്നത്. ഏറ്റവുമൊടുവില്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുപ്രകാരം സിഎച്ച്ആര്‍ ഒഴിവാക്കി 8656.46 ചതുരശ്ര കിലോമീറ്ററാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇനിയും മേല്‍ സൂചിപ്പിച്ച വിസ്തീര്‍ണ്ണം കുറയേണ്ടതായിട്ടുണ്ട്. മലബാര്‍ മേഖലകളിലെ ജനവാസകേന്ദ്രങ്ങളുള്ള പല വില്ലേജുകളും ഇപ്പോഴും നിര്‍ദ്ദിഷ്ട പരിസ്ഥിതിലോലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലേതുപോലെ റിസര്‍വ്വ് വനങ്ങളും ജനവാസകേന്ദ്രങ്ങളും റവന്യൂഭൂമിയും വേര്‍തിരിച്ച് വില്ലേജ് അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയം നടത്തുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണം.
അന്തിമവിജ്ഞാപനം നീട്ടിക്കൊണ്ടുപോകുന്തോറും 2013 നവംബര്‍ 13ലെയും 2018 ഡിസംബര്‍ 3 ലെയും ഉത്തരവുകള്‍ നിലനില്‍ക്കും. പരിസ്ഥിതി മൗലികവാദികള്‍ക്കും വിദേശസാമ്പത്തിക ഏജന്‍സികളില്‍ നിന്ന് പണം സ്വീകരിക്കുന്ന പരിസ്ഥിതി സംഘനടകള്‍ക്കും ഈ ഉത്തരവുകളാണ് പിന്‍ബലമേകുന്നത്. അതിനാല്‍ തന്നെ ഭാവിയില്‍ അന്തിമവിജ്ഞാപനമിറക്കിയാലും കോടതി വ്യവഹാരങ്ങളിലൂടെ അട്ടിമറിക്കാനുള്ള സാധ്യതകളും തള്ളിക്കളയേണ്ട.
ജനപ്രതിനിധികള്‍ ജാഗ്രത കാട്ടണം
വനത്തിനുള്ളില്‍ മാത്രമായി പരിസ്ഥിതിലോലം നിജപ്പെടുത്തണമെന്നുള്ളതും കാര്‍ഡമം ഹില്‍ റിസര്‍വ് ഒഴിവാക്കി വനഭൂമിയുടെ വിസ്തൃതി 8656.46 ചതുരശ്ര കിലോമീറ്ററാണെന്ന സംസ്ഥാന ഗവണ്‍മെന്റ് നിലപാട് കേന്ദ്ര ഗവണ്‍മെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും സുപ്രീംകോടതിയില്‍ നിന്ന് ജനങ്ങള്‍ക്ക് എതിരെയുള്ള ഉത്തരവ് ഉണ്ടാകാതിരിക്കുന്നതിനും ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കാതെ ജാഗ്രതയോടെയുള്ള ഒറ്റക്കെട്ടായ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ ഉമ്മന്‍ കമ്മീഷന്റെ 9993.7 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ ആക്കണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ച് പരിസ്ഥിതി മൗലികവാദികളെ സഹായിക്കുന്ന നിലപാടെടുത്താല്‍ ജനങ്ങള്‍ ശക്തമായി എതിര്‍ക്കും. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍, സംരക്ഷിത വനഭൂമിയില്‍ മാത്രമായി പരിസ്ഥിതിലോലം നിജപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ തുടര്‍ കേസുകളില്‍ ഉറച്ചുനില്‍ക്കണം. കര്‍ഷകരുടെ കൃഷിഭൂമി പരിസ്ഥിതിലോലമാക്കാന്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല.
(ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയര്‍മാനുമാണ് ലേഖകന്‍)