പുരോഹിതരൂപീകരണം എന്തിന്?
പുരോഹിതരൂപീകരണപ്രക്രിയയെ വൈദികപരിശീലനം, പൗരോഹിത്യപരിശീലനം എന്നെല്ലാമാണ് നാം സാധാരണ പറയാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേവലം പൗരോഹിത്യപരിശീലനമല്ല സെമിനാരികളില്‍ നടക്കേണ്ടത്, പ്രത്യുത, പുരോഹിതരൂപീകരണമാണ്. അതായത് കാത്തോലിക്കാവിശ്വാസിയായ ഒരു വ്യക്തിയെ പൂര്‍ണ്ണമായും ക്രിസ്തുവിന്‍റെ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും അവയ്ക്കനുസരിച്ച് ജിവിക്കാനും മറ്റുള്ളവരെ അപ്രകാരം ജീവിക്കാന്‍ പഠിപ്പിക്കാനും അതിനായി പ്രചോദിപ്പിക്കാനും പ്രാപ്തനാക്കുന്ന പ്രക്രിയയാണ് സെമിനാരികളില്‍ നടക്കേണ്ടത്. മറ്റ് വാക്കുകളില്‍,അര്‍ത്ഥികളെ ക്രിസ്തുവിന്‍റെ കാലികരൂപങ്ങളായി മാറ്റുന്ന പദ്ധതിയാണത്. കാരണം ക്രിസ്തു നിര്‍വ്വഹിച്ച രക്ഷണീയദൌത്യം ഓരോ കാലത്തും ദേശത്തും ഉള്ളവര്‍ക്ക് ലഭ്യമാക്കുകയാണ് അവരുടെ ദൌത്യം. അതിനവര്‍ ക്രിസ്തുവിന്‍റെ പ്രതിരൂപങ്ങളായി മാറണം. സഭാസമൂഹമായ ക്രിസ്തുവിന്‍റെ മൌതികശരീരത്തിലെ ഓരോ അവയവവും ആ ശരീരത്തിന്‍റെ ശിരസ്സ് പറയുന്നതുപോലെയാണ് ചെയ്യേണ്ടത്. എന്നാല്‍ രക്ഷകനായ ക്രിസ്തുവിനെ വ്യക്തിപരമായി പ്രതിനിധാനം ചെയ്യുന്ന പുരോഹിതന്‍ ആ വ്യക്തിയുടെ ദൌത്യം മുഴുവനായി ഏറ്റെടുക്കണം. അതായത് ഒരുതരത്തില്‍ പുരോഹിതന്‍ രക്ഷകന്‍റെ പുനര്‍ജനനമാകണം. അങ്ങനെ ആയിത്തീരുക എളുപ്പമല്ലെന്ന് വി. പൌലൊസിനു പോലും ബോധ്യമുണ്ടായിരുന്നു (ഫിലി. 3:12). പക്ഷേ ആ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് നിരന്തരമായി ഓടുന്നവര്‍ എങ്കിലും ആകണം പുരോഹിതര്‍.
രൂപീകരണം കുടുംബത്തില്‍ ആരംഭിക്കണം
എന്നാല്‍ മേല്പ്പറഞ്ഞ രൂപീകരണം സെമിനാരിയിലല്ല, പ്രത്യുത കുടുംബത്തിലാണ് ആരംഭിക്കേണ്ടത്. മാതാപിതാക്കളുടെ ബോദ്ധ്യങ്ങളായിട്ടാണ് ആ പരിശീലനം ആരംഭിക്കുന്നത്. കത്തോലിക്കാ വിശ്വാസജീവിതത്തില്‍ പുരോഹിതന്‍റെ പങ്ക് എന്തുമാത്രമുണ്ട് എന്ന കാര്യത്തിലാണ് ആ ബോദ്ധ്യം ഉണ്ടാകേണ്ടത്. മുന്‍കാലങ്ങളില്‍ അപ്രകാരം വീട്ടില്‍ നിന്ന് തന്നെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും ബന്ധുമിത്രങ്ങളുടേയും വിശ്വാസജിവിതമാതൃകയിലൂടെയും അവരുടെ ശിക്ഷണത്തിലൂടെയും അത് നടന്നിരുന്നു. മാദ്ധ്യമങ്ങളിലൂടെയും മറ്റും അവയ്ക്ക് വിരുദ്ധമായി ആശയങ്ങള്‍ കിട്ടാന്‍ സാദ്ധ്യത വളരെ വിരളമായിരുന്നതുകൊണ്ട് കുട്ടികള്‍ ചോദ്യം ചെയ്യാതെ അവയെ സ്വീകരിച്ചു. അങ്ങനെ കുടുംബത്തില്‍ നിന്ന് കിട്ടിയ അടിസ്ഥാനത്തിന്മേലാണ് സെമിനാരിയില്‍ രൂപീകരണപ്രക്രിയ നടന്നിരുന്നത്. അതുകൊണ്ട് പുരോഹിതരൂപീകരണം കൂടുതല്‍ എളുപ്പവും ഫലപ്രാപ്തിയുള്ളതായിരുന്നു. സെമിനാരികളില്‍ നിന്ന് രൂപീകരണം കഴിഞ്ഞ് പുറത്തിറങ്ങിയ പുരോഹിതര്‍ ഏറിയ പങ്കും അവരുടെ ദൌത്യനിര്‍വ്വഹണത്തില്‍ പ്രാപ്തരും വിശ്വസ്ഥരുമായിരുന്നു.എന്നാല്‍ ഇന്ന് കാലങ്ങളും സാഹചര്യങ്ങളും ബോദ്ധ്യങ്ങളും മൂല്യങ്ങളും അവയുടെ മുന്‍ഗണനാക്രമം തന്നെയും മാറി.
ഈ ബോദ്ധ്യങ്ങളും മൂല്യങ്ങളും മുന്‍ഗണനാക്രമവും എല്ലാം മാറ്റിമറിക്കത്തക്ക വിശ്വാസം മാതാപിതാക്കള്‍ക്കില്ലെങ്കില്‍ മക്കള്‍ മാദ്ധ്യമങ്ങളിലൂടെയും കൂട്ടുകാരിലൂടെയും മറ്റും കിട്ടുന്നവയെ ഉള്‍ക്കൊള്ളും. അവ പലപ്പോഴും ക്രെെസ്തവമൂല്യങ്ങള്‍ക്ക് എതിരായിരിക്കും. അവ ഉള്‍ക്കൊണ്ട് വളര്‍ന്ന അര്‍ത്ഥികളെ യേശുവിന്‍റെ മൂല്യങ്ങളിലേക്ക് തിരികെ എത്തിക്കുക എന്നതൊരു ഭഗീരപ്രയത്നമാണ്. മാത്രമല്ല അവയെല്ലാം ഇതിലും വേഗത്തില്‍ മാറിക്കൊണ്ടുമിരിക്കും. അതിനാല്‍ രൂപീകരണരീതികളും മാറണം. ലക്ഷ്യത്തിലല്ല, പ്രത്യുത, രീതികളിലാണ് മാറ്റം വരുത്തേണ്ടത്. ഇതൊരു തുടര്‍പ്ര ക്രിയയാണ്. പുരോഹിതരായാലും ഇത് തുടരണം. കാരണം പുരോഹിതര്‍ ജീവിക്കുന്ന സാഹചര്യങ്ങളും അവരുടെ ശുശ്രൂഷ സ്വീകരിക്കുന്നവരുടെ സാഹചര്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ആ തുടര്‍പ്രക്രിയയില്‍ അവരുടെ സഹകരണം അത്യന്താപേക്ഷിതമാണ്. കാരണം ഒരിക്കല്‍ ശരിയായി രൂപീകരിക്കപ്പെട്ടാലും തുടര്‍പരിശീലനത്തിന്‍റെ അഭാവത്തില്‍ എല്ലാം നഷ്ടപ്പെടാനുള്ള സാദ്ധ്യത ഏറെയുണ്ട്. ഇക്കാര്യങ്ങളെല്ലാം അഞ്ച് പതിറ്റാണ്ടു മുമ്പ് രണ്ടാം വത്തീക്കാന്‍ സൂനഹദോസ് ആവശ്യപ്പെട്ടതാണ്. പുരോഹിതരൂപീകരണത്തെപ്പറ്റിയുള്ള പ്രമാണരേഖ ഇപ്രകാരം പറയുന്നു: ജനപദങ്ങളുടേയും പ്രാദേശിക വിഭാഗങ്ങളുടേയും വൈവിധ്യം വലുതാകയാല്‍ പൊതുവായ ചില നിയമങ്ങള്‍ നിര്‍മ്മിക്കാനേ സൂനഹദോസിന് സാധിക്കുകയുള്ളു. അതുകൊണ്ട് ഓരോ രാജ്യത്തും അഥവാ പ്രത്യേകറീത്തിലും പൌരോഹിത്യപരിശീലനത്തിനായി ഒരു പരിപാടി ആസൂത്രിതമാകണം. മെത്രാന്മാരുടെ കോണ്‍ഫറന്‍സുകളാണ് ഈ പദ്ധതി ആവിഷ്ക്കരിക്കേണ്ടത്. നിശ്ചിതാവസരങ്ങളില്‍ ഇത് നവീകരിക്കേണ്ടതാണ്. ശ്ലൈഹികസിംഹാസനത്തിന്‍റെ അംഗീകാരം ഉണ്ടായിരിക്കുകയും വേണം. അങ്ങനെ പൊതുനിയമങ്ങള്‍ സ്ഥലകാലങ്ങളുടെ പ്രത്യേക പരിസ്ഥിതികള്‍ക്കിണങ്ങുന്നതാകണം. തത്ഫലമായി അവര്‍ ശുശ്രൂഷ നിര്‍വ്വഹിക്കേണ്ട പ്രദേശങ്ങളിലെ അജപാലനാവശ്യങ്ങള്‍ക്ക് യോജിച്ച വൈദികപരിശീലനം ലഭ്യമാകണം (നമ്പര്‍ 1)സൂനഹദോസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഒട്ടേറെ മാറ്റങ്ങള്‍ ഇന്ത്യയിലെ മെത്രാന്‍ സമിതികള്‍ വരുത്തിയിട്ടുണ്ട്.
2017-ല്‍ സീറോ മലബാര്‍ സഭാസിനഡ് പുരോഹിതരൂപീകരണത്തിനുള്ള ഒരു ചാര്‍ട്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം ഇനിയും വേണ്ടപ്പെട്ടവരില്‍ നിന്ന് കിട്ടിയിട്ടില്ല. ത്രെന്തോസ് സൂനഹദോസിന്‍റെ അനന്തരഫലമായി ഉണ്ടായ സെമിനാരി വ്യവസ്ഥയുടെ ശീതളഛായയില്‍ കാര്യങ്ങള്‍ മുമ്പോട്ട് പോകുകയാണ്. കമ്പ്യൂട്ടറിന്‍റേയും വിവരസാങ്കേതികവിദ്യയുടേയും ആവിര്‍ഭാവത്തോടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് പുരോഹിതരൂപീകരണപ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്താന്‍ എളുപ്പമല്ല എന്നതും സത്യമാണ്. അതിന്‍റെ ദുരന്തഫലങ്ങള്‍ ഇന്ന് സഭയിലും സമൂഹത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
മാറ്റങ്ങളുടെ മാനദണ്ഡം
എന്താണ് കത്തോലിക്കാപൗരോഹിത്യം എന്ന് മനസ്സിലാക്കിയാലേ അതിനു വേണ്ടിയുള്ള പരിശീലനം എങ്ങനെയായിരിക്കണം എന്നും എന്ത് മാറ്റങ്ങളാണ് അതില്‍ വരുത്തേണ്ടതെന്നും വിശദീകരിക്കാന്‍ കഴിയുകയുള്ളു. പുരോഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊടുക്കേണ്ട പരിശീലനത്തെപ്പറ്റിയും അതിലൂടെ അവര്‍ എന്തായിത്തിരണം എന്നതിനെപ്പറ്റിയും രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വളരെ കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും അവയുടെ പുതുമ മായാതെ നില്ക്കുന്നു. സൂനഹദോസിന് ശേഷം കൂടുതല്‍ രേഖകള്‍ പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് നല്കപ്പെട്ടിട്ടുണ്ട്. അതുപോലെ സീറോ മലബാര്‍ സഭയടക്കമുള്ള വ്യക്തിസഭകളും അപ്രകാരം രേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ മുകളില്‍ കണ്ടു.
പുരോഹിതജീവിതത്തെ പ്രോത്സാഹിപ്പിക്കണം
സൂനഹദോസ് രേഖ പറയുന്നു: ദൈവവിളിയെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല ക്രെെസ്തവസമുദായം മുഴുവനിലും നിക്ഷിപ്തമായിരിക്കുന്നു. പ്രസ്തുത, സമൂഹം ഈ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടത് ഒന്നാമതായി തീര്‍ത്തും ക്രെെസ്തവമായ ജീവിതം വഴിയാണ്. കുടുംബങ്ങളും ഇടവകകളുമാണ് പ്രധാനമായി ഇതില്‍ സഹകരിക്കേണ്ടത്. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ഭക്തിയുടെയും ചൈതന്യം തുളുമ്പി നില്ക്കു്ന്ന കുടുംബങ്ങള്‍ പ്രാഥമിക സെമിനാരികളാണെന്ന് പറയാം. ഇടവകയുടെ ചൈതന്യവത്തായ ജീവിതത്തിലാണ് യുവതലമുറ അതിന്‍റേതായ പങ്ക് വഹിക്കുന്നത്. അദ്ധ്യാപകരും അതുപോലെ ഏതെങ്കിലും വിധത്തില്‍ കുട്ടികളുടെയും യുവാക്കളുടെയും ശിക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റെല്ലാവരും പ്രത്യേകിച്ച് കത്തോലിക്കാ ഭക്തസംഘടനകളും തങ്ങള്‍ക്കേല്പിക്കപ്പെട്ടിരിക്കുന്ന യുവതലമുറയെ വേണ്ട വിധം പരിശീലിപ്പിക്കാന്‍ യത്നിക്കണം.
ദൈവാഹ്വാനം എന്തെന്ന് ഗ്രഹിക്കുകയും സ്വതന്ത്രമായി അത് സ്വീകരിക്കുകയും ചെയ്യുന്നതിന് യുവാക്കളെ സഹായിക്കുന്നതായിരിക്കണം ഈ പരിശീലനം. ദൈവവിളി വളര്‍ത്തുന്നതില്‍ എല്ലാ വൈദികരും പ്രേഷിതതീക്ഷ്ണത പരമാവധി പ്രദര്‍ശിപ്പിക്കേണ്ടതാണ്. സസന്തോഷം നയിക്കുന്ന വിനീതവും അദ്ധ്വാനപൂര്‍ണ്ണവുമായ ജിവിതം, സഹവൈദികരോടുള്ള സ്നേഹം, ഭ്രാതൃതുല്യമായ സഹകരണം എന്നിവയിലൂടെ യുവത്തിടമ്പുകളെ പൌരോഹിത്യത്തിലേക്ക് അവര്‍ ആകര്‍ഷിക്കണം ….തീക്ഷ്ണമായ പ്രാര്‍ത്ഥന, ക്രിസ്തീയതപശ്ചര്യ എന്നീ പരമപ്രധാനവും പരമ്പരാഗതവുമായ മാര്‍ഗ്ഗങ്ങളാണ് ഈ സംയുക്ത യത്നങ്ങളുടെ വിജയത്തിനായി സൂനഹദോസ് ചൂണ്ടിക്കാണിക്കുന്നത് (പൌരോഹിത്യപരിശീലനത്തെ സംബന്ധിച്ച പ്രമാണരേഖ നമ്പര്‍ 2). ഈ പറഞ്ഞവയുടെ പശ്ചാത്തലത്തില്‍ അല്പമൊന്ന് ചിന്തിച്ചാല്‍ എന്തുകൊണ്ട് ഈ കാലട്ടത്തില്‍ പൌരോഹിത്യത്തിലേക്ക് യുവാക്കള്‍ കടന്നു വരാന്‍ മടിക്കുന്നു എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. കുട്ടികളുടെ എണ്ണം കുറഞ്ഞു എന്ന കാരണം പലപ്പോഴും നാം പറയുമ്പോഴും പുരോഹിതജീവിതത്തിലുള്ള താത്പര്യം കുറയുന്നതിനെപ്പറ്റിയുള്ള കാരണങ്ങള്‍ പലപ്പോഴും അന്വേഷണവിധേയമാകാറില്ല. പുരോഹിതരൂപീകരണപ്രക്രിയയില്‍ എവിടെയാണ് മാറ്റങ്ങള്‍ ആദ്യം വരേണ്ടത് എന്നും ഇത് വ്യക്തമാക്കുന്നു.
പുരോഹിതരൂപീകരണപദ്ധതിയുടെ ലക്ഷ്യം
എന്താണ് പുരോഹിതരൂപീകരണപദ്ധതിയുടെ ലക്ഷ്യം? ഈ പരിശീലനത്തിന്‍റെയെല്ലാം ഉദ്ദേശ്യം ഉത്തമന്മാരായ ആത്മപാലകരെ, ഗുരുവും പുരോഹിതനും ആയ യേശുക്രിസ്തുവിന്‍റെ മാതൃകയില്‍ സൃഷ്ടിക്കുക എന്നതായിരിക്കണം. ജനതകളുടെ മുമ്പില്‍ ക്രിസ്തുവിന്‍റെ പ്രാതിനിധ്യം വഹിക്കാനും അവര്‍ കഴിവുറ്റവരാക്കേണ്ടതാണ്.അവിടുന്ന് വന്നത് സേവിക്കപ്പെടാനല്ല, സേവിക്കാനാണ്. പലരുടേയും വീണ്ടെടുപ്പിനായി ജീവന്‍ ഹോമിക്കാനാണ്.അതുപോലെ എല്ലാവരുടേയും ദാസരായി അവര്‍ കൂടുതല്‍ പേരെ നേടട്ടെ (നമ്പര്‍ 4). ഇന്നത്തെ പരിശീലനപദ്ധതികള്‍ ഈ ലക്ഷ്യം സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യഛിഹ്നമായി അവശേഷിക്കുന്നു. ഇല്ലെങ്കില്‍ മാറ്റങ്ങള്‍ ഉണ്ടാകണം എന്ന കാര്യത്തില്‍ സംശയമില്ല. ഗുരു, പുരോഹിതന്‍, അജപാലകന്‍ തുടങ്ങിയവയുടെയൊന്നും അര്‍ത്ഥം ഗ്രഹിക്കാന്‍ പോലും പുതിയ തലമുറയിലെ അര്‍ത്ഥികളില്‍ പലര്‍ക്കും കഴിയുന്നില്ല. അങ്ങനെയുള്ളവര്‍ ഏത് തരം പുരോഹിതര്‍ അയിത്തിരും എന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്.
പുരോഹിതധര്‍മ്മം
കര്‍ത്താവായ ഈശോ ഈ ലോകത്തില്‍ മനുഷ്യനായി അവതരിച്ചതും പീഢകള്‍ സഹിച്ച് മരിച്ച് ഉയിര്‍ത്തെഴുന്നേറ്റതും പറുദീസാസമാനമായിരുന്ന ലോകത്തില്‍ ആദിമമനുഷ്യന്‍റെ പാപം മൂലം കടന്നു വന്ന ദുഃഖദുരിതങ്ങളെ ഇല്ലാതാക്കി ഈ ലോകത്തെ വീണ്ടും ദൈവസാന്നിദ്ധ്യത്തിന്‍റെ സ്ഥലമാക്കി മാറ്റാനും അങ്ങനെ ഈ ലോകത്തെ രക്ഷിക്കാനായിരുന്നു. ആ ലോകത്തിന്‍റെ മരണാനന്തര നിത്യതയാണല്ലോ സ്വര്‍ഗ്ഗം. വി. പൌലോസ് ഉദ്ഘോഷിക്കും പോലെ ഉയിര്‍പ്പിന്‍റെ അനുഭവം ഈ ലോകത്തില്‍ തന്നെ മനുഷ്യന് അനുഭവവേദ്യമാക്കാനായിരുന്നു രക്ഷകന്‍ വന്നത്. അതുകൊണ്ടല്ലേ അവിടുന്ന് പ്രാര്‍ത്ഥിച്ചത്: പിതാവേ, അങ്ങ് അവരെ ഈ ലോകത്തില്‍ നിന്ന് എടുക്കണം എന്നല്ല, അവരെ ദുഷ്ടനില്‍ നിന്ന് കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ആ അനുഭവത്തിന്‍റെ നിത്യതയിലേക്ക് മരണശേഷം പ്രവേശിക്കുക എന്നതായിരുന്നു അതിന്‍റെ അന്ത്യം. അതുകൊണ്ട് യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശൊ പ്രഘോഷിക്കുന്നു: “ഏകസത്യദൈവമായ അവിടുത്തേയും അവിടുന്നയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍” (യോഹ. 17:3). ജറമിയാ പ്രവാചകനിലൂടെ കര്‍ത്താവായ ദൈവം അരുളിച്ചെയ്തു: “അവന്‍ ദരിദ്രര്‍ക്കും അഗതികള്‍ക്കും ന്യായം നടത്തിക്കൊടുത്തു; അന്ന് എല്ലാം നന്നായിരുന്നു. എന്നെ അറിയുക എന്നാല്‍ ഇതുതന്നെയല്ലെ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു” (22:16). അതിനുള്ള മാര്‍ഗ്ഗവും അവിടുന്ന് തന്നെ കാണിച്ച് തന്നു. അത് ചെറുതാകലിന്‍റേയും സഹനത്തിന്‍റേയും ക്ഷമിക്കലിന്‍റേയും പങ്ക് വയ്ക്കലിന്‍റേയും മറ്റും മാര്‍ഗ്ഗ മായിരുന്നു. ശത്രുവിനെ ശപിക്കാതെ അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന മാര്‍ഗ്ഗമാണ്. കത്തോലിക്കാ സഭ നടത്തുന്ന എല്ലാ ശുശ്രൂഷകളുടേയും അന്തഃസത്ത ഇതാണ്.
പുരോഹിതന്‍റെ സ്വത്വം
കത്തോലിക്കപുരോഹിതര്‍ ഇന്ന് വളരെയധികം സ്വത്വ പ്രതിസന്ധി അനുഭവിക്കുന്നു എന്ന് പറഞ്ഞ് കേള്‍ക്കാറുണ്ട്. താന്‍ ആരാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടാത്ത അവസ്ഥയാണത്. അപ്പോള്‍ പിന്നെ തനിക്കിഷ്ടപ്പെട്ട ആരെങ്കിലും ആകാന്‍ പരിശ്രമിക്കുന്നു. പുരോഹിതന്‍റെ സ്വത്വം രക്ഷകന്‍റെ സ്വത്വമാണ്. അതുകൊണ്ടാണ് പരമ്പരാഗതമായി പുരോഹിതന്‍ മറ്റൊരു ക്രിസ്തുവാണ് എന്ന് പഠിപ്പിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ സഭയുടെ ചരിത്രത്തില്‍ പുരോഹിതര്‍ക്ക് പാശ്ചാത്യലോകത്തില്‍ ലഭിച്ച രാഷ്ട്രീയ അധികാരത്തിന്‍റെ ഫലമായി ആ സ്വത്വം സ്ഥാനവും അധികാരവും ബഹുമാനവും മറ്റുമായി തെറ്റിദ്ധരിക്കപ്പെട്ടു. ഏശയ്യായുടെ ഭാഷയില്‍ കൊലക്കളത്തിലേക്ക് നിശബ്ദനായി നടന്നുപോകുന്ന രക്ഷകന് പകരം ഇസ്രായേല്‍ രക്ഷകനെ മനസ്സിലാക്കിയത് ദാവീദിന്‍റെ പുത്രനായ രാജകുമാരനായിട്ടാണ്. അതുകൊണ്ടാണല്ലോ തങ്ങള്‍ക്ക് രാജാവിന്‍റെ ഇടതും വലതും ഇരിക്കണം എന്ന് യാക്കോബും യോഹന്നാനും ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് തെറ്റിപ്പോയി എന്ന് തിരിച്ചറിയാന്‍ പന്തക്കുസ്താ ദിവസം വരെ കാത്തിരിക്കേണ്ടി വന്നു. അതേ, രക്ഷകനയച്ച സഹായകനെ കിട്ടിയപ്പോള്‍ മാത്രമാണ് കാര്യങ്ങളുടെ നിജസ്ഥിതി അവര്‍ക്ക് മനസ്സിലായത്. അതിനായി വചനം വ്യാഖ്യാനിക്കുന്ന രക്ഷകന്‍റെ കൂടെ എമ്മാവൂസിലേക്ക് നടക്കണം. നിര്‍ഭാഗ്യവശാല്‍ ഇതിനൊന്നും ഇന്നത്തെ പുരോഹിതരൂപീകരണപദ്ധതികള്‍ പര്യാപ്തമല്ല എന്ന് തോന്നുന്നു. മുമ്പും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. പക്ഷേ അന്നത്തെ സമൂഹത്തിന് അത്രയൊക്കെ മതിയായിരുന്നു. പുരോഹിതന്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്ഥമായി പറയാനോ പ്രവര്‍ത്തിക്കാനോ എന്തിനേറെ ചിന്തിക്കാന്‍ പോലും അന്നുളള്ള ഭൂരിപക്ഷം പേരും ധൈര്യപ്പെടുകയില്ലായിരുന്നു.
ലോകത്തിന്‍റെ പാപങ്ങള്‍ വഹിക്കുന്ന കുഞ്ഞാടിന്‍റെ സ്വത്വമാണ് കത്തോലിക്കാ പുരോഹിതന്‍റേത്. ഒരു തെറ്റും ചെയ്യാതെ എല്ലാവരുടേയും പാപങ്ങള്‍ പേറി മരുഭൂമിയിലേക്ക് അയക്കപ്പെട്ട് ഭക്ഷണവും ദാഹജലവും കിട്ടാതെ സഹായത്തിനാരുമില്ലാതെ ചത്തു വീഴുന്ന കുഞ്ഞാടിന്‍റെ മാര്‍ഗ്ഗമാണത്. ഇത് ലോകത്തിന്‍റെ ഭാഷയില്‍ ഭോഷത്വമാണ്. അതാണ് കുരിശിന്‍റെ ഭോഷത്വം. അല്ലെങ്കില്‍ രക്ഷപ്പെടാന്‍ കഴിവുണ്ടായിരുന്നിട്ടും കുരിശില്‍ നിന്ന് ഇറങ്ങി വരാത്തവന്‍റെ മനോഭാവത്തെ എന്ത് വിളിക്കണം? അങ്ങനെ ഓരോ പുരോഹിതനും ആകുമ്പോള്‍ ഓരോ കാലത്തും ദേശത്തും ഉള്ളവര്‍ക്ക് അവിടുത്തെ രക്ഷയുടെ സന്ദേശം മാത്രമല്ല ഫലവും ലഭ്യമാക്കുന്നവരായി അവര്‍ മാറും. ഈ മനോഭാവത്തിലേക്ക് എല്ലാ ക്രിസ്തുശിഷ്യരും കടന്ന് വരണം എന്ന് വി. പൌലൊസ് ഉദ്ബോധിപ്പിക്കുന്നുണ്ട് (ഫിലി. 2:5). അങ്ങനെയെങ്കില്‍ യേശുക്രിസ്തുവിനെ വ്യക്തിപരമായി പ്രതിനിധാനം ചെയ്യുന്ന പുരോഹിതന്‍ എത്രയോ കൂടുതല്‍ ആ മനോഭാവത്തിലേക്ക് കടന്നു വരണം! അത് അതീവകഠിനമാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവിടുന്ന് താന്‍ തെരഞ്ഞടുത്ത തന്‍റെ അടുത്ത ശിഷ്യരായ പത്രോസിനോടും കൂട്ടരോടും ചോദിക്കുന്നത്: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? (യോഹ: 6:67). അപ്പോള്‍ പത്രോസ് പ്രത്യുത്തരിച്ചതുപോലെ കര്‍ത്താവേ ഞങ്ങള്‍ ആരുടെ പക്കലേക്ക് പോകും, നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട് എന്ന് പ്രത്യുത്തരിക്കാന്‍ കഴിയുന്ന വ്യക്തികളാക്കുക എന്നാണ് പുരോഹിതരൂപീകരണത്തിന്‍റെ ലക്ഷ്യമായിരിക്കേണ്ടത്. പുരോഹിതന്‍ അങ്ങനെ പറയാന്‍ തന്‍റെ മാതൃകയിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവനാകണം.
പൗരോഹിത്യം മാറുമ്പോള്‍
നിയമവും മാറുംപഴയനിയമത്തിലെ പൗരോഹിത്യം ബാഹ്യവും അനുഷ്ഠാനപ്രധാനവുമായിരുന്നു. പുതിയ നിയമത്തിലെ പൗരോഹിത്യമാകട്ടെ മെല്ക്കീസെദേക്കിന്‍റെ ക്രമപ്രകാരമുള്ളതാണ്. പഴയനിയമത്തില്‍ മെല്‍ക്കീസെദേക്കിനെ പറ്റി കാര്യമായ ഒരു വിവരണവും ഇല്ല. ഏതായാലും അഹറോന്‍റെ വംശത്തില്‍ പിറന്ന് പുരോഹിതശുശ്രൂഷ ചെയ്യാന്‍ അവകാശം നേടിയ വ്യക്തിയായിരുന്നില്ല അദ്ദേഹം എന്ന് നമുക്കറിയാം. ക്രിസ്തുവിന്‍റെ പൗരോഹിത്യത്തില്‍ പങ്ക് പറ്റുന്നവരുടെ കാര്യവും ഇതുപോലെ തന്നെയാണ്. അവിടെ അവകാശങ്ങളില്ല. എല്ലാം ദൈവകാരുണ്യത്തില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് ഹെബ്രായര്‍ ലേഖനം ഇപ്രകാരം പറയുന്നത്: പൗരോഹിത്യത്തില്‍ മാറ്റം വരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റം വരുന്നു (7:12). ഇസ്രായേല്‍ ജനം കാനാന്‍ ദേശം പങ്ക് വച്ചപ്പോള്‍ ദൈവം പറഞ്ഞത് ലേവിയുടെ ഗോത്രത്തിന് ഓഹരി വേണ്ട എന്നാണ്. സ്ഥലത്തിന്‍റെ ഓഹരി വേണ്ട എന്ന് മാത്രമേ പറഞ്ഞുള്ളു. ഒന്നും വേണ്ട എന്ന് പറഞ്ഞില്ല. കര്‍ത്താവായ ദൈവം അരുളിച്ചെയ്തു: “ലേവ്യരുടെ ഓഹരി ഞാനാണ്.”
ഇത് ഉള്‍ക്കൊള്ളാന്‍ അര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പരിശീലനപദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. പക്ഷേ, പുരോഹിതരൂപീകരണ രീതികള്‍ കാര്യമായൊന്നും മാറാത്തതുകൊണ്ട് ഇന്നും പഴയനിയമ പൗരോഹിത്യ സങ്കല്പവുമായാണ് ഭൂരിഭാഗം പുരോഹിതരും പുറത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ അവരുടെ ശ്രദ്ധ കൂടുതലും സഭയെ (ecclessia) പണിതുയര്‍ത്താനല്ല പ്രത്യുത പള്ളിയെ (church)പണിതുയര്‍ത്താ നാണ്. ഇടയന്മാരുടെ നാഥന്‍ വരുമ്പോള്‍ കിട്ടാന്‍ പോകുന്ന ഒളി മങ്ങാത്ത കിരീടത്തേക്കാള്‍ (1 പത്രോ. 5:4) മനുഷ്യന്‍ കൊടുക്കുന്ന കൃത്രിമകിരീടത്തെ അവര്‍ കൂടുതല്‍ വിലമതിക്കുന്നതായി കാണുന്നു.
പുരോഹിതരൂപീകരണം വചനാധിഷ്ഠിതമാകണം
“ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്‍റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്” (ഹെബ്ര. 4:12). മനുഷ്യര്‍ പറയുന്ന ഉപദേശങ്ങളും കൊടുക്കുന്ന തിരുത്തലുകളും എല്ലാം വചനത്തിന്‍റെ അടിസ്ഥാനത്തിലാണെങ്കിലും അത് മനുഷ്യവചനം തന്നെയാണ്. അവയ്ക്ക് അത്രയേ ആധികാരികതയുള്ളു. നേരേ മറിച്ച് ഗ്രന്ഥത്തിലെ വാക്കുകള്‍ ദൈവത്തിന്‍റെ വാക്കുകളാണെന്നും അവ തന്‍റെ ജീവിതപ്രമാണമാണെന്നും അര്‍ത്ഥികള്‍ക്ക് ബോദ്ധ്യം വരുമ്പോള്‍ പറയാതെ തന്നെ അവര്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും. ദൈവത്തിന്‍റെ വചനം ഉള്‍ക്കൊള്ളാതെ എന്താണ് നിത്യജിവനെന്നും അത് നേടാനുള്ള മാര്‍ഗ്ഗമെന്തെന്നും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുകയില്ല.
കത്തോലിക്കരെ സംബന്ധിച്ച് വചനം എഴുതപ്പെട്ടത് മാത്രമല്ല, പാരമ്പര്യത്തിലൂടെ കൈമാറപ്പെട്ടതുമാണ് എന്നും അതുകൊണ്ട് ഇപ്പോള്‍ സഭയിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഭാഗികമായെങ്കിലും അങ്ങനെ വന്നിട്ടുള്ളതാണ് എന്നുമുള്ള വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ ക്രെെസ്തവരൂപീകരണത്തില്‍ എഴുതപ്പെട്ട വചനത്തിന്‍റെ പ്രാധാന്യം ഒട്ടും കുറച്ച് കാണാന്‍ പറ്റുകയില്ല. വചനത്തിലൂടെയല്ലാതെ അനുനിമിഷം രക്ഷകനായ യേശുക്രിസ്തുവിനെ തിരിച്ചറിയാനും കഴിയുകയില്ല. അല്ലെങ്കില്‍ ഒരു സാമുഹ്യവിപ്ലവകാരിയായും സാമൂഹ്യപ്രവര്‍ത്തകനായും അധികാരികളെ വെല്ലുവിളിച്ചയാളായും മറ്റുമൊക്കെയേ കാണാന്‍ കഴിയൂ. ഒരു തെറ്റും ചെയ്യാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ബലിയായവനാണ് അവിടുന്ന് എന്ന തിരിച്ചറിവ് അര്‍ത്ഥികള്‍ക്ക് രൂപീകരണപ്രക്രിയയുടെ അന്ത്യത്തില്‍ ബോദ്ധ്യപ്പെടണം. പൌലൊസ് ശ്ലീഹാ പഠിപ്പിക്കുന്ന പോലെ എല്ലാം എനിക്ക് നിയമാനുസൃതമാണെങ്കിലും ഉപകാരപ്രദമല്ല വസ്തുത അപ്പോള്‍ അര്‍ത്ഥികള്‍ക്ക് ബോദ്ധ്യപ്പെടും.
കത്തോലിക്കാ സഭ പരമ്പരാഗതമയി ദൈവവചനവായന അത്രയൊന്നും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നത് ചരിത്രസത്യമാണ്. മലയാളത്തില്‍ തന്നെ ആദ്യമായി ഔദ്യോഗിക സമ്പൂര്‍ണ്ണ തര്‍ജ്ജമ ഉണ്ടായത് 1982-ലാണ്. സെമിനാരികളില്‍ അതെല്ലാം എത്തിപ്പെടാന്‍ പിന്നെയും ഏറെ വര്‍ഷങ്ങള്‍ വേണ്ടി വന്നു. തുടര്‍ച്ചയായ വായനയുടെ കാര്യം പറയുകയും വേണ്ട. വഞ്ചി ഇന്നും തിരുനക്കരെ തന്നെയാണ് എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് സെമിനാരികളില്‍ ബൈബിള്‍ പഠനം നിര്‍ബന്ധമാക്കി. എന്നാല്‍ അത് കേവലം ബൌദ്ധികതലത്തില്‍ ഒതുങ്ങിപ്പോയി എന്ന് പറയാതെ വയ്യ. ഇന്നുള്ള ബൈബിള്‍ പഠനം കേവലം അറിവിന്‍റെ തലത്തില്‍ മാത്രം ഒതുങ്ങി നില്ക്കു്ന്നതാണ്. ബൈബിളിനെ ഒരു ശാസ്ത്രീയ അപഗ്രഥനത്തിന് അതിലൂടെ വിധേയമാക്കുകയാണ് ചെയ്യുന്നത്. വി. ഗ്രന്ഥത്തിലെ ഏതാനും ചില ഭാഗങ്ങള്‍ മാത്രം എടുത്ത് അവയുടെ ചരിത്രവും പശ്ചാത്തലവും അര്‍ത്ഥവും എല്ലാം പറഞ്ഞു കൊടുക്കുന്ന രീതി വചനമനുസരിച്ച് ജീവിക്കാന്‍ അര്‍ത്ഥികളെ പ്രാപ്തരാക്കുന്നില്ല. അതുകൊണ്ട് തന്നെ വചനാധിഷ്ഠിതമായ ഒരു അജപാലനരീതി ഇടവകകളില്‍ ആവിഷ്ക്കരിക്കാനും അവര്‍ക്ക് കഴിയുന്നില്ല.സന്യാസ വൈദികപരിശീലനത്തില്‍ ഇക്കാര്യം കൂടുതല്‍ പ്രകടമാണ്. അതുകൊണ്ട് അവരുടെ ശ്രദ്ധ കൂടുതല്‍ സ്ഥാപനവല്ക്ക രണത്തിലേക്ക് തിരിയുന്നു.
വചനാധിഷ്ഠിത രൂപീകരണത്തിന്‍റെ അഭാവത്തില്‍ അന്നത്തെയും ഇന്നത്തേയും എല്ലാം വൈദികര്‍ നല്ല പങ്കും ആചാരനുഷ്ഠാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നവരാണ്. അതവരുടെ കുറ്റമല്ല. അവര്ക്ക് കിട്ടിയ പരിശീലനം മറിച്ച് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നില്ല. അനാവശ്യമായ ആഘോഷങ്ങളും പെരുന്നാളുകളും പ്രദിക്ഷണങ്ങളും നൊവേനകളും സ്ഥാപനവല്ക്കരണവും എല്ലാം അങ്ങനെ ഉണ്ടാകുന്നതാണ്. അതുപോലെ തന്നെ അനാവശ്യമായി വിശുദ്ധരുടെ രൂപങ്ങള്‍ ഉണ്ടാക്കി പള്ളികളില്‍ സ്ഥാപിക്കുന്നതും അവരുടെ നാമത്തില്‍ അനിയന്ത്രിതമായി കുരിശുപള്ളികള്‍ സ്ഥാപിക്കുന്നതും എല്ലാം വചനാധിഷ്ഠിതമല്ലാത്ത ഒരു പുരോഹിതരൂപീകരണത്തിന്‍റെ അഭാവത്തില്‍ സംഭവിക്കുന്നതാണ് എന്ന് കാണാം. വചനത്തില്‍ അധിഷ്ഠിതമല്ലാത്ത കേവലബോധവല്കരണം ഇവയൊന്നും ഇല്ലാതാക്കാന്‍ സഹായിക്കുകയുമില്ല. അവ മനുഷ്യവചനങ്ങളായി മാത്രമേ വ്യാഖ്യാനിക്കപ്പെടുകയുള്ളു.
വചനാധിഷ്ഠിതമായി വിശ്വാസപരിശീലനം കിട്ടാത്ത ഇടവകജനങ്ങളും അത് തന്നെ ആവശ്യപ്പെടും. നമ്മുടെ വിശ്വാസപരിശിലനപദ്ധതികള്‍ കൊടുക്കുന്നത് കൂടുതലും അറിവ് മാത്രമാണ്, രൂപീകരണമല്ല. അതുകൊണ്ട് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അതില്‍ താത്പര്യം കുറവാണ് എന്ന് മാത്രമല്ല താത്പര്യത്തോടെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ പോലും പലരും അവരുടെ വിശ്വാസജീവിതത്തില്‍ അമ്പേ പരാജയപ്പെടുകയും ചെയ്യുന്നു. കരിസ്മാറ്റിക്ക് പ്രസ്ഥാനം ഭാരതത്തില്‍ എത്തിപ്പെട്ടതോടെയാണ് വചനവായനക്ക് പ്രാധാന്യവും പ്രചാരവും ലഭിച്ചത് എന്നതാണ് വസ്തുത. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മാര്‍ട്ടിന്‍ ലൂതറിന്‍റെ ശ്രമഫലമായി ജര്‍മ്മന്‍ ഭാഷയിലേക്ക് വി. ഗ്രന്ഥം തര്‍ജ്ജിമ ചെയ്യപ്പെടുകയും പ്രൊട്ടസ്റ്റന്‍റ് സഭകളിലൂടെ അത് ലോകത്തില്‍ എല്ലായിടത്തുമുള്ള അകത്തോലിക്കാസഭകളില്‍, പ്രത്യേകിച്ച് നവീകരണസഭകളില്‍ പ്രചരിക്കുകയും ചെയ്തു. ഭാരതത്തിലും കേരളത്തിലും എല്ലാം ഇത് സംഭവിച്ചു.പ്രത്യേകിച്ച് കേരളത്തില്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന് സാമാന്യം മെച്ചപ്പെട്ട വേരോട്ടം ലഭിച്ചു. അതേത്തുടര്‍ന്ന് വചനത്തില്‍ അധിഷ്ഠിതമായ പ്രഘോഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടുകയും അനേകായിരങ്ങള്‍ അവയിലൂടെ വചനത്താല്‍ പ്രചോദിപ്പിക്കപ്പെടുകയും ചെയ്തു. ഈ കേന്ദ്രങ്ങളിലൊന്നും ബാഹ്യമായ ആഘോഷങ്ങളില്ല. എന്നിട്ടും ആളുകള്‍ അങ്ങോട്ട് ഓടിക്കൂടുന്നു. വചനത്തിന്‍റെ ശക്തി അവരുടെ മജ്ജയിലേക്കും മാംസത്തിലേക്കും എല്ലാം തുളച്ചു കയ്യറി പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്നാണതിനര്‍ത്ഥം. അതോടൊപ്പം അവര്‍ക്ക് ഇടവകകളില്‍ അനുഭവപ്പെടുന്ന വചനദാരിദ്ര്യവും അതിന് മറ്റൊരു കാരണമാണ്. പരമ്പരാഗതമയി വൈദികരുടേയും സന്യസ്തരുടേയും മാത്രം ശുശ്രൂഷാരംഗമായിരുന്ന അഗതിഅനാഥമന്ദിരങ്ങള്‍ തുടങ്ങിയവ നടത്തുന്ന എത്രയോ അല്മായ ശുശ്രൂഷകരുണ്ട് ഇന്ന്. ആരും പറഞ്ഞിട്ടല്ല അവരവ നടത്തുന്നത്. പ്രത്യുത, വചനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. ജീസസ് യൂത്ത് പോലെയുള്ള യുവജനപ്രസ്ഥാനങ്ങള്‍ കരിസ്മാറ്റിക്ക് നവീകരണത്തിന്‍റെ ഫലമായ വചനവായനയാല്‍ പ്രചോദിപ്പിക്കപ്പെട്ടവരാണ്. മിഷനറിമാരായി പോകാന്‍ താത്പര്യമുള്ള ദമ്പതികള്‍ തന്നെ ഇന്ന് ഒട്ടും കുറവല്ല.
ഇതിലെല്ലാം ഉപരി ശാസ്ത്രീയമായി തന്നെ വി. ഗ്രന്ഥം പഠിക്കാ!നായി ധാരാളം പേര്‍ ബൈബിള്‍ കോഴ്സുകളില്‍ ചേരുന്നുണ്ട്. അത്രയും താത്പര്യം ഒരു പക്ഷേ രൂപീകരണത്തിലായിരിക്കുന്ന പുരോഹിതാര്‍ത്ഥി കള്‍ക്കുണ്ടാകണമെന്നില്ല. സെമിനാരികളില്‍ ഒരു പ്രധാനവ്യഗ്രത പരീക്ഷയെപ്പറ്റിയാണ്. അതുകൊണ്ട് സെമിനരിജീവിതം അവസാനിക്കുന്നതൊടെ വായനയും പഠനവും പൊതുവേ പുരോഹിതരുടെ ഇടയില്‍ കുറയുന്നു. ഒരു പുതിയ ഭാഷാസങ്കേതം തന്നെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിലൂടെ സഭയില്‍ നിലവില്‍ വന്നു. “സേവനം” എന്ന വാക്കിന് പകരം “ശുശ്രൂഷ” എന്ന വാക്ക് ചേര്‍ത്താണ് സഭാപ്രവര്‍ത്തനത്തില്‍ പലതിനേയും ഇന്ന് വിശേഷിപ്പിക്കുന്നത്. പൌരോഹിത്യം പോലും അങ്ങനെയാണ് ഇന്ന് അറിയപ്പെടുന്നത്. ദേവാലയ ശുശ്രൂഷി, ഗാനശുശ്രൂഷ, കാലുകഴുകല്‍ ശുശ്രൂഷ തുടങ്ങിയ പ്രയോഗങ്ങളെല്ലാം അങ്ങനെ ഉല്ഭവിച്ചിട്ടുള്ളതാണ്.
ചുരുക്കത്തില്‍ ദൈവവചനത്തിന് ഭാഷയെ പോലും മാറ്റി മറിക്കാന്‍ കഴിയും. അതിലും എത്രയോ അധികമായി പൌരോഹിത്യശുശ്രൂഷകരെ മാറ്റാന്‍ കഴിയും എന്ന് ചിന്തിച്ച് നോക്കിയാല്‍ മതി!വചനഘോഷണകേന്ദ്രങ്ങളും സ്ഥപനവത്കൃതമാകുന്നതോടെ അവിടേയും വചനത്തിന് പ്രാധാന്യം കുറയാനുള്ള സാദ്ധ്യത നിലനില്ക്കുന്നു. മാത്രമല്ല, ഒരു പ്രാഥമികപ്രഘോഷണം കൊണ്ട് മാത്രം രൂപീകരണം പൂര്‍ത്തിയാകുന്നില്ല. അതിന്‍റെ തുടര്‍പ്രവര്‍ത്തനം അജപാലനശൈലിയിലും വിശ്വാസപരിശീലനപദ്ധതികളിലും എല്ലാം സ്വാധീനം ചെലുത്തുമ്പോള്‍ മാത്രമേ അവ ശാശ്വതമായി നിലനില്ക്കുകയുള്ളു. അതിനായി പുരോഹിതാര്‍ത്ഥികള്‍ രൂപീകരിക്കപ്പെടണം. ഇന്ന് പാശ്ചാത്യലോകത്ത് കാണപ്പെടുന്ന സഭയിലെ ശുഷ്ക്കതക്ക് കാരണം വചനാധിഷ്ഠിതമായ ഒരു വിശ്വാസപരിശീലന പദ്ധതിയും പുരോഹിതരൂപീകരണശൈലിയും ഉണ്ടായില്ല എന്നതാണെന്ന് തോന്നുന്നു. പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ വി. ഗ്രന്ഥവായന കത്തോലിക്കാസഭയില്‍ ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിനും അവിടെ സ്വീകാര്യത കുറവായിരുന്നു. തല്ഫലലമായി പുരോഹിതസമര്‍പ്പി തരൂപീകരണ കേന്ദ്രങ്ങളിലും അതുണ്ടായില്ല. അതുകൊണ്ട് തന്നെ കുടുംബങ്ങളിലും വി. ഗ്രന്ഥത്തിന് പ്രാധാന്യം ഉണ്ടായില്ല. അലങ്കരിച്ച് വയ്ക്കാനുള്ള ഒരു പുസ്തകമായി വി. ഗ്രന്ഥം തരംതാണു പോയി എന്നതാണ് സത്യം. ഒരു നിധി വീട്ടിലും പള്ളിയിലും ആശ്രമത്തിലും എല്ലാം മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് കണ്ടെത്താന്‍ അധികമാര്‍ക്കും കഴിഞ്ഞില്ല.
വെല്ലുവിളികള്‍
ഏതൊരു കാര്യവും തുടക്കത്തിലാണെങ്കില്‍ അവ നടപ്പിലാക്കാന്‍ താരതമ്യേന എളുപ്പമായിരിക്കും. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ അത് വളരെ പ്രയാസമുള്ളതും കുറച്ചുകൂടി കഴിഞ്ഞാല്‍ അസാധ്യവും ആകുമല്ലൊ. വചനാധിഷ്ഠിത പുരോഹിതസന്യസ്തരൂപീകരണത്തില്‍ ഈയൊരു പ്രശ്നം അന്തര്‍ലീനമായി കിടപ്പുണ്ട്. മാത്രമല്ല, പല തരത്തിലുള്ള നയ്യാമിക പ്രയാസങ്ങളും ഉണ്ട്. അതിനെല്ലാം പുറമേയാണ് ഇന്നത്തെ മാറിയ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങള്‍. കുട്ടികള്‍ അവയില്‍ നിന്നാണ് വരുന്നത്. ഉദാഹരണത്തിന് മാദ്ധ്യമങ്ങളിലൂടെ നിരന്തരം കത്തോലിക്കാവിശ്വാസത്തിന് എതിരായ കാര്യങ്ങള്‍ കണ്ടും കേട്ടും ശീലിച്ച ഒരു അര്‍ത്ഥി അവയില്‍ കുറെയെങ്കിലും ഉള്‍ക്കൊ ണ്ടിട്ടുണ്ടാകും. ബോദ്ധ്യങ്ങളും കാഴ്ചപ്പാടുകളും എല്ലാം ആ തരത്തില്‍ രൂപപ്പെടുത്തിയിട്ടുമുണ്ടാകും.
കേവലമൊരു രൂപീകരണപദ്ധതികൊണ്ട് അവയെ മാറ്റിയെടുക്കാന്‍ കഴിയുകയില്ല. പ്രകടമായി രൂപീകരണസമയത്ത് അതൊന്നും കാണത്തതുകൊണ്ട് അയാളെ പുരോഹിതനാക്കും. എന്നാല്‍ പിന്നീടാണ് ആദ്യമുണ്ടായിരുന്ന ബോദ്ധ്യങ്ങള്‍ പ്രവര്‍ത്തനത്തിലൂടെ പുറത്ത് വരുന്നത്.ദൈവം, അനശ്വരമായ അത്മാവ്, ആദിപാപം, ഉല്ഭവപാപം, സ്വര്‍ഗ്ഗം , നരകം, ശുദ്ധീകരണസ്ഥലം, ഉയിര്‍പ്പ്, ക്രിസ്തീയ ധാര്‍മ്മികത, മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥകനകള്‍, വിശുദ്ധരോടുള്ള വണക്കം തുടങ്ങിയവയെപ്പറ്റിയെല്ലാം ചോദ്യം ചോദിക്കുന്ന തലമുറയാണ് ഇന്നത്തേത്. പരപരാഗതമയ ഉത്തരങ്ങള്‍ കൊണ്ട് അവര്‍ തൃപ്തരല്ല. കാരണം അവയൊന്നും അവരുടെ ശാസ്ത്രിയമായ ബോദ്ധ്യങ്ങളോട് ചേര്‍ന്ന് പോകുന്നില്ല. പുരോഹിതരൂപീകരണം കഴിഞ്ഞിറങ്ങുന്നവര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ പ്രാപ്തരാകുന്ന രീതിയില്‍ ഒരു പക്ഷേ വിശ്വാസസത്യങ്ങളെ പുനരാഖ്യാനം ചെയ്യേണ്ടി വരും. ആ വഴിക്കുള്ള അന്വേഷണങ്ങളൊന്നും കാര്യമായി നടക്കുന്നില്ല.
രൂപീകരണകേന്ദ്രങ്ങള്‍ക്കകത്തും പുറത്തുമുള്ള ബോധനരീതികളിലുള്ള വ്യത്യാസം വളരെയധികം അര്‍ത്ഥികളുടെ ഗ്രഹണത്തേയും മറ്റും ബാധിക്കുന്നുണ്ട്. പത്താം ക്ലാസ് വരെ ആധുനിക മാദ്ധ്യമങ്ങളുടെ സഹായത്തോടെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ രൂപീകരണ കേന്ദ്രത്തില്‍ എത്തുമ്പോള്‍ കാണുന്നത് അവര്‍ക്ക് യാതൊരു പരിചയവും ഇല്ലാത്ത രീതിയിലാണ്. അപ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നു. രൂപതകളും സമര്‍പ്പി തസമൂഹങ്ങളും നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോലും ആധുനിക ബോധനമാദ്ധ്യമങ്ങള്‍ വലിയ മുതല്‍ മുടക്കില്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ അവയെല്ലാം നോക്കിനടത്തേണ്ടവരെ രൂപീകരിക്കുന്ന സ്ഥലങ്ങളില്‍ ആ വഴിക്കുള്ള ശ്രമങ്ങള്‍ വളരെ വിരളമാണ് താനും. ഫലം ചിന്തനീയം.
മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉള്ളതുപോലെ കഠിനമായ പരീക്ഷകളൊന്നും ഇല്ലാത്തതുകൊണ്ട് കഷ്ടിച്ച് മാത്രം പഠിച്ച് ജയിക്കാനുള്ള പ്രവണത പല അര്‍ത്ഥികളിലും ഉണ്ടാകുന്നു. അത്രയൊന്നും പഠിക്കാന്‍ കഴിയാത്തവരും കടന്നുകൂടാം. അര്‍ത്ഥികളുടെ ക്ഷാമം രൂക്ഷമായതിനാല്‍ അധികാരികള്‍ അതിന് നേരെ കണ്ണടക്കും. അങ്ങനെയുള്ളവര്‍ തന്നെ കുറേക്കാലത്തിന് ശേഷം രൂപീകരണപ്രക്രിയയുടെ ഉത്തരവാദിത്വത്തില്‍ എത്തിപ്പെട്ടെന്ന് വരാം. അപ്പോള്‍ അവര്‍ രൂപീകരിക്കുന്നവരുടെ ഗുണനിലവാരം വീണ്ടും കുറയുന്നു.പുരോഹിതബ്രഹ്മചര്യം ഇന്ന് വളരെയധികം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഒരു പ്രധാന കാരണം ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയവയിലൂടെ കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ലൈംഗികചിത്രങ്ങള്‍ കാണുകയും അവയ്ക്ക് അടിപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഈയൊരു കാരണത്താല്‍ തന്നെ പുരോഹിതജീവിതത്തോട് താത്പര്യമുള്ള കുട്ടികള്‍ക്ക് പോലും അതിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. അങ്ങനെയുള്ളവര്‍ പുരോഹിതരൂപീകരണത്തിന് എത്തിയാല്‍ പോലും ജിവിതം എളുപ്പമായിരിക്കണമെന്നില്ല. ഏതെങ്കിലും തരത്തില്‍ അതിനെ അതിജീവിച്ച് പുരോഹിതജീവിതം ആരംഭിച്ചാല്‍ തന്നെ വീഴ്ചകള്‍ പ്രതീക്ഷിക്കാം. കുട്ടിപ്രായത്തില്‍ തന്നെ പാശ്ചാത്യരാജ്യങ്ങളിലെ പോലെയല്ലെങ്കിലും സമാനമായ രീതിയില്‍ കൂട്ടുകാരികളേയും കൂട്ടുകാരന്മാരെയും കൂടെ കൂട്ടുന്നവരുടെ സംഖ്യയും ഇന്ന് ഏറി വരുന്നുണ്ട്. ഇവിടെയെല്ലാം ലൈംഗികമായ പാപകൃത്യങ്ങളില്‍ മുഴുകാനുള്ള സാദ്ധ്യതയും കുറവല്ല. അതും പുരോഹിതരൂപീകരണവിഷയത്തില്‍ ഒരു വെല്ലുവിളിയാണ്.ഭാഷാപരമായ കഴിവുകളാണ് ഇന്നത്തെ ഒരു പ്രധാന വെല്ലുവിളി. ഈ പ്രശ്നം ഒരു പക്ഷേ കേരളത്തിലായിരിക്കാം ഏറ്റം രൂക്ഷം. തത്ഫലമായി വിഷയങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ വളരെ പ്രയാസമാകുന്നു. ഇതിന്‍റെയെല്ലാം ഫലമായി വി. ഗ്രന്ഥം പോലും അര്‍ത്ഥം ഗ്രഹിക്കാതെ പലരും വായിച്ച് വിടുന്നു. മറ്റ് വാക്കുകളില്‍ അവര്‍ കര്‍ത്താവിന്‍റെ വചനങ്ങളുടെ പൊരുള്‍ ഗ്രഹിക്കാതെ പുരോഹിതരാകുന്നു. അങ്ങനെയുള്ളവര്‍ക്ക് അവിടുന്നുമായി താദാദ്മ്യം പ്രാപിക്കാനോ മറ്റുള്ളവര്‍ക്ക് അവിടുത്തെ സന്ദേശം പറഞ്ഞു കൊടുക്കാനോ കഴിയില്ല എന്നത് വ്യക്തമാണല്ലൊ. ഇതിന്‍റെയെല്ലാം ഫലമായി അവര്‍ കേവലം തിരുക്കര്‍മ്മങ്ങളുടെ കര്‍്മ്മികളായി മാറാം. എല്ലാറ്റിനും ഉപരിയായ വെല്ലുവിളിയായി വര്‍ദ്ധിച്ചു വരുന്ന നിര്‍മ്മതത്വത്തെ (indifference) കാണാവുന്നതാണ്. ഈ ലോകം കൊണ്ട് എല്ലാം അവസാനിക്കുന്നു എന്നും അതുകൊണ്ട് പറ്റുന്നത്രയും ഇവിടെ ആസ്വദിച്ച് കടന്നു പോകുകയാണ് യുക്തി എന്നുമുള്ള ആശയം വച്ച് പുലര്‍ത്തുന്ന ധാരാളം പേര്‍ ഇന്നുണ്ട്. അത്തരം ആശയങ്ങളുടെ സ്വാധീനം ഇന്ന് മാദ്ധ്യമങ്ങളില്‍ വളരെ ശക്തമാണ് താനും. പുരോഹിതരൂപീകരണത്തിലായിരിക്കുന്ന അര്‍ത്ഥികളിലും ഇത് കാണാറുണ്ട്. അങ്ങനെയുള്ളവര്‍ പുരോഹിതരാകുമ്പോള്‍ ഉണ്ടാകുന്ന അപകടം വളരെ വലുതായിരിക്കും. അവര്‍ക്ക് പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും ഉപവസത്തിലും ഒന്നും വിശ്വാസം ഉണ്ടാകുകയില്ല എന്നത് വ്യക്തമാണ്. അപ്പോള്‍ സഭയുടെ വിശ്വാസാടിത്തറ തന്നെയായിരിക്കും ഇളകുന്നത്.
(സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ചത്)