വൈദികര്‍ക്ക് വിവാഹം ചെയ്യാമോ? വിവാഹിതരായവരെ വൈദികരാക്കുമോ?

ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട പാപ്പായുടെ വാക്കുകള്‍

നോബിള്‍ തോമസ് പാറക്കല്‍

വിവാഹിതരായവര്‍ക്കും കത്തോലിക്കാസഭയില്‍ പട്ടം നല്കുമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവന സാഹചര്യത്തില്‍ നിന്നും വളരെയധികം അടര്‍ത്തിമാറ്റപ്പെട്ടതും ദുരുദ്ദേശ്യത്തോടെ വ്യാഖ്യാനിക്കപ്പെട്ടതുമാണെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിവാഹിതരാവയര്‍ക്ക് പൗരോഹിത്യം നല്കുന്നത് സംബന്ധിക്കുന്ന ചര്‍ച്ചകള്‍ക്ക് സഭ തുറവികാണിക്കേണ്ടതുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു എന്ന നിലയിലാണ് പാപ്പായുടെ പ്രസ്താവനകള്‍ ഈ ദിവസങ്ങളിലെല്ലാം വാര്‍ത്താമാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത പ്രസ്താവന ഒരു സംഭാഷണമദ്ധ്യയുള്ള പാപ്പായുടെ പ്രയോഗങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വിശദീകരിക്കുന്നു.

പാന്‍-ആമസോണ്‍ മേഖലയിലെ വൈദികരുടെ ദൗര്‍ലഭ്യത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ഹ്യൂംസുമായുള്ള ചര്‍ച്ചയിലെ പ്രസ്താവനയാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. ഈ പ്രദേശത്ത് പതിനായിരം കത്തോലിക്കാവിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്നതാണ് കണക്ക്. വൈദികരുടെ കുറവ് വിശ്വാസികളുടെ ജീവിതത്തെ വളരെയധികം മോശമായി ബാധിക്കുന്നു എന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ വൈദികരുടെ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. അതിനിടയിലാണ് ഉത്തമകുടുംബജീവിതം നയിക്കുന്നവരും കുറ്റമറ്റവരെന്ന് തെളിയിക്കപ്പെട്ടവരുമായ അല്മായര്‍ക്ക് (viri probati/ proven men) പട്ടം നല്കുന്നതിന്‍റെ സാധ്യതയെപ്പറ്റി പാപ്പാ പരാമര്‍ശിച്ചത്. ”വൈദികര്‍ അത്രയേറെ ആവശ്യമുള്ള ഇടങ്ങളില്‍ മാത്രം ഈയൊരു സാധ്യതയെപ്പറ്റി ചിന്തിക്കാം. പക്ഷേ, താത്പര്യമുള്ളവര്‍ മാത്രം ബ്രഹ്മചര്യം സ്വീകരിച്ചാല്‍ മതിയെന്ന നയം (optional celibacy) ഒരിക്കലും സ്വീകാര്യമല്ല”.

വൈദികബ്രഹ്മചര്യത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെയാണ് പാപ്പാ ഈ പ്രസ്താവന നടത്തുന്നത്. എന്നാല്‍ സെന്‍സേഷണലിസം മാത്രം ലക്ഷ്യം വക്കുന്ന മാധ്യമങ്ങള്‍ അത് കാണാതെ പോയി. വിവാഹിതരായവരെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്പോള്‍ അവര്‍ കുറ്റമറ്റവരെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടവരായിരിക്കണം. ഒപ്പം ഇത്തരക്കാരെ പരിഗണിക്കണമെങ്കില്‍ അതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും സഭാനിയമത്തില്‍ അത് പരാമര്‍ശിക്കപ്പെടുകയും വേണം. മാത്രവുമല്ല, ഇത്തരമൊരു ഒഴിവ് പ്രായോഗികമായാല്‍ത്തന്നെ അത് സവിശേഷസാഹചര്യം നിലനില്ക്കുന്ന ആ ഒരു പ്രദേശത്ത് മാത്രമായിരിക്കും നിലനില്ക്കുക. ഒരു പ്രദേശത്തിന്‍റെ മാത്രം അജപാലനസവിശേഷതകളെ മുന്‍നിര്‍ത്തി ആലോചനയില്‍ പ്രത്യക്ഷപ്പെട്ട പ്രസ്താവനയെ സാര്‍വ്വത്രികസഭയിലെ വിപ്ലവക്കൊടുങ്കാറ്റാക്കി ചിത്രീകരിക്കുന്നത് മാധ്യമകുത്രന്ത്രം മാത്രമാണ്.

വൈദികബ്രഹ്മചര്യം എത്രയോ ഉന്നതവും സവിശേഷവുമാണ്. ക്രിസ്തുവിന്‍റെ ജീവിതത്തോടും സന്ദേശത്തോടും ബന്ധപ്പെട്ടാണതിരിക്കുന്നത്. വിശ്വാസത്തിന്‍റെ കണ്ണുകളിലാണത് സാര്‍ത്ഥകമായി വ്യാഖ്യാനിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്നത്. ബനഡിക്ട് പാപ്പാ 2010-ല്‍ പറഞ്ഞിരുന്നു, “ദൈവത്തിന് പ്രവേശനമില്ലാത്തൊരു ലോകത്തില്‍ ബ്രഹ്മചര്യം വലിയൊരു ഉതപ്പാണ്. കാരണം ബ്രഹ്മചര്യത്തില്‍ ദൈവം ഒരു യാഥാര്‍ത്ഥ്യമായി പരിഗണിക്കപ്പെടുകയും അനുഭവിക്കപ്പെടുകയും ചെയ്യുന്നു. ബ്രഹ്മചര്യത്തിന്‍റെ യുഗാന്ത്യോന്മുഖമാനത്തില്‍ ദൈവമാകുന്ന ഭാവികാലം നമ്മുടെ സമയത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. അതിനെ നാം അപ്രത്യക്ഷമാക്കണമോ?”

വൈദികബ്രഹ്മചര്യത്തില്‍ കാലഘട്ടത്തിന്‍റേതായ അപചയങ്ങളുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, നിലനില്ക്കുന്ന നന്മയുടെ ഒരു വലിയ ലോകത്തെ തമസ്കരിക്കാനുള്ള സംഘടിതശ്രമത്തിന്‍റെ ഭാഗമാണ് വളച്ചൊടിക്കപ്പെട്ട ഇത്തരം വാര്‍ത്തകളും വ്യാഖ്യാനങ്ങളും. കേരളത്തില്‍ ഈ വാര്‍ത്തയെ ദുര്‍ഗന്ധം വമിപ്പിക്കുന്ന വാക്കുകള്‍കൊണ്ട് പ്രസിദ്ധീകരിച്ച, പേരുപറയാന്‍ കൊള്ളാത്ത ഓണ്‍ലൈന്‍ മഞ്ഞപ്പത്രം പോലും തങ്ങളുടെ മുന്‍നിലപാടുകളും വാര്‍ത്തകളും കൊണ്ട് തങ്ങള്‍ ക്രൈസ്തവവിരുദ്ധരാണെന്ന് പ്രഖ്യാപിച്ചവരാണ്. സത്യത്തിന്‍റെ മുഖം പരിശുദ്ധസഭയില്‍ ശോഭയറ്റ് നിലകൊള്ളുന്നത് തങ്ങളുടെ നുണകളുടെ വ്യവസായത്തിന് തടസ്സമാണെന്ന തിരിച്ചറിവാണ് ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും പ്രകോപനപരമായി അവതരിപ്പിച്ച് ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

കത്തോലിക്കാസഭയിലെ വൈദികബ്രഹ്മചര്യം സ്വര്‍ഗ്ഗത്തിന്‍റെ മുന്നാസ്വാദനമാണ്- അത് ജീവിക്കുന്നവര്‍ക്കും ജീവിക്കാന്‍ സഹായിക്കുന്നവര്‍ക്കും. ബ്രഹ്മചര്യത്തിന്‍റെ നിഷേധം ഒരര്‍ത്ഥത്തില്‍ വലിയ നന്മകളുടെ നിഷേധമാണ്. അത് ലംഘിക്കുന്നവരും സ്വര്‍ഗ്ഗത്തിനെതിരായി തെറ്റു ചെയ്യുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy