ഹോങ്കോംഗ്: ഹോങ്കോംഗ് പ്രദേശത്ത് തുടരുന്ന പ്രതിഷേധത്തിന് അറുതിവരുത്തുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും കൂടുതൽ ശക്തമായ പ്രാർത്ഥന അഭ്യർത്ഥിച്ച് ഹോങ്കോംഗ് ബിഷപ്പ് കർദിനാൾ ജോൺ ടോങ്. പ്രാദേശിക സമൂഹം അശാന്തരാണെന്നും ഹോങ്കോങ്ങിനായി ദിവ്യബലിയടക്കമുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും ആവശ്യപ്പെട്ട് രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
ഹോങ്കോംഗ് സമൂഹത്തിന്റെ ക്ഷേമത്തിനായി വെള്ളിയാഴ്ച ദിവസങ്ങളിൽ കൂടുതൽ തീവ്രമായി പ്രാർത്ഥിക്കണം. ഉപവാസത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ സജീവമാകണം. വെള്ളിയാഴ്ച ദിവസങ്ങളിൽ ദിവ്യബലിയിലും ദിവ്യകാരുണ്യ ആരാധനയിലും കുരിശിന്റെ വഴിയിലുമൊക്കെ പങ്കെടുത്തുകൊണ്ടും ദരിദ്രർക്ക് സേവനം ചെയ്തുകൊണ്ടുമൊക്കെ കൂടുതൽ അരൂപിയിൽ നിറയണം. കൂടാതെ ഓഗസ്റ്റ് 23 വെള്ളിയാഴ്ച സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദൈവാലയത്തിൽ കർദിനാൾ ടോംഗിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ചൈനീസ് പൗരന്മാരെ ഹോങ്കോംഗിൽ നിന്ന് ചൈനയിലേക്ക് തന്നെ തിരിച്ചയക്കാൻ അനുവദിക്കുന്ന ബിൽ ഹോങ്കോംഗ് സർക്കാർ പരിഗണിച്ചപ്പോഴാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് ബിൽ പരിഗണിക്കുന്നത് നിർത്തിവെക്കുകയും ചെയ്തു. ഇത് പത്താമത്തെ ആഴ്ചയാണ് ഹോങ്കോംഗിൽ പ്രതിഷേധം അക്രമാസക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രാർത്ഥനാ സംരക്ഷണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹോങ്കോംഗിലെ കത്തോലിക്ക സഭ തന്നെ രംഗത്തുവന്നത്.
Share: