പ്രളയദുരിതത്തിലകപ്പെട്ടവരെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് മാന്തവാടി രൂപതാദ്ധ്യക്ഷന്‍റെ സര്‍ക്കുലര്‍
Editor
കര്‍ത്താവിനാല്‍ സ്നേഹിയ്ക്കപ്പെട്ട സഹോദരങ്ങളേ,
അതിവര്‍ഷവും പ്രളയവും ഈ വര്‍ഷവും നമ്മെ തേടിയെത്തി. കുറേപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പലര്‍ക്കും ഉള്ളതെല്ലാം നഷ്ടപ്പെട്ടു. ഒരുപാട് പേര്‍ക്ക് വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. അനേകം പേരുടെ വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി. ധാരാളം പേര്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടു. അവിടെ വീടുണ്ടെങ്കിലും പ്രയോജനമില്ലാതായി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് നാം കര കയറി വരുന്നതേയുണ്ടായിരുന്നുള്ളു. നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാന്‍ ഒരു പക്ഷേ വര്‍ഷങ്ങളെടുത്തെന്ന് വരാം. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരുടെ ബന്ധുമിത്രാദികള്‍ക്ക് മാനന്തവാടി രൂപതയുടെ അനുശോചനം നേരുന്നു. നാശനഷ്ടങ്ങള്‍ സംഭവിച്ചവരുടെ ദുഃഖദുരിതങ്ങള്‍ എത്രയും പെട്ടെന്ന് മാറി സാധാരണ ജീവിതത്തിലേക്ക് അവര്‍ക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരാന്‍
കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് നാം കുറെയൊക്കെ ഒരുങ്ങിയിരുന്നതുകൊണ്ട് ഈ വര്‍ഷത്തെ പ്രളയത്തെ പെട്ടെന്ന് തന്നെ അതിജീവിച്ചു. പക്ഷെ വീട് നഷ്ടപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് അത് ഉണ്ടാകേണ്ടിയിരിക്കുന്നു. അവരെ സഹായിക്കുക എന്നത് നമ്മുടെ കടമയാണെന്ന് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. ഈ പ്രക്രിയയില്‍ നിങ്ങളുടെ ഉദാരമായ സഹായസഹകരണങ്ങള്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഏറ്റവും പ്രധാനമായി നമ്മുടെ ശ്രദ്ധ തിരിയേണ്ടത് വീടില്ലാത്തവര്‍ക്ക് അതുണ്ടാക്കി കൊടുക്കുക എന്ന കാര്യത്തിലേക്കാണ്. അതുപോലെ തന്നെ ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്ക് അത് നന്നാക്കി വാസയോഗ്യമാക്കാന്‍ സഹായിക്കുക എന്നതും നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ ഇടവകയിലും പ്രളയത്തില്‍ നഷ്ടപ്പെട്ടതും കേടു പാടുകള്‍ പറ്റിയതുമായ വീടുകളുടെ എണ്ണം അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഞാന്‍ ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ക്ക് എഴുതിയിരുന്നു. അതിന്‍ പ്രകാരം 32 ഇടവകകളില്‍ നിന്ന് രൂപതാ കേന്ദ്രത്തില്‍ കിട്ടിയത് പൂര്‍ണ്ണമായി നഷ്ടപ്പെട്ട 52 വീടുകളുടെയും ഭാഗികമായി നഷ്ടപ്പെട്ട 70 വീടുകളുടെയും കണക്കാണ്. ഇനിയും എവിടെയെങ്കിലുമൊക്കെ
ഉണ്ടാകാം.
വീടുകള്‍ പണിയാനും നന്നാക്കാനും സ്ഥലം വാങ്ങാനും എല്ലാം ആരെങ്കിലും നമ്മെ സഹായിക്കും എന്ന പ്രതീക്ഷയാണുള്ളത്. ചിലരൊക്കെ സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എത്ര കിട്ടിയാലും പൂര്‍ണ്ണമായി എല്ലാവരെയും സഹായിക്കാന്‍ സാധിച്ചെന്ന് വരുകയില്ല. എങ്കിലും നമ്മെക്കൊണ്ട് പറ്റുന്നത് ചെയ്യുക എന്നതാണല്ലൊ കരണീയം. വീടുകള്‍ ഭാഗികമായോ മുഴുവനായോ സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരെ അതിനായി ക്ഷണിക്കുന്നു. രൂപതയുടെ പ്രൊക്യുറേറ്ററുമായി ബന്ധപ്പെട്ടാല്‍ വിശദവിവരങ്ങള്‍ ലഭിക്കുന്നതാണ്. മൊബൈല്‍ നമ്പര്‍: 9446993644. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമര്‍പ്പിത സമൂഹങ്ങള്‍ക്കും എല്ല്ലാം ഈ സ്പോണ്‍സര്‍ഷിപ് പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.
അതോടൊപ്പം തന്നെ ഈ വരുന്ന ഞായറാഴ്ച – അതായത് ഓഗസ്റ്റ് 25 ന് – ഒരു പ്രത്യേക സ്തോത്രകാഴ്ച എല്ലാ ഇടവക ദേവാലയങ്ങളിലും എടുക്കുകയും അത് ഒട്ടും താമസിക്കാതെ തന്നെ രൂപതാകേന്ദ്രത്തിലേക്ക് അയച്ചു തരുകയും ചെയ്യണം എന്ന് അറിയിക്കുന്നു. ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ ഈ കാര്യം നാളെ (ഓഗസ്റ്റ് 18) ഞായറാഴ്ച പള്ളിയില്‍ അറിയിക്കുകയും ഏവരുടെയും ഉദാരമായ സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യണം. ഓഗസ്റ്റ് 25 ന് എടുക്കുന്ന സ്തോത്ര കാഴ്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമിതിയുടെ പ്രസിഡന്റും എഴുതിയിട്ടുണ്ട്. ഓഗസ്റ്റ് 25 ന് കിട്ടുന്ന തുകയുടെ ഒരു ഭാഗം നമ്മുടെ രൂപതയിലും എടുക്കുകയും ബാക്കി അങ്ങോട്ട് അയച്ചു കൊടുക്കുകയും ചെയ്യാം എന്നാണ് കരുതുന്നത്. മറ്റ് രൂപതകളുടെയും ആവശ്യത്തില്‍ നാം സഹായിക്കണമല്ലൊ. നിങ്ങളുടെ എല്ലാവരുടെയും ഉദാരത ഞാന്‍ പ്രതീക്ഷിക്കുന്നു.
നേരിട്ട് രൂപതയുടെ അക്കൌണ്ടിലേക്ക് അയക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയും ചെയ്യാം. അങ്ങനെയുള്ളവര്‍ക്ക് ഇവിടെ നിന്ന് നേരിട്ട് രസീത് അയച്ചു തരുന്നതാണ്. അതിനുള്ള അക്കൌണ്ട് നമ്പര്‍ ഈ സര്‍ക്കുലറിന്റെ താഴെ ഭാഗത്ത് കൊടുത്തിട്ടുണ്ട് സ്ഥാപനങ്ങള്‍ക്കും ഇപ്രകാരം ഈ അക്കൌണ്ടിലേക്ക് സംഭാവനകള്‍ ബാങ്ക് വഴി അയക്കാവുന്നതാണ്. ഇടവകകളില്‍ നിന്നുള്ള സംഭാവനത്തുകയും ഈ അക്കൌണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. നേരിട്ട് രൂപതാ കേന്ദ്രത്തില്‍ എത്തിക്കുന്നവര്‍ അത് രൂപതയുടെ പേരില്‍ ചെക്കെഴുതി കൊണ്ടുവരേണ്ടതാണ്. ക്യാഷായി തുകകള്‍ സ്വീകരിക്കാന്‍ നിയമപരമായി പരിധി ഉള്ളതുകൊണ്ടാണ് /അപ്രകാരം ചെയ്യേണ്ടി വരുന്നത്. അക്കൌണ്ടിലേക്ക് പണം അയക്കുമ്പോള്‍ ആരാണ് അയക്കുന്നതെന്നും എന്തിനാണെന്നും സൂചിപ്പിച്ചുകൊണ്ട് ഒരു സന്ദേശം 9446993644 എന്ന മൊബൈല്‍ നമ്പറിലേക്ക് അയക്കണം. അല്ലാത്ത പക്ഷം ആരാണ് അയച്ചതെന്നും എന്തിനാണ് അയച്ചതെന്നും അറിയാന്‍ കഴിയാതെ വരുകയും കണക്കില്‍ ചേര്‍ക്കാന്‍ പറ്റാതെ വരുകയും ചെയ്യും. അയക്കുന്നവരുടെ പൂര്‍ണ്ണ മേല്‍വിലാസവും അറിയിക്കണം. അല്ലെങ്കില്‍ രസീത് തരാന്‍ കഴിയില്ലല്ലൊ. നിങ്ങളുടെ സഹായസഹകരണങ്ങള്‍ക്ക് മുന്‍കൂട്ടി നന്ദി പറയുകയും നിങ്ങള്‍ കൊടുക്കുന്നത് നൂറിരട്ടിയായി നിങ്ങളിലേക്ക് തിരികെ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളേവരോടും കൂടെ നമ്മുടെ കര്‍ത്താവിന്റെ കൃപ ഉണ്ടായിരിയ്ക്കട്ടെ.
മാനന്തവാടി രൂപതാ കാര്യാലയത്തില്‍നിന്ന് 2019 ഓഗസ്റ്റ് മാസം 17 ന് നല്‍കപ്പെട്ടത്.
യേശുവില്‍,
ബിഷപ്പ് ജോസ് പൊരുന്നേടം
മാനന്തവാടി മെത്രാന്‍
(ഈ സര്‍ക്കുലര്‍ 2019 ഓഗസ്റ്റ് മാസം 18 ന് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വയിക്കേണ്ടതാണ്.)