ഫാത്തിമ: പതിനാറാം വയസുമുതൽ ചുറ്റും ഇരുട്ടാണെങ്കിലും ഹൃദയത്തിൽ നിറഞ്ഞുനിന്ന പ്രകാശം കെടാതെ സൂക്ഷിച്ച തിയാഗോ വരാണ്ട ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. പോർച്ചുഗലിലെ ആദ്യത്തെ അന്ധ വൈദികൻ എന്ന ഖ്യാതിയോടെയാണ് ബ്രസീലിയൻ സ്വദേശിയായ ഇദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്. കൺജെനീറ്റൽ ഗ്ലോക്കോമ എന്ന രോഗത്തെ തുടർന്ന് 16-ാം വയസിലാണ് തിയാഗോ വരാണ്ടയുടെ കാഴ്ചശക്തി നഷ്ടമായത്. ബ്രാഗയിലുള്ള മാതാവിന്റെ തീർത്ഥാടന ദൈവാലയത്തിലായിരുന്നു 35 വയസുള്ള ഇദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണം. തുടർന്ന്, ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷീകരണ ചാപ്പലിലെത്തി വിശുദ്ധ കുർബാന അർപ്പിക്കുകയും തന്റെ പൗരോഹിത്യം മാതാവിന് സമർപ്പിക്കുകയും ചെയ്തു.
‘കുട്ടിയായിരിക്കുമ്പോൾ തന്നെ, ഫാത്തിമ എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു. ജീവിതത്തിന്റെ ഈ പ്രധാന സമയത്ത്, എന്റെ പൗരോഹിത്യം മറിയത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. കാരണം, പരിശുദ്ധ മറിയത്തിലൂടെ യേശുവുമായി കൂടുതലായി ഐക്യത്തിലായിരിക്കാൻ സാധിക്കുമെന്ന് എനിക്കറിയാം,’ ദിവ്യബലി അർപ്പണമധ്യേ ഫാ. തിയാഗോ പറഞ്ഞു.