പളളിയിൽ പോകാൻ മടിച്ച അമ്മയുടെ വിശുദ്ധ പുത്രൻ

ഫാദർ ജെൻസൺ ലാസലെറ്റ്

ഒരു അമ്മ തൻ്റെ മകനെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയത് ഇപ്രകാരമാണ്:

“തിരിച്ചറിവ് ലഭിച്ചതിനു ശേഷം
മൂന്നു തവണ മാത്രമേ
ഞാൻ പള്ളിയിൽ പോയിട്ടുള്ളൂ:
ആദ്യകുർബാന സ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും
വിവാഹത്തിനും.

എന്നാൽ എൻ്റെ മകൻ
എന്നെപ്പോലെ ആയിരുന്നില്ല.
അവന് ഈശോയിൽ വലിയ വിശ്വാസമായിരുന്നു.
മൂന്ന് വയസുള്ളപ്പോൾ മുതൽ ഈശോയേക്കുറിച്ച് അന്വേഷിച്ചറിയാൻ തുടങ്ങി. അവൻ പ്രാർത്ഥനകൾ ചൊല്ലുന്നതുകേട്ട്
ഞാൻ അതിശയപ്പെട്ടിട്ടുണ്ട്.

ദിവ്യകാരുണ്യ ഈശോയെ
അവന് വലിയ ഇഷ്ടമായിരുന്നു.
അതുകൊണ്ടു തന്നെ
ഏഴാം വയസിൽ അവൻ്റെ കുർബാന സ്വീകരണവും കഴിഞ്ഞു.
അന്നു മുതൽ അവൻ,
ആഴ്ചയിൽ ഒരിക്കൽ കുമ്പസാരിക്കുകയും മുടങ്ങാതെ ദിവ്യബലിയിൽ
പങ്കെടുക്കുകയും ചെയ്യുമായിരുന്നു.

ഈശോയോട് ഏറ്റവും
അടുത്തായിരിക്കുക എന്നതാണ്
ജീവിത ലക്ഷ്യമെന്ന് അവൻ
ആവർത്തിച്ച് പറയുമായിരുന്നു.

അതെ,
എൻ്റെ മകൻ വഴിയാണ്
ഞാൻ ഈശോയെ അറിഞ്ഞത്!
എന്നെ ഈശോയിലേക്കടുപ്പിച്ച
കുഞ്ഞു രക്ഷകനാണ് അവൻ ! ”

ഒക്ടോബർ 10- ന് തിരുസഭ
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയ കാർലോ അക്വിത്തിസിനെക്കുറിച്ച്
അവൻ്റെ അമ്മ അന്റോണിയ
പറഞ്ഞ വാക്കുകളാണിത്.

പതിനഞ്ചാം വയസിൽ,
ലുക്കീമിയ ബാധിച്ച്
കാർലോ മരിക്കുമ്പോൾ,
അവൻ്റെ മാതാപിതാക്കൾക്ക്
നഷ്ടമായത് അവരുടെ ഏക മകനെയാണ്.

കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ
ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന അന്റോണിയ  43-ാം വയസിൽ
വീണ്ടും ഗർഭം ധരിച്ചു.
തൻ്റെ മകനായ കാർലോയുടെ മാധ്യസ്ഥം തേടി അവൾ പ്രാർത്ഥിച്ചു.
അദ്ഭുതമെന്നു പറയട്ടെ,
കാർലോ മരിച്ച് നാലു വർഷം
പൂർത്തിയാകുന്ന അന്ന്,
കാർലോയുടെ അമ്മ
ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി!

ഒരു കുടുംബത്തെ ദൈവത്തിലേക്ക്
അടുപ്പിച്ച മകൻ !
എത്ര ധന്യം അവൻ്റെ ജീവിതം !

ഒന്നു ചിന്തിച്ചു നോക്കിക്കേ,
നമ്മിലൂടെ എത്ര പേർ
ക്രിസ്തുവിലേക്ക് അടുത്തിട്ടുണ്ട്?
ക്രിസ്തുവിനെ അറിഞ്ഞിട്ടുണ്ട്?

ഓർമയില്ലേ സുവിശേഷത്തിലെ
മർത്തായെയും മറിയത്തെയും?
മറിയം ക്രിസ്തുവിനോട് ഏറ്റവും അടുത്ത്, അവൻ്റെ കാൽചുവട്ടിൽ ഇരിക്കുമ്പോൾ പരാതിയുമായ് വന്നവളാണ് മർത്താ
(Ref ലൂക്ക 10:38-42).

എന്നാൽ,
പിന്നീട് അവരുടെ സഹോദരൻ ലാസർ മരണപ്പെട്ട വാർത്തയറിഞ്ഞ്,
ക്രിസ്തു അവിടെയെത്തുമ്പോൾ
അവനരികിലേക്ക് ഓടിയണയുന്നത്
മറിയമല്ല,
മര്‍ത്തായാണ്! (Ref:യോഹ 11: 20).

പതിവ് ജീവിത തിരക്കുകൾക്കിടയിലും
ക്രിസ്തുവിലേക്ക് സ്വയം അടുക്കുവാനും
മറ്റുള്ളവരെ അടുപ്പിക്കാനും പരിശ്രമിക്കാം.
അതിനുള്ള കൃപ ദൈവം നൽകട്ടെ.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy