വർഷങ്ങൾക്ക് മുമ്പ് നടന്നതാണത്.
കുറച്ചു സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ ചെന്നതായിരുന്നു.
ഞാൻ സാധനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് രണ്ടു യുവാക്കൾ കടയിൽ വന്നത്.
അവർ കടക്കാരനോട് പറഞ്ഞു:
“ചേട്ടാ, കുറച്ച് ഓറഞ്ചും
മുന്തിരിയും വേണം.”
അപ്പോൾ കടക്കാരൻ പറഞ്ഞു:
“മക്കളെ രണ്ടു തരം ഓറഞ്ചുണ്ട്;
ചെറുതിന് നല്ല മധുരമുണ്ട്. വലുതിനാണെങ്കിൽ
ഭംഗിയുണ്ടെന്നേ ഉള്ളു.
രുചി കുറവാണ്.
ഏത് വേണമെങ്കിലും എടുക്കാം.”
ഉടനെ ആ യുവാക്കൾ പറഞ്ഞു:
“ചേട്ടാ, രുചിയും കുചിയുമൊന്നും വേണ്ടാ. കാണാൻ നല്ല വലുപ്പവും അഴകും വേണം.
ഇത് നാളെ പള്ളിയിൽ കാഴ്ചവയ്പിനുള്ളതാണ്.
അത് കഴിഞ്ഞാൽ അച്ചന്മാർക്ക് അടിച്ച് മാറ്റാനുള്ളതാണ്!!”
പെട്ടന്ന് ആ കടക്കാരൻ
എൻ്റെ നേരെ നോക്കി.
സ്ഥിരമായി ചെല്ലുന്ന
കടയായിരുന്നതുകൊണ്ട് അയാൾക്കറിയാമായിരുന്നു
ഞാൻ അച്ചനാണെന്ന്.
സാധനങ്ങൾ വാങ്ങിച്ച്
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ
ആ കടക്കാരൻ അവരോട് പറയുന്നുണ്ടായിരുന്നു…..
ആ പോയത് ഒരു അച്ചനാണെന്ന്!
അന്നു മുതൽ കാഴ്ചവയ്പിന് ലഭിച്ച പഴവർഗങ്ങൾ കാണുമ്പോൾ
ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്കൂഹിക്കാമല്ലോ, അല്ലെ?!
നിത്യരക്ഷയെക്കുറിച്ച് പ്രതിപാധിക്കുന്നതിനിടയിൽ
ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
”അന്ന് പലരും വന്ന് പറയും ഞങ്ങൾ
നിന്റെ സാന്നിധ്യത്തില്‍ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നാല്‍ അവന്‍ പറയും:
നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍
അറിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍ ” എന്ന് (ലൂക്കാ 13 : 26-27).
ഇന്ന് എവിടെ നോക്കിയാലും
പല രീതിയിലുള്ള
പുണ്യ പ്രവൃത്തികൾ ചെയ്യുന്നവരെയും
സംഭാവനകൾ നല്കുന്നവരെയും
നമുക്ക് കാണാൻ കഴിയും.
എന്നാൽ അവയ്ക്കു പിറകിലുള്ള
മനോഭാവം എന്താണെന്ന്
ചിന്തിക്കുന്നത് നല്ലതാണ്.
മദർ തെരേസ പറഞ്ഞതുപോലെ
അവയെല്ലാം ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി
ദൈവമഹത്വത്തിനു വേണ്ടി
ചെയ്തില്ലെങ്കിൽ ഒരുനാൾ അവൻ
നമ്മളോടും അതു തന്നെ പറയും:
“ഞാൻ നിങ്ങളെ അറിയില്ല.”
എന്താ ശരിയല്ലെ അത്?