കുറച്ചു പണം തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ
പ്രൊക്യുറേറ്ററച്ചനെ കാണാനെത്തി.
അതിന് അയാൾ നിരത്തിയ
കാരണങ്ങളൊന്നും വിശ്വാസയോഗ്യമായ് അച്ചന് തോന്നിയില്ല.
എന്നിട്ടും അച്ചൻ അയാളോട് ചോദിച്ചു:
”എന്താണ് നിങ്ങൾക്ക് വേണ്ടത്?”
“നൂറു രൂപ മതിയച്ചാ…!”
“രാവിലെ കാപ്പി കുടിച്ചോ?”
”കാപ്പി കുടിച്ചു അച്ചാ….
എനിക്ക് പൈസ തന്നാൽ മതി.”
മുറ്റത്തേയ്ക്കിറങ്ങിയ ശേഷം
അച്ചൻ അയാളെ അടുത്തേക്ക് വിളിച്ചു.
“നിങ്ങൾ എന്നോട് ചോദിച്ചത്
നൂറു രൂപയല്ലെ?
ഞാൻ 200 തരാം.
ഈ ചെടികൾക്കെല്ലാം
അല്പം വെള്ളമൊഴിച്ചാൽ മതി.”
മനസില്ലാ മനസോടെ അയാൾ
ചെടികൾ നനച്ചു തുടങ്ങി.
പക്ഷേ ,
അച്ചൻ അവിടെ നിന്നും മാറിയപ്പോൾ
അയാൾ പൈപ്പുപേക്ഷിച്ച്
വന്ന വഴിയേ മടങ്ങിപ്പോയി !
സഹായം അഭ്യർത്ഥിച്ചു വരുന്നവരോട് കാരുണ്യം കാണിക്കരുത് എന്നല്ല
പറഞ്ഞു വരുന്നത്.
മറിച്ച് , അവർ അർഹരാണോ
എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
ഇന്ന് നമുക്കു ചുറ്റും തട്ടിപ്പുകാരുടെ
എണ്ണം വർദ്ധിച്ചിട്ടില്ലേ?
ഇതിനിടയിൽ ആരെയാണ് സഹായിക്കേണ്ടതെന്ന് പലപ്പോഴും വ്യക്തമല്ല.
പല കണ്ണീരും നിലവിളിയും വ്യാജമായിരിക്കാം.
നിങ്ങളാ സുവിശേഷ ഭാഗം ശ്രദ്ധിച്ചിട്ടില്ലേ?
വഴിയോരത്തിരുന്ന അന്ധയാചകൻ ”ദാവീദിന്‍െറ പുത്രനായ യേശുവേ…..
എന്നില്‍ കനിയണമേ!” എന്ന്
ഉച്ചത്തിൽ നിലവിളിക്കുന്നത് ?
( Ref 18: 35-43).
പലരും ആ നിലവിളി
കേൾക്കാതെ പോയി.
ചിലരാകട്ടെ, അവനോട്
ശബ്ദിക്കരുതെന്നാണ് പറഞ്ഞത്.
എന്നിട്ടും ക്രിസ്തു അവൻ്റെ നിലവിളിക്ക്
കാതോർത്തു.
”ഞാന്‍ നിനക്കുവേണ്ടി
എന്തു ചെയ്യണമെന്നാണ്
നീ ആഗ്രഹിക്കുന്നത്?”
എത്ര ആശ്വാസപ്രദമായ ചോദ്യം !
പണമോ, പാർപ്പിടമോ,
അന്നമോ,
ജീവിത പങ്കാളിയോ,
ഒന്നുമായിരുന്നില്ല അവൻ്റെ ആവശ്യം.
ഒറ്റകാര്യം മാത്രം;
”…കാഴ്ച വീണ്ടുകിട്ടണം”.
അന്ധയാചകന് കാഴ്ച ലഭിച്ചാൽ
അവൻ പിന്നീട്
ആഹാരത്തിനു വേണ്ടി
കഠിനാധ്വാനം ചെയ്യേണ്ടിവരും.
ഈ യാചകൻ്റെ നിലവിളിയും
അതിനു വേണ്ടിയായിരുന്നു;
അധ്വാനിച്ച് ജീവിക്കാനുള്ള
വെട്ടത്തിനു വേണ്ടി.
അനുദിനം ദൈവത്തെ
വിളിച്ചപേക്ഷിക്കുന്ന
നമ്മുടെ നിലവിളികളെക്കുറിച്ചും
ഒന്നു ചിന്തിക്കുന്നത് നല്ലതല്ലേ?
എട്ടുനോമ്പിൻ്റെ ആറാം ദിവസമായ ഇന്ന്
നമുക്ക് പ്രാർത്ഥിക്കാം:
അമ്മേ മാതാവേ,
അധ്വാനിച്ച് ജീവിക്കാനുള്ള
ആരോഗ്യവും
വേല ചെയ്യുന്നതിനുള്ള കൂലിയും
ഞങ്ങൾക്ക് നൽകണമേ….