നിഴൽ നാടകങ്ങൾ…?

Fr. Varghese Vallikkatt

ശബരിമല യുവതീപ്രവേശ വിധിയെത്തുടർന്നുള്ള സംഭവവികാസങ്ങൾ, കേരള സമൂഹത്തിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ ചലനങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുംതോറും അതിന്റെ സങ്കീർണ്ണത ഏറുന്ന അനുഭവമാണ്.  കോടതിവിധി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ ഇടതു വലതു ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ മത്സര ഓട്ടം തന്നെയാണ് നടത്തുന്നത്. പരമാവധി നേട്ടമുണ്ടാക്കാനുള്ള ഈ പരക്കംപാച്ചിലിൽ സമൂഹത്തിലെ നന്മയുടെ പല തുരുത്തുകളും തട്ടിനിരത്തപ്പെടുകയോ കുഴിച്ചുമൂടപ്പെടുകയോ ചെയ്യുന്നത് നിസ്സഹായരായി നമ്മൾ നോക്കി നിൽക്കുകയാണ്…
മുകളിൽനിന്നു വീണുകിട്ടിയ മന്നപോലെയാണ് തീവ്ര വലതു രാഷ്ട്രീയ സംഘടനകൾ കോടതിവിധിയെ കണ്ടത്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ഈ വിധി എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് അവർ കവടി നിരത്തി… തീവ്രവലതുരാഷ്ട്രീയം താരതമ്യേന ദുർബലമായ കേരളത്തിൽ വീണുകിട്ടിയ “സുവർണ്ണാവസരം” എന്നാണല്ലോ നേതാക്കൾ അതിനെ വാഴ്ത്തിയത്! സ്വാഭാവികമായും അവർ അതിനുള്ള നീക്കങ്ങൾ അണിയറയിലും തുടർന്ന് അരങ്ങിലും കൊഴുപ്പിച്ചു…
ഇതിനെ പ്രതിരോധിക്കാനുള്ള ഇടതു സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ശ്രമങ്ങൾ ഭരണതലത്തിലും രാഷ്ട്രീയ തലത്തിലും നടന്നു. വിവിധ പാർട്ടികളും മുന്നണികളുമൊക്കെയുണ്ടെങ്കിലും   പരസ്പരം ഏറ്റുമുട്ടുന്ന രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രമേ അരങ്ങത്തു കാണാനുണ്ടായിരുന്നുള്ളു. കോടതിവിധിയെ രാഷ്ട്രീയവൽക്കരിക്കരുത് എന്ന നിലപാട് ആദ്യം മുതൽ സ്വീകരിക്കാൻ കേരളത്തിലെ പ്രതിപക്ഷവും പരാജയപ്പെട്ടതോടെ, അവരും രണ്ടു പാർട്ടികളും പറയുന്നതിൽ പാതി പൊറുക്കുകയും പാതി വെറുക്കുകയും ചെയ്തുകൊണ്ട് രണ്ടിനും മുൻപേ ഓടാൻ നോക്കി… അങ്ങനെ, പ്രശ്ന പരിഹാരത്തിനുള്ള സാധ്യത വിദൂരമായി…
വിവേകവും, രാഷ്ട്ര തന്ത്രജ്ഞതയും പ്രകടിപ്പിക്കേണ്ടുന്ന ഭരണകർത്താക്കൾ പോലും വെല്ലുവിളിയുടെയും, ഭീഷണിയുടെയും സ്വരത്തിലും ഭാഷയിലും സംസാരിക്കുകയും, പ്രതിയോഗികളെ ഏതുവിധവും പരാജയപ്പെടുത്താനുള്ള കരുനീക്കം നടത്തുകയും ചെയ്തപ്പോൾ, സാധാരണ വിശ്വാസികളും പൊതുസമൂഹവും നിസ്സഹായരും ഭീതിദരുമായി മാറുന്ന കാഴ്ചയാണ് കണ്മുൻപിൽ…
ഒരു സാധാരണ ഹിന്ദു വിശ്വാസിയുടെയോ, അയ്യപ്പഭക്തന്റെയോ മനസ്സറിയാൻ ആരും ശ്രമിക്കുന്നില്ലായെന്നതാണ് സങ്കടകരമായ വസ്തുത.
വിശ്വസം സംരക്ഷിക്കണം എന്നുപറയുന്നവരെല്ലാം ആർഎസ്എസ് ആണെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചുനിൽക്കുന്നു. അതുകൊണ്ടുതന്നെ, ഹിന്ദുമത വിശ്വാസികളായ സാധാരണക്കാരുടെ, വേദനയും നിസ്സഹായതയും മനസ്സിലാക്കാൻ ഭരണാധികാരികൾക്ക് കഴിയാതെപോകുന്നു. ഫലമോ, ഹർത്താലിന്റെ പേരിൽ തെരുവിൽ ഗുണ്ടായിസം നടത്തുന്നവർക്ക് തങ്ങൾമാത്രമേ വിശ്വാസികളായ ഹിന്ദുക്കളെ മനസ്സിലാക്കുന്നുള്ളു എന്ന തോന്നലുണ്ടാക്കാനും, അവരുടെ സഹാനുഭൂതി  നേടാനും കഴിയുന്നു… നിസ്സഹായരും, നിരാശരും രോഷാകുലരുമായ ചിലരെയെങ്കിലും ഒപ്പംകൂട്ടുന്നതിൽ അങ്ങനെ, തീവ്ര വലതുപക്ഷ സംഘടനകൾ വിജയിക്കുന്നു…
ഈ രാഷ്ട്രീയ-സാമുദായിക ധ്രുവീകരണം ആകസ്മികമായുണ്ടായതല്ല, ആസൂത്രിതമായി നടപ്പിൽ വരുത്തിയതാണെന്നു, വനിതാമതിലിന്റെ സ്വഭാവത്തിൽനിന്നു വ്യക്തമായതാണ്. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ വർഗീയമായി/ജാതീയമായി വിഭജിക്കാനും ഇരുഭാഗത്തേയും  രാഷ്ട്രീയമായി  വരുതിയിലാക്കാനുമുള്ള തീവ്രശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്… വർഗീയ ധ്രുവീകരണത്തിന്റെയും ഒഴിവാക്കലിന്റെയും, വെറുപ്പിന്റെയും രാഷ്ട്രീയം അങ്ങനെ കേരളത്തിലും നമ്മൾ സൃഷ്ടിച്ചെടുത്തിരിക്കുന്നു.
ഭാരതത്തിൽ പടരുന്ന തീവ്ര വലതുപക്ഷ വർഗീയതയുടെ രാഷ്ട്രീയത്തെ ഫലപ്രദമായി എങ്ങിനെ നേരിടും എന്ന് ഒരു പാർട്ടികോൺഗ്രെസ്സ് മുഴുവൻ തലപുകഞ്ഞാലോചിച്ചിട്ടും എത്തുംപിടിയും കിട്ടാതിരുന്നവർ അതിന്റെ കേരളാ മോഡൽ സൃഷ്ട്ടിച്ചു പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ, എന്തിനാണീ നിഴൽ യുദ്ധം എന്ന് ആരും അത്ഭുതപ്പെടരുത്… ഇത് രാഷ്ട്രീയമാണ്…
 വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ നാളുകളിൽ, വർഗീയ ഫാസിസത്തിനെതിരെ കോൺഗ്രസ്സിനേക്കാൾ ശക്തമായ നിലപാടെടുക്കാൻ കഴിയുന്നത് തങ്ങൾക്കാണെന്നു മതിലിൽ അണിനിരന്ന മങ്കമാരെയെങ്കിലും ബോധ്യപ്പെടുത്താൻ ഇങ്ങനെയും ചില നിഴൽനാടകങ്ങൾ ആവശ്യമുണ്ട്!
വാൽകഷ്ണം: തീവ്ര വലതുപക്ഷ രാഷ്ട്രീയമെന്ന യഥാർത്ഥ അപകടത്തെ ചെറുത്തുതോൽപ്പിക്കാൻ തീവ്ര ഇടതുപക്ഷ രാഷ്ട്രീയം പോരാ… അതിനു തീർത്തും ജനാധിപത്യപരമായ മാര്ഗങ്ങൾതന്നെ തേടണം. കേരള സമൂഹം അതിനെ പിന്തുണയ്ക്കും…
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy