ഒന്നു രണ്ട് ലേഖനങ്ങൾ
പ്രസിദ്ധീകരിച്ചപ്പോൾ അയാൾക്ക് സന്തോഷമായി.
മാത്രമല്ല അല്പം തലക്കനവും കൂടി.
ലളിതമായ് എഴുതുന്നതിനു പകരം
കനമേറിയ വാക്കുകൾ കണ്ടു പിടിച്ച് എഴുതുന്നതിലായി പിന്നീട് അയാളുടെ ശ്രദ്ധ.
അതിനു വേണ്ടി ഒരു നിഘണ്ടുവും സംഘടിപ്പിച്ചു.
ഒരു ദിവസം സുഹൃത്ത് പറഞ്ഞു:
“എടാ, നിൻ്റെ എഴുത്ത് കൊള്ളാം.
പക്ഷേ, ഈയിടെയായി വാക്കുകൾക്ക്
കടുപ്പം കൂടുന്നുവോ എന്നൊരു സംശയം.
നിൻ്റെ പാണ്ഡിത്യം വിളമ്പാനുള്ളതല്ല
അത്തരം ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ.
ക്രിസ്തുവിനെയും ക്രിസ്തീയ മൂല്യങ്ങളെയും ഏത് സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിലാണ്
നിൻ്റെ കഴിവ് തെളിയിക്കേണ്ടത്.
എന്നാലെ ചെയ്യുന്ന പ്രവൃത്തി
മറ്റുള്ളവർക്കും അനുഗ്രഹപ്രദമാകൂ….”
ആ സുഹൃത്തിനോട് ആദ്യം
അയാൾക്ക് അമർഷം തോന്നിയെങ്കിലും വാക്കുകളിലെ നന്മ മനസിലാക്കി,
എഴുത്തിനെ പരുവപ്പെടുത്താൻ തുടങ്ങി. മാത്രമല്ല, മറ്റൊരു സുഹൃത്തിൻ്റെ
ഉപദേശം ഉൾക്കൊണ്ട് അയാളുടെ
രചനകൾ വായിക്കുന്നവർക്കായി
പ്രാർത്ഥിക്കാനും തുടങ്ങി.
ഈ സംഭവത്തിലെ അഹങ്കാരിയായ
ആ എഴുത്തുകാരൻ മറ്റാരുമല്ല,
അത് ഞാൻ തന്നെയാണ്!
എന്നെ ഉപദേശിച്ച ആ സുഹൃത്തിനോടുള്ള കടപ്പാട് ഇന്നും മനസിൽ സൂക്ഷിക്കുന്നു.
ഇന്നിത് എഴുതുമ്പോഴും
ഞാനിങ്ങനിങ്ങനെ പ്രാർത്ഥിക്കുന്നു;
ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ ക്രിസ്തുവിനെക്കുറിച്ച് ഇനിയും
എഴുതാനുള്ള കൃപ തരണമേ…
സമൂഹമാധ്യമങ്ങളിലൂടെ ഈ കുറിപ്പുകൾ അനേകർ കൈമാറുമ്പോഴും
അപരിചിതരായ പലരും
നന്ദി പറഞ്ഞ് എഴുതുമ്പോഴും ഹൃദയത്തിലുണ്ടാകുന്ന സന്തോഷം വാക്കുകൾക്കതീതമാണ്.
ഈയൊരു തുറന്നെഴുത്തിന് കാരണം ശിഷ്യന്മാർ ക്രിസ്തുവിനോട്
ചോദിച്ച ചോദ്യമാണ്:
“…..നീ അവരോട് ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്?”
(മത്തായി 13 :10).
ദൈവപുത്രനായ ക്രിസ്തു,
അറിവിൻ്റെ നിറകുടമായിരുന്നിട്ടും,
എത്ര ലളിതമായാണ് ഉപമകളിലൂടെയും ഉദാഹരണങ്ങളിലൂടെയുമെല്ലാം ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചത്?
ഒന്നു മനസിലാക്കുക:
നമ്മളൊരു സംഭവമാണെന്ന്
എപ്പോൾ കരുതുന്നുവോ,
അപ്പോൾ തുടങ്ങുന്നു
നമ്മുടെ അധപതനവും.
എട്ടുനോമ്പിൻ്റെ മൂന്നാം നാൾ
പരിശുദ്ധ അമ്മയിൽ വിളങ്ങി നിന്ന
എളിമയെന്ന പുണ്യത്താൽ
നിറയാനായി പ്രാർത്ഥിക്കാം.