“ചെറിയ പിടിവാശികളൊക്കെ
നമുക്ക് മനസിലാക്കാം.
ഇതിപ്പോൾ കുട്ടികൾ
മൂന്നായി എന്നിട്ടും ഒരു മാറ്റവുമില്ല.”
ഭാര്യയെക്കുറിച്ചുള്ള
ഭർത്താവിൻ്റെ രോദനമാണത്.
അയാൾ തുടർന്നു:
“എൻ്റെ അച്ചാ, ഇവൾക്ക് ദേഷ്യം
വന്നു കഴിഞ്ഞാൽ പിന്നെ ചെകുത്താൻ കൂടിയതുപോലെയാ. ഒരാൾക്കും
അടുക്കാൻ പറ്റില്ല.
പിറുപിറുത്തുകൊണ്ടു നടക്കും.
ബെഡ്റൂമിൽ വന്നാലും ഒരു സ്വസ്ഥതയുമില്ല. രണ്ടു മൂന്നു ദിവസമൊക്കെ ഭക്ഷണം കഴിക്കാതിരിക്കും.
ഇതിപ്പം പ്രശ്നം അതൊന്നുമല്ല.
മൂത്ത കൊച്ച് ആറാം ക്ലാസിലാണ്.
ഇവളീ കാണിക്കുന്നത് കണ്ടിട്ടാണോന്ന് അറിയത്തില്ല, വാശിയുടെ കാര്യത്തിൽ
അമ്മയെ വാർത്തുവെച്ചതു പോലെയാണ്!”
ഇതുപോലുള്ള വ്യക്തികൾ
പ്രായഭേദമന്യേ മിക്കവാറും
എല്ലാ കുടുംബങ്ങളിലുമുണ്ടാകും.
ദേഷ്യം വന്നാൽ ചീത്ത വിളിക്കുകയും
മറ്റുള്ളവരെ ഉപദ്രവിക്കുകയും
മിണ്ടാതെ നടക്കുകയും
ചിലപ്പോൾ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നവർ.
ഇവരിൽ ഭൂരിഭാഗം പേരും പറയുന്നതിങ്ങനെയാണ്:
“എനിക്കല്പം ബി.പി. കൂടുതലാ.
ദേഷ്യം വന്നാൽ പിടി വിട്ടു പോകും.
അവർ എന്നെ ദേഷ്യം
പിടിപ്പിക്കാതിരിക്കാനല്ലെ ശ്രദ്ധിക്കേണ്ടത്?”
കുറ്റം മുഴുവൻ മറ്റുള്ളവരുടെ
ചുമലിൽ വക്കും.
മാറണമെന്ന് ആഗ്രഹമുണ്ടാകും.
പക്ഷേ മാറുകയില്ല.
‘ വേണമെങ്കിൽ ദൈവം
എന്നെ മാറ്റട്ടെ’
എന്നായിരിക്കും അവരുടെ ഡയലോഗ്.
ഹൃദയംകൊണ്ട് ഇതിനൊരു പരിവർത്തനം ആഗ്രഹിക്കുന്നവർക്ക് ഏതാനും ചില കുറുക്കുവഴികൾ പറയാം:
🔹എന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരും.
എനിക്കുള്ളതുപോലെ വിചാരവികാരങ്ങൾ അവർക്കും ഉണ്ടെന്ന് മനസിലാക്കുക.
🔹 പ്രഭാതത്തിൽ ഉണരുമ്പോൾതന്നെ സ്വയം നിയന്ത്രിക്കുമെന്ന് തീരുമാനമെടുക്കുക. മറ്റുള്ളവർ എന്നോട് കലഹിച്ചാലും
ഞാൻ ശാന്തമായി പ്രതികരിക്കുമെന്ന് ഉറപ്പിക്കുക.
അതിനുള്ള കൃപയ്ക്കു വേണ്ടി അല്പസമയം പ്രാർത്ഥിക്കുക.
🔹എടുത്ത പ്രതിജ്ഞ സമയം
കിട്ടുമ്പോഴെല്ലാം നവീകരിക്കുക.
🔹ഇതിനിടയിൽ ആരോടെങ്കിലും ദേഷ്യപ്പെടാനിടയായാൽ-
ജീവിത പങ്കാളിയാകട്ടെ, മക്കളാകട്ടെ, സഹപ്രവർത്തകരാകട്ടെ-
ഏറ്റവും അടുത്ത നിമിഷത്തിൽ മനസിനെ ശാന്തമാക്കി അവരോട് ക്ഷമാപണം നടത്തുക.
“കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ ”
(എഫേസോസ് 4 : 26).
🔹വാശിപിടിച്ച് ഭക്ഷണം ഒഴിവാക്കുന്നതും മിണ്ടാതിരിക്കുന്നതും നമ്മുടെ മനസിനെ കൂടുതൽ കലുഷിതമാക്കാനേ ഉപകരിക്കൂ.
🔹കോപത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതിലും മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിഞ്ഞതിലും സന്തോഷിക്കുന്നതോടൊപ്പം
സ്വയം അഭിനന്ദിക്കുകയും
ദൈവത്തോട് നന്ദി പറയുകയും ചെയ്യുക.
🔹സാധിക്കുമെങ്കിൽ മർക്കോസ് 5-ാം അദ്ധ്യായം1 മുതൽ 13 വയെയുള്ള വചനം വായിച്ച് അഭിഷേകത്തിനായ് പ്രാർത്ഥിക്കുക.
എട്ടുനോമ്പിൻ്റെ രണ്ടാം നാൾ
പരി. അമ്മയുടെ മധ്യസ്ഥ തണലിൽ
നമുക്കഭയം തേടാം.