ഇന്ന് എഴുതാൻ പോകുന്ന സംഭവം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.
അതിൻ്റെ കാരണം ഇത് വായിച്ചതിനു
ശേഷം നിങ്ങൾക്ക് മനസ്സിലാകും.
ആ ദമ്പതികളുടെ പേരോ വിലാസമോ
ഒന്നും നിങ്ങൾ അറിയേണ്ട. അതാണ് നല്ലത്.
വിവാഹം കഴിഞ്ഞ് ആറു വർഷമായി. കുട്ടികളില്ല. വലിയ ദു:ഖത്തിലായിരുന്നു അവർ.
സംസാരത്തിനിടയിൽ അവളാണത് പറഞ്ഞത്.
” അച്ചാ, വിവാഹം കഴിഞ്ഞ ഉടനെ
കുട്ടികൾ വേണ്ടാന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
രണ്ടു പേർക്കും വിദേശത്ത് ജോലി ലഭിച്ചിട്ട് മതി കുട്ടികൾ എന്നായിരുന്നു തീരുമാനം.
കൂടാതെ വിവാഹത്തിൻ്റെ
ആദ്യ നാളുകളിൽ തന്നെ
‘നീ ഗർഭിണിയാകരുത്….
സൂക്ഷിക്കണം….
ജോലി ലഭിച്ചതിന് ശേഷം മതി കുട്ടികൾ.. ‘ എന്ന് അമ്മായിയമ്മ പറയുമായിരുന്നു.
ഇതിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ
ഞാൻ ഗർഭിണിയായി. മനസു നിറയെ വല്ലാത്ത ഭീതിയായിരുന്നു.
ചേട്ടനോട് കാര്യം പറഞ്ഞപ്പോൾ, അമ്മയറിഞ്ഞാൽ ആകെ കുഴപ്പമാകും,
നീ ശ്രദ്ധിക്കാഞ്ഞിട്ടല്ലെ എന്ന് വഴക്കു പറഞ്ഞു.
അവസാനം ഞങ്ങൾ ആ കുഞ്ഞിനെ ആരുമറിയാതെ കളയാൻ തീരുമാനിച്ചു.
താമസിയാതെ ഞങ്ങൾക്ക് വിദേശത്ത്
ജോലി ലഭിച്ചു.
രണ്ടു പേർക്കും നല്ല ശമ്പളവുമുണ്ട്.
എന്നാൽ, കുട്ടികൾക്കു വേണ്ടി ഞങ്ങൾ ആഗ്രഹിച്ചു തുടങ്ങിയിട്ട് ഇപ്പോൾ വർഷം നാലായി. ഒരു ഫലവുമില്ല. മനസു നിറയെ കുറ്റബോധവുമായി നടക്കുകയാണ്.”
ഈ സംഭവം വലിയ സത്യങ്ങൾ
വിളിച്ചു പറയുന്നില്ലേ?
നമ്മുടെ ജീവിതത്തിൻ്റെ മുൻഗണനകൾ നിശ്ചയിക്കുന്നതിൽ നമ്മളിൽ പലരും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പല ദമ്പതികളും കുഞ്ഞുങ്ങൾ ഉണ്ടാകുന്ന കാര്യത്തിൽ ധാരാളം അഡ്ജസ്റ്റ്മെൻ്റുകളും കോംമ്പ്രമൈസുകളും ചെയ്യുന്നുണ്ട്.
വിവാഹത്തിൻ്റെ ഒരു സുപ്രധാനമായ
ലക്ഷ്യം എന്നത് കുടുംബത്തിന്
രൂപം കൊടുക്കലാണ്.
എന്നാൽ പലരും തീരുമാനിക്കുന്നത്
മക്കൾ ഒരു വർഷം കഴിഞ്ഞു മതി…
ജോലിയായിട്ടുമതി…
എന്നൊക്കെയാണ്.
മക്കളുടെ കാര്യങ്ങൾ നീട്ടിവയ്ക്കുന്നത് നല്ലതാണോ?
ഒന്നാമത് ഇന്ന് പലരും വിവാഹിതരാകുന്നത് തന്നെ ഏറെ വൈകിയാണ്.
അതിൻ്റെ കൂടെ കുട്ടികളുടെ കാര്യവും വൈകിച്ചാലോ?
ചില കാര്യങ്ങളിൽ
മുൻഗണനകൾ നിശ്ചയിക്കേണ്ട
സമയം അതിക്രമിച്ചിരിക്കുന്നു.
പല ഒഴികഴിവുകളും പറഞ്ഞ് യജമാനൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാത്തവരെക്കുറിച്ച് ഒരു ഉപമ ക്രിസ്തു പറഞ്ഞിട്ടുണ്ട് (Refലൂക്ക 14:15-24).
ക്ഷണിക്കപ്പെട്ടവർ വരാത്തതിനാൽ
തെരുവുകളിൽ നിന്ന് ആളുകളെ വിളിച്ചാണ് യജമാനൻ സദ്യ വിളമ്പിയത്.
അന്നാ വിരുന്നിന് വരാൻ
ഒഴികഴിവു പറഞ്ഞവർക്ക്
പിന്നീടങ്ങനെ ഒരു വിരുന്നിൽ പങ്കെടുക്കണമെന്ന് വിചാരിച്ചാൽ പോലും സാധിക്കുമായിരുന്നോ?
ചില തീരുമാനങ്ങൾ എടുക്കേണ്ട സമയത്തെടുക്കാതെ
പിന്നീടത്തേക്ക് മാറ്റി വച്ചാൽ
പല വലിയ നന്മകളും
നഷ്ടമാകാൻ സാധ്യതയുണ്ട്.
ഫാദർ ജെൻസൺ ലാസലെറ്റ്
ആഗസ്റ്റ് 1 – 2020.