വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കി വരുന്ന സമഗ്ര ആദിവാസി വികസന പദ്ധതി കാര്യക്ഷമമായി മുന്നേറുന്നു. ആദിവാസി വിഭാഗത്തില്‍ വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരുടെ തരിശുഭൂമി കൃഷിയിടങ്ങളൊരുക്കി മാറ്റുക എന്നതാണ് വാടി എന്ന പേരില്‍ അിറയപ്പെടുന്ന സമഗ്ര ആദിവാസി വികസന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. വാടി എന്ന വാക്കിന് ഹിന്ദിയില്‍ തോട്ടം എന്നാണ് അര്‍ത്ഥം. അതിനാല്‍ തന്നെ തരിശായി കിടക്കുന്ന കൃഷി ഭൂമിയെ ആരോഗ്യമുള്ള കൃഷിയിടങ്ങളായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി തരിശായി കിടക്കുന്ന കൃഷിയിടത്തിലെ കാടുകള്‍ വെട്ടിതെളിച്ച് വൃത്തിയാക്കുന്നു. തുടര്‍ന്ന് കൃഷിയിടത്തില്‍ ആവശ്യമായ ജല-മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അനുവര്‍ത്തിക്കുന്നു. മണ്‍കയ്യാലകള്‍, കല്ല് കയ്യാലകള്‍, നീര്‍ക്കുഴികള്‍, വനവത്ക്കരണം എന്നിവയാണ് ജല മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് നടപ്പിലാക്കിയത്. ജല മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം തോട്ടം വെച്ചു പിടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വകരിച്ചു.
ഇതിന്‍റെ ഭാഗമായി കാപ്പി, കുരുമുളക്, എന്നിവയുടെ വിപുലമായ നേഴ്സറി ബോയ്സ് ടൗണില്‍ സജ്ജീകരിച്ചു. കൂടാതെ ആവശ്യമായ ജൈവവളം നല്‍കുന്നതിനായി ബോയ്സ് ടൗണില്‍ തന്നെ ‘വാരണാസി കമ്പോസ്റ്റ്’ ആവശ്യത്തിന് നിര്‍മ്മിച്ചു. വാരണാസി കമ്പോസ്റ്റിന് പ്രധാനമായും ചകിരിചോറാണ് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. ഇത് മണ്ണിലെ ഈര്‍പ്പാംശം നിലനിര്‍ത്തുന്നതിനും വിളകളുടെ വേരുകള്‍ കരുത്തോടെ വളരുന്നതിനും സഹായിക്കുന്നു. തൊകള്‍ കൃഷി സ്ഥലത്തു നടുന്നതിനു വേണ്ടി ആവശ്യമായ കുഴികള്‍ കൃത്യമായ രീതിയില്‍ അഗ്രോണമിസ്റ്റിന്‍റെ മേല്‍ നോട്ടത്തില്‍ നിര്‍മ്മിച്ചു. മണ്ണിന്‍റെ പി.എച്ച്. കൃത്യമാക്കുന്നതിനായി മുഴുവന്‍ കര്‍ഷകര്‍ക്കും ഡോളോമെറ്റ് വിതരണം ചെയ്തു. അടിവളമായി ചാണകം കമ്പോസ്റ്റ് എന്നിവ നല്‍കി. തുടര്‍ന്ന നല്‍കിയ തൈകള്‍ കര്‍ഷകന്‍ തന്നെ കൃഷിയിടത്തില്‍ നടുകയും ആവശ്യമായ തണല്‍ ക്രമീകരിക്കുകയും ചെയ്തു. കാപ്പി, കുരുമുളക് എന്നിവയ്ക്കു പുറമെ തെങ്ങ്, പ്ലാവ്, മാവ് സപ്പോട്ട എന്നിവയുടെ ഗുണമേന്മയുള്ള തൈകള്‍ക്ക് കര്‍ഷകര്‍ക്ക് നല്‍കുകയും അവര്‍ അവ ഇടവിളയായി നടുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷിതത്വവും സുരക്ഷിത ഭക്ഷണവും ലക്ഷ്യം വെച്ച് മുഴുവന്‍ കുടുംബങ്ങളിലും ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കി. ഇതിന്‍റെ ഭാഗമായി വിവിധ ഇനം പച്ചക്കറികളുടെ വിത്തുകള്‍, ജൈവവളം, ജൈവ കീടനാശിനികള്‍ എന്നിവ വിതരണം ചെയ്തു. മത്സാരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഈ പദ്ധതിയില്‍ ഏറ്റവും നന്നായി കൃഷി ചെയ്ത 15 പേര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗ്രൂപ്പടിസ്ഥാനത്തില്‍ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഞ്ഞള്‍ കൃഷിയും പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഇതിന്‍റെ ഭാഗമായി വിത്ത് വളം എന്നിവ വിതരണം ചെയ്തു. ഗ്രൂപ്പടിസ്ഥാനത്തില്‍ വളരെ നല്ല രീതിയിലാണ് 50 ഗ്രൂപ്പുകളും മഞ്ഞള്‍ കൃഷി ചെയ്തത്. ഇങ്ങനെ ഉത്പാദിപ്പിച്ച മുഴുവന്‍ മഞ്ഞളും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജൈവ കൃഷി പ്രസ്ഥാനമായ ബയോവിന്‍ അഗ്രോ റിസേര്‍ച്ച് അധിക വില നല്‍കി സംഭരിക്കുകയുണ്ടായി. സ്ത്രീകളെ കൃഷിയില്‍ സജീവമാക്കുവാന്‍ ഈ പദ്ധതി സഹായകരമായി.
പദ്ധതിയില്‍ ഉള്‍പ്പെട്ട കൃഷിയിടത്തിന് ചുറ്റും ജൈവ വേലി നിര്‍മ്മിക്കുന്നതിനും സാമ്പത്തിക സാങ്കേതിക സഹായം നല്‍കി ചെമ്പരത്തി ശീമക്കൊന്ന എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ജൈവവേലികള്‍ ഇന്ന് മുഴുവന്‍ തോട്ടങ്ങള്‍ക്കും ഒരു ഐശ്വര്യമായി തീര്‍ന്നിരിക്കുന്നു. സ്വാശ്രയ സംഘങ്ങളിലെ വനിതകളാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.
കുടിവെള്ള സൗകര്യം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു സമഗ്ര ആദിവാസി വികസന പദ്ധതിയുടെ മറ്റൊരു പ്രധാനപ്പെട്ട പ്രവര്‍ത്തനം. ഇതിന്‍റെ ഭാഗമായി 36 നീരുറവകള്‍ പുനരുദ്ധരിക്കുകയും 28 കിണറുകള്‍ നന്നാക്കുകയും ചെയ്തു. ഒളരെ കുറഞ്ഞ തുക ( കിണറിന് 12500 രൂപ, നീരുറവ സംരക്ഷണത്തിന് 4500 രൂപ) യാണ് സാമ്പത്തിക സഹായെ നല്‍കിയിരുന്നെങ്കിലും പ്രദേശത്തെ ഏറെ കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു. എടമുണ്ട പ്രദേശത്ത് പുനരുദ്ധരിച്ച ഒരു നീരുറവയില്‍ നിന്നും 20 ലധികം കുടുംബങ്ങള്‍ പൈപ്പ് ഉപയോഗിച്ച് കുടിവെള്ളം സമാഹരിക്കുന്നു എന്നത് ഈ പദ്ധതിയുടെ സ്വീകാര്യതയും വിജയവുമാണ് സൂചിപ്പിക്കുന്നത് .
കൃഷിയിടത്തില്‍ നിന്നും ഉള്ള വരുമാനത്തോടൊപ്പം ഒരു വരുമാന മാര്‍ഗ്ഗം കൂടി ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ കോഴി വളര്‍ത്തല്‍ ,ആടു വളര്‍ത്തല്‍ ,പശു വളര്‍ത്തല്‍, എന്നീ വരുമാന വര്‍ദ്ധക പരിപാടികളും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി. പദ്ധതി തുകയുടെ 90 ശതമാനം ഗ്രാന്‍റായും 10 ശതമാനം വായ്പയുമായാണ് സഹായം നല്‍കിയത്.
ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ മറ്റൊരു പ്രധാന മേഖല. മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ ബോധവത്കരണ സെമിനാറുകള്‍ പച്ചമരുന്നുകളുടെ നിര്‍മ്മാണം ഔഷധ സസ്യങ്ങളുടെ വ്യാപനം തുടങ്ങിയവ ഇതില്‍ ഉള്‍പെടുന്നു. കൂടാതെ 50 ഭവനങ്ങളില്‍ കക്കൂസ് നിര്‍മ്മിച്ചു നല്‍കി.
വനിതാ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പദ്ധതിയില്‍ നടന്നു വരുന്നു. 50 വനിത സ്വാശ്രയ സംഘങ്ങള്‍ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചു. നിലവില്‍ 40 ലക്ഷം രൂപയോളം സേവിംഗസ് ആയി ഉണ്ട്. പദ്ധതിയില്‍ രൂപപെടുത്തി വരുന്ന കൃഷിയിടങ്ങളുടെ മെയ്ന്‍റനന്‍സ് നടത്തുന്നത് വനിതാ സ്വാശ്രയ സംഘങ്ങളാണ്. ഓരോ സ്വാശ്രയ സംഘത്തിനും 10000 രൂപ വീതം റിവോള്‍വിംഗ് ഫണ്ട് അനുവദിച്ചു. കൂടാതെ 28 ലക്ഷം രൂപ വിവിധ വരുമാന വര്‍ദ്ധക പരിപാടികള്‍ക്കായി വായ്പയായി അനുവദിച്ചു.
ജനകീയ സംഘാടനത്തിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകള്‍, പഠന യാത്രകള്‍,മത്സരങ്ങള്‍, ഓണാഘോഷം, വനിതാ ദിനാഘോഷം തുടങ്ങിയവ നടത്തിവരുന്നു. കുട്ടികള്‍ക്കായി വിവിധ ക്യാമ്പുകള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.
പദ്ധതിയുടെ സ്ഥായിയായ ലക്ഷ്യം മുന്നില്‍കണ്ട് മുഴുവന്‍ കര്‍ഷകരെയും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഓര്‍ഗാനിക്ക് ഫാര്‍മിംങ്ങ് പ്രോഗ്രാമില്‍ അംഗങ്ങളായിട്ടുണ്ട്. ഇതിലൂടെ പദ്ധതി കാലയളവിന് ശേഷവും മുഴുവന്‍ കര്‍ഷകരെയും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സജീവ പങ്കാളികളായി നിലനിര്‍ത്തുവാന്‍ സാധിക്കും .ഇതിനോടകം തന്നെ കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങള്‍ അധിക വില നല്‍കി സംഭരിക്കുന്നതിന് സാധിച്ചിട്ടുണ്ട്.
ആദിവാസി മേഖലയില്‍ പുത്തന്‍ മാതൃക സൃഷ്ടിക്കുന്നതിന് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നേതൃത്വം നല്‍കുന്ന വാടി പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തം കൊണ്ടും,സുതാര്യ പദ്ധി നടത്തിപ്പിലൂടെയും വാടി സവിശേഷ ശ്രദ്ധ നേടികഴിഞ്ഞു.